
മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളായ ജയറാമും ഉർവശിയും ഒന്നിച്ച സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ ജൂൺ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ റിലീസായി എത്തിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ 5’ ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ജൂലൈ 10 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ് ഒരുക്കിയ ഈ ഫാമിലി എന്റർടൈനർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനായിരുന്നു.
വലിയൊരു ഇടവേളയ്ക്ക് ശേഷം ജയറാമും ഉർവശിയും ഒന്നിച്ചെത്തിയ ചിത്രം ക്രൈം കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബം ഒളിപ്പിക്കുന്ന വലിയൊരു ക്രൈമും അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘ദൃശ്യം’ സിനിമയിലേതുപോലെ വരുൺ പ്രഭാകറിന്റെ കൊലപാതകം ഒളിപ്പിക്കുന്ന രീതിയിലുള്ള ത്രില്ലിംഗ് എലമെന്റുകൾ ഈ ചിത്രത്തിലുമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ സിനിമാ ആസ്വാദകർ കൗതുകത്തോടെ ചോദിക്കുന്നത്. എന്നാൽ ത്രില്ലിനൊപ്പം തന്നെ കോമഡിക്കും കുടുംബബന്ധങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് പാണ്ഡിരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്.