Image

ചരിത്രം കുറിച്ച് ഈജിപ്ത്;ഗാലറിയില്‍ ആവേശം വിതറി മലയാളി ഫുട്‌ബോള്‍ ക്ലബ് എഫ്‌സിസി ഡാളസ്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ (ഡാലസില്‍ നിന്ന്) Published on 04 July, 2026
ചരിത്രം കുറിച്ച് ഈജിപ്ത്;ഗാലറിയില്‍ ആവേശം വിതറി മലയാളി ഫുട്‌ബോള്‍ ക്ലബ് എഫ്‌സിസി ഡാളസ്

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി മിസ്രhide ഈജിപ്ഷ്യന്‍ പട . ടെക്‌സസിലെ ആര്‍ലിംഗ്ടണ്‍ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഈജിപ്ത് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ഈജിപ്തിന്റെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഈജിപ്ത് നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണിത്.

മത്സരത്തിനപ്പുറം ഗാലറിയിലെ ആരാധകരുടെ ആവേശം എടുത്തുപറയേണ്ടതായിരുന്നു. ഈജിപ്തില്‍ നിന്ന് നേരിട്ടെത്തിയവരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ പതിനായിരക്കണക്കിന് ഈജിപ്ഷ്യന്‍ ആരാധകരാണ് ഡാളസ് സ്റ്റേഡിയത്തെ ഒരു ചുവന്ന കടലാക്കി മാറ്റിയത്. പരമ്പരാഗത ഈജിപ്ഷ്യന്‍ സംഗീതവും, ഡ്രംസിന്റെ താളവും, മുദ്രാവാക്യങ്ങളുമായി അവര്‍ ഗാലറി ഇളക്കിമറിച്ചു.

നായകന്‍ മുഹമ്മദ് സലായുടെ ഓരോ നീക്കങ്ങള്‍ക്കും ആര്‍ലിംഗ്ടണില്‍ മുഴങ്ങിക്കേട്ട ആര്‍പ്പുവിളികള്‍ കെയ്‌റോയിലെ അന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മത്സരശേഷം കളിക്കാര്‍ക്കൊപ്പം ഈജിപ്ഷ്യന്‍ ആരാധകര്‍ നടത്തിയ വിക്ടറി ലാപ്പും ആഘോഷങ്ങളും ടെക്‌സസ് ലോകകപ്പ് വേദികളിലെ ഏറ്റവും മനോഹരമായ കാഴ്ചയായി.

ഈജിപ്ഷ്യന്‍ ആരാധകരുടെ വന്‍ ജനസാഗരത്തിന് നടുവിലും ഒട്ടും ആവേശം ചോരാതെയാണ് ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഡാളസ് സ്റ്റേഡിയത്തില്‍ നിലയുറപ്പിച്ചത്. സ്റ്റേഡിയത്തിന്റെ വടക്കേ ഗാലറി പൂര്‍ണ്ണമായും മഞ്ഞയും പച്ചയും ജേഴ്‌സികളണിഞ്ഞ കങ്കാരു ആരാധകര്‍ കൈയടക്കിയിരുന്നു. പരമ്പരാഗതമായ വലിയ ഇന്‍ഫ്‌ലേറ്റബിള്‍ കങ്കാരുപ്പാവകളും ഓസ്‌ട്രേലിയന്‍ പതാകകളുമേന്തി അവര്‍ ഗാലറിയില്‍ ആവേശം വിതറി.

ഗാലറിയില്‍ ആവേശമായി ഡാളസിലെ മലയാളി ഫുട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍, ഡാളസ് (FCC) :
അമേരിക്കന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഈ മത്സരം ഒരു വലിയ ഉത്സവമായി മാറി. ഡാളസിലെ പ്രമുഖ കായിക കൂട്ടായ്മയായ എഫ്.സി.സി (FCC) ക്ലബ്ബിന്റെ നേതൃത്വത്തില്‍ വന്‍ മലയാളി പങ്കാളിത്തമാണ് ഈ ചരിത്ര മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

ക്ലബ്ബ് അംഗങ്ങളും കുടുംബങ്ങളും അടങ്ങുന്ന വലിയൊരു സംഘം മലയാളികള്‍ ഗാലറിയില്‍ ഈജിപ്ഷ്യന്‍ ആരാധകര്‍ക്കൊപ്പം ചേര്‍ന്ന് ആവേശം പങ്കിട്ടു. കളി നേരിട്ട് കാണാനും ലോകകപ്പിന്റെ ഭാഗമാകാനും സാധിച്ചതിന്റെ ആവേശത്തിലായിരുന്നു FCC ക്ലബ്ബ് പ്രതിനിധികള്‍.

13-ാം മിനിറ്റില്‍ത്തന്നെ ഇമാമം അഷൂറിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹാനിയുടെ പക്കല്‍ നിന്നും സംഭവിച്ച സെല്‍ഫ് ഗോള്‍ ഓസ്‌ട്രേലിയയ്ക്ക് തുണയായി. കളി 1-1 എന്ന നിലയിലായതോടെ ഇരുഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍ അധികസമയത്തും സമനില തുടര്‍ന്നതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്.

ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയന്‍ താരം ഹാരി സൗട്ടറിന് പിഴച്ചപ്പോള്‍ ഈജിപ്തിനായി സൂപ്പര്‍ താരം മുഹമ്മദ് സലാ, മഹ്‌മൂദ് സാബര്‍, റാമി റാബിയ എന്നിവര്‍ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയയുടെ നാലാം കിക്ക് എടുത്ത ലൂക്കാസ് ഹെറിംഗ്ടണിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ചു തെറിച്ചതോടെ ഈജിപ്തിന് അനുകൂലമായി കാര്യങ്ങള്‍. ഒടുവില്‍ ഒട്ടും പിഴയ്ക്കാതെ ഹൊസാം അബ്ദുല്‍ മജീദ് ഈജിപ്തിന്റെ വിജയമുറപ്പിച്ച ഫൈനല്‍ കിക്ക് വലയിലാക്കുകയായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്. ഈജിപ്ഷ്യന്‍ ജനത സന്തോഷിക്കുന്നത് കാണുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല. എന്ന് ഈജിപ്ത് ക്യാപ്റ്റന്‍  മല്‍സരശേഷം പറഞ്ഞു.

പരിക്കിന്റെ വിമ്മിഷ്ടങ്ങള്‍ വകവയ്ക്കാതെ കളിച്ച നായകന്‍ മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ടീം അടുത്ത ചൊവ്വാഴ്ച അറ്റ്‌ലാന്റയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ  നേരിടും.
 

ചരിത്രം കുറിച്ച് ഈജിപ്ത്;ഗാലറിയില്‍ ആവേശം വിതറി മലയാളി ഫുട്‌ബോള്‍ ക്ലബ് എഫ്‌സിസി ഡാളസ്
ചരിത്രം കുറിച്ച് ഈജിപ്ത്;ഗാലറിയില്‍ ആവേശം വിതറി മലയാളി ഫുട്‌ബോള്‍ ക്ലബ് എഫ്‌സിസി ഡാളസ്
ചരിത്രം കുറിച്ച് ഈജിപ്ത്;ഗാലറിയില്‍ ആവേശം വിതറി മലയാളി ഫുട്‌ബോള്‍ ക്ലബ് എഫ്‌സിസി ഡാളസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക