Image

പാതിരാസൂര്യൻ (കവിത: വേണുനമ്പ്യാർ)

Published on 04 July, 2026
പാതിരാസൂര്യൻ (കവിത: വേണുനമ്പ്യാർ)

തോക്കിൻ കുഴലിലൂടെ
വിപ്ലവം വരുമെന്ന് വിശ്വസിച്ചിറങ്ങിയ നിന്റെ മൂക്കിൻ കുഴലിലൂടെ ചോര തെറിച്ചു വീണത് ലാഭം!

ചോദ്യകർത്താവാണ് ഉത്തരമെന്നറിയാതെ 
നീ കടം വാങ്ങിയ ചോദ്യങ്ങൾ 
ചോദിച്ചു കൊണ്ടേയിരുന്നു.

സമ്പന്നരുടെ കണ്ണാടികൾ ദരിദ്രന്റെ വൈരൂപ്യത്തെ പ്രദർശിപ്പിക്കാനുള്ള
ചില്ലുജാലകങ്ങളല്ലേ. അവയൊക്കെ എറിഞ്ഞുടയ്ക്കാനുള്ള ക്രോധവും വൈരാഗ്യവും വാശിയുമായിരുന്നല്ലോ നിനക്ക്:

കണ്ണാടിയിൽ പതിയാത്ത 
അസ്സൽ മുഖത്തിന്റെ തിരുമുൽക്കാഴ്‌ച്ചയെക്കുറിച്ച് 
ഏത് വാദ്ധ്യാർ പഠിപ്പിക്കും? ആ പഠിപ്പിന്റെ മാദ്ധ്യമമായ ഊർജ്ജ- ഭാഷയുടെ വ്യാകരണത്തിന്റെ കുരുക്കഴിക്കാൻ ആർക്ക് കഴിയും?

One cannot be taught
Yet One can learn a lot
Lying eternally on a single cot

അറിവൊക്കെ ഉണങ്ങാത്ത മുറിവാണെന്നും അറിവിനെയും
അറിയുന്ന അറിവ് കൊണ്ടു വേണം
മുറിവൊക്കെയുണക്കി ശാന്തിയുടെ അമൃത് ഉണ്ണാനെന്നും സഹജാവബോധത്തിന്റെ 
സമഗ്രതയിൽ നീ അറിഞ്ഞു.

സൂക്ഷ്മതയോടെയുള്ള
സൂക്ഷ്മതക്കുറവിന്റെ
സൗന്ദര്യം ആസ്വദിക്കാൻ ആരും തന്നെ 
നിന്നെ പ്രചോദിപ്പിച്ചിരുന്നില്ല. ഒരു വേള ജീവിതത്തിന്റെ ഏതൊ വഴിത്തിരിവിൽ വെച്ച് ആ ജൈവികചോദന നിന്നിൽ
സ്വയം മുള പൊട്ടിയതാകാം.

ഭൗതികതയെ കൈവെടിയാത്ത
ഒരു ആത്മീയവിപ്ലവം നിന്റെ മനസ്സാൽ മറയ്ക്കപ്പെട്ട ഒരു പ്രാക്തന സ്വപ്നമായിരുന്നിരിക്കാം.

Nothing is Everything
Everything is No-thing

അനിർവ്വചനീയമായ 
അത്യുന്നതങ്ങളിലെ കൃപയാലാകണം
ഒരു പാതിരാസ്വപ്നത്തിൽ സ്രഷ്ടാവ്
ഒരു വെള്ളപ്രാവായി ഇറങ്ങി വന്ന്
നിന്റെ നനഞ്ഞ കൺപീലികളിൽ
വിശ്രമിച്ചു. ഹൃദയം ഉരുകുകയായിരുന്നു ..... വെയിൽ തട്ടിയ
മഞ്ഞുകട്ട പോലെ. പാതിരക്ക് നിനക്കു വേണ്ടി മാത്രം ഒരു സൂര്യൻ ഉദിച്ചു!


ആ നിമിഷം നീ അറിവിന്റെ അഭ്യാസത്തിനും ആഭാസത്തിനുമപ്പുറം
കാഴ്ച തിരണ്ട ഒരു കുരുടനായി!
ചിറകില്ലാതെ പറക്കുന്ന ഒരു മുടന്തനായി!
ഊമയായ ഒരു സംഗീതജ്ഞനായി!

Melody flowing from melody's melody
Light spreading from light's light
Life flowing eternally like a small river seeking a great sea full of pearls

കണ്ണാടികൾ എറിഞ്ഞുടയ്ക്കണമെന്ന
പിടിവാശിയൊക്കെ നിന്റെ മനസ്സിൽ നിന്നും പടിയിറങ്ങി. കണ്ണാടികൾ ഒന്നും
തന്നെ പുതുതായി സൃഷ്ടിക്കുന്നില്ലല്ലോ
ഉള്ളതിനെ വെളിവാക്കുന്നതിനപ്പുറം
അവയ്ക്ക് ഒന്നും ചെയ്യാനില്ല.

നിഷ്കളങ്കതയെ കുരിശിലേറ്റാത്ത ഒരു ശിശുവായി പ്രപഞ്ചമാതാവിന്റെ ചോര കുടിക്കുന്ന ഒരു ഭ്രൂണമായി നീ മടങ്ങി ശൂന്യതയുടെ ഗർഭപാത്രത്തിലേക്ക് .

നിത്യതയിലേക്കുള്ള
ജാലകം തുറന്നു തന്ന നിശ്ചലത!

A point of no return!

നിർവൃതിയുടെ അജ്ഞേയമായ രസതന്ത്രം. ജ്ഞാനസൂര്യൻ സമാധാനത്തിന്റെ കിരണങ്ങൾ
പൊഴിക്കുന്നു. കണ്ണാടി കാണിക്കുന്ന മുഖത്തിന്റെ ഉറവിടത്തിന്റെ ഉറവിടത്തിൽ നിന്നും നോക്കുമ്പോൾ അറിവും അജ്ഞതയും സൗന്ദര്യവും വൈരൂപ്യവും ഒക്കെ എത്ര നിസ്സാരം!

ആത്മലാഭാനന്ദത്തിന്റെ സ്ഫുരണങ്ങൾ കൊണ്ട് ദിവ്യത നിനക്കുവേണ്ടി ആകാശത്തിൽ
ഒരു കയ്യൊപ്പിടുകയാണൊ?

G for GOD
Who am I?
Dog or God?
I am that I am

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക