Image

പിസിനാക് കോണ്‍ഫെറെന്‍സിന് ഉജ്വല തുടക്കം. ആദ്യ സമ്മേളനത്തില്‍ തന്നെ വലിയ ജനക്കൂട്ടം

കുര്യന്‍ ഫിലിപ്പ് (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 03 July, 2026
പിസിനാക് കോണ്‍ഫെറെന്‍സിന് ഉജ്വല തുടക്കം. ആദ്യ സമ്മേളനത്തില്‍ തന്നെ വലിയ ജനക്കൂട്ടം

ചിക്കാഗോ: നാല്‍പതാമത് പിസിനാക് കോണ്‍ഫറന്‍സിന് ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കം. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ വിശ്വാസവും നാം പിന്തുടരുന്ന ഉപദേശവും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാന്‍ നാം ഏറെ ശ്രദ്ധയുള്ളവരാകണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ ഉല്‍ബോധിപ്പിച്ചു. 

ഡോ ടൈറ്റസ് ഈപ്പന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നാഷണല്‍ ട്രഷറര്‍ പ്രസാദ് ജോര്‍ജ് സ്വാഗതം പറഞ്ഞു. പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ് സങ്കീര്‍ത്തന ധ്യാനം നടത്തി. പാസ്റ്റര്‍മാരായ ജോണ്‍ തോമസ്, ടി എസ് കപ്പമാമൂട്ടില്‍, യോഹന്നാന്‍ ജോര്‍ജ്, പാസ്റ്റര്‍ സ്റ്റാന്‍ലി ജോസഫ് എന്നിവര്‍ പ്രാര്‍ത്ഥന നടത്തി. ലോഡ്‌സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പ് നടന്നു. ഡോക്ടര്‍ ടിങ്കു തോംസണും പ്രസംഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ സഭകളില്‍ ഒന്നായ ഹൈദരാബാദിലെ കാല്‍വറി ടെമ്പിള്‍ സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ ഡോ സതീഷ് കുമാറിനെ പാസ്റ്റര്‍ ഷാജി കെ ഡാനിയല്‍ സദസിന് പരിചയപ്പെടുത്തി. ഈ രാജ്യത്ത് നാം എത്തിച്ചേര്‍ന്നിരിക്കുന്നത് കേവലം ധനസമ്പാദനത്തിനു വേണ്ടി മാത്രമല്ല ദൈവം ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വിശ്വസ്തതയോടെ ചെയ്യുവാന്‍ ആണെന്ന് ഡോക്ടര്‍ സതീഷ് കുമാര്‍ പ്രസ്താവിച്ചു. പാസ്റ്റര്‍ ലേവി ചെറിയാന്‍ പരിഭാഷ നിര്‍വഹിച്ചു.തലമുറയില്‍ നിന്ന് തലമുറയിലേക്ക് എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഷേര്‍ലി ചിക്കാഗോ എഴുതിയ തീം സോങ് സമ്മേളനത്തില്‍ അവതരിപ്പിച്ചു.


പ്രഥമരാത്രിയില്‍ തന്നെ വലിയ ജനക്കൂട്ടം സമ്മേളനത്തില്‍ പങ്കെടുത്തു. ഇംഗ്ലീഷ് വിഭാഗത്തിലും മലയാളം വിഭാഗത്തിലുമായി  അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമായി അനേകര്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. യുവജനങ്ങള്‍ മുഖ്യമായും പങ്കെടുക്കുന്ന ഇംഗ്ലീഷ് സെഷനില്‍ ഡോക്ടര്‍ ജോണ്‍ ബിവിയര്‍ മുഖ്യപ്രസംഗികനായിരുന്നു. യുവജനങ്ങളുടെ വലിയ പങ്കാളിത്തം ഇംഗ്ലീഷ് സെഷനില്‍ ദൃശ്യമാണ്.

ദിവസവും രാവിലെ എട്ടര മണിക്ക് സമ്മേളന പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് പതിനൊന്നരയോടെ നടക്കുന്ന കാത്തിരിപ്പ് യോഗത്തോടെയാണ് ഓരോ ദിവസത്തെയും പരിപാടികള്‍ അവസാനിക്കുന്നത്.

കുര്യന്‍ ഫിലിപ്പ്
നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക