
കാരുണ്യമേകുമോ കരുണാവാരിധേ,
അനുപമ കൃപാധാരയാലെന്നിൽ
അനവരതമാം തവ ദയാസമൃദ്ധിയിൽ
മാഞ്ഞീടുമെൻ ബഹുല കന്മഷങ്ങൾ
സ്നാനമേകിയെൻ അധർമ്മങ്ങൾ നീക്കണം
പാപംപോക്കിയെന്നെ ശുദ്ധനാക്കീടണം
അറിയുന്നു ഞാനെൻ അകൃത്യമൊക്കെയും
ഇരിക്കുന്നു മുന്നിലെൻ കഠിനവികൃതികൾ
ദോഷം ചെയ്തു തിരുവടികൾക്കെതിരായ്
അപരാധങ്ങളാർന്നു തിരുവുള്ളക്കേടിനായ്
മൊഴികളിൽ നീതിയുക്തനാം സത്തമനും
വിധികളിൽ ജയശാലിയും ഭവാനല്ലയോ
ജാതനായി ഞാൻ ദുഷ്കർമ്മമാർഗ്ഗത്തിൽ
ഗർഭസ്ഥയായെൻ ധാത്രി പാപവർഗ്ഗത്തിലും
ജ്ഞാനമേകിയെന്നുള്ളം നിറയ്ക്കണം
സത്യമുള്ളൊരു ചിത്തമാണങ്ങേക്കഭീഷ്ടം
ഈസോപ്പിനാലെന്നെ പവിത്രമാക്കണം
ശുദ്ധിയേറുമൊരു ശുദ്ധമാനസം നേടുവാൻ
കഴുകണമടിയനെ ആപാദചൂഡമായ്
തുഷാരത്തേ വെല്ലുന്ന ധവളപാത്രയിടാൻ
കേൾപ്പിക്കേണമന്നെ നിൻ മാധൂർയ്യമേറും
ഹർഷാന്മോദത്തിൻ സ്വർഗ്ഗീയഗീതങ്ങൾ
ഉല്ലസിച്ചീടട്ടെ നിൻ കോപത്തിൽ തകർന്നതാം
ബലഹീനമാകുമെൻ അസ്ഥികളോരോന്നായ്
മറച്ചീടുമോ തൽ വദനം സർവ്വേശ്വരാ
ദർശച്ചീടാതടിയന്റെ കാഠിന്യ വീഴ്ചകൾ
മായിച്ചീടുകെൻ ഘോരമാം തിന്മകൾ
പാതയിൽ പതറാതെ യാനം ചെയ്തിടാൻ
നൈർമ്മല്യമേറുമോരു ഹൃത്തടമെന്നിൽ
നിർമ്മിച്ചാശിർവദിയ്ക്കണേ ജഗദീശ്വരാ
സുസ്ഥിരമായ നിന്നാത്മ ദാനത്താലെൻ
തനുവും മനവും നവമാർന്നിടട്ടെ!
തള്ളരുതെന്നെ തവ സവിധത്തിൽനിന്നുമായ്
തിരിച്ചെടുക്കരുതേ നിൻ ആത്മാവാസവും
രക്ഷാമോദം വീണ്ടും തരികെയെന്നുള്ളിൽ
താങ്ങണമെന്നേ നിൻ ആത്മബലത്താലും
നേർപാത കാട്ടിടും ലംഘകർക്കായ് ഞാൻ
പാപികളെത്തീടും തവ തൃപ്പാദപൂജയ്ക്കായ്
രക്തപാതകമകറ്റുകയീ ദാസനിൽനിന്നും
എന്നധരങ്ങൾ നിൻ നീതിയെ പുകഴ്ത്തട്ടെ!
നിറയ്ക്കുകെൻ നാവിനെ കീർത്തനങ്ങളാൽ
പാടുമെൻ വായ്കൾ നിൻ അപദാനങ്ങൾ
അർപ്പിക്കുന്നില്ല ബലിവസ്തുക്കളൊന്നുമെ
യാഗത്തിലൊന്നിലും തിരുവുള്ളമില്ലല്ലോ
കൈക്കൊള്ളുക നാഥാ തകർന്നോരെൻമനം
താഴ്മയേറും ഹൃദയം ബലിയായ് കരേറും
നന്മതിങ്ങും ഭാസുരഗേഹമാകട്ടെ സീയോൻ
കരുത്താർജ്ജീടട്ടെ ഊർശ്ളേമ്യ മതിലുകൾ
പ്രസാദമാകുമപ്പോൾ തവമാനസ്സം നീതിബലികളിലും ഹോമയാഗത്തിലും
അർപ്പിച്ചീടുമപ്പോൾ നിൻ യാഗപീഠത്തിൽ
അനവധിയാകും കാളക്കൂട്ടങ്ങളും