Image

ഉന്നത വിദ്യാഭ്യാസ ഹബ്; പ്രഖ്യാപനത്തിനപ്പുറം യാഥാർഥ്യം (കെ ടി മുഹമ്മദ് ഷമീം ഊരകം)

Published on 03 July, 2026
ഉന്നത വിദ്യാഭ്യാസ ഹബ്; പ്രഖ്യാപനത്തിനപ്പുറം യാഥാർഥ്യം (കെ ടി മുഹമ്മദ് ഷമീം ഊരകം)

ഉന്നത വിദ്യാഭ്യാസ ഹബ്; പ്രഖ്യാപനത്തിനപ്പുറം യാഥാർഥ്യം (കെ ടി മുഹമ്മദ് ഷമീം ഊരകം), ജർമനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് നിരവധി വിദ്യാർഥികൾ പോകുന്നത്. 'കേരള ഗേൾ സ്റ്റുഡന്റ്സ് മൈഗ്രേഷൻ സ്റ്റഡി' ഉൾപ്പെടെയുള്ള പഠന റിപ്പോർട്ടുകളും ഈ പ്രവണത ചൂണ്ടിക്കാണിക്കുന്നു. സ്വന്തം വിദ്യാർഥികളെ പിടിച്ചുനിർത്താൻ കഴിയാത്ത ഒരു സംവിധാനത്തിന് വിദേശ വിദ്യാർഥികളെ ആകർഷിക്കാനാകുമോ എന്ന ചോദ്യം സ്വാഭാവികമാണ്.

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളം ദേശീയ തലത്തിൽ മാതൃക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതേ മികവ് കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകോത്തര സർവകലാശാലകൾ വിദ്യാർഥികളെ ആകർഷിക്കുന്നത് മികച്ച അധ്യാപകർ, ഗവേഷണ സൗകര്യങ്ങൾ, ആധുനിക ലബോറട്ടറികൾ, അന്തർദേശീയ അക്കാദമിക് സഹകരണം, വ്യവസായ മേഖലയുമായുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ പല സർവകലാശാലകളിലും ഈ മേഖലകളിൽ ഇനിയും കാര്യമായ പുരോഗതി ആവശ്യമുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നാണ് ഭരണപരമായ ഇടപെടലുകളും രാഷ്ട്രീയവത്കരണവും. വൈസ് ചാൻസലർ, സിൻഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലെ നിയമനങ്ങളിൽ അക്കാദമിക് മികവ്, ഗവേഷണ സംഭാവന, ഭരണപരിചയം എന്നിവയ്ക്ക് മുൻഗണന ലഭിക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ നിലപാട്. സർവകലാശാലകൾക്ക് അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കാതെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ പ്രയാസമാണ്.

കാലഹരണപ്പെട്ട പാഠ്യപദ്ധതികളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത കോഴ്സുകളും വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങളാണ്. സാങ്കേതികവിദ്യയും വ്യവസായ രംഗവും അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ സർവകലാശാലകളിലെ പഠനരീതിയും അതിനനുസരിച്ച് നവീകരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സെമികണ്ടക്ടർ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഹരിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ലോക നിലവാരമുള്ള കോഴ്സുകൾ ആരംഭിക്കുകയും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പരിശീലന അവസരങ്ങൾ വർധിപ്പിക്കുകയും വേണം.

ഗവേഷണ മേഖലയിലും കേരളത്തിന് കൂടുതൽ നിക്ഷേപം ആവശ്യമാണ്. ഗവേഷണത്തിനുള്ള ധനസഹായം, അന്തർദേശീയ സഹകരണ പദ്ധതികൾ, സ്റ്റാർട്ടപ്പ് ഗവേഷണ കേന്ദ്രങ്ങൾ, പേറ്റന്റ് പ്രോത്സാഹനം എന്നിവ ശക്തിപ്പെടുത്തിയാൽ മാത്രമേ മികച്ച ഗവേഷകരെ സംസ്ഥാനത്ത് നിലനിർത്താൻ കഴിയൂ. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന ചെലവിടൽ ഇപ്പോഴും പരിമിതമാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണ്.

വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതിന് അക്കാദമിക് കാരണങ്ങൾ മാത്രമല്ല, തൊഴിൽ സാധ്യതയും നിർണായക ഘടകമാണ്. പഠനം പൂർത്തിയാക്കിയ ഉടൻ മികച്ച ശമ്പളമുള്ള ജോലി, പാർട്ട് ടൈം തൊഴിൽ അവസരങ്ങൾ, തൊഴിൽ മേഖലയിലെ മാന്യത, മികച്ച ജീവിത നിലവാരം എന്നിവയും വിദേശ രാജ്യങ്ങളെ ആകർഷകമാക്കുന്നു. കേരളത്തിൽ ലോകോത്തര സർവകലാശാലകൾ സ്ഥാപിച്ചാലും പഠിച്ചിറങ്ങുന്നവർക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കാത്ത സാഹചര്യമാണെങ്കിൽ വിദേശപഠന പ്രവണത കുറയില്ല.

സിംഗപ്പൂർ, അയർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവം കേരളത്തിലും മാതൃകയാക്കാം. ഈ രാജ്യങ്ങൾ ആദ്യം സർവകലാശാലകളെ ശക്തിപ്പെടുത്തി. ഗവേഷണത്തിൽ വൻ നിക്ഷേപം നടത്തി. ലോകോത്തര അധ്യാപകരെ നിയമിച്ചു. വ്യവസായ മേഖലയെയും സർവകലാശാലകളെയും ബന്ധിപ്പിച്ചു. അതിന്റെ ഫലമായി മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും പിന്നീട് വിദേശ വിദ്യാർഥികൾ സ്വാഭാവികമായി അവിടങ്ങളിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തു.

കേരളത്തിനും ഈ മാതൃക പിന്തുടരാൻ കഴിയും. അതിന് സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുക, നിയമനങ്ങളിൽ സുതാര്യത പാലിക്കുക, ഗവേഷണത്തിനും നവീകരണത്തിനും കൂടുതൽ നിക്ഷേപം നടത്തുക, അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകരെ ആകർഷിപ്പിക്കുക, വ്യവസായ വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുക, വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക തുടങ്ങിയ നടപടികൾ അനിവാര്യമാണ്.

ഉന്നത വിദ്യാഭ്യാസ ഹബ്ബാകുക എന്നത് വെറും ബജറ്റ് പ്രഖ്യാപനത്തിലൂടെ സാധ്യമാകുന്ന ലക്ഷ്യമല്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ശക്തമായ ഗവേഷണ സംസ്കാരം, അക്കാദമിക് സ്വാതന്ത്ര്യം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ സാധ്യത എന്നിവയുടെ സംയോജനത്തിലൂടെയാണ് അത് യാഥാർഥ്യമാകുക. ആദ്യം കേരളത്തിലെ വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ ലോകോത്തര വിദ്യാഭ്യാസവും മികച്ച ഭാവിയും ഉറപ്പാക്കാൻ കഴിഞ്ഞാൽ വിദേശ വിദ്യാർഥികൾ സ്വാഭാവികമായി കേരളത്തെ തിരഞ്ഞെടുക്കുന്ന ദിവസം വിദൂരമാകില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക