
കഴിഞ്ഞ പത്ത് വർഷമായി കാണാതിരുന്ന വഴി തടയൽ റോഡ് പിക്കറ്റിംഗ് കല്ലേറ് ജല പീരങ്കി പ്രയോഗം നിയമ സഭ തല്ലിപൊളിക്കൽ തുടങ്ങിയ കല രൂപങ്ങൾ വീണ്ടും കേരളത്തിൽ കണ്ടു തുടങ്ങി. കഴിഞ്ഞ ഒരു മാസ്സമായി സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം കേരള ജനത മറന്നുപോയ ഈ കലാരൂപങ്ങളെല്ലാം ജനത്തെ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇടതു പക്ഷമെന്ന് ഇപ്പോൾ പറയാൻ സി പി എം മാത്രമായിക്കൊണ്ടിരിക്കുന്നു എന്നുവേണം പറയാൻ. ശിഖിരങ്ങൾ എല്ലാം ഉണങ്ങിയ ഒരു വൃക്ഷമാനിന്ന് ഇടതുപക്ഷമെന്ന് പറയുന്നതാണ് ശരി. കഴിഞ്ഞ നിയമസഭയിൽ ഇമ്മിണി വലിയ പാർട്ടിക്കാരായിരുന്നു കേരള കോൺഗ്രസ്സ് മാണിയും സി പി ഐയ്യും. അതിൽ ഈ നിയമ സഭാ ഇലക്ഷനിൽ കേരള കോൺഗ്രസ്സ് മാണിയുടെ രണ്ടില വാടിക്കരിഞ്ഞ നിലയിലായി. പിന്നെയുള്ള സി പി ഐ അല്പം പച്ചയായി ഏത് നിമിഷവും വീഴാവുന്ന നിലയിലാണ്.
ഉന്തിയ വയറും ശോഷിച്ച കൈയ്യും കാലുമായി പട്ടിണി രാജ്യത്തെ മനുഷ്യരെ പോലെയാണ് ഇടതു പക്ഷത്തെ നയിക്കുന്ന സി പി എമ്മിന്റെ അവസ്ഥ. അങ്ങനെ ഇടതുപക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാവസ്ഥയിലെത്തിനിൽക്കുമ്പോഴും സി പി എമ്മും മുട്ടിലിഴഞ് നടക്കുന്ന സി പി ഐയും ജനത്തിനു മുൻപിൽ ആളാകാനും ജ്ഞ്യാങ്ങൾ ശക്തരാണെന്ന് കാണിക്കാനും അവരുടെ പഴയ കലാ രൂപങ്ങൾ പുറത്തെടുത്തിരിക്കുകയാണ്. വി ഡി സതീശൻ സർക്കാർ ഭരണം തുടങ്ങിയിട്ട് ഒരുമാസം കഷ്ടിച്ച് ആകുന്നതേയുള്ളുവെങ്കിലും സി പി എമ്മും ഇടതുപക്ഷവും അവരുടെ പഴയ കാലഹരണ പ്പെട്ട സമരവുമായി രംഗത്ത് വന്നിരിക്കുകയാണ്. മനുഷ്യർ ചന്ദ്രനിൽ പോയി കപ്പ നടാൻ പറമ്പ് കിളച്ചുകൊണ്ടിരിക്കുമ്പോഴും ചന്ദ്രൻ ഭൂമിയെ വിഴുങ്ങുമെന്നത് പാപ ദോഷമായി കരുതുന്നവരെ പോലെയാണ് സി പി എം ഇന്നും ഈ സമരവുമായി രംഗത്ത് വരുന്നത്.
വഴി തടഞ്ഞും പൊതു മുതൽ നശിപ്പിച്ചും ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചും സമരം നടത്തിയാൽ അത് വൻ വിജയമായി കരുതുന്നവരാണ് സി പി എമ്മും മറ്റ് ഇടത് പക്ഷമുന്നണി പാർട്ടികളും. സമരം നടത്തിയില്ലെങ്കിൽ പാർട്ടിയില്ല എന്ന പഴയ കല സിദ്ധാന്തമാണ് ഇന്നും ഇവർ പാലിക്കപ്പെടുന്നത്. അതാണ് ഒരു സർക്കാർ അധികാരമേറി ഒരുമാസം പോലും ആകുന്നതിനുമുമ്പ് സമരമെന്ന പ്രഹസനവുമായി ഇവർ രംഗത്ത് വരുന്നത്. ഈ കാലഘട്ടത്തിലും പ്രകൃതി രീതിയിൽ സമരം ചെയ്യുന്നവർ ഇന്ന് സി പി എമ്മും ഇടതുപക്ഷവും മാത്രമാണ് അതും കേരളത്തിൽ മാത്രം. സമരം ചെയ്യരുതെന്നല്ല അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുക തന്നെവേണം. എന്നാൽ ആ സമരം ജനങ്ങളെ ദ്രോഹിച്ചുകൊണ്ടും ബുദ്ധിമുട്ടിച്ചുകൊണ്ടുമാകരുത്. എന്നാൽ സാക്ഷര കേരളത്തിൽ സമരം വിജയിക്കണമെങ്കിൽ ജനത്തെ പരമാവധി ബുദ്ധിമുട്ടിച്ചെങ്കിലേ കഴിയൂയെന്നാണ് സത്യം. അതാണ് ഇപ്പോൾ കാണുന്നത്.
രാജാവിനെ ഉപരോധിച്ച് മാഗ്നാകാട്ടകൾ ഒപ്പുവയ്പ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിസ്സകരണവും ബഹിഷ്ക്കരണവും ഹാർത്തലും ബന്ദും ഇന്ത്യക്കാർ നടത്താൻ തുടങ്ങിയിട്ട് രണ്ട് നൂറ്റാണ്ടോളമായി. എന്നാൽ അന്ന് ആ കാലഘട്ടത്തിലായിരുന്നു. ഇന്ന് കാലം മാറി കാലഘട്ടം മാറിമറിഞ്ഞു. കാളവണ്ടിയിൽ പോലും കയറിയിട്ടില്ലാത്തവരുടെ കാലം കഴിഞ്ഞു ഇന്ന് റോക്കറ്റിൽ ബഹിരാകാശത്ത് വിനോദ സഞ്ചാരത്തിന് പോകുന്ന കാലമാണ്. എന്നാൽ കേരളത്തിലെ പ്രതിപക്ഷ സമരങ്ങൾ ഇന്നും പഴയത്. സ്ത്രീകൾക്ക് കെ എസ ആർ ടി സി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിച്ച അന്ന് തന്നെ അത് ശരിയായ രീതിയിലല്ല എന്ന് പറഞ്ഞുകൊണ്ട് ബി ജെ പിയുടെ മഹിളാ മോർച്ച പ്രവർത്തകർ സമരം ചെയ്യുകയുണ്ടായി. ബസ്സുകൾക്കുള്ളിൽ കയറി ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചുകൊണ്ട് നടത്തിയ ആ സമരത്തിൽ ജനങ്ങൾ ശക്തമായ രീതിയിൽ പ്രതികരിച്ചപ്പോൾ അവർ വന്ന വഴിയേ പോയത് ജനം കണ്ടതാണ്.
ഈ സമരങ്ങളെയൊക്കെ ജനം കാണുന്നത് അവരുടെ അത്താഴം മുടക്കികളായിട്ടാണ്. തങ്ങളുടെ പ്രതിഷേധം ജനങ്ങളുടെ ഇടയിൽ പ്രതിഫലനം ഉണ്ടാകണമെങ്കിൽ ടെക്നോളജി ലോകത്ത് എത്രയോ അവസരങ്ങൾ ഉണ്ട് . ഒരു രാത്രികൊണ്ട് ഇന്ത്യയിൽ വൻ ചലനം സൃഷ്ട്ടിക്കാൻ ക്രോക്രോച്ച് പാർട്ടിക്ക് കഴിഞ്ഞു. ആരെയും തടയാനോ ആരുടെയും പൊതുമുതൽ നശിപ്പിക്കാനോ ശ്രമിക്കാതെ അവർ തങ്ങളുടെ പ്രതിഷേധം ജനത്തെ അറിയിച്ചു. ജനം അത് ഏറ്റുവാങ്ങി. അതാണ് ആധുനിക ലോകത്തിന്റെ സമരം. ലോകം കൈവെള്ളയിൽ കിട്ടുന്ന ഈ കാലത്ത് എല്ലാ മേഖലയിലും സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കും അത് തങ്ങളുടെ പ്രതിഷേധത്തിനായി ഉപയോഗിക്കാം. അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ അവസരത്തിനും ആവശ്യത്തിനും വേണ്ടിയാകണം. അല്ലാതെ ആളാകാൻ വേണ്ടി ആകരുത്. ആവശ്യകത അനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമാണ് അംഗീകാരം കിട്ടൂ. അത് സമരങ്ങളായാലും പ്രതിഷേധങ്ങളായാലും എന്ത് തന്നെയായാലും. അല്ലാതെ ആരെയോ കാണിക്കാനും ആളാകാനും വേണ്ടി ചെയ്യുന്നത് ആരോസാരമായി മാറും. അത് രാഷ്ട്രീയ പാർട്ടികൾ ഓർക്കുന്നത് നന്ന്.