Image

അടൂർ ഗോപാലകൃഷ്ണൻ ; ശതാഭിഷേകം ഇന്ന്

Published on 03 July, 2026
 അടൂർ ഗോപാലകൃഷ്ണൻ ; ശതാഭിഷേകം ഇന്ന്

മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തിൽ അടയപ്പെടുത്തിയ ആദ്യ ചലച്ചിത്രകാരൻ: ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി... അടൂർ ഗോപാലകൃഷ്ണൻ. മലയാളസിനിമയുടെ മുഖം മാറ്റിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമായ 'ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം' കേരളത്തിലേക്ക് കൊണ്ട് വന്ന ഏക ചലച്ചിത്രകാരൻ.

അടൂരിന്റെ 'സ്വയംവരം' എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗ/ സമാന്തര സിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. 'സ്വയംവര'ത്തിന് മുമ്പു വരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യവശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച സ്വയംവരത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെ യുമാണ് സ്വീകരിച്ചത്. എന്നാൽ, ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു. മലയാളത്തിലെ ചലച്ചിത്ര ഭാവുകത്വ മാറ്റത്തിൽ നിർണ്ണായകമായ ഒരു പങ്കുവഹിച്ച ചിത്രമാണ് 'സ്വയംവരം'.

അടൂർ ഗോപാലകൃഷ്ണൻ്റെ 85-ാം ജന്മദിനം .

കഥകളിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു കുടുംബത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചത് എന്ന് പറയാം. അടൂരിൽ 1941 ജൂലൈ 3-നു ജനിച്ചു; (1939 എന്നൊരു പാഠഭേദവും ഉണ്ട്) യഥാർത്ഥ നാമം: 'മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ'.

പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം മധുരയിലെ ഗാന്ധിഗ്രാമിൽ പൊതുഭരണവും രാഷ്ട്രമീമാംസയും ധനതത്വശാസ്ത്രവും വിദ്യാർഥിയായിരുന്നു ഗോപാലകൃഷ്ണൻ.

മൂന്നു വർഷത്തെ പഠനം കഴിഞ്ഞ് തൊഴിലന്വേഷകനായി ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് ലോഡ്ജിൽ കൂടി. അക്കാലത്ത് 'ഭാരത് സേവക് സമാജ'ത്തിന്റെ പേരിൽ ഒരു കേന്ദ്രകലാസമിതി രൂപവത്‌കരിക്കാൻ ഇടവന്നു... നാടകമെഴുത്തും എഴുതിക്കലും സംവിധാനവും ഗോപാലകൃഷ്ണൻ ഏറ്റെടുത്തു; സംഘാടനച്ചുമതല കുളത്തൂർ ഭാസ്‌കരൻ നായരും വഹിച്ചു. ചില നാടകങ്ങള്‍ ഒരുക്കി; അതിലൊന്നിന്റെ രചനയും നിര്‍വ്വഹിച്ചു. കരമന ജനാർദനൻ നായർ, നായകനും രാജകുമാരി നായികയുമായിയുള്ള ഒരു നാടകം. തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളിലും ചെന്ന് ഈ നാടകം കളിച്ചു.

താമസിയാതെ, നാഷണൽ സാമ്പിൾ സർവേയിൽ ഇൻവെസ്റ്റിഗേറ്ററായി ഗോപാലകൃഷ്ണന് ജോലി ലഭിച്ചു. ഗോപാലകൃഷ്ണന് ഫീൽഡ് വർക്കാണെങ്കിലും ശാസ്തമംഗലത്ത് റീജണൽ ഓഫീസ്സിലായിരുന്നു റിപ്പോർട്ടു ചെയ്യേണ്ടത്. അതോടെ കൂടുതൽ സൗകര്യങ്ങളോടെ നാടകപ്രവർത്തനങ്ങൾ തുടരാനായി. ഒന്നൊന്നര വർഷം കഴിഞ്ഞപ്പോഴേക്കും സാമ്പിൾ സർവേയിലെ ജോലി ഗോപാലകൃഷ്ണന് ഏറെക്കുറെ മടുത്തു കഴിഞ്ഞു. സാമ്പിൾ സർവേ ക്കു വേണ്ടി ഊരുചുറ്റുമ്പോൾ ഒരു ചായക്കടയിലെ റേഡിയോയിൽ നിന്ന്, തികച്ചും യാദൃച്ഛികമായാണ് പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റി അറിയുന്നതും അവിടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതും; തുടർന്ന് ടെസ്റ്റ് എഴുതി ജയിച്ച് 1962-ൽ അവിടെ ചേരുന്നതും.

'ചലച്ചിത്രം' എന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യതകളെ അടൂർ ഇൻസ്റ്റ്യൂട്ടിലെ പഠനകാലത്ത് കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, 1965 ജൂലായ് മാസത്തിൽത്തന്നെ, മധുര ഗാന്ധിഗ്രാം സർവകലാശാലയിൽ തന്റെ സഹപാഠിയായിരുന്ന കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ 'ചിത്രലേഖാ' രൂപീകരിച്ചു. ഫിലിം സൊസൈറ്റിയുടെ ഉദ്‌ഘാടനവും 'ചിത്രലേഖാ' ഫിലിം സുവനീറിന്റെ പ്രസിദ്ധീകരണവും ഏതാണ്ട് ഒന്നിച്ചുതന്നെ നടന്നു.

അധികം താമസിയാതെ ചിത്രനിർമാണം ലക്ഷ്യം വച്ച് 'ചിത്രലേഖ'യുടെ പേരിൽത്തന്നെ 'ഫിലിം കോ-ഓപ്പറേറ്റീവ് സൊസൈറ്റി' കൂടി രജിസ്റ്റർചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ, ഈ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലനിൽപ്പിനായി സർക്കാരിന്റെയും കോർപ്പറേഷനുകളുടെയും കമ്മിഷനിങ്ങ് ഓഫറുകൾ സ്വികരിച്ച് ഡോക്യുമെൻ്ററി നിർമാണം ആരംഭിച്ചു.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു 'ചിത്രലേഖ' നിര്‍മിച്ച ഇരുപതോളം ഡോകുമെന്റെറികള്‍ ഇതിനിടയില്‍ ഗോപാലകൃഷ്‌ണന്റേതായി പുറത്തുവന്നു.

അതിനിടെ 'മരിയാനോ' എന്നൊരു നിര്‍മാതാവിനുവേണ്ടി ചിത്രലേഖയുടെ പേരില്‍, സി. എന്‍. ശ്രീകണ്‌ഠന്‍ നായരുടെ തിരക്കഥയെ ആധാരമാക്കിയുള്ള 'കാമുകി' (1967) എന്നൊരു ചിത്രം ചെയ്യാനൊരുങ്ങി. മുഖ്യധാരയുടെ ഘടകങ്ങളൊക്കെ ഒത്തിണങ്ങിയ ഒന്നായിരുന്നു അത്‌. മധുവും ഉഷാനന്ദിനിയും അടൂര്‍ഭാസിയുമായിരുന്നു താരങ്ങള്‍. നാലു പാട്ടുകൾ ഇതിനായി റെക്കോഡ് ചെയ്യപ്പെടുകയുണ്ടയി: രചന: ഏറ്റുമാനൂര്‍ സോമദാസന്‍; സംഗീതം: പി കെ ശിവദാസ്, വി കെ ശശിധരന്‍ (VKS)...

'കാമുകി' സിനിമയ്ക്ക് വേണ്ടി യേശുദാസ് പാടിയ ഒരു മനോഹരമായ ഗാനം:

https://youtu.be/L6lcourS4bY

എന്നാല്‍, 'കാമുകി'യുടെ ചിത്രീകരണം, നീണ്ടു നീണ്ടു പോയതേയുള്ളൂ; പൂർത്തിയായില്ല. (സംവിധായകന്‍ അരവിന്ദന്‍, 'കാമുകി'യുടെ നിര്‍മാണ പങ്കാളി ആയിരുന്നുവോ എന്ന് സംശയംമുണ്ട്; അങ്ങനെ ചില പരാമശങ്ങൾ വായിച്ചിട്ടുണ്ട്. എന്നാൽ വ്യക്‌തതയില്ല.) അടൂര്‍ ഗോപാലകൃഷ്‌ണന്റെ പൂർത്തിയാവാതെ പോയ ആദ്യ ഫീച്ചർ ഫിലിമാണ് ഇത്.

കുടുബാസൂത്രണ പരിപാടിയുടെ പ്രചാരണത്തിനായി 'ചിത്രലേഖാ അടൂർ ഗോപാലകൃഷ്ണൻ സംവിധായകനായി ഒരു പ്രചാരണ സിനിമ (Propaganda Film) എടുത്തിട്ടുണ്ട്: 'പ്രതിസന്ധി'. കടുത്ത മത്സരത്തിലൂടെയാണ് ഈ കരാർ നേടിയത്.1971-ൽ ആണ് ഇത് എടുത്തത്. ജയഭാരതിയെ മുഖ്യ നടിയായി ആദ്യം നിശ്ചയിച്ചെങ്കിലും കെ.പി.ഏ.സി. ലളിതയെ വച്ചാണ് ഷൂട്ടിങ്ങ് നടത്തിയത്. (16 mm-ൽ ആണ് ഞാൻ കണ്ടിട്ടുള്ളത്.) ഒരു മണിക്കൂർ ദൗർഘൃമേ ഇതിനുണ്ടായിരുന്നുള്ളു. PRD ഇതിന്റെ സൗജന്യ പ്രർശനങ്ങൾ നടത്തി...

അടൂരിന്റെ 'കാമുകി'യും 'പ്രതിസന്ധി'യും വരെ മാത്രം ഇപ്പോൾ, ഇവിടെ കുറിക്കുന്നു:

ഇനിയാണ്, സാക്ഷാൽ 'സ്വയംവരം':

അടൂരിന്റെ 'സ്വയംവരം' എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് 'സ്വയംവരം'. എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഈ സിനിമയിലൂടെ ഏറ്റവും മികച്ച സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം (അടൂർ ഗോപാലകൃഷ്ണൻ); ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം -'ഉർവശി അവാർഡ്'- (ശാരദ) എന്നിവ ആദ്യമായി മലയാളത്തിലേക്ക് കടന്നു വന്നു...

ആദ്യകാല കഥകൾ ഇത്രയും.... ശേഷം സിനിമാ ചരിത്രത്തിന്റെ മുഖ്യ ധാരയിൽ കാണുന്ന കഥകളും ധന്യമായ ജീവിതവും....

'സിനിമയുടെ ലോകം'; 'സിനിമാനുഭവം'; 'സിനിമ, സാഹിത്യം, ജീവിതം' തുടങ്ങി പല ഗ്രന്ഥങ്ങളും അടൂരിന്റേതായി ഉണ്ട്.

ഭാര്യ, സുനന്ദ അർബുദം ബാധിച്ചു മൂന്നു വർഷം മുമ്പ് മൃതിയടഞ്ഞു; ഏകമകൾ മകള്‍ അശ്വതി. ഇന്ത്യന്‍ പോലീസ് സര്‍വ്വീസ്സിൽ (IPS) ആണു്- മഹാരാഷ്ട്ര കേഡറിൽ; അശ്വതിയുടെ ഭര്‍ത്താവു് ഐ പി എസ് സഹപ്രവർത്തകനാണ്.

പദ്മരാജൻ്റെ 'പെരുവഴിയമ്പലം' എന്ന സിനിമയിലൂടെ വന്ന നടൻ അശോകൻ, അടൂരിന്റെ ഒരു കസിന്റെ പുത്രനാണ്.

ആർ. ഗോപാലകൃഷ്ണൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക