Image

മനുഷ്യസ്നേഹത്തിന്റെ ചുവടുകൾ: ന്യൂയോർക്കിൽ ശ്രദ്ധേയമായി ലൈഫ് ആൻഡ് ലിംബ് അവബോധ സായാഹ്നം

ഫോട്ടോ: അജി കളീക്കൽ Published on 03 July, 2026
മനുഷ്യസ്നേഹത്തിന്റെ ചുവടുകൾ: ന്യൂയോർക്കിൽ ശ്രദ്ധേയമായി ലൈഫ് ആൻഡ് ലിംബ് അവബോധ സായാഹ്നം

ന്യൂയോർക്ക്:  കൃത്രിമക്കാൽ എന്നത് നഷ്ടപ്പെട്ട അവയവത്തിന് പകരം വയ്ക്കുന്ന സാങ്കേതിക ഉപകരണം മാത്രമല്ല; അത് ഒരാളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും തൊഴിലെടുക്കാനുള്ള കഴിവും കുടുംബത്തിന്റെ പ്രതീക്ഷയും ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ വീണ്ടും  പ്രേരിപ്പിക്കുന്നതുമായ പുതിയ തുടക്കമാണെന്ന ശക്തമായ സന്ദേശമാണ് ന്യൂയോർക്കിൽ സംഘടിപ്പിച്ച 'ലൈഫ്  & ലിംബ്  അവെയർനസ് ഡിന്നർ നൈറ്റ്'  ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയത്. പ്രവാസി ഇന്ത്യക്കാരും അമേരിക്കൻ സമൂഹത്തിലെ പ്രമുഖരും ഡോക്ടർമാരും ആരോഗ്യവിദഗ്ധരും സാമൂഹിക പ്രവർത്തകരും മത-സാമൂഹിക നേതാക്കളും മാധ്യമപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും പങ്കെടുത്ത പരിപാടി വെറും ഫണ്ട് ശേഖരണ വേദിയല്ലാതെ, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും അപൂർവ സംഗമമായി മാറി. "ഇന്ന് നിങ്ങൾ ഇവിടെ എത്തിയത് ഒരാളുടെ ജീവിതം മാറ്റിമറിക്കുന്ന ദൗത്യത്തിന്റെ ഭാഗമാകാനാണ്" എന്ന സ്വാഗത സന്ദേശം പരിപാടിയുടെ ആത്മാവായി മാറി.


അമേരിക്കയിലും ഇന്ത്യയിലും രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സംഘടനയായ ലൈഫ് ആൻഡ് ലിംബിന്റെ തുടക്കം 2011-ൽ സ്ഥാപകൻ ജോൺസൺ  സാമുവൽ അംഗഭംഗം സംഭവിച്ച ഒരു വ്യക്തിയെയും കുടുംബത്തെയും നേരിൽ കണ്ട അനുഭവത്തിലൂടെയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു മനുഷ്യൻ ജീവിതകാലം മുഴുവൻ വീൽചെയറിലോ കിടക്കയിലോ ഒതുങ്ങിപ്പോകരുതെന്ന ഉറച്ച തീരുമാനമാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിന് വഴിവെച്ചത്. 2014-ൽ തിരുവനന്തപുരം കേന്ദ്രമാക്കി വെറും 20 കൃത്രിമക്കാലുകൾ വിതരണം ചെയ്താണ് പ്രവർത്തനം ആരംഭിച്ചത്. 

പിന്നീട് പൊതുജനങ്ങളുടെ പിന്തുണയോടെ പ്രവർത്തനം അതിവേഗം വ്യാപിക്കുകയും ഇന്നുവരെ 385 ഗുണഭോക്താക്കൾക്ക് 414 ലോകോത്തര നിലവാരമുള്ള കൃത്രിമക്കാലുകൾ പൂർണമായും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു. ഏകദേശം 2,000 അമേരിക്കൻ ഡോളർ ചെലവുവരുന്ന ഓരോ കൃത്രിമക്കാലിനെയും സംഘടന ചെലവായി കാണുന്നില്ല; ഒരു മനുഷ്യന്റെ ജീവിതത്തിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്. ലോകത്തിലെ പ്രമുഖ പ്രോസ്തറ്റിക് നിർമ്മാതാക്കളിലൊരാളായ ഓട്ടോബോക്കുമായി സഹകരിച്ചാണ് ഉപകരണങ്ങൾ നിർമ്മിക്കുന്നത്. 2023-ൽ ഇന്ത്യയിൽ ആരംഭിച്ച സ്വന്തം പ്രോസ്തറ്റിക് ക്ലിനിക്കിലൂടെ അസംബ്ലിംഗ്, ഫിറ്റിംഗ്, സർവീസിംഗ്, പുനരധിവാസ പരിശീലനം, മനഃശാസ്ത്ര കൗൺസലിംഗ് എന്നിവയും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ. ബേബി സാം ഒരു കൃത്രിമക്കാൽ ഒരാളുടെ നടപ്പ് മാത്രമല്ല, അദ്ദേഹത്തിന്റെ അന്തസ്സും തൊഴിലെടുക്കാനുള്ള കഴിവും കുടുംബത്തെ സംരക്ഷിക്കാനുള്ള അവസരവും ജീവിതത്തെ വീണ്ടും സ്വപ്നം കാണാനുള്ള ധൈര്യവും തിരികെ നൽകുന്നുവെന്ന് പറഞ്ഞു. 2026-ൽ കുറഞ്ഞത് 100 പേർക്ക് അത്യാധുനിക കൃത്രിമക്കാലുകൾ സൗജന്യമായി നൽകുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. 'ഞാൻ ഉള്ളത് നമ്മൾ ഉള്ളതുകൊണ്ടാണ്' എന്ന ആഫ്രിക്കൻ ദാർശനിക ആശയം ഉദ്ധരിച്ചുകൊണ്ട് പരസ്പര സഹവർത്തിത്വത്തിന്റെ സന്ദേശവും അദ്ദേഹം പങ്കുവച്ചു.

പരിപാടിയിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം അംഗഭംഗം സംഭവിച്ചവരുടെ കൂട്ടായ്മയുടെ പ്രവർത്തകനായ സണ്ണി കുരിയാക്കോസ് തന്റെ ജീവിതാനുഭവം പങ്കുവെച്ചപ്പോഴായിരുന്നു. മസ്കറ്റിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉണ്ടായ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതും പിന്നീട് കേരളത്തിലെ അംഗഭംഗം സംഭവിച്ചവരെ കണ്ടെത്തി മാനസികമായി പിന്തുണയ്ക്കാൻ ഇറങ്ങിയതും അദ്ദേഹം വിവരിച്ചു. ലൈഫ് ആൻഡ് ലിംബുമായി പരിചയപ്പെട്ട ശേഷമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലോകോത്തര നിലവാരമുള്ള കൃത്രിമക്കാലുകൾ സൗജന്യമായി ലഭ്യമാക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയതെന്നും "പലരും പേരിനുവേണ്ടി കാലുകൾ നൽകുന്നു; പക്ഷേ ലൈഫ് ആൻഡ് ലിംബ് നൽകുന്നത് ജീവിതമാണ്" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിനെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു. 

സമയബന്ധിതമായി സഹായം ലഭിക്കാതിരുന്നതിനാൽ ആത്മഹത്യ ചെയ്ത ഒരു യുവാവിന്റെ കഥ പങ്കുവെച്ച അദ്ദേഹം, ഒരു കൃത്രിമക്കാൽ ശരീരത്തിന് മാത്രമല്ല, ഒരാളുടെ ജീവനെയും പ്രതീക്ഷയെയും രക്ഷിക്കാനാകുമെന്ന് ഓർമ്മിപ്പിച്ചു. വേദിയിൽ പ്രദർശിപ്പിച്ചിരുന്ന കൃത്രിമക്കാലിലേക്ക് വിരൽചൂണ്ടി 'ഇത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടെ ഞാൻ മാത്രമായിരിക്കും; പക്ഷേ നിങ്ങൾക്ക് ഓരോരുത്തർക്കും മറ്റൊരാൾക്ക് ഇത്തരമൊരു കാൽ സമ്മാനിക്കാൻ കഴിയും' എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് എഴുന്നേറ്റ് നിന്നുള്ള കരഘോഷമാണ് സദസ്സ് മറുപടി നൽകിയത്.

തുടർന്ന് പ്രദർശിപ്പിച്ച വീഡിയോയിൽ വിദ്യാർത്ഥികൾ, മത്സ്യത്തൊഴിലാളികൾ, കൂലിപ്പണിക്കാർ, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തൊഴിലാളികൾ തുടങ്ങി നിരവധി ഗുണഭോക്താക്കളുടെ ജീവിതത്തിൽ ഒരു കൃത്രിമക്കാൽ സൃഷ്ടിച്ച മാറ്റങ്ങൾ അവതരിപ്പിച്ചു. ന്യൂയോർക്ക് സമൂഹനേതാവ് നോഹാ ജോർജ് ലൈഫ് ആൻഡ് ലിംബ് ഒരു സാധാരണ ചാരിറ്റി സംഘടനയല്ലെന്നും ഒരു വ്യക്തിയുടെ ജീവിതം മാറ്റുന്നതിലൂടെ കുടുംബത്തെയും സമൂഹത്തെയും മാറ്റുന്ന പ്രസ്ഥാനമാണിതെന്നും പറഞ്ഞു. മൗണ്ട് സിനായ് ഹെൽത്ത് സിസ്റ്റത്തിന്റെ   ഡയറക്ടർ ഡോ. ഷെറിൻ എബ്രഹാം "നാളെ രാവിലെ ഒരു കാൽ ഇല്ലാതെ ഉണർന്നാൽ?" എന്ന ചോദ്യത്തിലൂടെ അംഗഭംഗം സംഭവിച്ചവരുടെ യാഥാർഥ്യത്തെക്കുറിച്ച് സദസ്സിനെ ചിന്തിപ്പിച്ചു. പരിപാടിയിൽ സന്ദേശം നൽകിയ സഭാ ശുശ്രൂഷകൻ നല്ല ശമര്യക്കാരന്റെ ഉപമ ഓർമ്മിപ്പിച്ചുകൊണ്ട് ജീവിതയാത്രയിൽ ഒരാളെയെങ്കിലും സഹായിക്കാൻ നാം തയ്യാറാകണമെന്ന സന്ദേശം നൽകി.

പൊതുജനാരോഗ്യ പ്രവർത്തകരും വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രതിനിധികളും ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ  ഈ വർഷം കുറഞ്ഞത് ഒരു കൃത്രിമക്കാലിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ.ആനി ലിബു  പ്രഖ്യാപിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ തോമസ് മൊട്ടയ്‌ക്കൽ, മാധവൻ നായർ, ബിജു ചാക്കോ തുടങ്ങി ഒട്ടേറെ പ്രമുഖരും പിന്തുണ അറിയിച്ചു. തന്റെ പ്രസിഡൻസിയിൽ കൈകോർത്തത്തിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയ പ്രൊജക്റ്റാണ് 'ലൈഫ് ആൻഡ് ലിംബുമായി' ചേർന്ന് കേരള കൺവൻഷന്റെ ഭാഗമായി കൃത്രിമക്കാലുകൾ വിതരണം ചെയ്യാൻ സാധിച്ചതാണെന്നും ഇനിയും ഈ ബന്ധം തുടരുമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വ്യക്തമാക്കി.

പോൾ  കറുകപ്പള്ളി സമ്മേളനത്തിന് ചുക്കാൻ പിടിക്കുകയും ആശംസകൾ നേരുകയും ചെയ്തു.  സുനിൽ ട്രൈസ്റ്റാർ ആശംസ നേർന്നു  

'ഒരു ഡോളർ നൽകിയ ആളും അമ്പതിനായിരം ഡോളർ നൽകിയ ആളും ഞങ്ങൾക്ക് ഒരുപോലെയാണ്; അളക്കപ്പെടുന്നത് തുകയല്ല, മനുഷ്യസ്നേഹമാണ്' എന്ന സംഘാടകരുടെ സമാപന സന്ദേശം പരിപാടിയുടെ യഥാർഥ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. 2011-ൽ ഒരാളുടെ വേദനയിൽ നിന്ന് ജനിച്ച ജോൺസൺ  സാമുവലിന്റെ സ്വപ്നം ഇന്ന് രാജ്യാതിർത്തികൾ കടന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം മാറ്റുന്ന ആഗോള മാനവിക പ്രസ്ഥാനമായി വളർന്നിരിക്കുന്നു.ഇരുന്നൂറില്പരം മനുഷ്യസ്നേഹികൾ പങ്കെടുത്ത അവെയർനസ് ഡിന്നർ സംഘടനയുടെ പ്രതീക്ഷ ഉയർത്തുകയാണ്. ശരീരത്തിലെ ഒരു നഷ്ടം നികത്തുന്നതിലുപരി തകർന്നുപോയ ആത്മവിശ്വാസവും കുടുംബങ്ങളുടെ പ്രതീക്ഷയും പുനർനിർമിക്കുകയാണ് ലൈഫ് ആൻഡ് ലിംബ് ചെയ്യുന്നത് എന്ന തിരിച്ചറിവോടെയാണ് ന്യൂയോർക്കിലെ ആ സായാഹ്നം അവസാനിച്ചത്. ഈ വർഷം കുറഞ്ഞത് നൂറ് കൃതൃമ കാലുകൾ നൽകാനാണ് സംഘടന ആഗ്രഹിക്കുന്നത്.

മനുഷ്യസ്നേഹത്തിന്റെ ചുവടുകൾ: ന്യൂയോർക്കിൽ ശ്രദ്ധേയമായി ലൈഫ് ആൻഡ് ലിംബ് അവബോധ സായാഹ്നം
മനുഷ്യസ്നേഹത്തിന്റെ ചുവടുകൾ: ന്യൂയോർക്കിൽ ശ്രദ്ധേയമായി ലൈഫ് ആൻഡ് ലിംബ് അവബോധ സായാഹ്നം
മനുഷ്യസ്നേഹത്തിന്റെ ചുവടുകൾ: ന്യൂയോർക്കിൽ ശ്രദ്ധേയമായി ലൈഫ് ആൻഡ് ലിംബ് അവബോധ സായാഹ്നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക