Image

ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടത് രണ്ടുതവണ! അനുഭവം പങ്കുവച്ച് രാജമൗലി

Published on 02 July, 2026
 ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടത് രണ്ടുതവണ! അനുഭവം പങ്കുവച്ച് രാജമൗലി

 

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ടു ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇന്ത്യന്‍ സിനിമയുടെ അഭിമാനം ആഗോളതലത്തില്‍ ഉയര്‍ത്തിയ രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകന്‍ ജെയിംസ് കാമറൂണിനെ നേരില്‍ കണ്ടതിന്റെ ഓര്‍മകള്‍ പങ്കുവച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നു.

രാജമൗലിയുടെ ഈച്ച, ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ പ്രമോഷണല്‍ പരിപാടിക്കിടെയാണ് പാരീസിലെ അതിപ്രശസ്തമായ ഗ്രാന്റ് റെക്‌സ് തിയേറ്ററില്‍ ടൈറ്റാനിക്കിന്റെയും ബാഹുബലിയുടെയും സംവിധായകര്‍ കണ്ടുമുട്ടിയത്. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആര്‍ആര്‍ആര്‍ ജെയിംസ് കാമറൂണ്‍ രണ്ടുതവണയാണ് കണ്ടതെന്ന് രാജമൗലി വെളിപ്പെടുത്തി.
ഒരു ആരാധകന്റെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഞാന്‍ അദ്ദേഹത്തെ നോക്കിനിന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രം എത്രത്തോളം മികച്ചതാണെന്നും താന്‍ അത് രണ്ടുതവണ കണ്ടുവെന്നും അദ്ദേഹം എന്നോട് പറയുകയായിരുന്നു- രാജമൗലി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിര്‍മിത ബുദ്ധി (എഐ) യുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. എഐയുടെ വരവ് തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് രാജമൗലി പറഞ്ഞപ്പോള്‍, എഐക്ക് ഒരിക്കലും യഥാര്‍ഥ സിനിമാനിര്‍മാണത്തെ മറികടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂണ്‍ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി കൂട്ടിച്ചേര്‍ത്തു.

ഈച്ച, ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പുകള്‍ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. ഫ്രാന്‍സും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്‌ബോള്‍ മത്സരം നടക്കുന്‌പോഴും ആര്‍ആര്‍ആര്‍ സ്‌ക്രീനിംഗിന് പാരീസിലെ തിയേറ്ററുകളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രതികരണത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പാരീസിലെ സ്വീകരണം.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ വാരണാസിയുടെ തിരക്കുകളിലാണ് രാജമൗലി ഇപ്പോള്‍. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്റെ രംഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക