Image

നേരമല്ലാ നേരങ്ങൾ ( കവിത : ഷീജ അരീക്കൽ )

Published on 04 July, 2026
നേരമല്ലാ നേരങ്ങൾ ( കവിത : ഷീജ അരീക്കൽ )

രാവിലെ
എന്നതൊരു നേരമല്ല..
ഉച്ച എന്നതും
വൈകുന്നേരം എന്നതും
രാത്രി എന്നതും
നേരങ്ങളായി
കണക്കാക്കേണ്ടതുമില്ല..

ഒറ്റക്കിരിയ്ക്കുമ്പോൾ
ചിന്തകൾ
കാടു കയറാൻ
തുടങ്ങും..

കാട്ടിലേക്ക് 
കയറിക്കഴിഞ്ഞാൽ
തിരിച്ചിറങ്ങാൻ
വഴിയറിയാത്ത വിധത്തിൽ
നമ്മൾ അതേ കാട്ടിൽ
തളർന്ന് ഇരിക്കുക
എന്നത് ഒരു നേരമായി
കണക്കാക്കാം..

എനിക്കീ കാട്ടിൽ 
കഴിഞ്ഞാൽ മതി,
തിരിച്ചിറങ്ങേണ്ടതില്ല,
എന്ന് ബാലിശമായി
ചിന്തിക്കുന്നതും
ഒരു നേരമായി
കണക്കാക്കാം..

അങ്ങനെയുള്ള
ചില നേരങ്ങൾ 
ചുഴികളാണ്..

ചുഴികളിൽ 
പെട്ടുഴറുമ്പോളാണ്,
നമ്മൾ ചില മനുഷ്യരോട്,
അവർക്ക് പ്രിയപ്പെട്ട
ഒരു പുലരിയോ,
ഒരു വൈകുന്നേരമോ,
അൽപ്പ സമയമെങ്കിലും
കടമായിട്ട്
തരാമോയെന്ന് 
ചോദിക്കുന്നത്..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക