Image

ഷിക്കാഗോ സീറോ മലബാർ രൂപത രജതജൂബിലി കൺവൻഷൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മാർ ജോയ് ആലപ്പാട്ട്‌

പ്രസന്നൻ പിള്ള Published on 02 July, 2026
ഷിക്കാഗോ സീറോ മലബാർ രൂപത രജതജൂബിലി കൺവൻഷൻ  ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മാർ ജോയ് ആലപ്പാട്ട്‌

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ബൃഹത്തായ കൺവൻഷനോടെ സമാപിക്കുകയാണെന്ന്  രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. കൺവൻഷന്റെ വിജയത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും അസാനഘട്ടത്തിലാണെന്നും  അദ്ദേഹം  വ്യക്തമാക്കി.  

ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ( ഐ.പി.സി.എൻ.എ) ഷിക്കാഗോ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ  മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. അമേരിക്കയിലെതന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന സമ്മേളനത്തിൽ   രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്നും മാർ ആലപ്പാട്ട് അറിയിച്ചു.  

2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത ഇരുപത്തഞ്ചു വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ പതിനാല് ഫൊറോനകളിലായി, അമ്പത്തിനാല് ഇടവകകളും  മുപ്പത്തിമൂന്ന് മിഷൻ സെൻററുകളും, എഴുപതിനായിരത്തോളം വിശ്വാസികളും, എഴുപതിൽപരം വൈദികരുമുണ്ട്. അതുപോലെ 12000-ൽ ഏറെ കുട്ടികൾ ഈ രൂപതയ്ക്കു കീഴിൽ വിശ്വാസ പരിശീലനവും  നടത്തിവരുന്നു.

ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ്  കൺവൻഷൻ.  ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

ജൂലൈ 9 വ്യാഴാഴ്ച വൈകിട്ട് 3.30ന് മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ കൺവൻഷൻ ആരംഭിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം സീറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, കൊളംബസ് ബിഷപ്പ് മാർ ഏൾ ഫെർണാണ്ടസ്, സിറോ മലങ്കര സഭ ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾ തികച്ചും ബൈബിൾ അധിഷ്ഠിതമായ ആശയങ്ങൾ കൊണ്ടാണ് വിഭാവനം ചെയ്തത്. "ബാഹ്യമായ കണ്ണുകൾ കൊണ്ടല്ല, വിശ്വാസത്താലാണ് ഞങ്ങൾ സഞ്ചരിക്കുന്നത്" എന്ന ബൈബിൾ വാക്യമാണ് കൺവൻഷന്റെ  പ്രധാന തീം. രൂപതയുടെ രൂപീകരണത്തിനും വളർച്ചക്കും വേണ്ടി വിശ്വാസത്തോടെ പ്രാർഥിക്കുകയും പ്രയത്നിക്കുകയും ചെയ്ത എല്ലാവരേയും നന്ദിയോടെ അനുസ്മരിക്കാനും തുടർന്നുള്ള പ്രവർത്തനങ്ങൾ വിശ്വാസത്തിലൂന്നി ആവിഷ്കരിക്കാനും ഈ അവസരം ഉപയോഗിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. അത്മായരുടെ പ്രാർഥനയുടേയും പ്രയത്നത്തിന്റേയും സഹകരണത്തിൻ്റേയും ഫലമാണ് ഇന്ന് അമേരിക്കയിലുള്ള സീറോ മലബാർ ഇടവകകൾ. രൂപതയെ മുന്നോട്ടു നയിക്കുന്നത് ഈ അത്മായ  കൂട്ടായ്മയുടെ കഠിനാധ്വാനമാണെന്നും ബിഷപ്പ് ആലപ്പാട്ട് ഊന്നിപ്പറഞ്ഞു.

ബിജി സി. മാണി (കൺവൻഷൻ ചെയർമാൻ) - ഇത് സീറോമലബാർ സഭ ഷിക്കാഗോ രൂപതയുടെ രജത ജൂബിലി കൺവൻഷനാണ്.  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലേറെ പേർ കൺവൻഷനിൽ പങ്കെടുക്കും.  നിരവധി സാംസ്കാരിക പരിപാടികൾ കൺവൻഷനിൽ എത്തുന്നവരെ കാത്തിരിക്കുന്നു. പ്രശസ്ത സിനിമാ താരം ജയറാം, പാർവതി, മകൻ കാളിദാസ് എന്നിവർ ഉദ്ഘാടന ദിവസം എത്തിച്ചേരും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 ചെണ്ട കലാകാരന്മാർ അണിനിരക്കുന്ന മേള വിസ്മയം കൺവൻഷൻ ഉദ്ഘാടനത്തിന് മാറ്റു കൂട്ടും. സ്റ്റീഫൻ ദേവസി, ബിജു നാരായണൻ എന്നീ കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായിട്ടുണ്ട്. കൂടാതെ 200 വനിതകൾ അണിനിരക്കുന്ന മെഗാ മാർഗം കളിയും വേദിയെ ധന്യമാക്കും.

റവ. ഫാ. ജോൺ മേലേപ്പുറം (ജൂബിലി കമ്മിറ്റി  കൺവീനർ) - ഷിക്കാഗോ രൂപതയുടെ പ്രവർത്തനം മറ്റ് പ്രവാസി രൂപതകൾക്ക് മാതൃകയും ച്രചോദനവുമാണ്. 2001ൽ വെറും 3 ഇടവകകളുമായി ആരംഭിച്ച ഷിക്കാഗോ രൂപതക്ക് ഇന്ന് 54 ഇടവകകളും 33 മിഷൻ സെൻ്ററുകളുമുണ്ട്. ഏറ്റവും ശക്തമായ പ്രവാസി മലയാളി സമൂഹം ഉള്ളത് അമേരിക്കയിലാണ്. ഇവിടുത്തെ പ്രവർത്തനങ്ങളാണ് കാനഡ, ഓസ്ട്രേലിയ, ഇംഗ്ളണ്ട് തുടങ്ങി മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ രൂപതകൾക്കും മാതൃക.

റവ. ഫാ. തോമസ് കടുകപ്പിള്ളിൽ (കൺവൻഷൻ കൺവീനർ) - ഈ കൺവൻഷൻ്റെ പ്രത്യേകത ഇതിനു മുന്നിൽ നിൽക്കുന്നത് യുവജനങ്ങളാണ് എന്നതാണ്. ഈ രൂപത മുന്നോട്ടു പോകണമെങ്കിൽ ഇവിടുത്തെ യുവാക്കളും കുട്ടികളും സഭയെ കുറിച്ചും സീറോമലബാർ സഭയുടെ ആവശ്യങ്ങളെ കുറിച്ചും ബോധ്യമുള്ളവരാകണം. ആ ഒരു അറിവിലേക്ക് ഉതകുന്ന തലത്തിലേക്കാണ് യുവാക്കളെ നേതൃത്വം ഏൽപ്പിച്ചത്. അതുകൊണ്ടു തന്നെ യുവജനങ്ങളുടെ ആഗ്രഹം അനുസരിച്ചുള്ള പരിപാടികളാണ് കൺവൻഷനിൽ അധികവും ഉൾപ്പെടുത്തിയിരിക്കുന്നത്.  രൂപതയുടെ മുന്നോട്ടുള്ള പോക്കിന് യുവാക്കളും കുട്ടികളും മുന്നോട്ടു വരണം എന്ന കരുതലോടെയാണ് എല്ലാം വിഭാവനം ചെയ്തിരിക്കുന്നത്. പൗരാണിക ജറുസലേം അന്തരീക്ഷം പുന:സൃഷ്ടിക്കുന്ന അറുപതിലധികം കലാകാരൻമാർ ചേർന്നൊരുക്കുന്ന "ജറുസലേം" എന്ന മനോഹര ദൃശ്യവിരുന്ന് കൺവൻഷനിൽ അരങ്ങേറും. ഇതിൽ പകുതിയോളം കലാകാരൻമാർ അമേരിക്കക്കാരാണ് എന്ന പ്രത്യേകതയും ഉണ്ട്.

ജോസഫ് ചാമക്കാല (ജൂബിലി കമ്മിറ്റി ചെയർമാൻ) - ഒരു വർഷത്തെ ആഷോഷ പരിപാടികളിൽ ആത്മീയവും സാമൂഹികവും സാംസ്കാരികവും വികസനോൻമുഖവുമായ ധാരാളം കാര്യങ്ങൾ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ആത്മീയ കാര്യങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് മേയ്മാസത്തിൽ ന്യൂജേഴ്സിയിൽ വിശുദ്ധകുർബാനയുടെ പ്രദക്ഷിണം നടത്തുകയുണ്ടായി. തുടർന്ന് യു എസിലെ വൈദികരുടെ സംഗമം ഫ്ളോറിഡയിലും കന്യാസ്ത്രീകളുടെ സംഗമം ഷിക്കാഗോയിലും നടത്തി. രൂപതക്കായി ഒരു പാസ്റ്ററൽ സെൻ്ററും മൈനർ സെമിനാരിയും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ 10 ഏക്കർ ഭൂമി വാങ്ങാൻ ഈ ജൂബിലി വർഷത്തിൽ സാധിച്ചു.

ആൻഡ്രൂ തോമസ് (ഫൈനാൻസ് കമ്മിറ്റി ചെയർമാൻ) -   കൺവൻഷൻ ഏറ്റവും മനോഹരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. അതിനായി രജിസ്ട്രേഷൻ വഴി കുറേ പണം സമാഹരിക്കാനായി. കൂടാതെ നിരവധി സ്പോൺസർഷിപ്പുകളും ലഭിച്ചിട്ടുണ്ട്. കൺവൻഷൻ എക്സ്ക്ളൂസിവായി സ്പോൺസർ ചെയ്തിരിക്കുന്നവരെ പ്രത്യേകം പരാമർശിക്കട്ടെ - ജിബി പാറക്കൽ ( സിഇഒ, പിഎസ്ജി  ഗ്രൂപ് ഓഫ് കമ്പനീസ്), ഫെബിൻ മുത്തേഴിൽ (സിഇഒ, എനെർജെറ്റിവ്), ജോർജ് & ഷീല മാളിയേക്കൽ (ഹോളിസ്റ്റർ ഇന്റർനാഷണൽ) എന്നിവരാണ് അവർ. ഒരു മില്യൺ ഡോളറിലധികം തുക സ്പോൺസർഷിപ്പായി തന്നെ ലഭിച്ചിട്ടുണ്ട്.

ജോണി വടക്കുംചേരി (ഫെസിലിറ്റി ചെയർമാൻ) - ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിലാണല്ലോ പരിപാടി നടക്കുന്നത്. അതിനു സമീപമുള്ള മാരിയറ്റ് മാർക്വിസ്, ഹിൽട്ടൺ, ഹയാത്ത് റീജൻസി എന്നീ ഹോട്ടലുകളിലാണ് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായത്തിൽപ്പെട്ട ആളുകൾക്കും ആസ്വദിക്കാവുന്ന ഭക്ഷണവും താമസ സൌകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സൌകര്യങ്ങളും ലോകോത്തരനിലവാരത്തിലുള്ളതാണ്. കൺവൻഷൻ സെൻ്ററിൽ പാർക്കിങ് സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫാ. മെൽവിൻ പോൾ (കൺവൻഷൻ യൂത്ത് കൺവീനർ) - രൂപതയ്ക്ക് കരുത്തു പകരുന്ന  യുവജനങ്ങളെ ലക്ഷ്യമാക്കി വൈവിധ്യമാർന്ന സെമിനാറുകളും, പ്രോഗ്രാമുകളും കൺവൻഷന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

സജി വർഗീസ് കാവാലം (മീഡിയ, പബ്ളിസിറ്റി ചെയർ) - ലോകത്തുള്ള എല്ലാവരേയും എല്ലാ കൺവൻഷൻ വിശേഷങ്ങളും അറിയിക്കാനുള്ള സംവിധാനം ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 30 പേരുള്ള ഒരു മീഡിയ ടീം ഇപ്പോൾ തന്നെ സജ്ജമാണ്. സോഷ്യൽ മീഡിയ ടീം, 9 റിപ്പോർട്ടർമാർ, വിഡിയോ - ഫോട്ടോ ക്രിയേഷൻ ടീം ഇപ്പോൾതന്നെ പ്രവർത്തിക്കുന്നു. കൂടാതെ കേരളത്തിലെ പല മെയിൻ സ്ട്രീം മീഡിയ ചാനലുകളും കൺവൻഷൻ്റെ മീഡിയ പാർട്നേഴ്സ് ആയിട്ടുണ്ട്. ഏകദേശം നാൽപതോളം മീഡിയകളുടെ റിപ്പോർട്ടർമാർ കൺവൻഷൻ വേദിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ബീന വള്ളിക്കളം (സെക്രട്ടറി) - ഈ കൺവൻഷൻ്റെ വിജയത്തിനായി ഏതാണ്ട് 60 കമ്മിറ്റികളിലായി 250 സന്നദ്ധപ്രവർത്തകർ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്. ഈ പരിപാടിക്കായി രജിസ്റ്റർ ചെയ്ത എല്ലാവരേയും വൊളൻ്റീയേഴ്സ് ആയാണ് പരിഗണിക്കുന്നത്. എല്ലാ പള്ളികളിലും നിന്നുള്ള 4 പേർ ഈ കമ്മിറ്റിയുടെ ഭാഗമാണ്. ഏതാണ്ട് ഒന്നര വർഷമായി നിരവധിയായ പ്രവർത്തനങ്ങൾ ഈ കൺവൻഷനായി നടത്തിവരികയാണ്. അതിന്റെ പരിസമാപ്തിക്ക് ഇനി കുറച്ചു ദിവസങ്ങളേയുള്ളു.

ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ  (രൂപത പ്രൊക്യൂറേറ്റർ) - ഷിക്കോഗോ രൂപതയുടെ എട്ടാമത്തെ കൺവൻഷനാണ് നടക്കാൻ പോകുന്നത്. ഓരോ കാലഘട്ടത്തിന് യോജിച്ചവിധമായാണ് ഓരോ കൺവൻഷനുകളും വിഭാവനം ചെയ്യപ്പെടുന്നത്. കൂടുതൽ മെച്ചമായ രീതിയിൽ നടത്താനുള്ള പ്രവർത്തനങ്ങൾ ഈ കൺവൻഷനായി ചെയ്തിട്ടുണ്ട്. ഇതൊരു മികച്ച കൺവൻഷനായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട.

മാറ്റ് തോമസ്  (യൂത്ത് ഇവൻ്റ് മാനേജ്മെൻ്റ് കോഡിനേറ്റർ) - യുവാക്കൾക്കായി നിരവധി പരിപാടികളാണ് കൺവൻഷനിൽ കാത്തിരിക്കുന്നത്. പല പ്രായ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും യുവാക്കൾക്കുമായി നിരവധി പരിപാടികളും മൽസരങ്ങളും ഉണ്ട്. ഡാൻസ് കോംപറ്റിഷൻ, ബിസിനസ് മീറ്റ് തുടങ്ങിയ ശ്രദ്ധേയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. യുവാക്കൾക്കായുള്ള പരിപാടികൾ ഇംഗ്ളിഷിൽ തന്നെയാണ് ഒരുക്കുന്നത്. കൂടാതെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. യുവാക്കളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മോൺ. ജോൺസൺ കൂവൂർ പുത്തൻപുരയിൽ (രൂപത ചാൻസലർ) - ബിഷപ്പുമാരും വൈദികരും അൽമായരും ചേർന്ന് മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ആത്മീയ സംരംഭമാണ് ഈ കൺവൻഷൻ.

ആനി മാനാട്ട് (ജോയിൻ്റ് സെക്രട്ടറി) - കൺവൻഷനിൽ എത്തിച്ചേരുന്ന എല്ലാവരേയും പ്രത്യേകിച്ച് വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

നീന ജോർജ് (സ്‌പോൺസർഷിപ്പ് ഡയറക്ടർ) - വിശ്വാസസമൂഹത്തിന്റെ ഹൃദയപൂർവ്വമായ പിന്തുണയും, സഹകരണവും കൺവൻഷന്റെ വിജയത്തിനായി ലഭിച്ചു.

ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ പ്രസിഡൻ്റ് പ്രസന്നൻ പിള്ള അധ്യക്ഷനായിരുന്നു. ചാപ്റ്റർ സെക്രട്ടറി അലൻ ജോർജ് സ്വാഗതം ആശംസിച്ചു. ജോയിൻ്റ് സെക്രട്ടറി റോസ് വടകര പരിപാടിയുടെ എംസി ആയിരുന്നു. നാഷണൽ വൈസ് പ്രസിഡൻ്റ് അനിൽ മറ്റത്തിക്കുന്നേൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ, ചാപ്റ്റർ വൈസ് പ്രസിഡൻ്റ് സാജു കണ്ണമ്പള്ളി, ട്രഷറർ അനിൽ ശ്രീനിവാസൻ, ജോയിൻ്റ് ട്രഷറർ വർഗീസ് പാലമലയിൽ, ഡൊമിനിക് ചൊള്ളമ്പേൽ എന്നിവർ മാധ്യമ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. എൻആർഐ റിപ്പോർട്ടർ, കേരളവോയിസ്, ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടിവി, കൈരളി ടിവി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ എത്തിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക