
ഒരുപാടു കാമുകിമാരുള്ള
ഒരുവന്റെ ദിവസങ്ങൾ
എങ്ങനെയുണ്ടാവുമെന്ന്
ചിന്തിച്ചിട്ടുണ്ടോ?
ഗുണിച്ചും ഹരിച്ചും നോക്കുമ്പോൾ
നേട്ടങ്ങളിൽ ഏറ്റം വിലപ്പെട്ട
'നീ ഭാഗ്യവാനാടാ' എന്ന ബഹുമതിയിലേക്കുള്ള മലകയറ്റം
കല്ലും മുള്ളും നിറഞ്ഞ് പരുക്കനത്രേ!
കാമുകിമാരിൽ ഒരുവളെയും
സ്വന്തംപേരുകളിൽ വിളിക്കുകയേയില്ല!
പൊന്നേ കരളേ ചക്കരേ ഇത്യാദി
ഓമനപ്പേരുകൾക്ക് ഒരുഗുണമുണ്ട്.
ഇടയിലെങ്ങാനറിയാതെ
നാവുവഴുതി തെറ്റിപ്പോയാലും
പ്രണയാധിക്യത്തെ പഴിചാരി രക്ഷപ്പെടാം!
വിശേഷദിവസങ്ങളെക്കൊണ്ട്
ഫോൺകലണ്ടർ നിറഞ്ഞിരിക്കും.
ഓരോരുത്തരുടെയും പിറന്നാളുകൾ,
മറ്റു പ്രധാനദിവസങ്ങൾ
ഒരുത്തിയുടെ അച്ഛന്റെ,
വേറൊരുത്തിയുടെ മൂത്തുമ്മയുടെ,
ഇനിയൊരുത്തിയുടെ മൂന്നാമത്തെ മോളുടെ,
അങ്ങനെ മറക്കരുതാത്ത പിറന്നാളുകൾ,
വിവാഹവാർഷികങ്ങൾ,
ആദ്യമായി കണ്ടത്,
ചിരിച്ചത്,
മിണ്ടിയത്,
ഉമ്മവച്ചത്,
ഇങ്ങനെ നൂറായിരം ദിവസങ്ങൾ
തമ്മിൽ തിരിയരുത്
മറക്കരുത്!
പിണക്കാതിരിക്കുന്നതാണ്
ബുദ്ധിയെന്ന് ചിന്തിച്ചത്
പിണക്കങ്ങൾ തീർക്കുന്നതിനേക്കാളെളുപ്പം
മാനത്തെ അമ്പിളിമാമനെ
താഴെനിന്ന് എറിഞ്ഞുവീഴ്ത്തുന്നതാണെന്ന്
മനസ്സിലാക്കിയതിൽപ്പിന്നെയാണ്!
വിശേഷദിവസങ്ങൾക്ക്
രണ്ടുദിവസം മുമ്പുവിളിച്ച്
ഓർമ്മയിലുണ്ടെന്ന്
പറയാതെ പറയണം
അഭിരുചികൾക്കൊത്ത സമ്മാനങ്ങൾ
വിലനോക്കാതെ
തെരഞ്ഞെടുക്കണം
ഇരുപത്തിനാലു മണിക്കൂറിനെ
തമ്മിൽക്കുഴഞ്ഞുപോകാത്ത
ഒരുനൂറ് ഊട്ടുകളായും
ഉറക്കുപാട്ടുകളായും ഭാഗിക്കണം.
അങ്ങോട്ടില്ലാതെ
ഇങ്ങോട്ടു മാത്രമുള്ള പരിഭവങ്ങൾ
ഉടലഴകുകളെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ!
നിന്റെ പുഞ്ചിരികൊണ്ടാണ്
നേരം വെളുക്കുന്നതെന്നുള്ള
അതിശയോക്തികൾ!
പ്രണയത്താൽ എരിഞ്ഞുകത്തുന്ന
രണ്ടു ഹൃദയങ്ങളാണ് നമ്മളെന്ന്
ഓരോരുത്തരേയും ബോധിപ്പിക്കൽ!
ദിനചര്യയാക്കേണ്ടുന്ന
ഇനിയുമെന്തെല്ലാം !
ദേഷ്യം കൊണ്ടൊന്ന്
പൊട്ടിത്തെറിക്കാൻ തോന്നുമ്പോൾ
അവളെ വിളിക്കും
ഓമനപ്പേരില്ലാത്ത,
അതിൽ പരിഭവിക്കാത്ത, അവളെ!
ഇങ്ങോട്ടുള്ള വിളികളെ
കണ്ണുപൊട്ടുന്നൊരു തെറിവാക്കുകൊണ്ടാണ്
സ്വീകരിക്കുന്നതെന്നു മനപൂർവ്വം മറന്ന്
കീശകാലിയെന്ന് മടികൂടാതെ പറയാൻ
മറ്റെവിടെയാണ് വിളിക്കുക!
എന്തിനെന്ന് ചോദിക്കാതെ
ബസുകൂലിക്ക് സൂക്ഷിച്ചതോ
കുറിച്ചിട്ടിയുടെ അടവിനുകാത്തതോ
ഇതൊന്നുമല്ലെങ്കിൽ
ആശിച്ചൊരു മേക്കാതുകുത്താൻ കരുതിയ
കാശുകുടുക്ക പൊട്ടിച്ചതോ,
സ്നേഹംപൊതിഞ്ഞു തരാനവൾക്ക്
മറ്റുകാരണങ്ങളൊന്നുമുണ്ടാവില്ല
അവരെല്ലാം എന്റെ കാമുകിമാർ,
ഞാനവളുടെ ഒരേയൊരു കാമുകൻ!