Image

ഇന്ത്യയെ കണ്ടെത്താന്‍.....(യാത്ര: എം.കെ നാരായണമൂർത്തി)

Published on 02 July, 2026
ഇന്ത്യയെ  കണ്ടെത്താന്‍.....(യാത്ര: എം.കെ നാരായണമൂർത്തി)

അടുത്ത നിമിഷത്തിന്റെ ഉറപ്പില്ലായ്മയാണ് യാത്രകളുടെ ലഹരിയെന്ന് ഈ യാത്രയിലെ നാലാൾക്കുമറിയാം. ജൂലായ് 18-ാം തീയതി കേരളത്തിന്റെ ഉത്തരദേശത്തെ മട്ടന്നൂരിൽ നിന്ന് ആരംഭിച്ച് കർണ്ണാടക,തെലുങ്കാന,മഹാരാഷ്ട്ര,മധ്യപ്രദേശ്,ഉത്തർപ്രദേശ്,ബീഹാർ,പശ്ചിമബംഗാൾ,ആസ്സാം,മിസ്സോറാം,ത്രിപുര,മേഘാലയ,അരുണാചൽ പ്രദേശ്,സിക്കിം,മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലേക്ക് മൂന്ന് മാസം നീണ്ടു നിൽക്കുന്ന യാത്രയിലാണ് ഈ  നാല്‍വര്‍ സംഘം

"Traveling – it leaves you speechless, then turns you into a storyteller."

-ഇബ്നുബത്തൂത്ത

യാത്രകൾ നൽകുന്ന പാഠങ്ങളും അനുഭവങ്ങളും നൽകാൻ ഒരു പാഠപുസ്തകത്തിനും സാധിക്കില്ലെന്നത് എന്റെ മാത്രമല്ല,എല്ലാ യാത്രികരുടേയും നേരനുഭവമാണ്.മരം തോർന്നു നിൽക്കുന്ന കാലത്ത് അടുത്ത അന്നം എപ്പോഴെന്ന് അറിയാത്ത ജനതതികളെ തൊട്ടറിഞ്ഞുള്ള ഓരോ യാത്രകളും നമ്മളെ കാമ-ക്രോധ-ലോഭ മോഹാദികളിൽ നിന്നും കരകയറ്റും.ജീവിതത്തിന് വെറും തൂവലിന്റെ ഭാരം മാത്രം.ഭാഷകൾ കൈമുദ്രകളിലേക്കും ഇമചിമ്മാത്ത കണ്ണുകളിലുമായി ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യുന്നതും യാത്രകളിലാണ്.കവിയുടെ കാൽപ്പാടുകൾ പേറിയുള്ള യാത്രകൾ.വഴിയരികിൽ പനങ്കള്ള് വിൽക്കുന്ന ദാരിദ്ര്യ പേക്കോലങ്ങളിൽ നിന്നും ലഹരി മോന്തി പരാജയപ്പെടുന്ന യാത്രികർ.

ഇക്കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പ് കാലത്താണ് ട്രെയിനും വിമാനവും ഉപേക്ഷിച്ച് കാറിൽ തിരുവനന്തപുരത്ത് നിന്നും കൊൽക്കട്ടയിലേക്ക് യാത്ര പോയത്.തെക്ക് നിന്നും കിഴക്ക് തേടിയുള്ള യാത്ര.ദേശീയപാത ഉപേക്ഷിച്ച് ഇന്ത്യൻ ഗ്രാമങ്ങളെ അറിഞ്ഞുള്ള യാത്ര.ഞാനും മാധ്യമപ്രവർത്തകരായ മാങ്ങാട് രത്നാകരനും ജയശ്ചന്ദ്രൻ കല്ലിംഗലും യുവ ഫോട്ടോ ജേർണലിസ്റ്റ് യദകൃഷ്ണൻ പി അയ്യല്ലൂരും ചേർന്ന് ഒരു ഇലക്ട്രിക് കാറിലായിരുന്നു ആ യാത്ര.ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഇലക്ട്രിക് ചക്രങ്ങളിലേക്ക് മാറൂ എന്ന് ആഹ്വാനം ചെയ്യുന്ന ഭരണനിപുണന്മാർ ഒരിക്കലെങ്കിലും ഇത്രയും ദൂരം ഒരു ഇലക്ട്രിക് വാഹനത്തിൽ യാത്ര ചെയ്യണം.ആ യാത്രയിൽ കണ്ട ജീവിതങ്ങൾ കനലായാണ് ഇന്നും മനസ്സിലുള്ളത്.റോഡ് വക്കത്തെ പൊട്ടിയൊലിക്കുന്ന പൈപ്പിൽ ദാഹം തീർക്കുന്ന എന്റെ ഇന്ത്യയെ ഞാനറിഞ്ഞു.എന്റെ കൂടെയുണ്ടായിരുന്നവർ വെറുതെ അറിയുകയായിരുന്നില്ല,അനുഭവിക്കുകയായിരുന്നു.തിരുവനന്തപുരത്തിന്റെ സുരക്ഷിതത്വത്തിൽ സായാഹ്നങ്ങളെ ഉന്മാദത്തിലേക്ക് തള്ളിവിട്ട് നെരൂദ മുതൽ എംബാപെ വരെയുള്ളവരെ കുറിച്ച് ചർച്ച ചെയ്യുന്ന ഞങ്ങൾക്ക് ആ യാത്ര നൽകിയത് മനുഷ്യരെ കാണാനുള്ള വിവേകമായിരുന്നു.

ആ വിവേകത്തിൽ നിന്നാണ് അടുത്ത യാത്രയുടെ പ്ളാൻ ഉദയം ചെയ്തത്.ഇവിടെ ഞാൻ കുറിക്കുന്നത് ഇനി ചെയ്യാൻ പോകുന്ന ഒരു യാത്രയെ കുറിച്ചാണ്.ഒരു കർട്ടൻ റൈസർ.ജൂലായ് 18-ാം തീയതി കേരളത്തിന്റെ ഉത്തരദേശത്തെ മട്ടന്നൂരിൽ നിന്ന് ആരംഭിച്ച് കർണ്ണാടക,തെലുങ്കാന,മഹാരാഷ്ട്ര,മധ്യപ്രദേശ്, ഉത്തർപ്രദേശ്,ബീഹാർ,പശ്ചിമബംഗാൾ,ആസ്സാം,മിസ്സോറാം,ത്രിപുര,മേഘാലയ,അരുണാചൽ പ്രദേശ്,സിക്കിം,മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലേക്ക് മൂന്ന് മാസം നീണ്ടു നിൽക്കുന്ന യാത്ര.ഇന്ത്യയുടെ തെക്കു നിന്നും ആരംഭിച്ച് മധ്യേന്ത്യ വഴി കാവേരിയേയും ഗോദാവരിയേയും യമുനയേയും ഗംഗയേയും ബ്രഹ്മപുത്രയേയും സാക്ഷിയാക്കിയുള്ള ഈ യാത്ര ഹിമാലയത്തിന്റെ മടിത്തട്ടിലെത്തുന്നത് മോക്ഷം തേടിയല്ല.മനുഷ്യജീവിതങ്ങളെ തേടിയാണ്.ഇന്ത്യൻ ബഹുസ്വരതയുടെ രാഷ്ട്രീയം തൊട്ടറിയാനുള്ള പ്രയാണം.കത്തിക്കാളുന്ന സൂര്യനെ സാക്ഷിയാക്കി തുടങ്ങുന്ന യാത്ര നോർത്ത് ഈസ്റ്റിലെത്തുമ്പോൾ കലിതുള്ളി നിൽക്കുന്ന ബ്രഹ്മപുത്രയാണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് അറിയാഞ്ഞിട്ടല്ല.സുരക്ഷിത യാത്ര എന്നത് വെറുമൊരു ടൂറിസ്റ്റിക് ജാർഗൺ മാത്രമാണ്.അടുത്ത നിമിഷത്തിന്റെ ഉറപ്പില്ലായ്മയാണ് യാത്രകളുടെ ലഹരിയെന്ന് ഈ യാത്രയിലെ നാലാൾക്കുമറിയാം.ചിലവു കുറയ്ക്കാനായി മാരുതി എക്സ്പ്രസ്സോയിലാണ് സഞ്ചാരം.

ഫോട്ടോ ഡോക്യുമെന്റേഷൻ,വീഡിയോ പ്രൊഫൈലിംഗ്,ഡാറ്റാ കളക്ഷൻ ആന്റ് അനാലിസിസ്,പൊളിക്കൽ അപ്ഡേഷൻ തുടങ്ങിയവയാണ് ഈ യാത്രയുടെ പ്രധാന ഫോക്കസ്.അതിനു വേണ്ടിയുള്ള ഉപകരണങ്ങളുമായാണ് പോകുന്നതും.ദൃശ്യമാധ്യമരംഗത്ത് വളരെയേറെ കാലത്തെ പ്രവർത്തി പരിചയമുള്ള മാങ്ങാട് രത്നാകരനും ജയശ്ചന്ദ്രനും ഡോക്യുമെൻഷൻ ആന്റ് റിസർച്ചിൽ അവഗാഹമുള്ളതും പുതിയ ദൃശ്യോപകരണങ്ങളിൽ അഭിരമിക്കുന്നയാളുമായ യദുവിന്റെ സഹയാത്രികത്വവും എനിക്ക് വലിയ മുതൽക്കൂട്ടാണ്.യാത്രയ്ക്കാവശ്യമായ ധനസമാഹരണമെന്നത് സഹൃദയരായ സുഹൃത്തുക്കളുടെ സുമനസ്സ് കൊണ്ട് നടന്നു വരുന്നു.
ഈ യാത്രയുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും വേണ്ട സുഹൃത്തുക്കൾ എന്നെ വാട്സ്ആപ്പിൽ ബന്ധപ്പെട്ടാൽ മതിയാകും.യാത്രാസഹായം നൽകാൻ കഴിയുന്നവരും വാട്സ്ആപ്പിൽ ബന്ധപ്പെടുമെല്ലോ.വാട്സ്ആപ്പ് നമ്പർ 7907237930.ലക്ഷ്യത്തില്‍ എത്താന്‍ എല്ലാ സഹായവും അവശ്യമായ സന്ദര്‍ഭമാണിത് .

യാത്രയുടെ പ്ളാനിംഗ് മുതൽ ഞങ്ങളുടെ കൂടെയുള്ള സി.പി.എം ജനറൽ സെക്രട്ടറി .എം.എ ബേബി,.ശൈലജ ടീച്ചർ,മാധ്യമ പ്രവർത്തകരായ ആർ.രാജഗോപാൽ,വെങ്കിടേഷ് രാമകൃഷ്ണൻ,ഒ.കെ ജോണി,ഗുവഹത്തിയിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ഉമാനന്ദ് ജയ്സ്വാൾ,,ഇന്ത്യാ ടുഡെ മുൻ എഡിറ്റർ പി.കെ ശ്രീനിവാസൻ,പ്രശസ്ത ചിത്രകാരൻ ബാര ഭാസ്കരൻ,മലബാർ ഗോൾഡിന്റെ ഡയറക്ടർ ബോർഡ് അംഗം നിഷാദ്,ഇതു വരെ നേരിൽ കണ്ടിട്ടില്ലാത്ത ബിസിനസ്സുകാരനായ സുഹൃത്ത് .രതീഷ് തുടങ്ങിയവരെ ഇപ്പോഴോർക്കുകയാണ്.വടക്കുകിഴക്കൻ മേഖലയിലെ മലയാളികളായ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയത് .രതീഷാണ്.അറിയപ്പെടാത്ത ഇന്ത്യയെ നമുക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ നീണ്ട യാത്ര

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക