Image

'വീണുടയാത്ത സംഗീത കീരീടം ' ; എം. ജി. രാധാകൃഷണൻ : ആർ. ഗോപാലകൃഷ്ണൻ

Published on 02 July, 2026
'വീണുടയാത്ത സംഗീത കീരീടം ' ; എം. ജി. രാധാകൃഷണൻ : ആർ. ഗോപാലകൃഷ്ണൻ

"...തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ഈണങ്ങള്‍ മനസില്‍ കൊരുത്ത് ഒരു മനുഷ്യന്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും ആകാശവാണിയിലെത്തിയിട്ടുളളവര്‍ മറക്കാനിടയില്ലാത്ത കാഴ്ച. ആകാശവാണിയുടെ വരാന്തകളിലും ഇടനാഴികളിലും മൂന്നുപതിറ്റാണ്ടിലേറെ 'അഷ്ടപദിലയം തുളളിത്തുളുമ്പുന്ന’ മനസുമായി ജീവിച്ച്… ലളിതസംഗീതത്തിൻ്റെ മാണിക്യവീണ നമുക്കു സമ്മാനിച്ച എം.ജി.രാധാകൃഷ്ണന്‍...." ടി. ജി. ബൈജുനാഥ് വരയ്ക്കുന്ന ഈ സ്‌മൃതിചിത്രം, ഈണവിസ്മയങ്ങള്‍ സൃഷ്ടിച്ച ഈ സംഗീതകാരന്റെ മായാത്ത ഓർമ്മകളാണ് നൽകുന്നത്.

എം. ജി. രാധാകൃഷണൻ 16-ാം ഓർമ്മദിനം ഇന്ന്... സ്മരണാഞ്ജലികൾ! 

'പാട്ടിലെ എം. ജി. ആർ.' എന്ന എം. ജി. രാധാകൃഷണൻ നലകിയ സംഭാവന മറക്കാനാകാത്ത ഒരു കൂട്ടം സിനിമാ ഗാനങ്ങൾ മാത്രമായിരുന്നില്ല എന്നാണ് എന്റെ പക്ഷം: വിദ്യാലങ്ങളിലും നാട്ടിൻപുറങ്ങളിലും പാട്ടിന്റെ പാഠങ്ങൾ അസുലഭമായിരുന്ന 70-തുകളിൽ, റേഡിയോ പാട്ടിന്റെ പാലാഴി തീർത്തുവെന്നത് വഴി, എം. ജി. ആർ. എന്ന ഈ 'സ്വരരാഗ മന്നൻ' കേരളത്തിന് നൽകിയത് ഒരു സംഗീത സംസ്കരമാണ്.

1940 ഓഗസ്റ്റ് എട്ടിനു (കർക്കിടകത്തിലെ കാർ‍ത്തിക നാളിൽ‍) ഹരിപ്പാട്ട് പിലാപ്പുഴ മേടയിൽ എം. ജി. രാധാകൃഷ്ണന്‍ ജനിച്ചു. അച്ഛന്‍ നാടക സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായര്‍. അമ്മ അധ്യാപികയും പാട്ടുകാരിയും ഹരികഥാ നിപുണയുമായിരുന്ന കമലാക്ഷിയമ്മ. സിനിമാഗായകനായ എം. ജി. ശ്രീകുമാർ, കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

ഹരിപ്പാട് ബോയ്‌സ് ഹൈസ്കൂളില്‍ പത്താംതരവും തുടര്‍ന്ന് ആലപ്പുഴ എസ്. ഡി. കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി; തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം: യേശുദാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍, തിരുവിഴ ജയശങ്കര്‍ തുടങ്ങിയവര്‍ അവിടത്തെ സതീർത്ഥ്യർ.

1962-ൽ ആകാശവാണിയില്‍ സംഗീത വിഭാഗത്തിൽ ജോലിയില്‍ പ്രവേശിച്ചു; 2000-ത്തിൽ ഒന്നാം ഗ്രേഡ് മ്യൂസിക് കംപോസറായി ജോലിയില്‍ നിന്ന് വിരമിച്ചു. ആകാശവാണിയില്‍ എം. ജി. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന 'ലളിതസംഗീത പാഠം' അദ്ദേഹത്തിന് നിരവധി ശ്രോതാക്കളെ ഉണ്ടാക്കിക്കൊടുത്തു. ടെലിവിഷനും കാസറ്റുകളും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ 'ലളിതസംഗീതപാഠം' ഏറെ പ്രശസ്തിയാര്‍ജ്ജിച്ചു....

രാവിലെ 7.40 നു പ്രക്ഷേപണം ചെയ്തിരുന്ന ലളിതസംഗീതപാഠം, രാധാകൃഷ്ണൻ്റെ വരവോടെ ഏറെ ജനപ്രിയമായി. ലളിതഗാനങ്ങള്‍ സംഗീതം നല്കി പഠിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി. കാവാലമെഴുതി എം.ജി.ആര്‍. ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു: 'ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ മഴവില്ലിന്‍ മാണിക്യവീണ…', 'ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍...' എന്നിവ യുവജനോത്സവവേദികളില്‍ നിറഞ്ഞൊഴുകി. 'ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ…', 'ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു…', 'അഷ്ടപദിലയം തുളളിത്തുളുമ്പും അമ്പലപ്പുഴയിലെ നാലമ്പലത്തില്‍…', പി.ഭാസ്ക്കരന്റെ രചനയില്‍ 'മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി അപ്പോള്‍ മധുമാസചന്ദ്രന്‍ വന്നു മടങ്ങിപ്പോയി…' തുടങ്ങിയ ലളിതഗാനങ്ങള്‍ സിനിമാഗാനങ്ങളെ വെല്ലുന്ന ജനപിന്തുണ നേടി. ഭാര്യ പദ്മജയെഴുതിയ 'ഒരു മാത്ര ഞാനൊന്നു കണ്ടേയുള്ളൂ ….' എന്ന ഗാനം എം. ജി. രാധാകൃഷ്ണന്‍റെ സംഗീതസംവിധാനത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു.

അദ്ദേഹം സിനിമാസംഗീതത്തിൽ എം. ജി. ആർ.-ൻ്റെ രംഗ പ്രവേശം ‘കള്ളിച്ചെല്ലമ്മ’ (1969) എന്ന സിനിമയില്‍ ഒരു ഗായകനായിട്ടായിരുന്നു; ആ ഗാനത്തിന് ശേഷം കുമാരസംഭവം (1969); നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി (1970); ഒതേനന്റെ മകന്‍ (1970); അഭയം (1970); ശരശയ്യ (1971); പുത്തന്‍ വീട് (1971); മഴക്കാറ് (1973); ഏണിപ്പടികള്‍ (1973) എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. പിന്നീട് സിനിമസംഗീത സംവിധാനത്തിൽ എം. ജി. രാധാകൃഷ്ണന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1978-ല്‍ ജി. അരവിന്ദന്റെ പ്രശസ്തമായ ‘തമ്പ്’എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി മാറി. (തൻ സംഗീതം കൊടുത്ത ചിത്രങ്ങളിലുംപാടിയിട്ടുണ്ട്.) എസ്‌. ജാനകിക്ക്‌ മികച്ചഗാനത്തിനുളള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത ‘തകര'യിലെ ‘മൗനമേ നിറയും മൗനമേ...." എന്ന ഗാനം എക്കാലത്തെയും വലിയ ഹിറ്റാണ്. മണിച്ചിത്രത്താഴ്‌ മറ്റൊരു വലിയ ഹിറ്റാണ്...

'മണിച്ചിത്രത്താഴ്‌', 'അദ്വൈതം', 'അഗ്നിദേവന്‍', 'കണ്ണെഴുതി പൊട്ടും തൊട്ട്‌', 'കാശ്മീരം', 'തകര', 'ചാമരം', 'ദേവാസുരം', സര്‍വകലാശാല തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം. ജി. രാധാകൃഷ്ണന്‍ മലയാള സിനിമാ സംഗീതസംവിധായകരുടെ മുന്‍നിരയിലേക്കുയര്‍ന്നു. 30-ഓളം ചലച്ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. 'അച്ഛനെയാണെനിക്കിഷ്ടം', 'അനന്തഭദ്രം' എന്നീ ചിത്രങ്ങളിലൂടെ 2001 ലും 2005 ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടി. ആകെ സംഗീതം 83 സിനിമകളിലെ 334 പാട്ടുകള്‍; ആലാപനം: 24 സിനിമകളിലെ 37 പാട്ടുകള്‍, പശ്ചാത്തല സംഗീതം നാല് എണ്ണം.

കെ. എസ്. ചിത്ര എന്ന മഹാഗായികയെ ആദ്യമായി പാടിച്ചത് ഇദ്ദേഹമാണ്:- (1982-ലെ 'ഞാൻ ഏകനാണ്' എന്ന ചിത്രത്തിലെ 'രജനീ പറയൂ ..' "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം; 'സ്നേഹപൂർവ്വം മീര'(1982 ) എന്ന ചിത്രത്തിലും ചിത്രക്ക് എംജി രാധാകൃഷ്ണൻ അവസരം നൽകി. ആദ്യം റെക്കോർഡ് ചെയ്തത് 'അട്ടഹാസം' (1984)'ചെല്ലം... ചെല്ലം...' ആണെന്ന് പറയപ്പെടുന്നു. -ചിത്രയുടെ ചേച്ചി കെ എസ്. ബീനയും ഇതിൽ പാടിയിട്ടുണ്ട്.) തൻ്റെ തന്നെ സഹോദരനായ എം. ജി. ശ്രീകുമാര്‍, വേണുഗോപാൽ, അരുന്ധതി, കെ എസ്. ബീന തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകർക്കും ആദ്യാവസരം നൽകി സിനിമയിലേക്കു പ്രവേശിക്കുവാന്‍ വീഥിയൊരുക്കിയത് എം. ജി. രാധാകൃഷ്ണന്‍ ആയിരുന്നു.

'അച്ഛനെയാണെനിക്കിഷ്ടം', 'അനന്തഭദ്രം' എന്നീ ചിത്രങ്ങളിലൂടെ 2001 -ലും 2005 -ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടി. 1995ല്‍ ലളിതസംഗീതത്തിന്‌ കേരള സംഗീത നാടക അക്കാദമി അവാര്‍ഡു ലഭിച്ചു. 'മണിച്ചിത്രത്താഴ്‌', 'ദേവാസുരം' എന്നരണ്ട് ഹിറ്റ് ചിത്രങ്ങൾ എം. ജി. രാധാകൃഷ്ണന്‍ ചെയത വർഷമായിരുന്നു 1993. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നിശ്ച്മായും കിട്ടും എന്ന് എല്ലാരും കരുതി. സമിതിയിൽ ഉണ്ടായിരുന്ന ഞങ്ങളും അങ്ങനെ കരുതി. പക്ഷേ, കിട്ടിയില്ല! സമിതിയിൽ ഉണ്ടയിരുന്ന പാട്ടുകാരൻ കമുകറ പുരുഷോത്തമൻ 'സോപാനം' (ജയരാജ്) എന്ന ശാസ്ത്രിയ സംഗീതചിത്രത്തിന് സംഗീതം നൽകിയ എസ്‌. പി. വെങ്കിടേഷിനു തന്നെ നൽകണമെന്ന് വാദിച്ചു.... അതിനു കൊടുക്കേണ്ടിവന്നു....

ലളിതഗാനപാഠത്തിലൂടെ സാധാരണ മലയാളിക്കു ഭാവസുന്ദരഗാനങ്ങള്‍ പരിചയപ്പെടുത്തി. കര്‍ണാടസംഗീതത്തില്‍ ആധികാരികജ്ഞാനം നേടിയപ്പൊഴും നാടന്‍സംഗീതത്തിന്റെ താളം മറന്നില്ല. കവിതയ്ക്കു ചേരുന്ന സംഗീതം ചാര്‍ത്തി. മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗാനങ്ങളെ ജനപ്രിയമാക്കി. സോപാനസംഗീതവും നാടന്‍ വായ്ത്താരികളും ശാസ്ത്രീയസംഗീതവും ഗാനങ്ങളില്‍ ചേരുംപടി ചേര്‍ത്തു. ശുദ്ധസംഗീതത്തിന്റെ തനിമ ചോരാതെ ഭാവാര്‍ദ്രഗാനങ്ങളൊരുക്കി.

പരേതയായ എം.പി. പത്മജയാണ് ഭാര്യ. എഞ്ചിനീയറിംഗ്‌ ബിരുദധാരി കാര്‍ത്തികയും പ്രിയദര്‍ശന്‍റെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ സൗണ്ട്‌ എഞ്ചിനീയറായ രാജകൃഷ്ണനും ആണ് മക്കള്‍.

2010 ജൂലൈ 2-നു്, എഴുപതാം വയസ്സിൽ, അദ്ദേഹം തിരുവനന്തപുരത്തു വച്ച് അന്തരിച്ചു. ഭാര്യ പദ്‌മജ വിടപറഞ്ഞട്ടു അഞ്ചു വർഷം കഴിഞ്ഞു...

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക