Image

അമേരിക്കയെ ഇനിയും നിസ്സാരമായി കാണരുത്

ജെയിംസ് കുരീക്കാട്ടിൽ Published on 02 July, 2026
അമേരിക്കയെ ഇനിയും നിസ്സാരമായി കാണരുത്

എന്തൊരു ഭംഗിയായിരുന്നു Malik Tillman ന്റെ ആ ഫ്രീ കിക്കിന്. വലയുടെ മൂലയിലേക്ക് വളഞ്ഞു കയറിയ ആ പന്തിന്റെ കർവും, വേഗവും, കൃത്യതയും വിസ്മയിപ്പിക്കുന്നതായിരുന്നു.

ആദ്യത്തെ ബാലഗണ്ണിന്റെ ഗോൾ പിറന്നതും Tillman പാസിൽ നിന്ന് തന്നെയായിരുന്നു. പ്രതിരോധത്തിന്റെ ഇടയിലൂടെ കൃത്യമായി കൊടുത്ത പാസ് ബോസ്‌നിയൻ ഡിഫെൻഡർ തട്ടി ദിശ മാറിയപ്പോൾ മിന്നൽ വേഗത്തിൽ മുന്നോട്ട് കുതിച്ച ബാലഗൺ  വലതുകാലുകൊണ്ട് പന്തിനെ നിയന്ത്രിച്ച്  ഇടത് കാല് കൊണ്ട് വലയിലേക്ക് തൊടുക്കുകയായിരുന്നു.

പൂർണ്ണമായും അമേരിക്കയുടെ ആധിപത്യമായിരുന്നു ഇന്നലെ  ബോസ്നിയയ്ക്ക് എതിരെ കളത്തിൽ നിറഞ്ഞത്. അമേരിക്കയുടെ പതിവ് ശൈലിയിലുള്ള  ചെറു പാസുകളും വേഗത്തിലുള്ള വൺ ടച്ച് നീക്കങ്ങളും വിങ്ങിലൂടെ യുള്ള മുന്നേറ്റങ്ങളും ബോസ്നിയയ്ക്ക് ഇന്ന് കണ്ട് നിൽക്കാനേ കഴിഞ്ഞൊള്ളൂ. 
64 ആം മിനിറ്റിൽ റെഡ് കാർഡ് കണ്ട് ബാലഗൺ പുറത്തായതിന് ശേഷം 10 വേറെ വെച്ച് കളിച്ചിട്ടാണ് അമേരിക്ക രണ്ടാം ഗോൾ നേടിയതും. (റെഡ് കാർഡ് കാണിച്ച് പുറത്താക്കാൻ മാത്രം മനഃപൂർവ്വമായ ഒരു ഫൗൾ ആയിരുന്നു ബാലഗണ്ണിന്റേതെന്ന് ഞാൻ കരുതുന്നില്ല. അയാളുടെത് പന്തിന് വേണ്ടിയുള്ള ശ്രമം തന്നെയായിരുന്നു).

തിങ്കളാഴ്ച്ച ബെൽജിയത്തിന് എതിരെ അമേരിക്ക ഇറങ്ങുമ്പോൾ ബാലഗണ്ണിന്റെ അഭാവം ഒരു ന്യുനത ആകുമെങ്കിലും ഇന്നത്തെ കളിയിൽ കാണിച്ച ആക്രമണത്തിലെ വേഗവും ഉറച്ച പ്രതിരോധവും ഇത് പോലെ തുടർന്നാൽ ഏത് കൊലകൊമ്പൻ എതിരാളിയെയും വെല്ലുവിളിക്കാൻ അമേരിക്കക്ക് ആകുമെന്നാണ് ഇന്നത്തെ അമേരിക്കയുടെ കളി തെളിയിച്ചത് 
ജെയിംസ് കുരീക്കാട്ടിൽ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക