Image

ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍; ബോബി ചെമ്മണൂരിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

Published on 03 July, 2026
ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍; ബോബി ചെമ്മണൂരിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: വ്യവസായി ബോബി ചെമ്മണൂരിനെതിരേ നടി നൽകിയ ലൈംഗികാതിക്ഷേപ കേസിൽ തുടർനടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് സംബന്ധിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. താനും ബോബി ചെമ്മണൂരുമായുള്ള പ്രശ്നം ഒത്തുതീർപ്പായെന്ന് നടി കോടതിയെ അറിയിച്ചതോടെയാണ് നടപടി.

കഴിഞ്ഞ ദിവസം ബോബി ചെമ്മണൂർ ഹണി റോസിനോട് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ നടിക്കും കുടുംബത്തിനും വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടുവെന്നും അതു കൊണ്ടു തന്നെ ആ സാഹചര്യത്തിനെ പൂർണ‌ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുന്നുവെന്നുവെന്നും ബെബി ചെമ്മണൂർ പറഞ്ഞിരുന്നു. തനിക്കെതിരേയുള്ള നിയമനടപടികൾ പിൻവലിക്കണമെന്നും ബോബി ചെമ്മണൂർ അഭ്യർഥിച്ചിരുന്നു. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി പിന്നാലെ അഭിപ്രായപ്പെട്ടരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നതായും ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും നടി പറഞ്ഞിരുന്നു.

ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ബോബി ചെമ്മണൂര്‍ ദ്വയാര്‍ഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് നടി രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു നടിയുടെ കുറിപ്പ്. പിന്നാലെ, നടി ബോബിക്കെതിരെ  പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വയനാട്ടില്‍വെച്ച് അറസ്റ്റിലായ അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക