
2026 ജൂൺ 30 ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസത്തിൻറെ ഓർമ്മ നാളാണ്
രാവിലെ ആറര മണിക്ക് തന്നെ മാറഞ്ചേരി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ മുന്നിൽ നിന്നും നേരിയ ഉറക്കച്ചടവോടെയാണ് യാത്ര തുടങ്ങിയത് പരിചയമുള്ളവരും പരിചയമില്ലാത്തവരുമായി പരിചിതമായ ഒരു യാത്ര ഒരു സ്നേഹ സ്പർശം ആവാൻ ആയിരത്തോളം വരുന്ന നിരാലംബരായ ജീവനുകളെ സന്ദർശിക്കുന്നതിനു വേണ്ടി അവരിൽ ഒരു കാരുണ്യ തലോടലായി അവരുടെ വേദനകളുടെ ഇടയിലൂടെ കുളിർമയുടെ ഒരു പുഞ്ചിരി നൽകാൻ നമ്മൾക്കായി എങ്കിൽ നാം ധന്യരായി
കോതമംഗലം (www.peacevalley.org.in) പീസ് വാലി 6 ബ്ലോക്കുകളിലായി നെല്ലിക്കുഴിയുടെ താഴ്വരയിൽ പടർന്നു പന്തലിച്ചു കിടക്കുകയാണ് മനോഹരമായ കെട്ടിടങ്ങളെക്കാൾ അതിലും മനോഹരമായ മനസ്സുകളും ആയി അശരണരുടെയും ആലംബഹീനരുടെയും കണ്ണീരോപ്പുകയും അവരുടെ വേദനയെ ലഘൂകരിക്കുകയും ചെയ്യുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട നിസ്വാർത്ഥരായ ഒരുപറ്റം ജനങ്ങൾ

ആദ്യമായി ഞങ്ങളുടെ ഗൈഡ് മറിയയുമൊത്ത് ചിൽഡ്രൻസ് ബ്ലോക്കിലേക്കാണ് പോയത് അവിടെ കുഞ്ഞുങ്ങളുടെ നിസ്സഹായമായ മുഖവും നമ്മെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയാവുന്ന മാനസികാവസ്ഥ ദൈവം കൊടുക്കാതെ പോയ ഒരുപറ്റം കുട്ടികൾ വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് ഓടിപ്പോകാൻ വെമ്പൽ കൊള്ളുന്ന ശരീരത്തിൻറെ താളങ്ങൾക്കൊപ്പം മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാത്ത കുഞ്ഞുങ്ങൾ
ആധുനിക രീതിയിലുള്ള എല്ലാ റിഹാബിലിറ്റേഷൻ എക്യുമെന്റുകളും സൗകര്യങ്ങളും വളരെ വൃത്തിയോടും മനസ്സാന്നിധ്യത്തോടും കൂടി അവരെ പരിചരിക്കുന്ന ജീവനക്കാരും
നാഴിക മണിയിലെ പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നു അതുകൊണ്ടുതന്നെ നമ്മൾ അറിയുന്നില്ല നമുക്ക് നൽകപ്പെട്ട അനുഗ്രഹങ്ങൾ എന്നാൽ ആ പെൻഡുലം പോലെ സ്വയം ചലിക്കാത്ത ജീവിതത്തെ ആ ആ നാഴിക മണിയുടെ താളത്തിനൊത്ത് ചലിക്കാൻ സാധ്യമാക്കുന്നവരാണ് പീസ് വാലിയുടെ മാനേജ്മെന്റും ജീവനക്കാരും താളലയങ്ങൾ നഷ്ടപ്പെട്ടവരുടെ ജീവിതത്തിന് സ്വര ചേർച്ചയും താള ഭംഗിയും നൽകാൻ പാടുപെടുന്നവർ
സ്നേഹം പകുത്തു നൽകാനുള്ളതാണ് എന്ന് എല്ലാവരും പറയും പക്ഷേ സ്നേഹത്തിൻറെ കണക്കെടുത്താൽ പലതും പങ്കുവെക്കാതെ പോയ സ്നേഹ കണക്കുകളാണ്

ആദ്യത്തെ ബ്ലോക്കിലെ സന്ദർശനത്തിനു ശേഷം മറ്റു ബ്ലോക്കുകളിലേക്കും സന്ദർശനം നടത്തി സ്നേഹതീരം, നിർഭയ എന്നെല്ലാം പേര് നൽകിയ ഓരോ ബ്ലോക്കുകളിലും കുടുംബാംഗങ്ങൾ കയ്യൊഴിഞ്ഞ ആളുകളും അശരണരും എല്ലാം ഒത്തുചേർന്നു ജീവിതത്തിൻറെ താളം കണ്ടെത്തുന്നവർ
തീർച്ചയായും വലിയ ഒരു സാമ്പത്തിക ഭാരമുള്ള അതിലേറെ ചങ്കുറപ്പ് വേണ്ട ഒരു സംരംഭമാണ് പീസ് വാലി കോതമംഗലത്ത് നടത്തുന്നത് സമാന മനസ്കരുടെ സഹകരണവും സംഭാവനകളും അകമഴിഞ്ഞ സഹായവും ആണ് ഇതുപോലെയുള്ള സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരുടെയും കോൺട്രിബ്യൂഷൻ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതാണ്
സഹതാപമല്ല സ്വയം തലോടുന്ന സഹാനുഭൂതിയാണ് നമ്മളിൽ ഉണ്ടാവേണ്ടത് എന്ന് നമുക്ക് കാട്ടിത്തരുന്ന നമ്മെ പഠിപ്പിക്കുന്ന ഒരു സർവ്വകലാശാലയാണ് പീസ് വാലി

അവിടെ നിന്നും മടങ്ങുമ്പോൾ നമ്മൾ മനസ്സിൽ കരുതേണ്ടത് നമുക്ക് ചുറ്റും ഇതുപോലെ ഒരുപാട് ജീവിതങ്ങളുണ്ട് ആ ജീവിതങ്ങളെ ചേർത്തുപിടിക്കാൻ ഈ കൊച്ചു സംഘത്തിന് കഴിയുകയാണെങ്കിൽ ഒരുപാട് പേർക്ക് ആശ്വാസവും ആശ്രയവും ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല അതിനുവേണ്ടി മാറഞ്ചേരി ഹോപ്പ് ഫൗണ്ടേഷനും മറ്റു സന്നദ്ധ സംഘടനകളും ഇതുപോലുള്ള സംരംഭങ്ങൾ ഓരോ സ്ഥലത്തും സജ്ജമാക്കി കേരളത്തിലുള്ള എട്ട് ലക്ഷത്തോളം വരുന്ന ഭിന്നശേഷി അംഗങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം ആ കൂട്ടായ്മയോടൊപ്പം നമുക്കും ചുവടുവെക്കാം...
✒️ ഫൈസൽ മാറഞ്ചേരി