Image

''ആയിരം ഭര്‍ത്താക്കന്മാരെ വയ്ക്കും...'' കൊല്ലപ്പെട്ട ഭാര്യയുടെ പരിഹാസം ഭര്‍ത്താവിന് തുണ (എ.എസ് ശ്രീകുമാര്‍)

Published on 02 July, 2026
''ആയിരം ഭര്‍ത്താക്കന്മാരെ വയ്ക്കും...'' കൊല്ലപ്പെട്ട ഭാര്യയുടെ പരിഹാസം ഭര്‍ത്താവിന് തുണ (എ.എസ് ശ്രീകുമാര്‍)

''നിന്നെപ്പോലെ ആയിരം ഭര്‍ത്താക്കന്മാരെ എനിക്ക് നോക്കാന്‍ കഴിയും...'' ഭാര്യയുടെ ഈ വാക്കുകളില്‍ തകര്‍ന്നത് ഒരു കുടുംബം മാത്രമല്ല, ഒരു മനുഷ്യന്റെ ആത്മാഭിമാനം കൂടിയായിരുന്നു. വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം തടവുശിക്ഷ മധ്യപ്രദേശ് ഹൈക്കോടതി ഏഴു വര്‍ഷമായി കുറച്ചു. ഒരു പുരുഷന്റെ അന്തസ്സിനും മൂല്യത്തിനും മേല്‍ നടത്തുന്ന ഇത്തരം പരോക്ഷമായ കടന്നാക്രമണങ്ങള്‍ 'ഗുരുതരമായ പ്രകോപനമായി' കണക്കാക്കാമെന്നാണ് കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. ഭര്‍ത്താവിന്റെ ശിക്ഷ, ഇന്ത്യന്‍ ശിക്ഷാനിയമം ഐ.പി.സി)  സെക്ഷന്‍ 304 പാര്‍ട്ട് 1ല്‍ നിന്ന് (സദുദ്ദേശ്യത്തോടെയല്ലാത്ത നരഹത്യ) നിന്ന് സെക്ഷന്‍ 304 പാര്‍ട്ട് 2-ലേയ്ക്കാണ് മധ്യപ്രദേശ് ഹൈക്കോടതി മാറ്റിയത്. അതായത്, കൊലപാതകത്തിന് തുല്യമല്ലാത്ത മനപൂര്‍വമായ നരഹത്യ. കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ലെങ്കിലും, മരണത്തിന് കാരണമാകുമെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രവൃത്തിയാണിത്.

''ഇയാളെപ്പോലെ ആയിരം ഭര്‍ത്താക്കന്മാരെ കിട്ടും...'' എന്ന ഭാര്യയുടെ പരാമര്‍ശം പെട്ടെന്നുള്ളതും കടുത്തതുമായ പ്രകോപനത്തിന് കാരണമായി കണക്കാക്കിയാണ് കോടതി നടപടി. തര്‍ക്കത്തിനിടെ മരിച്ച സ്ത്രീ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനത്തിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. വിചാരണ കോടതി തനിക്ക് സെക്ഷന്‍ 304 പാര്‍ട്ട് 1 പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിനെതിരെ പ്രതിയായ ശിവ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസ് വിവേക് അഗര്‍വാള്‍, ജസ്റ്റിസ് അവനീന്ദ്ര കുമാര്‍ സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഭാഗികമായി അനുവദിക്കുകയായിരുന്നു. ഹൈക്കോടതി ശിക്ഷ സെക്ഷന്‍ 304 പാര്‍ട്ട് 2 ആയി മാറ്റുകയും ഏഴ് വര്‍ഷത്തെ കഠിനതടവായി കുറയ്ക്കുകയും ചെയ്തു.

പ്രോസിക്യൂഷന്‍ വാദപ്രകാരം, 2021 ജൂലൈ 18-19 തീയതികളില്‍ രാത്രി ഛിന്ദ്വാര ജില്ലയിലെ ഖര ഘട്ടിലുള്ള കുല്‍ബഹേരി നദിക്ക് സമീപമാണ് സംഭവം നടന്നത്. വഴക്കിനെത്തുടര്‍ന്ന് ശിവയോട് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ കിരണ്‍ പ്രകോപനപരമായ പരാമര്‍ശം നടത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം ശിവ തന്നെയാണ് ഭാര്യയുടെ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചത്. വാരിയെല്ലുകള്‍ക്കും നെഞ്ചെല്ലിനും ഉണ്ടായ ഒടിവുകള്‍ ഉള്‍പ്പെടെ ശരീരത്തിലേറ്റ മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ശിവയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ജഗത് കുമാര്‍ ദഹരിയയും പ്രോസിക്യൂഷനായി വേണ്ടി ഗവണ്‍മെന്റ് അഡ്വക്കേറ്റ് അജയ് ശുക്ലയും ഹാജരായി. കീരണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നതായി പ്രതി തങ്ങളോട് പറഞ്ഞതായി സാക്ഷികള്‍ മൊഴി നല്‍കി. ഈ പരാമര്‍ശം കേട്ടതിന് പിന്നാലെ താന്‍ കിരണിനെ കല്ലുകൊണ്ട് അടിച്ചതായി പ്രതി സമ്മതിച്ചതായി മരിച്ചയാളുടെ ബന്ധുവായ ശിവറാം കഹാര്‍ പ്രസ്താവിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതി നടത്തിയ സമാനമായ വെളിപ്പെടുത്തലുകളെ മറ്റ് കുടുംബാംഗങ്ങളും സാക്ഷികളും കോടതിയില്‍ പിന്തുണച്ചു.

ഇത് കൊലപാതകത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിച്ച കോടതി, പെട്ടെന്നുള്ളതും കടുത്തതുമായ പ്രകോപനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി സെക്ഷന്‍ 300-ലെ എക്‌സെപ്ഷന്‍ 1 ചൂണ്ടിക്കാണിച്ചു. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലായിരുന്നുവെന്നും ആക്രമണത്തിന് ഉപയോഗിച്ച കല്ല് സംഭവസ്ഥലത്ത് കിടന്നിരുന്നതാണെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു. സംഭവിച്ച കാര്യങ്ങള്‍ പ്രതി തന്നെ പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നതായും കോടതി രേഖപ്പെടുത്തി.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ കാരണം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം മാറ്റിയ സുപ്രീം കോടതിയുടെ 'നവാസ് വേഴ്‌സസ് സ്റ്റേറ്റ്' ഉള്‍പ്പെടെയുള്ള മുന്‍വിധികള്‍ ഹൈക്കോടതി ഇതിനായി ആധാരമാക്കി. സമാനമായ രീതിയില്‍, ഒരു ഭാര്യ തനിക്ക് ''ആയിരം ഭര്‍ത്താക്കന്മാരെ'' വെക്കാന്‍ കഴിയുമെന്ന് പറയുന്നത് ഭര്‍ത്താവിന്റെ അന്തസ്സിനും മൂല്യത്തിനും നേരെയുള്ള പരോക്ഷമായ ആക്രമണമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ബെഞ്ച് നിരീക്ഷിച്ചു. ''ഇത് ഭര്‍ത്താവിന്റെ വിലയില്ലായ്മയെക്കുറിച്ചുള്ള പരോക്ഷമായ ഒരു പരാമര്‍ശമാണ്. അതായത് ഒരു മനുഷ്യനെന്ന നിലയിലോ ഭര്‍ത്താവെന്ന നിലയിലോ അവന് യാതൊരു മൂല്യവുമില്ലെന്ന് അര്‍ത്ഥമാക്കുന്നു. അതിനാല്‍, ഇതിനെ പെട്ടെന്നുള്ളതും കടുത്തതുമായ പ്രകോപനമായി കണക്കാക്കാം....'' എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. കിരണിന്റെ മരണത്തിന് ഉത്തരവാദി പ്രതിയാണെങ്കിലും, സെക്ഷന്‍ 304 പാര്‍ട്ട് 1 പ്രകാരമുള്ള ശിക്ഷയ്ക്ക് ഈ വസ്തുതകള്‍ ന്യായീകരിക്കുന്നില്ലെന്ന് കോടതി ഒടുവില്‍ വിലയിരുത്തി.

ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ നിന്നും കോടതി വിധിയില്‍ നിന്നും നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പകര്‍ത്തുാന്‍ കഴിയുന്ന പ്രധാനപ്പെട്ട ചില സുപ്രധാനമായ കാര്യങ്ങളുണ്ട്. ''വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നത് വാളുകൊണ്ട് മുറിവേല്‍പ്പിക്കുന്നതിനേക്കാള്‍ ആഴമുള്ളതാകാം...'' കുടുംബ ജീവിതത്തിലോ വ്യക്തിബന്ധങ്ങളിലോ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ പങ്കാളിയുടെ ആത്മാഭിമാനത്തെയോ വ്യക്തിത്വത്തെയോ തകര്‍ക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു നിമിഷത്തെ ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ക്ക് ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ ശേഷിയുണ്ട്. പരസ്പര ബഹുമാനത്തോടെയുള്ള ആശയവിനിമയമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ.

ഈ കേസ് ആത്മസംയമനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിരല്‍ ചൂണ്ടുന്നു. പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളും ദേഷ്യവും മനുഷ്യസഹജമാണ്. എന്നാല്‍ ആ നിമിഷത്തില്‍ വിവേകം നഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത് തിരിച്ചുപിടിക്കാനാകാത്ത വലിയ ദുരന്തങ്ങളായിരിക്കും. ദേഷ്യം തോന്നുമ്പോള്‍ ആ സാഹചര്യത്തില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാനോ, സ്വയം നിയന്ത്രിക്കാനോ ശീലിക്കുന്നത് ഒരു ജീവനും ഒരു കുടുംബവും തകരാതെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. എല്ലാ ദാമ്പത്യത്തിലും അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും സ്വാഭാവികമാണ്. എന്നാല്‍ അവ പരിഹരിക്കേണ്ടത് പരസ്പരം താഴ്ത്തിക്കെട്ടിക്കൊണ്ടോ അന്തസ്സിനെ ചോദ്യം ചെയ്തുകൊണ്ടോ ആകരുത്. പങ്കാളിയുടെ ഭാഗത്തുനിന്ന് തെറ്റുകള്‍ ഉണ്ടായാല്‍ പോലും, അത് സമാധാനപരമായി സംസാരിച്ചു തീര്‍ക്കാനുള്ള പക്വത കാണിക്കുകയാണ് വേണ്ടത്.

നിയമപരമായ വശങ്ങള്‍ക്കപ്പുറം, ഈ സംഭവം സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം വിവേകത്തോടെയുള്ള ആശയവിനിമയവും ആത്മനിയന്ത്രണവുമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ കാതല്‍ എന്നതാണ്. ക്ഷിപ്ര കോപത്തിന്റെ നിമിഷങ്ങളില്‍ നാവുകളെയും കൈകളെയും നിയന്ത്രിക്കാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ പെട്ടുപോകും. പരസ്പരം മനസ്സിലാക്കാനും, ബഹുമാനിക്കാനും, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനും തയ്യാറാകുന്നതിലൂടെ മാത്രമേ സമാധാനപൂര്‍ണ്ണമായ ഒരു കുടുംബവും സമൂഹവും കെട്ടിപ്പടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഒരു നിമിഷത്തെ അവിവേകം കൊണ്ട് ജീവിതം ഇരുളടഞ്ഞുപോകാതിരിക്കാന്‍ വിവേകപൂര്‍വ്വമായ ചിന്ത എപ്പോഴും കൂടെയുണ്ടാകണെന്നാണ് ഈ കേസ് നല്‍കുന്ന വലിയ പാഠം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക