Image

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ മാർപാപ്പ കുടിയേറ്റക്കാർക്കൊപ്പം; ലാംപെഡൂസ സന്ദർശനം കുടിയേറ്റ നയത്തോടുള്ള ശക്തമായ സന്ദേശമെന്ന് വിലയിരുത്തൽ

Published on 03 July, 2026
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ മാർപാപ്പ കുടിയേറ്റക്കാർക്കൊപ്പം; ലാംപെഡൂസ സന്ദർശനം കുടിയേറ്റ നയത്തോടുള്ള ശക്തമായ സന്ദേശമെന്ന് വിലയിരുത്തൽ

വത്തിക്കാൻ സിറ്റി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന്  ലിയോ പതിനാലാമൻ മാർപാപ്പ  ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിച്ച് കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തുകയും മെഡിറ്ററേനിയൻ കടൽ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായവരെ അനുസ്മരിക്കുകയും ചെയ്യും. തുറസ്സായ വേദിയിൽ വിശുദ്ധ കുർബാനയും പോപ്പ് അർപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 

ആഫ്രിക്കയിൽ നിന്നടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലെത്താൻ മെഡിറ്ററേനിയൻ കടൽ മുറിച്ചുകടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ പ്രധാന പ്രവേശനകവാടങ്ങളിലൊന്നാണ് ലാംപെഡൂസ. അപകടകരമായ ഈ യാത്രയ്ക്കിടെ അനേകർ ജീവൻ നഷ്ടപ്പെടുത്താറുണ്ട്.

പോപ്പിന്റെ ഈ സന്ദർശനം അമേരിക്കയുടെ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ശക്തമായ രാഷ്ട്രീയ-മാനുഷിക സന്ദേശമാണെന്ന് അമേരിക്കൻ കത്തോലിക്ക സഭയിലെ മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു. അമേരിക്കൻ പൗരനായ മാർപാപ്പയ്ക്കും ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനും ഇടയിൽ കുടിയേറ്റ വിഷയത്തിൽ നിലപാടുവ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം ശ്രദ്ധേയമാകുന്നത്.

പെറുവിൽ ബിഷപ്പായിരുന്ന കാലത്ത് വെനസ്വേലയിൽ നിന്ന് പലായനം ചെയ്ത കുടിയേറ്റക്കാർക്ക് നേരിട്ടുള്ള സഹായം നൽകിയിരുന്ന അദ്ദേഹം, മാർപാപ്പയായ ശേഷവും അമേരിക്കയിലെ കുടിയേറ്റവിരുദ്ധ നടപടികളെ വിമർശിച്ചിരുന്നു. കുടിയേറ്റക്കാരോടുള്ള ചില നടപടികൾ "മാനുഷികതയ്ക്കു വിരുദ്ധം" ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ലാംപെഡൂസ സന്ദർശനത്തിനിടെ കടലിൽ മരിച്ച കുടിയേറ്റക്കാരുടെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നതോടൊപ്പം കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

മുൻ മാർപാപ്പ ഫ്രാൻസിസ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ലാംപെഡൂസ സന്ദർശിച്ച് കടൽമാർഗം യൂറോപ്പിലെത്താൻ ശ്രമിക്കുന്ന അഭയാർഥികളുടെ ദുരിതം ലോകശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അതേ പാത പിന്തുടരുന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ  ഈ സന്ദർശനവും കുടിയേറ്റ പ്രശ്നത്തോടുള്ള കത്തോലിക്ക സഭയുടെ പ്രതിബദ്ധത വീണ്ടും അടിവരയിടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട മാർപാപ്പയുടെ വിമർശനങ്ങളും ട്രംപ് ഭരണകൂടവുമായി ഉണ്ടായ അഭിപ്രായഭിന്നതകളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള നേതാക്കൾ പോപ്പിന്റെ പ്രസ്താവനകളെ വിമർശിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക