
വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയിലെ (Priestly Fraternity of Saint Pius X - fsspx) അംഗങ്ങൾക്ക് കത്തോലിക്കാസഭയുടെ കൂട്ടായ്മയിലേക്ക് തിരികെ വരാനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് പരിശുദ്ധ സിംഹാസനം. പരിശുദ്ധ പിതാവിന്റെയും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെയും (Dicastery for the Doctrine of the Faith) തുടർച്ചയായ നിർദ്ദേശങ്ങളും ക്ഷണവും മുന്നറിയിപ്പുകളും അവഗണിച്ചും കാനോനികനിയമവും സഭാചട്ടങ്ങളും ലംഘിച്ചും, പാപ്പായുടെ അനുമതിയില്ലാതെ നാല് മെത്രാന്മാരെ വാഴിച്ചതോടെ കത്തോലിക്കാ കൂട്ടായ്മയിൽനിന്ന് സ്വയം പുറത്തായ (latae sententiae excommunication) ഈ സമൂഹത്തിലെ സമർപ്പിതർക്കും അൽമായ വിശ്വാസികൾക്കും തിരികെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയാണ് ഇതുവഴി വത്തിക്കാൻ ഒരുക്കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച നിർദ്ദേശങ്ങളടങ്ങുന്ന ഒരു രേഖ ഡികാസ്റ്ററി എല്ലാ മെത്രാന്മാർക്കുമായി നൽകി.
വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി മേൽപ്പറഞ്ഞ രേഖയിലെ നിർദ്ദേശങ്ങൾ പ്രകാരം, ഏകീകൃതമായ ഒരു സംവിധാനമാണ് പുനരൈക്യത്തിനായി ഒരുക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ സമാനസംഭവങ്ങളുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന എക്ലേസിയ ദേയി പോലെയുള്ള പ്രത്യേക കമ്മീഷനുകൾക്കും സംവിധാനങ്ങൾക്കും പകരം, രൂപതാമെത്രാന്മാരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ ഈ പദ്ധതി.
വൈദികർ
രണ്ടാം വത്തിക്കാൻ കൗൺസിൽ, പുതുക്കിയ വിശുദ്ധ കുർബാന, തുടങ്ങിയവയുൾപ്പെടെയുള്ള കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട്, രൂപതാമെത്രാനെയോ പൊന്തിഫിക്കൽ നിലയിലുള്ള മറ്റു സമർപ്പിത പുരോഹിത സമൂഹാധികാരിയെയോ സമീപിച്ചുകൊണ്ടായിരിക്കും പുരോഹിതർക്ക് കത്തോലിക്കാസഭ കൂട്ടായ്മയിലേക്ക് മടങ്ങിവരാനാകുക. ഇതിനൊപ്പം തന്നെ സഭാ കൂട്ടായ്മയിലേക്ക് സ്വീകരിക്കാൻ പരിശുദ്ധ പിതാവിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു കത്തും അപേക്ഷകൻ നൽകണം. വിശ്വാസപ്രമാണമനുസരിച്ചുള്ള പ്രഖ്യാപനം, പാപ്പായോടുള്ള വിധേയത്വവും അനുസരണവും എന്നിവയും ഇതിനൊപ്പം ഏറ്റുപറയണം. ഇങ്ങനെയുള്ള അപേക്ഷകളുടെ പിൻബലത്തിൽ കത്തോലിക്കാസഭാനേതൃത്വം വൈദികനെ പരീക്ഷണാടിസ്ഥാനത്തിൽ സ്വീകരിച്ചേക്കാം.
അൽമായ വിശ്വാസികൾ
വിശുദ്ധ പത്താം പീയൂസിന്റെ പേരിലുള്ള ഈ കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗങ്ങളായിരിക്കുന്ന അൽമായ വിശ്വാസികൾ തങ്ങളുടെ കൃത്യമായ അറിവോടും ആഗ്രഹത്തോടും സമ്മതത്തോടും കൂടി സഭാ കൂട്ടായ്മയിൽനിന്ന് പുറത്തുപോയിട്ടുണ്ടെങ്കിൽ, അവർ വിശ്വാസപ്രഖ്യാപനമുൾപ്പെടെ സഭാ കൂട്ടായ്മയിലേക്ക് തിരികെയെത്താൻ വേണ്ടിയുള്ള രേഖകൾ നിയോഗിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ മെത്രാന് നൽകണം.
അതേസമയം, ആരാധനാപരമായോ ആത്മീയ കാരണങ്ങളാലോ മാത്രം ഈ കൂട്ടായ്മയെ സമീപിച്ചിരുന്ന വിശ്വാസികളെ സ്വാഭാവികമായി കുറ്റക്കാരായി കാണില്ലെന്നും, അവർക്ക് സ്വയം പുറത്താകൽ ഉൾപ്പെടെയുള്ള ശിക്ഷകൾ ബാധകമാകില്ലെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. അത്തരക്കാർ പൂർണ്ണ ഐക്യത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മേൽപ്പറഞ്ഞ കൂട്ടായ്മയോടുള്ള ബന്ധം തുടരില്ലെന്ന നിശ്ചയത്തോടെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഏതെങ്കിലുമൊരു വൈദികനെ സമീപിച്ചാൽ മതിയാകുമെന്നും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി വ്യക്തമാക്കി.