
അമേരിക്കന്‍ ഐക്യനാടുകള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഹര്‍ഷപുളകിതമായ ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്ക് ചുവടുവെച്ചരിക്കുകയാണ്….സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം. ഇത് അത്യപൂര്‍വമാണ്... അവിസ്മരണീയമാണ്... അഭിമാനകരമാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കുടിയേറ്റ മനുഷ്യര്‍ക്ക് ജീവിക്കാനും സ്വപ്നം കാണാനും ആ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനും അവസരമൊരുക്കിയ ഒരു മഹാരാജ്യത്തിന്റെ ജന്മദിനം സമൃദ്ധമായി നാം ആഘോഷിക്കുന്നു. ഈ ചരിത്രമുഹൂര്‍ത്തത്തില്‍, അമേരിക്കന്‍ മണ്ണില്‍ തങ്ങളുടെ ജീവിതം കെട്ടിപ്പടുത്ത ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളി കുടിയേറ്റ സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്താന്‍ ഇതിലും നല്ലൊരു അവസരമില്ലല്ലോ.
ഏറെ ആശിച്ച ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ കൈത്താങ്ങായ ഈ പുണ്യഭൂമിയോട് നന്ദി പറയുകയാണ് ഓരോ മലയാളിയും. കേരളത്തിലെ പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും വെറും കൈയോടെ, എന്നാല്‍ വലിയ സ്വപ്നങ്ങളോടെ ഈ രാജ്യത്ത് എത്തിയവരാണ് നമ്മളെല്ലാവരും. ഏതോ അന്യദേശത്തുനിന്നു വന്നവരെന്ന വേര്‍തിരിവില്ലാതെ, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ഏവര്‍ക്കും തുല്യഅവസരങ്ങള്‍ നല്‍കി അമേരിക്ക നമ്മെ ഇരു കൈയും നീട്ടി സ്വീകരിച്ചു...നിറം നോക്കാതെ...ദേശം പരിഗണിക്കാതെ...ജാതി ചോദിക്കാതെ...അങ്ങനെ നമ്മള്‍ ഈ നാടിന്റെ ഭാഗമായി. ജീവിതമാരംഭിച്ചു.
ഇന്ന് ഐ.ടി പ്രൊഫഷണലുകള്‍, നേഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബിസിനസ്സുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ മലയാളികള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ രാജ്യം തന്ന അളവറ്റ സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവുമുണ്ട്. നമ്മുടെ കഴിവിനെ മാനിക്കാനും അതിനനുസരിച്ചുള്ള സാമ്പത്തിക ഭദ്രത നല്‍കാനും അമേരിക്ക ഒട്ടും മടി കാണിച്ചില്ല. മലയാളിയെ സംബന്ധിച്ച് അമേരിക്ക കേവലം ഒരു തൊഴിലിടം മാത്രമല്ല, മാന്യമായി ജീവിക്കാനും സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള വലിയൊരു കര്‍മവേദിയാണ്. ഇവിടെ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് സ്വന്തം മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും, കേരളത്തിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും സാമ്പത്തികമായി സഹായിക്കാനും നമുക്ക് സാധിക്കുന്നു. ഒപ്പം ജന്‍മനാടിന്റെ സാമ്പത്തിക അടിത്തറക്ക് ശക്തി പകരാനും കഴിയുന്നു.
നമ്മുടെ കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും, ആരോഗ്യ പരിപാലനവും, സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാന്‍ അമേരിക്കന്‍ വ്യവസ്ഥിതി നമ്മെ സഹായിച്ചു. ഒരു കുടിയേറ്റക്കാരന് തന്റെ അധ്വാനത്തിന്റെ ഫലം പൂര്‍ണ്ണമായും അനുഭവിക്കാന്‍ കഴിയുന്ന ഇത്രയും വിസ്തൃതമായ മറ്റൊരു രാജ്യം ലോകത്തുണ്ടോ എന്ന് സംശയമാണ്. നാം ജനിച്ച മണ്ണ് നമ്മെ വളര്‍ത്തിയെങ്കില്‍, നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങള്‍ക്കും അന്തസ്സിനും അടിത്തറയിട്ടത് നമ്മെ ദത്തെടുത്ത ഈ അമേരിക്കയെന്ന കര്‍മ ഭൂമി തന്നെയാണ്.
അമേരിക്കയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വൈവിധ്യമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും ഭാഷകളെയും ഉള്‍ക്കൊള്ളാനുള്ള ഈ രാജ്യത്തിന്റെ വിശാലമനസ്സ് തന്നെയാണ് മലയാളികള്‍ക്കും ഇവിടെ തനതായ അസ്തിത്വം നിലനിര്‍ത്താന്‍ സഹായകമായത്. ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററുമെല്ലാം നമ്മുടെ പാരമ്പര്യത്തനിമയോടെ അമേരിക്കന്‍ മണ്ണില്‍ ആഘോഷിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. പള്ളികളും ക്ഷേത്രങ്ങളും അസോസിയേഷനുകളും സ്ഥാപിച്ച്, ഭാരതീയ സംസ്‌കാരത്തെയും കേരളീയ പൈതൃകത്തെയും നെഞ്ചിലേറ്റിക്കൊണ്ടുതന്നെ, അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും ബഹുമാനിക്കാന്‍ നാം ശീലിച്ചു.
അമേരിക്കന്‍ ഐക്യനാടുകള്‍ അതിന്റെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, മലയാളി കുടിയേറ്റ സമൂഹം ഒരു പുതിയ യുഗത്തിന്റെ പടിവാതിലിലാണ്. ആദ്യകാല കുടിയേറ്റക്കാര്‍ അധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ഇവിടെ സാമ്പത്തിക നേട്ടത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും ശക്തമായ അടിത്തറ പാകിത്തന്നു. എന്നാല്‍, മാറുന്ന ആധുനിക ലോകത്ത്, വരുംതലമുറയിലെ കുട്ടികള്‍ക്ക് അമേരിക്കയിലെ ജീവിതം കൂടുതല്‍ കരുത്തുറ്റതും മനോഹരവും ആക്കി മാറ്റാന്‍ പുതിയ ചില പ്രതിജ്ഞകള്‍ അനിവാര്യമാണ്. കാരണം ഭാവിയില്‍ അമേരിക്കന്‍ മണ്ണില്‍ കൂടുതല്‍ സ്വാധീനമുള്ള, സന്തോഷമുള്ള ഒരു സമൂഹമായി നമുക്ക് ജീവിക്കണം. അതുവഴി അമേരിക്കയെ ആത്മാര്‍ത്ഥമായി സേവിക്കണം.
ഇതുവരെ മലയാളി എന്നാല്‍ മികച്ച ഐ,ടി ജീവനക്കാരോ, സേവനോന്‍മുഖരായ നേഴ്‌സുമാരോ, വിദഗ്ദ്ധ ഡോക്ടര്‍മാരോ ഒക്കെ മാത്രമായിരുന്നു. എന്നാല്‍ ഭാവിയില്‍ നാം അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സംഘടിത ശക്തിയായി മാറേണ്ടതുണ്ട്. അതിന് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നമ്മുടെ യുവതലമുറ കടന്നുവരണം. അവരുടെ ശബ്ദം ജനപ്രതിനിധി സഭകളില്‍ ഉയരണം. കേവലം ജോലി ചെയ്യുക എന്നതിനപ്പുറം, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വലിയ ബിസിനസ്സ് സംരംഭകരായി മലയാളികള്‍ മാറണം. സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ തലപ്പത്ത് വരെ മലയാളി കരുത്ത് തെളിക്കുന്ന ഒരു കാലം വരാതിരിക്കില്ല. പല മേഖലകളും നമ്മള്‍ കീഴടക്കിക്കഴിഞ്ഞു.
ഈ സ്വപ്നഭൂമിയില്‍ ഇനി നമ്മള്‍ വെറുമൊരു കുടിയേറ്റ സമൂഹമല്ല, മറിച്ച് ഈ രാജ്യത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന, സ്വന്തം സംസ്‌കാരം മുറുകെപ്പിടിക്കുന്ന കരുത്തുറ്റ ജനവിഭാഗമായി രേഖപ്പെടുത്തപ്പെടണം. ഈ സ്വാതന്ത്ര്യപ്പുലരിയില്‍ അമേരിക്കയുടെ പുരോഗതിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ ഓരോ ഭാരതീയനും മലയാളിക്കും അഭിമാനിക്കാം. നമ്മുടെ ഉപജീവനത്തിന് വഴിതുറന്ന, നമ്മുടെ തലമുറകള്‍ക്ക് ഉന്നതമായ ഭാവി സമ്മാനിച്ച ഈ മഹത്തായ രാജ്യത്തോട് നാം കടപ്പെട്ടിരിക്കുന്നു. ഈ സുദിനത്തില്‍, അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മനസുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നതിനൊപ്പം, ഈ നാട് നല്‍കിയ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പ്രകാശിപ്പിക്കാം.
''ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ..!''