
രണ്ടു വ്യാഴവട്ടത്തിനു ശേഷം യു.എസ്. ലോകകപ്പ് ഫുട്‌ബോളില്‍ ഒരു നോക്കൗട്ട് മത്സരം വിജയിച്ചു. റൗണ്ട് ഓഫ് 32 ല്‍ യു.എസ്. ബോസ്‌നിയ ആന്‍ഡ് ഹെര്‍സ്‌ഗോവിനയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി. 45-ാം മിനിറ്റില്‍ യു.എസി.നെ മുന്നിലെത്തിച്ച ഫോലറിന്‍ ബലോഗന്‍ 64-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടു. പിന്നെ 10 പേരുമായാണ് ആതിഥേയര്‍ കളിച്ചത്. പക്ഷേ, 82-ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടടുത്തുനിന്ന് മലിക് ടില്‍മാന്‍ എടുത്ത ഫ്രീകിക്ക് ബോസ്‌നിയ ഗോളി നിക്കോളാ വസില്‍ജിയെ കീഴ്‌പ്പെടുത്തിയതോടെ യു.എസ്. വിജയം ഉറപ്പിച്ചു. താരിഖ് മുഹറിമോവിക്കിനെ വീഴ്ത്തിയതിനാണ് ബലോഗന്‍ പുറത്തായത്.
ഇതിനു മുമ്പ് 2002 ജൂണ്‍ 17നാണ് ഫിഫ ലോകകപ്പില്‍ യു.എസ്. അവസാനമായി നോക്കൗട്ട് മത്സരം ജയിച്ചത്. അന്ന് മെക്‌സിക്കോയെ എതിരില്ലാതെ രണ്ടു ഗോളിനു തോല്‍പിച്ചു. 24 വര്‍ഷത്തിനുശേഷമാണ് യു.എസ്. ലോകകപ്പില്‍ ഒരു യൂറോപ്യന്‍ ടീമിനെ തോല്‍പിക്കുന്നതും. 2002 ല്‍ ജൂണ്‍ അഞ്ചിന് ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ പോര്‍ച്ചുഗലിനെതിരെ അട്ടിമറി വിജയം(3-2) നേടിയിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ യു.എസ് പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റു പുറത്താകുകയായിരുന്നു. പന്ത്രണ്ടാം തവണ ലോകകപ്പ് കളിക്കുന്ന യു.എസ്. 1930 ല്‍ സെമിയില്‍ കടന്നിരുന്നു. അന്നു സെമിയില്‍ അര്‍ജന്റീനയോട് തകര്‍ന്നു(1-6). 1994 ല്‍ യു.എസ്. ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ അവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനോട് പരാജയപ്പെട്ടു.
യു.എസിനൊപ്പം ആതിഥേയ നിരയിലുള്ള മെക്‌സിക്കോയും കാനഡയും പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. റൗണ്ട് ഓഫ് 32 ലെ ആദ്യ മത്സരത്തില്‍ കാനഡ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി(1-0). മെക്‌സിക്കോയുടെ വിജയം ഇക്വഡോറിനെതിരെയായിരുന്നു(2-0). ഈ ലോകകപ്പില്‍ മെക്‌സിക്കോയുടെ തുടര്‍ച്ചയായ നാലാം വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ മൂന്നു മത്സരങ്ങളും ജയിച്ചിരുന്നു.
പ്രീക്വാര്‍ട്ടറില്‍ കാനഡ മൊറോക്കെയെയും മെക്‌സിക്കോ ഇംഗ്ലണ്ടിനെയും നേരിടും. റൗണ്ട് ഓഫ് 32 ല്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച കരുത്തരാണ് മൊറോക്കോ. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ ബ്രസീലിനെ സമനിലയില്‍(1-) തളച്ചിരുന്നു.