Image

ലീലാവിലാസം (ചെറുകഥ: ഷജിബുദീൻ ബി)

Published on 04 July, 2026
ലീലാവിലാസം (ചെറുകഥ: ഷജിബുദീൻ ബി)

പി.റ്റിഎ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സാമൂഹികപ്രവര്‍ത്തകരുടെ ഒരു കൂട്ടം,എസ് എം സി ചെയര്‍മാന്‍റെ കാര്‍മ്മികത്വത്തില്‍ പൗരപ്രമുഖരുടെ ഒരു കൂട്ടം,ഹെഡ്മിസ്ട്രസ് ലീലടീച്ചറിന്‍റെ നേതൃത്വത്തില്‍ അധ്യാപകരുടെ മറ്റൊരു കൂട്ടം.എല്ലാവരും ബസില്‍ ഞെരുങ്ങിക്കയറി തിക്കിത്തിരക്കി ഇടം പിടിച്ചു. പി റ്റി എ പ്രസിഡൻ്റ് ഇരിക്കാനിടം കിട്ടാതെ ബസിലെ കമ്പിയോട് ചേർത്ത് തന്നെ ഒതുക്കി വച്ചു. മധുജൻ മാഷ് ബസിൻ്റെ പടിയിൽ  ഇരുന്നു.

   ഇടവഴികളും പെരുവഴികളും കടന്ന് ഓരോവീട്ടിലും അഞ്ചു പത്തു മിനിറ്റുകള്‍ മാത്രം ചെലവഴിച്ചുള്ള യാത്ര. കുട്ടിയോടും വീടരോടുമൊപ്പം ഫോട്ടോ പിടിത്തം കഴിഞ്ഞാലുടന്‍ അടുത്ത വീട്ടിലേയ്‌ക്ക്.
   ടീച്ചര്‍.... ചായ .സാര്‍ ചായ. നാരങ്ങാവെള്ളം, പായസം, ലഡു, ഒരു  മുട്ടായിയെങ്കിലും എടുക്കണം എന്നിങ്ങനെ പുറകില്‍ വിളി വന്നു മുട്ടി വിളിക്കുമ്പോഴേയ്ക്കും സ്കൂള്‍ബസ് അടുത്ത വളവ് പിന്നിട്ടിരിക്കും. നാൽപ്പതില്‍പ്പരം വീടുകള്‍ ഇരുട്ടും മുന്‍പ് കയറിയിറങ്ങാനുള്ളതാണ്....    

            വൈകുന്നരം അഞ്ചു മണിയോടുകൂടിയാണ് പതിനഞ്ചാമത്തെ കുട്ടിയായ അഞ്ചുവിന്‍റെ വീട്ടിലെത്തിയത്.ഗേറ്റു കടന്ന് വാതിലില്‍ മുട്ടി എല്ലാവരും കാത്തു നിന്നു.രണ്ടുമിനിറ്റിന്‍റെ ഇടവേളയില്‍ രണ്ടുവട്ടം കൂടി മുട്ടിയപ്പോഴാണ്  വാതില്‍ തുറക്കപ്പെട്ടത്...ഉയരമുള്ള ഒരു മനുഷ്യന്‍ അപരിചിതഭാവത്തില്‍ മുന്നില്‍...
   വീടു തെറ്റിയോ...!മുറ്റത്തു നിന്ന ജനസഞ്ചയത്തിനു     സംശയം..
   ''അഞ്ചുവിന്‍റെ വീടല്ലെ?'' പിറ്റിഎ പ്രസിഡന്‍റ് ശീതനിശബ്ദതയെ ഭഞ്ജിച്ചു.
   ''അതെ. ''
   ഉയരമുള്ള മനുഷ്യന്‍റെ വാക്കുകള്‍ എല്ലാവരും ആശ്വാസത്തോടെ ശ്രവിച്ചു.
   ''അറിഞ്ഞില്ലേ? മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസുണ്ട്.''
   ''അറിഞ്ഞു.ഒള്ളതാണോ സാറേ.''
   പുറകില്‍ അവിശ്വസനീയതയുമായി ഒരു സ്ത്രീ ശബ്ദം.അഞ്ചുവിന്‍റെ  അമ്മ.
   ''ഉള്ളതാണ്,സംശയിക്കണ്ട.അഞ്ചു ഇല്ലേ. ഒന്നു വിളിക്കൂ.''എസ് എം സി ചെയര്‍മാന്‍ ഇടപെട്ടു.
   ''റിസള്‍ട്ട് അറിഞ്ഞിടം മുതല്‍ അവള്‍ പുറത്തിറങ്ങുന്നില്ല.  കേട്ടത് സത്യമല്ലെന്നും പറഞ്ഞ് മുറി അടച്ചിരിപ്പാണ്.''
   ''എവിടെ? ഞാന്‍ വിളിക്കാം.'' എച്ച് എം ലീലടീച്ചര്‍ അകത്തേയ്ക്കു
   കയറി.കൈയ്യിലിരുന്ന റിസള്‍ട്ട് പേപ്പര്‍ നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉറക്കെ വായിച്ചു... തുടര്‍ന്നു പി വണ്‍  മലയാളം ഫസ്റ്റ് എ പ്ളസ്, പി ടു മലയാളം  സെക്കന്‍റ് എ പ്ളസ്......പി ടെന്‍ ഐറ്റി എ പ്ളസ്.  ടീച്ചര്‍ വായിച്ചു നിര്‍ത്തി. അകത്തു നിന്നും അഞ്ചു ഓടി വന്ന് ലീല ടീച്ചറിന്‍റെ കാലില്‍ വീണു.ഒപ്പം നിലവിളിപോലെ ഒരു വാക്യവും'',ടീച്ചറേ ടീച്ചറെന്‍റെ ദൈവമാണ് ടീച്ചറെ.''
        അഞ്ചു ടീച്ചറിനൊപ്പം പുറത്തു വന്നു..
        സ്ററുഡിയോയില്‍ നിന്നും ക്ഷണിക്കപ്പെട്ട ക്യാമറാമാന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ്  അഞ്ചുവിനൊപ്പമുള്ള സെല്‍ഫി, ഹാന്‍റ്ഫോണ്‍ സെഷനായിരുന്നു. ഓരോ അധ്യാപകരും അഞ്ചുവിനൊപ്പം നിന്ന് സെൽഫി പകർത്തി.ഉടൻ തന്നെ ഗ്രൂപ്പുകള ലേയ്ക്ക് കയറ്റി അയച്ചു.
   ''ടീച്ചറെ, ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു.''
   അഞ്ചുവിന്‍റെ  അമ്മ പറഞ്ഞു.  '
   ''സത്യം പറയാമല്ലൊ, ഞങ്ങള്‍ക്കും പ്രതീക്ഷയില്ലായിരുന്നു.'' സീനിയര്‍ അസിസ്റ്റന്‍റ് രമേശന്‍ സാര്‍ അമ്മയുടെ വാക്കുകള്‍ക്കൊപ്പം ചേര്‍ന്നു.
   ''പിന്നെയെല്ലാം ഈശ്വരന്‍റെ ലീലാവിലാസം.''
   രമേശന്‍സാര്‍ അതു പറഞ്ഞ് ലീലടീച്ചറെ ഒളികണ്ണാലെ നോക്കി ചിരിച്ചു..


   ഒരു ആന്തരസത്തയില്ലാത്ത ആഹ്ളാദം അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
      അപ്രതീക്ഷിതമായി ഏവരുടേയും കാതടപ്പിച്ചുകൊണ്ട് തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു  സ്ഫോടന ശബ്ദം. മധുജൻ മാഷിൻ്റെ കൈയ്യിലിരുന്ന
   ലഡു ഞെട്ടി തറയിൽ വീണ് രണ്ടായി പിളർന്നു കിടന്നു.മോഹിനി ടീച്ചർ ഭയപ്പാടോടെ ചുവടു മാറി പിളർന്ന ലഡുവിൻ്റെ നെഞ്ചിൽ കാൽ വച്ചു. ലഡു ഞെരിഞ്ഞമർന്നു. ലീലടീച്ചര്‍ക്ക് ഒരു നേര്‍ത്ത ബോധക്ഷയമുണ്ടായി.
   ''അത് നമ്മുടെ കെ.കെ ബിജുവിന്‍റെ വീട്ടിലെ ആഘോഷമാ ടീച്ചറെ.അവന്‍ ജയിച്ചെന്ന് അറിഞ്ഞിടം മുതല്‍ക്കേ അവിടെ സ്ഫോടനമാ..''
   അഞ്ചു പറഞ്ഞു.

   ബിജു .കെ.
   കുട്ടികള്‍ നല്‍കിയിരിക്കുന്ന പ്രത്യേകനാമമാണ്,കെ.കെ ബിജു.കാതറ കൂതറ ബിജു എന്ന വട്ടപ്പേരിന്‍റെ ചുരുക്കെഴുത്ത്.വിഷു കഴിഞ്ഞാല്‍ മകരസംക്രാന്തി അതു കഴിഞ്ഞാല്‍ പെരുന്നാള്‍ ഇങ്ങനെ സവിശേഷദിനങ്ങളില്‍ മാത്രം എത്തുന്ന വിരുതന്‍.ബിജു ക്ളാസിലെത്തിയാല്‍ സ്കൂള്‍ പൂര്‍ണമായും ജാഗരൂകമാകും...എല്ലാ അധ്യാപരുടെയും പൂര്‍ണ്ണ ശ്രദ്ധ അവന്‍റെ പിന്നാലെ ആയിരിക്കും. പാറാവുകാരൻ സോമൻ ചേട്ടൻ മുതൽ കഞ്ഞിപ്പുരയിലെ രാജമ്മ ചേച്ചി വരെ കണ്ണും കാതും സർവ്വ ശ്രദ്ധയും അവനിലേയ്ക്ക് അയച്ചിട്ടുണ്ടാകും.അന്ന്  വൈകുന്നേരം ബിജു സ്കൂള്‍ ഗേറ്റു കടന്ന് പുറത്തു പോയാലേ ലീലടീച്ചറിന്‍റെ ശ്വാസഗതി പഴയ പടി ആകുകയുള്ളൂ. പിന്നെ ടീച്ചര്‍ ഒറ്റയിരുപ്പില്‍ തണുത്ത വെള്ളം രണ്ടു ഗ്ളാസ് കുടിച്ചു തീര്‍ക്കും. അവന്‍ പോയാലും അവന്‍റെ പ്രവൃത്തിയുടെ അലയൊലികള്‍ സ്കൂളില്‍ ദിനങ്ങളോളം നിലനില്‍ക്കും. അവന്‍ വച്ചിട്ടു പോകുന്ന  ബോംബുകള്‍   പിന്നീടുള്ള ദിവസങ്ങളിലാകും പൊട്ടുക.....

   ഒടുവില്‍  സ്കൂള്‍ കൗണ്‍സലിംഗിനായി മോഹിനിടീച്ചറെ ഏല്‍പ്പിച്ചു.രണ്ടു ദിവസത്തെ കൗണ്‍സലിംഗ് കഴിഞ്ഞ് മോഹിനിടീച്ചര്‍ വന്നു പറഞ്ഞു, ''ഞാന്‍ തോറ്റു ടീച്ചര്‍. ഇന്നത്തെ  കൗണ്‍സലിംഗ് കഴിഞ്ഞപ്പോള്‍  ടീച്ചര്‍ ഇത്രേം പറഞ്ഞതല്ലേ, ഇതിരിക്കട്ടെ എന്നും പറഞ്ഞ് പോക്കറ്റില്‍ തിരുകിയിരുന്ന ചെമ്പരത്തിപ്പൂവെടുത്ത് എനിക്കു തന്നു.''കൈയ്യിലിരുന്ന ചെമ്പരത്തിപ്പൂവ് മേശമേല്‍ വച്ചുകൊണ്ടു മോഹിനിടീച്ചര്‍ മോഹാലസ്യപ്പെട്ടു  പറഞ്ഞു.
   ''ടീച്ചര്‍ വിഷമിക്കാതെ.അവനെയും നമുക്കു വേണം.അവനെ ജയിപ്പിച്ചു നമുക്കു തോല്‍പ്പിക്കണം.'' ലീലടീച്ചര്‍ ആശ്വസിപ്പിച്ചു.

   പരീക്ഷാ ദിനങ്ങളിൽ ലീല ടീച്ചറിൻ്റെ ആധിയായിരുന്നു ബിജു. ബയോളജി പരീക്ഷയുടെ ദിവസം സമയം കഴിഞ്ഞിട്ടും അവൻ വന്നില്ല. ഫോണിൽ വിളിച്ചിട്ട് ഒട്ട് എടുക്കുന്നുമില്ല.ഒടുവിൽ ഓട്ടോ വിളിച്ച് ടീച്ചർ ഓടി.വീടെത്തുമ്പോൾ ബിജു നല്ല ഉറക്കം. തട്ടി വിളിച്ച് എഴുന്നേൽപ്പിച്ചു. "ഇന്നും പരീക്ഷയുണ്ടോ.ഇത് തീർന്നില്ലെ ടീച്ചറെ?"
   "ഇന്ന് നാലെണ്ണമേ ആയുള്ളൂ. ഇനിയും അഞ്ചെണ്ണം. എഴുന്നേൽക്ക് മോനെ."ടീച്ചർ പറഞ്ഞു. പാൻറും ഷർട്ടും ഇട്ട പാതി ഇടാത്ത പാതി ഓട്ടോയിൽ അവനേയും ഉന്തിക്കയറ്റി ടീച്ചർ വീണ്ടും ഓടി.പിന്നെ എന്നും ടീച്ചർ ഓട്ടോയുമായി രാവിലെ തന്നെ ബിജുവിൻ്റെ വീട്ടുമുറ്റത്ത് എത്തി. "പാവം ടീച്ചർ." ബിജുവിൻ്റെ അമ്മ സാധുത്വം കൂറി.

   ആ കാതറ കൂതറ ബിജുവും ജയിച്ചു.
   ജനസഞ്ചയം അഞ്ചുവിന്‍റെ വീട്ടില്‍ നിന്നും  ബസിനടുത്തേയ്ക്ക് നീങ്ങവേ കെ.കെ ബിജു ഓടി വന്നു ലീലടീച്ചറിന്‍റെ കാലില്‍ വീണു.''ടീച്ചറേ ടീച്ചറെന്‍റെ ദൈവമാണ് ടീച്ചറേ.''
   ''ദേ, ടീച്ചര്‍ പിന്നേം ദൈവമായി.''പിറ്റിഎ പ്രസിഡന്റ് പറഞ്ഞു.
   ''ഇവന്‍ ജയിക്കുമെന്ന് കുടിച്ച വെള്ളത്തില്‍ ഞങ്ങള്‍ വിശ്വസിച്ചില്ല ടീച്ചറേ.''കീറിത്തുടങ്ങിയ മേല്‍മുണ്ടു നേരേയാക്കി  അമ്മ അത്ഭുതപ്പെട്ടു.പിന്നെ കണ്ണീര്‍ തുടച്ചു.
   ''എല്ലാം ഈശ്വരന്റെ ലീലാവിലാസങ്ങളല്ലേ...''രമേശന്‍ സാര്‍ വീണ്ടും  ലീലടീച്ചറെ ഒളികണ്ണാലെ നോക്കി ചിരിച്ചു.
   ''ടീച്ചറേ ടീച്ചറെന്‍റെ ദൈ...'' വീണ്ടും കാതറകൂതറബിജു. വാക്യം പൂര്‍ത്തിയാക്കും മുന്‍പ് രമേശന്‍ സാര്‍ കവറില്‍  നിന്നും  ഒരു  ലഡു എടുത്ത് അവന്‍റെ അണ്ണാക്കിലേയ്ക്കു തിരുകി.

      ബസ് പതിനാറാമത്തെ വീട്ടിലേയ്ക്കു സഞ്ചാരം തുടങ്ങി.
   '' മലയാളം മീഡിയത്തില്‍ ഒന്നിനും ആവതില്ലാതെ പോയല്ലോ. നാൽപ്പത് എ പ്ളസും  ഇംഗ്ളീഷ്  മീഡിയത്തിലാണല്ലൊ.''
   ബസ് നീങ്ങവേ ഒരു പിറ്റിഎ അംഗം അഭിപ്രായപ്പെട്ടു.
   ''ഇംഗ്ളീഷില്‍ എ പ്ളസ് വാങ്ങാന്‍ എളുപ്പമാ...''
   ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഉദയ മിസ് പറഞ്ഞു.
   ''ഇംഗ്ളീഷില്‍ പോയിന്‍റ്സ് എഴുതിയാല്‍ മതി.ഫുള്‍ മാര്‍ക്ക് ഉറപ്പാ.മലയാളത്തിലാകുമ്പോള്‍ ഒരുപാട് വിശദീകരിച്ച്  വാരിവലിച്ചെഴുതണം...പിന്നെ മലയാളം  എടുക്കുന്നതൊക്കെ ചവറ് പിള്ളാരല്ലേ.''
   മലയാളത്തിന്‍റെ കുഴപ്പം വിശദീകരിച്ചു കൊണ്ട് മലയാളത്തിന്‍റെ പരിമിതിയെക്കുറിച്ച് ഉദയ മിസ് വചാലയായി ഒരു അരയന്ന ഇളക്കമാര്‍ന്നിരുന്നു.
   ''അതെന്താ ടീച്ചറെ പോയിന്‍റുകള്‍ മലയാളത്തിലെഴുതുമ്പോള്‍ മാഞ്ഞു പോകോ...?  നൂലുപോലെ മെല്ലിച്ചുനീണ്ട മലയാളത്തിൻ്റെ അശോകൻ മാഷിന് ഉദയ മിസ് പറഞ്ഞത്  ബോധിച്ചില്ല.
   ''മലയാളത്തില്‍ എഴുതിയാലും ഇംഗ്ളീഷില്‍ എഴുതിയാലും പോയിന്‍റ് പോയിന്‍റ് തന്നെയല്ലേ.അതൊന്നുമല്ല കുഴപ്പം. ഇംഗ്ളീഷ് കാണുമ്പോഴേ നമ്മുടെ അധ്യാപകരെ ഒരു ഭയം ഗ്രസിക്കും.ഇതിലെന്തോ അധികമുണ്ടെന്ന മുന്‍വിധിയാ പിന്നെ അവരെ മുന്നോട്ടു നയിക്കുക.ഇംഗ്ളീഷുകാരന്‍ അവശേഷിപ്പിച്ചു പോയ ആ പഴയ അടിമത്തം. പിന്നെ ഈ ചവറ് പിള്ളേരെന്നു പറഞ്ഞാല്‍ ഏതു വിഭാഗമാ ടീച്ചറേ...?''
   ഉദയ മിസിന്‍റെ വാക്കുകളെ അശോകന്‍ മാഷ് ഖണ്ഡിക്കാനൊരു ശ്രമം നടത്തി...
   ''വേണ്ട. തര്‍ക്കം വേണ്ട.കഷ്ടപ്പെട്ടു പഠിച്ചവര്‍ക്കു മാര്‍ക്കു കിട്ടി അത്ര തന്നെ...അല്ലെ ടീച്ചറെ?'' പിടിഎ പ്രസിഡന്‍റ് രംഗം ശാന്തമാക്കിക്കൊണ്ട്  ലീലടീച്ചറിനോടായി ചോദിച്ചു.
   "ആണോ ടീച്ചറെ ?" അശോകൻ മാഷ് ചോദ്യം ആവർത്തിച്ചു.
   ആണോ ലീലേ?ലീല ടീച്ചറിൻ്റെ ഉള്ളിൽ ആ ചോദ്യം സ്വയം മുഴങ്ങി. ടീച്ചർ ഉത്തരം നൽകാതെ നോട്ടം ദൂരേയ്ക്ക് പായിച്ചു. എന്തിനാണ് ഈ കോപ്രായങ്ങൾ? ആരെ ബോധിപ്പിക്കാനാണ്?ഉള്ളിലിരുന്ന് ആരോ വിചാരണ ആരംഭിച്ചു. ടീച്ചർ കൂടുതൽ മ്ലാനമായി.

   ''അങ്ങനെ വിശ്വസിക്കുന്നതാണ് ഉത്തമം.''രമേശന്‍ സാർ എല്ലാവരുടെ ചോദ്യത്തിനുമായി ഉത്തരം പറഞ്ഞു.
   "ലീല ടീച്ചർ ദൈവമാണെന്നാ കുട്ടികൾ എല്ലാവരും അഭിപ്രായപ്പെടുന്നത്. പിള്ളാരെല്ലാം കൂടി ടീച്ചറെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയോന്തോ?" രമേശൻ സാർ യാത്രയ്ക്കിടയിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു സംശയം കൂടി പങ്കുവച്ചു.

   വാഹനം വീണ്ടും അടുത്ത വളവു തിരിഞ്ഞു.കണക്കിന്‍റെ അജയന്‍ സാര്‍ തീരേ രഹസ്യമായി അശോകന്‍മാഷിന്‍റെ കര്‍ണ്ണങ്ങളില്‍ ചോദിച്ചു,
   "ഈ എ പ്ലസുകളും മറ്റു വിജയങ്ങളും എങ്ങനെ സംഭവിച്ചു?"
   ''ഇപ്പറയുന്ന വേണ്ടപ്പെട്ടവരുടെ കുട്ടികളൊക്കെ ഇംഗ്ളീഷ് മീഡിയത്തിലല്ലേ.അവര്‍ക്കൊക്കെ എ പ്ളസ് കിട്ടീല്ലേല്‍ എച്ച് എം നു പിന്നെ മനസ്സമാധാനത്തില്‍ ഉറങ്ങാനാകോ...അപ്പോ പിന്നെ ടീച്ചര്‍ എന്താ ചെയ്ക?'' അജയൻ സാർ ചോദിച്ചു.
   ''എന്താ ചെയ്ക?'' അശോകന്‍ സാര്‍ ആയുധം വാങ്ങി തിരിച്ചു പ്രയോഗിച്ചു.
   ''ആ.....''.കണക്കു സാര്‍ ചാതുര്യത്തോടെ ഉത്തരത്തില്‍ നിന്നും  വഴുതി.
   ''ആ....'' അശോകന്‍ സാര്‍ ഏറ്റു ചൊല്ലി. രണ്ടാളും കുലുങ്ങി ചിരിച്ചു.  
   "വിദ്യ വലിയൊരു അഭ്യാസമായി. മൊത്തം കച്ചവടമായപ്പോൾ എങ്ങനേം ലാഭം കൊയ്യണം എന്നല്ലേ ഉള്ളൂ. ഇൻവെസ്റ്റു ചെയ്യുന്നതനുസരിച്ച് റിട്ടേൺസ് വേണം. ഒരു കുട്ടിയിൽ ലക്ഷങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്നത് കൃത്യമായ പ്രോഫിറ്റ് പ്രതീക്ഷിച്ചു തന്നെയാണ്. അതിനനുസരിച്ച് കുട്ടിയെ വാർത്തെടുക്കണം. സ്കൂളിൽ നിന്നു തന്നെ അതു തുടങ്ങണം. അപ്പോൾ ലീല ടീച്ചറിനെപ്പോലുള്ളവർ ഏതു ഞാണിലും കളിക്കും. ഇല്ലെങ്കിൽ ചോദ്യങ്ങളുടെ ശരശയനത്തിലാകും." അജയൻ സാർ പെട്ടന്ന് ചിരി നിറുത്തി ഗൗരവത്തോടെ സംസാരിച്ചു.

           ലീലടീച്ചറിന്‍റെ മനസ്സ് എവിടെയോ വീണു പോയിരുന്നു..പോയ വീടുകളിലെ  കുട്ടികൾ എല്ലാവരും പറഞ്ഞിരിക്കുന്നു താനൊരു ദൈവമാണെന്ന്...
   'ഒരു അധ്യാപിക എപ്പോഴാണ് ദൈവമാകുന്നത്...?'ലീലടീച്ചറിന്റെ മനസ് സ്വയം സഞ്ചാരിയായി.വല്ലാത്തൊരു അസഹ്യത മനസില്‍ പിടിപെട്ടിരിക്കുന്നു...ഒരു ജീര്‍ണ്ണത.... താൻ ഊതിവീർപ്പിച്ചത് ഒരു ബലൂൺ മാത്രമാണ്. അതിനകത്ത് വായു അല്ലാതെ ഒന്നുമില്ല. ഉള്ളു ദ്രവിച്ച് പോട് മാത്രമായി തീർന്ന ഒരു പാഴ്ക്കഷണം. ഒന്നമർത്തി പിടിച്ചാൽ പൊടിഞ്ഞു പോകും.ഒരു ഗ്ളാസ് തണുത്ത വെള്ളം കിട്ടിയെങ്കില്‍ നന്നായിരുന്നു. ടീച്ചർക്ക് ദാഹം പെരുകി വന്നു.
    
   ഫോണ്‍ബെല്‍ ടീച്ചറെ മൗഢ്യത്തില്‍ നിന്നും  വിളിച്ചുണര്‍ത്തി.നാലാമത്തെ പ്രാവശ്യമാണ്...അതേ നമ്പര്‍...റിസള്‍ട്ട് പ്രഖ്യാപിച്ച് പത്തുമിനിറ്റിനിടയില്‍ ആദ്യം വന്ന കോള്‍...തന്‍റെ സ്കൂള്‍ നൂറുശതമാനം വിജയം  ആദ്യമായി നേടിയെന്നറിഞ്ഞ സന്തോഷം ഏവരുമായി പങ്കുവയ്ക്കുന്നതിനിടയില്‍ എടുക്കാന്‍ കഴിഞ്ഞില്ല.പിന്നെ ഫുള്‍ എ പ്ളസ് കിട്ടിയവരുടെ ഗൃഹസന്ദര്‍ശനത്തിനിടയില്‍ രണ്ടു വട്ടം കൂടി കോള്‍ വന്നു.അപ്പോഴും എടുക്കാനായില്ല.
      ടീച്ചര്‍  ഫോണ്‍ ഓണ്‍ചെയ്തു.
   ''ഹലോ.... ടീച്ചര്‍.....ഞാന്‍ ആശയാണ്,പത്ത് എ ഡിവിഷനിലെ.''
   ''ങാ....മോളേ...പറയൂ.''
   '' റിസള്‍ട്ടു പറയാന്‍ വിളിച്ചതാണ് ടീച്ചര്‍. ടീച്ചര്‍ക്കു തന്ന വാക്കു  എനിക്കു പാലിക്കാനായില്ല. ടീച്ചര്‍ എന്നോടു ക്ഷമിക്കണം. എനിക്കു  ഫുള്‍ പ്ളസ് കിട്ടിയില്ല. കണക്കിനു എ ഗ്രേഡേ കിട്ടിയുള്ളൂ.ബാക്കി എല്ലാത്തിനും എ പ്ളസുണ്ട്.'' തികഞ്ഞ വിഷമത്തോടെയും പശ്ചാത്താപത്തോടെയുമുള്ള വാക്കുകൾ.  

         വെളുത്തു നീണ്ട ഒരു പെണ്‍കുട്ടി.
   അവളെ ആദ്യം ലീലടീച്ചര്‍ കാണുന്നത് ആര്‍ക്കും വേണ്ടാത്ത ആരും പോകാത്ത കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും അവർ  തിമിര്‍ത്തു ബഹളം വയ്ക്കുന്നതുമായ ആര്‍ട്ട്, പിറ്റി, വര്‍ക്ക്,പിരീഡുകളിലൊന്നില്‍ ക്ളാസുകള്‍ക്കു മുന്നിലൂടെ റൗണ്ട്സ് നടത്തുമ്പോഴായിരുന്നു. പത്ത് എ  മലയാളം ഡിവിഷനില്‍ നിന്നും  മനോഹരമായ ഒരു പാട്ട് അലതുള്ളി ഒഴുകുന്നു. ശബ്ദം മധുരമുണ്ട്. തീർച്ചയാണ്. ടീച്ചർക്ക് തോന്നി. അകത്തേയ്ക്കു   കടന്നു ചെന്നാല്‍ ഒരുപക്ഷേ   പാട്ടുകാരി പാട്ടു നിര്‍ത്തിയേക്കും . ടീച്ചര്‍ വാതിലിനു മറവില്‍  ഒളിഞ്ഞു നിന്നു പാട്ടു ശ്രവിച്ചു.ക്ലാസ് ഒന്നടങ്കം കോറസ് പാടുന്നു. താളം പിടിക്കുന്നു. കെ.കെ ബിജുവിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആൺകുട്ടികൾ ഡസ്ക്കിനു മുകളിൽ ചെണ്ടമേളം നടത്തുന്നു. ഇരുവശങ്ങളിലേയ്ക്കും കാറ്റിലാടുന്ന മരച്ചില്ലകൾ പോലെ കുട്ടികൾ ഇളകിയാടുന്നു. ബിജുവിൻ്റെ ചെണ്ടമേളമാണോ ആശയുടെ പാട്ടാണോ മുന്നിലെന്ന് വേർതിരിക്കാനാകാത്ത വിധം ഒരു ഏകതാനത.ചിലർ താളത്തിനൊത്ത് ചുവടുവയ്ക്കുന്നു. കൊട്ടും പാട്ടും ആട്ടവും ക്ലാസിനകം ഒരു ഉൽസവപ്പറമ്പുപോലെ. പുറത്ത് പാട്ടിൻ്റെ താളത്തിൽ സൂര്യകാന്തിപ്പൂക്കൾ വിടരുന്നു.അതു വഴി പോയ മേഘം പാട്ടുതീരുന്നതുവരെ അവിടെ നിന്നു.ഏതോ കൗമാര താളത്തിൽ ചലിക്കാൻ തുടങ്ങിയ തൻ്റെ പാദങ്ങളെ ടീച്ചർ ശ്രമപ്പെട്ട് അടക്കി. പുറത്തു നിന്ന് അത് പൂർണമായുംആസ്വദിച്ചു.                    
      
            പാട്ടു തീര്‍ന്ന് കുട്ടികള്‍  കൈയ്യടിക്കുമ്പോള്‍ ടീച്ചര്‍  കടന്നു ചെന്നു.പാട്ടുകാരിയെ കൈയ്യോടെ പിടികൂടി. ക്ലാസ് പെട്ടന്ന് നിശബ്ദമായി. ഒരു ഭയം ക്ലാസിൽ കൊടുമുടി കയറി.
   ''എന്താ പേര്.''
   ''ആശ '',അവള്‍ പേടിയോടെ മറുപടി പറഞ്ഞു.
   ''നല്ല പാട്ട് മിടുക്കി....വലുതാകുമ്പോള്‍ പാട്ടുകാരിയാകണം കേട്ടോ.'' ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഭയം കൊണ്ട് മുറുകിയ ക്ലാസ് പെട്ടന്ന് അയഞ്ഞു.
   ''ഇല്ല ടീച്ചര്‍.എനിക്കൊരു ഡോക്ര്‍ ആകണം...''
   ''എല്ലാവരും  ഇങ്ങനെ ഡോക്ടര്‍ ആയാല്‍ ആരാ പിന്നെ പാട്ടു പാടാന്‍...അതിരിക്കട്ടെ
   ആരുടെ ആഗ്രഹമാ ഡോക്ടര്‍ ആകണമെന്ന്. അമ്മയുടേയോ അച്ഛന്‍റെയോ...?''
   ''എന്റെ അമ്മ കാന്‍സര്‍ വന്നു മരിച്ചപ്പോള്‍ മുതലുള്ള എന്‍റെ ആഗ്രഹമാ ടീച്ചര്‍....''
   ലീലടീച്ചര്‍ പെട്ടെന്ന് പിന്‍ ബെഞ്ചിലിരുന്നു...
   ''അച്ഛന്‍...?''
   ''ആറ്റില്‍ വീണു മരിച്ചു...''
   ലീലടീച്ചര്‍  ആശയെ ചേര്‍ത്തു പിടിച്ചു...അല്‍പനേരത്തിനുശേഷം ചോദിച്ചു,
   ''നീ എന്‍സിസിയില്‍ ഉണ്ടോ?''
   'ഇല്ല.''
   ''ജെഅര്‍ സി?''
   ''ഇല്ല ടീച്ചര്‍.എനിക്കു ഗ്രേസ് മാര്‍ക്ക് ഒന്നുമില്ല.''
   ''നീ എല്ലാ വിഷയത്തിനും എ പ്ളസ് വാങ്ങോ?''
   ''ശ്രമിക്കും ടീച്ചര്‍...''
   ''പോരാ വാങ്ങുമെന്ന് ടീച്ചര്‍ക്കു വാക്കു തരണം.''
   അന്ന് ടീച്ചറിന്‍റെ കൈയ്യില്‍ തൊട്ട് ആശ വാക്കു കൊടുത്തു....

   ടീച്ചർ ബിജുവിൻ്റെ കവിളിൽ തലോടി പറഞ്ഞു, മിടുക്കൻ. ബഹളം കുറച്ച് പഠിത്തത്തിൽ കൂടി ശ്രദ്ധിക്കണം കേട്ടോ. മറുപടിയായി അവൻ ഡസ്ക്കിൽ ഒരു സമ്മത താളം കൂടി കൊട്ടി. "ടീച്ചറെ കൊട്ട് പഠിപ്പിക്കാൻ കൂടി ഒരു സാറിനെ വച്ചൂടേ. ഈ പാഠപുസ്തകം മാത്രം ആയപ്പോ ബോറ്. "ബിജു ഒരാവശ്യം ഉന്നയിച്ചു. "വയ്ക്കാമെടാ. നീ ആദ്യം എന്നും സ്കൂളിൽ വാ.എന്നിട്ട് ആലോചിക്കാം." അവൻ ഒന്നുകൂടി ഡസ്ക്കിൽ സമ്മത താളമിട്ടു.
         ആശ കഠിനമായി  തന്നെ പരിശ്രമിച്ചു. തന്‍റെ യാത്രയില്‍ തുണയാകാന്‍ ഗ്രേസ് മാര്‍ക്കുകളൊന്നും തന്നെയില്ലെന്ന് അവള്‍ക്കു നന്നെ ബോധ്യമുണ്ടായിരുന്നു. കണക്കുകൂട്ടലുകൾ ഒന്നും ചേരാത്ത അവളുടെ ജീവിതത്തിൽ കണക്ക് പിടികൊടുക്കാതെ ഒളിച്ചുകളി നടത്തി. അവള്‍ ലീലടീച്ചര്‍ക്കു നല്‍കിയ വാക്കു നിറവേറ്റാനായില്ല.
   ടീച്ചര്‍ ഇംഗ്ളീഷ് മീഡിയത്തിന്‍റെയും കാതറ കൂതറയുടേയും പിന്നാലെ പാഞ്ഞപ്പോള്‍ ഉണങ്ങി മെല്ലിച്ചു ക്ഷയരോഗം ബാധിച്ച മലയാളം മീഡിയത്തെ മറന്നു പോയി.

   ''സുകേശാ ബസ് ഒന്നു നിര്‍ത്തൂ''.  ലീലടീച്ചര്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ സുകേശന്‍ ബസ് നിര്‍ത്തി. ടീച്ചര്‍ ബസില്‍ നിന്നും ഇറങ്ങി. ''ഇനിയുള്ള വീടുകളില്‍ നിങ്ങള്‍ പോകൂ.. ഞാന്‍ തളര്‍ന്നു..മാത്രമല്ല ഒരല്പം പോലും എനിക്കു മുന്നോട്ടു നീങ്ങാനാകുന്നില്ല....''
   ഏവരും  നിര്‍ബ്ബന്ധിച്ചെങ്കിലും  തുടര്‍ന്നുള്ള യാത്രയില്‍ നിന്നും  ടീച്ചര്‍ പിന്‍വാങ്ങി.
      ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍പാത കഴിഞ്ഞ് തോടിനരികിലുള്ള ഇടുങ്ങിയ 
   നടപ്പാതയെത്തിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു ''ഇനി ഓട്ടോ പോകില്ല .''
   ഓട്ടോ കാശ്  നല്‍കി ടീച്ചര്‍ വെള്ളമില്ലാത്ത ഓടയ്ക്കുമുകളിലെ ചെറിയ സിമന്‍റുകട്ടി കടന്ന്  മുന്നോട്ടു നടന്നു.
   വെളിച്ചത്തില്‍ ഇരുളു കലരാന്‍ തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ തിരികെ പോകുന്നു... അരകിലോമീറ്ററിലധികം കരിയിലകള്‍ മൂടിയ വഴിത്താരയിലൂടെ നടന്നു.ഒടുവില്‍  ആ വഴിയും തീര്‍ന്നിടത്ത് ടീച്ചര്‍ ആശങ്കയോടെ നിന്നു. പലരോടായി ചോദിച്ച് ഇവിടെ വരെ എത്തി. ഇനി...? ഫോണിൽ വിളിച്ചിട്ട് ഒട്ടു കിട്ടുന്നുമില്ല.

   റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കണ്ട ഒരു ഓടു മേഞ്ഞ വീട് പ്രതീക്ഷ നല്‍കി.ടീച്ചര്‍ അങ്ങോട്ടു നടന്നു വാതിലില്‍  മുട്ടി കാത്തു നിന്നു. അല്‍പനേരത്തിനു ശേഷം  വീടിന്‍റെ വടക്കേപ്പുറത്തു നിന്നും വെളുത്തു നീണ്ടപെണ്‍കുട്ടി വന്നു .
   ''അയ്യോ! എന്‍റെ  ടീച്ചര്‍...''ആശ അറിയാതെ പറഞ്ഞുപോയി. ഒരുവേള  അവള്‍ അന്ധാളിച്ചു നിന്നു.  ''അല്ല,എന്നെ വീട്ടിലേയ്ക്കു വിളിക്കാതെ പുറത്തു നിര്‍ത്തിയിരിക്കുകയാണോ...?ആരോടൊക്കെ ചോദിച്ചുവെന്നറിയോ നിന്‍റെ വീടൊന്നു കണ്ടു പിടിക്കാന്‍...''
   ആശയുടെ കരംപിടിച്ചു കൊണ്ട്  ടീച്ചര്‍ പറഞ്ഞു.
   ''ടീച്ചര്‍ വരൂ, ഇതെന്റെ വീടല്ല,ഇവിടുത്തെ മാമന്‍റെ മക്കളെയും വേറെ ചില കുട്ടികളെയും ഞാന്‍ ട്യൂഷന്‍ പഠിപ്പിക്കുന്നത് ഇവിടെ വച്ചാണ്.....''
   ''അപ്പോള്‍ ആശയുടെ വീട്...?''
   '' കുറച്ചു കൂടി പോണം.ടീച്ചര്‍ വരൂ...''
   ആശ മുന്നില്‍ നടന്നു.
   തീര്‍ന്നുപോയ വഴിയില്‍ നിന്നും വീണ്ടും അവര്‍ മുന്നോട്ടു നടന്നു.അടുക്കിയ  കരിങ്കല്‍ കെട്ടുകള്‍ കയറി മുന്നോട്ടു മുകളിലേയ്ക്ക്. കെട്ടിനിടയിൽ നിന്നും ഒരു പാമ്പ് വെളിയിലേയ്ക്ക് തലയിട്ടു നോക്കി വിശേഷമൊന്നും ഇല്ലെന്നറിഞ്ഞ് തല തിരികെ വലിച്ചു.

   മുന്നിൽ വീണ്ടും ഒരു നടവഴി തെളിഞ്ഞു വന്നു.ആ റബ്ബര്‍തോട്ടത്തിന്‍റെ കിഴക്കേ ചരുവില്‍ ഒരു ഓലക്കുടിലിനു മുന്നില്‍ അവള്‍ നിന്നു.പൊതുവെ അല്‍പം ഉയരം കുറഞ്ഞ ലീലടീച്ചര്‍ ഒന്നുകൂടി കുനിഞ്ഞ് അകത്തു തിണ്ണയില്‍ പ്രവേശിച്ചു. കവണയുടെ ആകൃതിയിലുള്ള അല്‍പ്പം കനമുള്ള മരക്കമ്പില്‍ താങ്ങി നില്‍ക്കുന്ന മേല്‍ക്കൂര.പഴക്കമേറി കറുത്തുപോയ നീല ടാര്‍പ്പോളിന്‍ മുറിച്ചു കെട്ടിതിരിച്ച ഒരു കുഞ്ഞു മുറി.ഇറായം എന്നു പറയാവുന്ന ഒരു ചായ്പ്. ചായ്പില്‍ ഒരു കയര്‍കട്ടില്‍.ലീലടീച്ചര്‍ക്ക് വലിയൊരു കുന്നില്‍  നിന്നും  താഴേയ്ക്കു പതിക്കുന്നതുപോലെ തോന്നി.ആശയോട് എന്തു പറയണമെന്നറിയാതെ ചുറ്റിലും നോക്കി. ഇരിക്കാന്‍ കസേരയില്ലാത്ത വീട്ടില്‍ അത് അവള്‍ പറയാതറിഞ്ഞ് ചെറിയ  കൈവരിയില്‍ ടീച്ചര്‍ ഇരുന്നു.

   അല്‍പ്പസമയത്തിനകം റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ചുള്ളിക്കമ്പുകളുടെ കെട്ടുമായി, കൂനിപ്പോയ ഒരു പ്രായമേറിയ ജീവിതം ഇറങ്ങി വന്നു.'' ടീച്ചര്‍ ഇതെന്‍റെ അമ്മുമ്മ.'' ആശ അമ്മൂമ്മയെ ചേര്‍ത്തു പിടിച്ചു പരിചയപ്പെടുത്തി.
   ''വേറെ ആരൊക്കെയുണ്ട് മോള്‍ക്ക്....?''
   '' ഇനി അപ്പൂപ്പന്‍ കൂടിയുണ്ട്. വീടുകളില്‍ പാലുകൊണ്ടു കൊടുക്കാന്‍ പോയിരിക്കുന്നു.....ഞാന്‍ ചായ എടുക്കട്ടെ .ടീച്ചര്‍ ഇരിക്കൂ.''
   "ചായവേണ്ട മോളെ.എനിക്കിത്തിരി തണുത്ത വെള്ളം.താ. നന്നെ ദാഹമുണ്ട്. "അവള്‍ അകത്തേയ്ക്കു പോയി.അൽപ്പം അകലെ ചെറിയൊരു എരുത്തിൽ.അതിൽ ഒരു പശു. ഇപ്പോഴും പശുവളർത്തുന്നവരുണ്ടോ കേരളത്തിൽ ? ടീച്ചർക്ക് നേരിയ അത്ഭുതം തോന്നി.

           അടുക്കളയില്‍ നിന്നും  ഒരു ഗ്ളാസ് തണുത്ത വെള്ളവുമായി ആശ തിരിച്ചു  വന്നു.മറ്റൊന്നും തരാനില്ലെന്ന നിസ്സഹായത അവളുടെ കണ്ണുകളില്‍ നിറഞ്ഞു. ആ വെള്ളം ലീലടീച്ചറിന്‍റെ  ഉള്ളില്‍ കത്തിനിന്ന അഗ്നിക്കരികിലുടെ ഒരു നീര്‍ച്ചാലായി ഒഴുകിയിറങ്ങി.
   ''ഞാന്‍ നാളെ ടീച്ചറെ സ്കൂളില്‍ വന്നു കാണാനിരിക്കുകയായിരുന്നു. ഞങ്ങള്‍ കുട്ടികളല്ലേ അധ്യാപകരെ വന്നു കാണേണ്ടത്....''ലീലടീച്ചര്‍ ആശയെ ചേര്‍ത്തു പിടിച്ചു.ഉള്ളിലൊരു കടച്ചില്‍,കണ്ണില്‍ നിറയുന്ന നീര്‍ക്കണം...ആശ ഒരു കണ്ണുനീര്‍ത്തുള്ളിയാകുമ്പോഴും ഉള്ളിലൊരു തണുപ്പ്....
   ''നീയാണ് മോളെ യഥാര്‍ഥ വിജയി....നിനക്കു തരാന്‍ ഞാന്‍ ഒന്നും വാങ്ങിയില്ലല്ലോ.ഒരു മിഠായിയെങ്കിലും വാങ്ങാന്‍ ഞാന്‍ മറന്നു പോയല്ലോ...'' ടീച്ചര്‍ ഒരു അപരാധിയെപ്പോലെ തന്‍റെ ബാഗില്‍ പരതി...
   ''ഒന്നും വേണ്ട ടീച്ചര്‍.ടീച്ചറിന്‍റെ  അനുഗ്രഹം മതി.'' അവള്‍ ലീലടീച്ചറിന്‍റെ പാദങ്ങള്‍ തൊട്ടു വന്ദിച്ചു ''ടീച്ചര്‍  എന്നെ തേടി വന്നല്ലോ.ഇതിലും വലിയ സമ്മാനം വേറെ കിട്ടാനില്ലല്ലോ..''
   അവളെ കരങ്ങളില്‍ ചേര്‍ത്ത് നിറഞ്ഞ മനസ്സോടെ ആ നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്തു.
   തന്‍റെ ബാഗ് തുറന്ന് അതുവരെ ഓമനിച്ചു കൊണ്ടു നടന്നിരുന്ന, നഷ്ടപ്പെട്ടപ്പോഴൊക്ക അന്വേഷിച്ചു കണ്ടെത്തിയ, പച്ച മഷിയുള്ള തന്‍റെ  പേന ആശയ്ക്കു നല്‍കി പറഞ്ഞു, ''എന്താവശ്യത്തിനും എപ്പോഴായാലും നീ എന്നെ വിളിക്കണം....''
   വിളിക്കുമോ നീ....?'' ടീച്ചര്‍ ആവര്‍ത്തിച്ചു ചോദിച്ചു .
   ''വിളിക്കും ടീച്ചര്‍.റിസള്‍ട്ട് പറയാന്‍ ആദ്യവും അവസാനവും ഞാന്‍ വിളിച്ചത് ടീച്ചറിനെയല്ലേ....'' ടീച്ചർ അവളുടെ നെറുകയിൽ തലോടി.ആ സ്പർശനം ആശയിൽ ഒരാനന്ദമായി മാറി.
         നടവരമ്പു വരെ ആശ ലീലടീച്ചറിനെ അനുഗമിച്ചു.അതുവഴി പോയ ഓട്ടോ കൈകാണിച്ചു നിര്‍ത്തി ആശ പറഞ്ഞു,
   ''അജുചേട്ടാ, എന്‍റെ ടീച്ചറാ ഒന്നു ബസ് സ്റ്റോപ്പില്‍ ഇറക്കിയേക്കണേ.. '' ഓട്ടോയില്‍ കയറി കൈവീശി  ടീച്ചര്‍  പറഞ്ഞു, ''മോളിനി 'പൊയ്ക്കോ... മുന്നില്‍  ഇരുട്ടാണ് സുക്ഷിക്കണേ...''
   ''ശരി ടീച്ചര്‍...''
       പച്ചമഷിയുള്ള പേന മുറുകെ പിടിച്ച് അവള്‍ തിരികെ നടന്നു.
   ചൂടകന്ന മനസുമായി ലീലടീച്ചര്‍ വീട്ടിലേയ്ക്കു തിരിച്ചു.അപ്പോള്‍  ഇരുളില്‍ വെളിച്ചം പൂര്‍ണമായും  ലയിച്ചിരുന്നു.

Join WhatsApp News
Suja SR 2026-07-04 15:08:54
Super 😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക