Image

എ.സി. ജോർജിന്റെ നോവൽ 'പാളങ്ങള്‍' (പുസ്തക പരിചയം - ബാജി ഓടംവേലി, ഡാലസ്)

ബാജി ഓടംവേലി, ഡാലസ് Published on 03 July, 2026
എ.സി. ജോർജിന്റെ നോവൽ  'പാളങ്ങള്‍' (പുസ്തക പരിചയം - ബാജി ഓടംവേലി, ഡാലസ്)

കഴിഞ്ഞ അന്‍പതു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന മലയാളി എഴുത്തുകാരനായ എ. സി. ജോര്‍ജ്ജിന്റെ 2025 ല്‍ പ്രസിദ്ധീകരിച്ച നോവലാണ് പാളങ്ങള്‍. കോഴിക്കോട് പുസ്തകശാലയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 130 രൂപ. 

ഈ നോവല്‍ ആരംഭിക്കുന്നത് ഒരു റെയില്‍ പാളത്തില്‍ നിന്നാണ്. അതുപ്പോലെ തന്നെ അവസാനിക്കുന്നതും പാളങ്ങളിലാണ്. അതിനാല്‍ പാളങ്ങള്‍ എന്ന ശീര്‍ഷകം നോവലിന് നന്നായി ഇണങ്ങുന്നുണ്ട്. 
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥപനമാണല്ലോ ഇന്ത്യന്‍ റെയില്‍വേ. നോവലിന്റെ പരിസരവും ഇതിവൃത്തവും കഥയുടെ വികാസവും ഇന്ത്യന്‍ റെയില്‍വേയെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.


നോവലിസ്റ്റ് മുന്‍പ് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്നതിന്റെ അനുഭവപരിചയം സംഭവങ്ങള്‍ കൂടുതല്‍ കൃത്യതയോടെ അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അവിടുത്തെ ജനങ്ങളുടെയും റെയില്‍വേയില്‍ തന്നെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആള്‍കാരുടെയും അനുദിന ജീവിത സാഹചര്യങ്ങളും ഭാഷാപ്രയോഗങ്ങളും നോവലിന് മിഴിവേകുന്നുണ്ട്. 

ഈ നോവലിന്റെ കഥാദൈര്‍ഘ്യം മൂന്നോ നാലോ കൊല്ലമായി വിലയിരുത്താം. വളരെ കുറഞ്ഞ ഒരു കാലഘട്ടത്തില്‍ നടക്കുന്ന കഥയും ജീവിക്കുന്ന കഥാപാത്രങ്ങളുമാണ് ഈ നോവലിലുള്ളത്, അതിനാല്‍ വളരെ ഏകാഗ്രതയോടെ വായനക്കാര്‍ക്ക് വായിച്ചു മുന്നേറാനാവും. ആകാംക്ഷാഭരിതമായ കഥാതന്തുവാണ് ലളിതമായ അവിഷ്‌കാര ശൈലിയില്‍ രചിച്ച ഈ നോവലിന്റെ പ്രമേയം.

ബാംഗ്‌ളൂര്‍ സിറ്റിക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ രാമചന്ദ്രന്‍, അദ്ദേഹത്തിന്റെ ഡ്യൂട്ടിക്കിടെ റേയില്‍വേ പാളത്തില്‍ തലവെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിലാസിനി എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. 

കര്‍ണ്ണാടകയിലായിരുന്നിട്ടും അവിടെ ആത്മഹത്യാശ്രമം നടത്തിയ സുന്ദരിയായ യുവതി മലയാളി ആണെന്നറിയുന്നത് രാമചന്ദ്രനേപ്പോലെ വായനക്കാര്‍ക്കും വിലാസിനിയെ കൂടുതല്‍ അറിയാന്‍ താത്പര്യം ഉണര്‍ത്തും. ആത്മഹത്യയില്‍ വിജയിച്ചാല്‍ പിന്നെ ഒന്നും ചെയ്യാനായില്ലെങ്കിലും ആത്മഹത്യ പരായജപ്പെട്ടാല്‍ അത് കുറ്റകരവും ശിഷാര്‍ഹവുമാണ്.

വിലാസിനിയുടെ രക്ഷകന്റെ റോളിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ രാമചന്ദ്രന്‍ ആദ്യം പ്രത്യക്ഷപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ശരിയായിരുന്നില്ല. വിലാസിനി എന്ന മൂവാറ്റുപുഴക്കാരിയുടെ അതുവരെയുള്ള കരളലിയിക്കുന്ന ജീവിത കഥകള്‍ കേട്ടപ്പോള്‍ രാമചന്ദ്രന്റെ മനസ്സും അലിഞ്ഞു. അങ്ങനെ വിലാസിനിയെയും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞിനേയും ആത്മാര്‍ത്ഥമായി രക്ഷിക്കുന്നു. 

വിലസിനിയേയും അവളുടെ അമ്മയേയും ബാംഗ്‌ളൂരിലേക്ക് കൊണ്ടുവന്ന പ്രഭാകരന്‍ കഥയില്‍ നിറഞ്ഞാടുന്നുണ്ട്. കൂട്ടുകാരന്‍ ഭാസ്‌കരനെ കൊന്ന  കേസില്‍പ്പെട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ജയിലാകുന്നതോടെ കഥയുടെ ഗതിയും അവരുടെ ജീവിതവും മാറി മറിയുന്നു. ഇടയ്ക്ക് അവളെ സഹായിക്കുന്ന ഡോക്ടര്‍ വില്‍സനും വായനക്കാരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. 

താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് രാമചന്ദ്രനെ കോടതി വേറുതേ വിടുന്നുണ്ടെങ്കിലും അപ്പോഴേക്കും അയാള്‍ക്ക് ജോലിയും കുടുംബവും സല്‍പ്പേരും എല്ലാം നഷ്ടപ്പെട്ടിരുന്നു. രാമചന്ദ്രനും ജീവിതം മടുത്ത് മരിച്ചേക്കാം എന്നു വിചാരിച്ച് റെയില്‍വേ പാളത്തില്‍ എത്തുമ്പോള്‍ തന്നെ മാത്രം ധ്യാനിച്ചു കഴിയുന്ന വിലാസിനിയെ വീണ്ടും കാണുന്നു. 

തെറ്റുധാരണയില്‍ മനം നൊന്ത് ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ വീണ്ടും ശ്രമിക്കുന്ന വിലാസിനിയെ ഒരിക്കല്‍ കൂടി രക്ഷിക്കുകയും താന്‍ സ്വയം മരണത്തില്‍ നിന്നും രക്ഷപെടുകയും ചെയ്യുന്നതായി പറഞ്ഞാണ് സംഭവ ബഹുലമായ നോവല്‍ അവസാനിക്കുന്നത്. റെയില്‍വേ പാളത്തില്‍ തുടങ്ങിയ ജീവിതം റെയില്‍വേ പാളത്തില്‍ അവസാനിക്കുകയല്ല തുടരുകയാണ്  ചെയ്യുന്നത്. 

ഒരു ഗവണ്മെന്റ് ഊദ്യോഗസ്ഥന് വ്യക്തിപരമായ കാര്യങ്ങള്‍ എത്രമുഖ്യവും ജീവല്‍പ്രധാനവും ആയിരുന്നാലും ആവശ്യമാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം പൊതു താല്പര്യത്തിനുവേണ്ടി അത് ബലിയര്‍പ്പിക്കേണ്ടി വരും എന്ന പൊതുപരാധിയും സാമൂഹ്യവിമര്‍ശനങ്ങളും ജീവിതഗന്ധിയായ നോവലില്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്.   

എ. സി. ജോര്‍ജ്ജ് , യു.എസ്.എ.

എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരില്‍ ആടുകുഴിയില്‍ വര്‍ക്കി ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെനും മകനായി ജനനം. ഇന്ത്യന്‍ റേയില്‍വേ ജീവനക്കാരനായിരുന്ന എഴുത്തുകാരന്‍ 1975 ല്‍ അമേരിക്കയിലേക്ക് കുടിയേറി. മുപ്പത്തിയാറ് വര്‍ഷം ന്യൂയോര്‍ക്കില്‍ ജോലി ചെയ്തു. റിട്ടയര്‍മെന്റിനു ശേഷം പതിനഞ്ച് വര്‍ഷമായി ഹ്യൂസ്റ്റണില്‍ താമസിക്കുന്നു.

അമേരിക്കയിലെ കേരള ഡിബേറ്റ് ഫോറം, കേരള ലീറ്റററി ഫോറം, കേരള നര്‍മ്മവേദി തൂടങ്ങിയ പ്രസ്ഥാനങ്ങളിലെ വെര്‍ച്വല്‍ മീറ്റിംഗുകളുടെ തുടക്കക്കാന്‍. ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലും കേരള റൈറ്റേഴ്‌സ് ഫോറത്തിലും സജീവ സാന്നിധ്യമാണ് എഴുത്തുകാരന്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എംപയര്‍ കോളേജില്‍ മലയാളത്തില്‍ ബിരുധം ഉള്ളവരെ ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നല്‍കുന്ന മുഖ്യഉപദേശകനാണ്.  

പാളങ്ങള്‍ (നോവല്‍), മിന്നല്‍ പ്രണയം (കഥാപ്രസംഗം, നാടകം) എന്നിവ കോഴിക്കോട് സ്‌പെല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഹൃദയ കവാടം തുറക്കുമ്പോള്‍ (കവിത) ഒരു അമേരിക്കന്‍ മലയാളിയുടെ ജീവിത നിരീക്ഷണങ്ങള്‍ (ലേഖനം) എന്നിവ തൃശ്ശൂര്‍ മംഗളോദയം ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മോളി ജോര്‍ജ്ജാണ് ഭാര്യ. ജെയിംസ്, ജയ്‌സന്‍, ജസ്റ്റിന്‍ എന്നിവര്‍ മക്കളും.  
Email: ageorge@aol.com

Join WhatsApp News
രസികൻ വലിയിടം 2026-07-03 15:00:46
പ്രിയ ഓടംവേലി - അമേരിക്കൻ മലയാള സാഹിത്യനിരൂപണത്തിനു ഒരു പുതിയ തൂലികയായി നിങ്ങൾ വിജയിക്കട്ടെ.. പുറം ചൊറിയൽ കണ്ടു ഇവിടെ ജനം മടുത്തു അവർ വാളും ചുറ്റികയുമായി ഇ മലയാളിയുടെ പേജിൽ നിറഞ്ഞാടി. നിങ്ങൾ അവർക്ക് ഒരു പ്രതീക്ഷയാകുമെന്നു കരുതുന്നു. മാനിക്യൂർ ചെയ്തു വൃത്തിയായി ആരുടെയും പുറം ചൊറിഞ്ഞു വൃണമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. . പലരുടെയും പുറം വൃണമാണ് ഇപ്പോൾ. നിങ്ങൾ ഒരു സാന്ത്വന ലേപനം ആയി വരിക. "ചന്ദനലേപ സുഗന്ധം തൂകിയതാരോ...എന്ന് പാടി മലയാളികൾ ചുറ്റും നോക്കട്ടെ. കഴിവുകൾ കാണിച്ച് അസൂയക്കാരെ ഉണ്ടാക്കാതെ ഒരു പൂച്ചയെപ്പോലെ മുന്നോട്ട് നീങ്ങുക.
അരസികൻ ചെറിയിടം 2026-07-03 17:11:13
ഒരു പുസ്‌തകം വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുന്നത് പുസ്തക പരിചയം. ഒരു പുസ്‌തകം വായിച്ചും ആസ്വദിച്ചും അതിനെ ആസ്വാദക തലത്തിലേക്കുയർത്തി പരിചയപ്പെടുത്തുന്നത് പുസ്തകാസ്വാദനം. ഒരു പുസ്തകത്തിന്റെ ഗുണങ്ങളും ദോഷങ്ങളും സാഹിത്യ മേന്മയും നിലവാരവും ഒക്കെ വിശദമായി പഠന വിധേയമാക്കുന്നത് നിരൂപണം. ഇവിടെ, ഒരു അമേരിക്കൻ മലയാളി, മറ്റൊരു അമേരിക്കൻ മലയാളിയുടെ ഒരു നോവൽ പരിചയപ്പെടുത്തുന്നു. അത്രയേ ഉള്ളു, അതു മാത്രമേ ഉള്ളു.
മാത്തച്ചൻ മല്ലപ്പള്ളി 2026-07-03 17:39:07
എ.സി. ജോർജ് എഴുതിയ പാളങ്ങൾ എന്ന നോവലിനെ പറ്റി ഉള്ള പുസ്തക പരിചയം ബജി ഓടംവേലി വളരെ ഭംഗിയായി, അതായത്, നല്ല രുചിയുള്ള ബജി കഴിക്കുന്ന ലാഘവത്തോടെ സുഖമായി കഴിച്ചു പോകാം. ആ നോവലിലേ കഥ സാരം ബജി സാർ വളരെ സന്മയത്തോടെ ചിത്രീകരിച്ചിരിക്കുന്ന. ഞാൻ ആ പുസ്തകം ആമസോണിൽ നിന്ന് ഡൗൺലോഡ് ചെയ്ത് വായിച്ചതിന്റെ വെളിച്ചത്തിൽ ആണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. പിന്നെ മുകളിൽ റസികൻ വലിയിടം എഴുതിയ പോയിൻറ് എല്ലാവരും ശ്രദ്ധിക്കുക. നാട്ടിലെ സാഹിത്യകാരന്മാർ മാത്രമല്ല അമേരിക്കയിലും നല്ല നല്ല എഴുത്തുകാർ ഉണ്ടെന്ന് നമ്മൾ എല്ലാവരും മനസ്സിലാക്കണം. അവരെ ഇവിടെ പ്രോത്സാഹിപ്പിക്കാനും, അവർക്ക് അവസരങ്ങൾ കൊടുക്കാനും, അമേരിക്കയിലുള്ള സാഹിത്യകാരന്മാർ എങ്കിലും ശ്രമിക്കണം. ഇവിടെ ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ പേരു വെച്ചോ, പേര് വയ്ക്കാതെയോ എഴുതട്ടെ. പേര് വയ്ക്കാതെ എഴുതുന്നവരെ ഭീരുക്കൾ എന്നും, ഒളിഞ്ഞുനോട്ടക്കാർ എന്നും, പട്ടികൾ എന്നും, വിളിക്കുന്നത് ശരിയല്ല. പേര് വയ്ക്കാതെ എഴുതുന്നവർ ഒരുപക്ഷേ പബ്ലിസിറ്റി ആഗ്രഹിക്കാത്തവർ ആയിരിക്കാം. പിന്നെ പേര് വെച്ച് എഴുതിയാൽ, ആ പേര് വെച്ച് എഴുതിയ ആളുടെ അഭിപ്രായം, അല്ലെങ്കിൽ അയാളുടെ കാഴ്ചപ്പാട് അത് വായിക്കുന്നവന് ഇഷ്ടപ്പെടാതെ വന്നാൽ, അവനെ വിളിച്ച് തെറി പറയും, അല്ലെങ്കിൽ വഴിയിൽ വച്ച് അവനെ കയ്യേറ്റം ചെയ്യും. അതൊക്കെ ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഒരുപക്ഷേ പലരും പേര് വെക്കാതെ, അവരെ X or Y എന്നൊക്കെയുള്ള അപരനാമം വെച്ച് എഴുതുന്നത്. അവരങ്ങനെ എഴുതട്ടെ. എന്തിന് പേര് വയ്ക്കാതെ എഴുതുന്നവനെ പേടിക്കണം?. എന്തിന് അവനെ കുറ്റപ്പെടുത്തണം?. മറഞ്ഞിരുന്നാണെങ്കിലും ബഹുജനങ്ങളെയും, വായനക്കാരെയും സത്യങ്ങളോ, അല്ലെങ്കിൽ അയാളുടെ അഭിപ്രായങ്ങളോ രേഖപ്പെടുത്താൻ വേണ്ടിയാണ് അയാൾ മറഞ്ഞിരുന്ന എഴുതുന്നത്. ഈ പൊതു അഭിപ്രായം ഞാൻ ഇതിൻറെ അടിയിൽ എഴുതി എന്ന് മാത്രം. ഈ അഭിപ്രായം ഇതിനുമാത്രം ബാധകമല്ല. മറ്റ് എല്ലാറ്റിനും ബാധകമാണ്. ഞാൻ പേരു വയ്ക്കാതെ എഴുതുന്നവരെയും 100% സപ്പോർട്ട് ചെയ്യുന്നു. ഞാൻ അവരെ തെറി വിളിക്കുന്നില്ല. അത് മാതിരി തന്നെ കൃതികൾ അവലോകനം ചെയ്യുമ്പോൾ പോസിറ്റീവും നെഗറ്റീവും ചൂണ്ടിക്കാണിക്കുക.
രസികൻ വലിയിടം 2026-07-03 20:24:36
മാത്തച്ചൻ മുതലാളി - ഒരു ചെറിയ സംശയം കള്ളപ്പേരിൽ തെറ്റായ വിവരങ്ങൾ എഴുതി വിടുന്നത് താങ്കൾ പ്രോത്സാഹിപ്പിക്കുന്നോ? അതേപോലെ കള്ളപ്പേരിൽ വ്യക്തികളെ അധിക്ഷേപിക്കുന്നതിനോട് താങ്കൾ യോജിക്കുന്നോ? സാഹിത്യത്തിൽ വേറെ പേരിൽ മറഞ്ഞിരുന്നു എഴുതിയ പ്രതിഭാശാലികൾ ഉണ്ട്. നിരൂപകന്മാരുണ്ട്. പക്ഷെ ഇ മലയാളിയിൽ കാണുന്നത് ആരോടെങ്കിലും വ്യക്തിവൈരാഗ്യം തീർക്കാൻ ഓരോ പേരിൽ ഒളിച്ചിരുന്നു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന കൂലിത്തല്ലുകാരെയാണ്. അത് ശരിയാണോ മുതലാളി. ശ്രീ ബാജി ഓടംവേലി വായനക്കാരുടെ പ്രതീക്ഷ പൂരിപ്പിക്കുമെന്നു പ്രത്യാശിക്കാം. അങ്ങനെ സാഹിത്യം വളർന്നു പന്തലിക്കട്ടെ. അമേരിക്കയിലെ എല്ലാ എഴുത്തുകാർക്കും ആശംസകൾ. നിങ്ങളുടെ രചനകളെ പുറം ലോകത്തിനു പരിചയപ്പെടുത്താൻ ഒരു നിരൂപകൻ എത്തി. അദ്ദേഹത്തിന് എല്ലാവിധ നന്മകളും നേരുന്നു. എന്റെ പേരിനെ (സമ്മതിക്കുന്നു നേരായ പേരല്ല എന്നാൽ last നെയിം നേരാണ്.) വികൃതമാക്കി എഴുതിയ ആൾ വിവരിക്കുന്ന അറിവ് എല്ലാവരും ശ്രദ്ധിക്കുമല്ലോ.ഇവിടത്തെ ലാന ഫൊക്കാന തുടങ്ങിയ സംഘടനകൾ ഇനിയെങ്കിലും സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കണം. ശ്രീ ഓടംവേലിയാകട്ടെ ആദ്യത്തെ പുരസ്‌കാര ജേതാവ്.
മാത്തച്ചൻ മല്ലപ്പള്ളി 2026-07-03 21:53:23
പ്രിയപ്പെട്ട, രസികൻ വലിയേടം,. താങ്കൾ ഒരു വലിയ ഇടത്തുനിന്നാണ് എഴുതുന്നത് എന്ന് അറിയുന്നതിൽ സന്തോഷം. ഞാൻ മാത്തച്ചൻ മല്ലപ്പള്ളി ആണ് കേട്ടോ. മുതലാളി അല്ല കേട്ടോ?. ഒരു കൂലി തൊഴിലാളിയാണ്. ഗ്യാസ് പമ്പിൽ ഒഴിച്ചു കൊടുക്കുന്ന തൊഴിലാളി. വ്യക്തിഹത്യയും, വൈരാഗ്യവും തുടങ്ങിയവ തെളിഞ്ഞിരുന്നു, ഒളിഞ്ഞിരുന്ന പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്ല. ഒളിഞ്ഞിരുന്ന് ആണെങ്കിലും, തെളിഞ്ഞിരുന്നാണെങ്കിൽ, കുത്തിയിരുന്ന് ആണെങ്കിലും സത്യസന്ധമായി എഴുതുക അതിനുമാത്രം പ്രോത്സാഹനം. വലിയിടത്ത് Rasikan കൊള്ളാമല്ലോ? പിന്നെ ഇഷ്ടപ്പെടാത്തവർക്ക് അതേ നാണയത്തിനും തിരിച്ചടിക്കാമല്ലോ. അതിനും കഴിവില്ലാത്തവൻ തൽക്കാലം എവിടെയെങ്കിലും പോയി കുത്തിയിരിക്കുക. വല്ലതും എഴുതി പഠിക്കാൻ നോക്ക്. ഭാര്യയോട് ചേർന്ന് ചപ്പാത്തി ഉരുട്ടാൻ പഠി. അല്ലാതെ ചുമ്മാ തിന്നാൻ മാത്രം വന്ന കുത്തിയിരിക്കരുത്. എനിക്കൊരു കസ്റ്റമർ വന്നു, അയാൾക്ക് കുറച്ച് ഗ്യാസ് അടിച്ചു കൊടുക്കട്ടെ?. എൻറെ തൊഴിൽ എൻറെ വയറ്റിപ്പിഴപ്പ്. രസികൻ മുതലാളി എനിക്കൊരു നല്ല ജോലി ഒപ്പിച്ചു തരാൻ പറ്റുമോ?
നാരദൻ മേലേപ്പുറം 2026-07-03 23:29:47
ചർച്ചകൾ പാളം തെറ്റുന്നു. തിരികെ വിഷയത്തിലേക്കു വരൂ. വെറുമൊരു പുസ്‌തപരിചയത്തെ നിരൂപണം എന്ന് വിളിച്ചത് ശരിയോ ?
മാത്തച്ചൻ മല്ലപ്പള്ളി 2026-07-04 01:00:48
ഹലോ മേലെപ്പുറം നാരദ, ഈ നോവലിൻറെ പേര് തന്നെ "പാളങ്ങൾ" എന്നാണ്. അതിനാൽ പാളം തെറ്റാതെ തന്നെ ചർച്ച ചെയ്യൂ. നിങ്ങളൊക്കെ മേലേപ്പുറം, അല്ലെങ്കിൽ വലിയേടത്ത് ഒക്കെ ജീവിക്കുന്നവരാണ്. ഞാൻ അമേരിക്കയിൽ വന്നിട്ടും അധികകാലം ആയില്ല. ഞാൻ നാട്ടിൽ പ്രൈമറി ക്ലാസുകളിൽ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയോട് കൂടി (രമേശ് ചെന്നിത്തല) പഠിച്ചതാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ഹരിപ്പാട് ബസ്റ്റാൻഡിലെ കക്കൂസ് ക്ലീനർ ആയി നാട്ടിൽ കുറേക്കാലം വർക്ക് ചെയ്തു. പിന്നെ അവിടെ നിന്നും കൈക്കൂലിയായി ഒന്നിനു വരുന്നവരിൽ നിന്ന് ഒരു രൂപ, രണ്ടിന് വരുന്നവർക്ക് രണ്ടു രൂപയും ഒരു ഒരു കീഴ്വഴക്കമായി തന്നിരുന്നു. പിന്നെ നീലാമ്മ എന്ന നഴ്സിനെ കെട്ടി അമേരിക്കയിലെത്തി. മിക്കവാറും അവളുടെ ഔദാര്യത്തിലാണ് ജീവിതം. ഗ്യാസ് സ്റ്റേഷനിൽ ഗ്യാസ് ഒഴിച്ച് കൊടുക്കുന്ന ഒരു കൊച്ചു ജോലിയും ഉണ്ട്. നിങ്ങൾ മേലെപ്പുറംകാർ, വലിയേടത്തു ആൾക്കാർ നല്ല ജോലി തന്നു സഹായിക്കുമോ?. പിന്നെ ഈ വായനയും, പ്രതികരണത്തിന് എഴുത്തും ഒരു ഹോബിയാണ്. ഭാര്യ കണ്ടാൽ എന്നെ ചീത്ത പറയും. എൻറെ ഗതി ഇതായി പോയി. . ശരി ഇനി പാളത്തിലേക്ക് തന്നെ നമുക്ക് ചർച്ചയ്ക്ക് പോകാം. ചർച്ച തുടരട്ടെ.
മേലേപ്പറമ്പിൽ മത്തായി 2026-07-04 01:51:05
മാത്തച്ചൻ, താങ്കൾ ഇവിടെ തന്നെ കൂടിക്കോ. കമെന്റ് തൊഴിലാളികൾക്ക് നല്ല അവസരം ഉള്ള ഇടമാണിത്. പാളം തെറ്റി കമെന്റുകൾ കുറിക്കുന്നവരുടെ കൂടാരത്തിലേക്കു സ്വാഗതം!
സത്യാന്വേഷി 2026-07-04 15:02:49
ശ്രീ ഓടംവേലി ഇനി നിങ്ങളുടെ നാളുകൾ!!ജോർജച്ചായന്റെ പുസ്തകങ്ങൾ തന്നെ ഉണ്ട് ഒരു പാട് അതിൽ നിന്നും തുടങ്ങുക. ഇതിൽ എഴുതുന്ന എല്ലാവരും നിങ്ങൾക്ക് സപ്പോർട്ട് ആണ്. അവസരം ഉപയോഗിക്കുക. അമേരിക്കൻ മലയാള സാഹിത്യത്തിലെ വെള്ളിനക്ഷത്രമാകുക. പ്രിൻസ് തോപ്രാംകുടിയെ പോലുള്ള പണ്ഡിതരുടെ സ്നേഹഭാജനമാകുക. കുറെ എഴുതിയത് കൊണ്ട് കാര്യമില്ല. അങ്ങനെയുള്ളവരെ ജനം കണ്ടം വഴി ഓടിച്ചത് നമ്മൾ ഇപ്പോൾ കണ്ടു. ജനങ്ങൾ അംഗീകരിക്കണം . ആരാധിക്കണം നിങ്ങൾക്ക് അതുണ്ട് സാറേ...അതുകൊണ്ട് വൈകിക്കണ്ട.. മേല്പത്തൂരിനെ എഴുത്തച്ഛൻ ഉപദേശിച്ച്പോലെ... സാറേ അമേരിക്കൻ മലയാള സാഹിത്യത്തിൻറെ തുടക്കം മുതൽ തുടങ്ങു.. മൽസ്യം തൊട്ടു കൂട്ടണം.... വിജയി ഭവ...
പേരുവെക്കാൻ താല്പര്യം ഇല്ലാത്ത വ്യക്തി 2026-07-04 19:12:49
മേലെ ഉള്ള വിഷയത്തെപ്പറ്റി അല്ല കേട്ടോ ഇവിടെ എഴുതാൻ പോകും പോകുന്നത്. അല്പം പൊതു വിഷയമാണ്. എവിടെയെങ്കിലും ഒരു വിഷയം എഴുതണ്ടേ എന്ന് കരുതി ഇവിടെ എഴുതി എന്ന് മാത്രം കരുതിയാൽ മതി. പേര് വെച്ച് എഴുതാത്തവരെ ദയവായി ചീത്ത വിളിക്കരുത്. അത് ഇവിടെ പലരും വിവരിച്ചതാണ്. എൻറെ ശരി പേര് വെച്ച് എഴുതി ഞാൻ ധാരാളം തെറിവിളിയും, അതുപോലെ എന്നെ അടിക്കാൻ പോലും ഒരുത്തൻ വന്നതാണ്. അതിനാൽ അതൊക്കെ ഒഴിവാക്കാൻ വേണ്ടി ഞാൻ പേര് വയ്ക്കാതെ മാത്രമേ എഴുതൂ. എന്നാൽ മറ്റുള്ളവരെ, അല്ലെങ്കിൽ കൃതികളെ ഒട്ടും വിമർശിക്കാതെ, എല്ലാം നല്ലത് എന്ന്, പൊക്കി പൊക്കി ചൊറിഞ്ഞ് എഴുതിയാൽ നമുക്ക് തെറി കേൾക്കേണ്ടതില്ല, അതായത് സത്യത്തിന് എതിരെ എഴുതിയാൽ, നമുക്ക് തിരിച്ചും അതിൻറെ ഗുണഭോക്താക്കളിൽ നിന്ന് കുറച്ചു പണം പോലും കിട്ടി എന്നിരിക്കും. പേര് വെച്ച് എഴുതി, കുടുക്കിൽ ആയി, തൊഴികിട്ടുകയും ചിലരുടെ കഥ എനിക്കറിയാം. ഇവിടെ സ്ഥിരം കുത്തിയിരുന്ന് പേരുവച്ച് എഴുതിക്കൊണ്ടിരുന്ന രജിസ് നെടുങ്ങാട് പുള്ളി ആരാണ്ട് തെറി പറഞ്ഞ് തൊഴിച്ചതിന്റെ ഫലമായി അദ്ദേഹം പരിക്കുപറ്റി കുറെ കാലമായി ഇതിൽ എഴുതുന്നില്ല എന്ന കാര്യം ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ. അദ്ദേഹം മുഖ്യമായി ആഞ്ഞടിച്ചിരുന്നത് അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കും ചൂഷണം ചെയ്തിരുന്ന മത പുരോഹിതർക്കും എതിരായിരുന്നു. അവരിൽ ചിലർ ചേർന്ന് നേരിട്ടും, ചില അവസരത്തിൽ ഒളിഞ്ഞിരുന്നു കൂടി ഉപദ്രവിച്ചു എന്നാണ് അറിവ്. അതിനാൽ ദയവായി പേര് വയ്ക്കാതെയും ജനങ്ങൾ എഴുതട്ടെ. നിങ്ങളുടെ തലയിൽ കോഴി കട്ട പപ്പില്ലെങ്കിൽ പിന്നെ നിങ്ങളെന്തിനാ അതിനെ ഭയപ്പെടണം. അങ്ങനെ എഴുതുന്നവരെ ദയവായി പട്ടി എന്നോ, മറ്റും വിളിച്ച്, എല്ലാവരെയും പ്രത്യേകിച്ച് പട്ടികളെപ്പോലും അപമാനപ്പെടുത്തരുത്. മേലെ കാണുന്ന, ഓട്ടം വേലികളോ, ഉടൻ കൊല്ലികളോ ആരു വേണമെങ്കിലും എഴുതട്ടെ. പ്രത്യേകിച്ച് അമേരിക്ക എന്ന ഈ സ്വതന്ത്ര രാജ്യത്ത് അതിന് സ്വാതന്ത്ര്യം ഇല്ലേ?. നമ്മുടെ രാജ്യത്തിനും സ്വാതന്ത്ര്യദിന ആശംസകൾ. ഈ മലയാളിക്ക് ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക