Image

കായലോരത്തെ വളകിലുക്കം (സിനിമ / സംഗീതം: എസ്. സുന്ദർദാസ്)

Published on 01 July, 2026
കായലോരത്തെ വളകിലുക്കം (സിനിമ / സംഗീതം: എസ്. സുന്ദർദാസ്)

കോച്ചാട്ടിൽ ബാലകൃഷ്ണ മേനോൻ അവതരിപിച്ച മൊയ്തുവിന്‍റെ പാട്ട്  ഇന്നും ഓര്‍മ്മകളില്‍

കുളിമുറിയുടെ സ്വകാര്യതയിൽപ്പോലും ഒരു പാട്ടുപാടിക്കളയാം എന്ന് വിചാരിക്കാത്ത ഒരാളാണ് ഞാൻ. എന്നിട്ടും എന്റെ ഓർമ്മകളിൽ കുട്ടിക്കാലം മുതൽ അള്ളിപ്പിടിച്ചുനിൽക്കുകയും ജീവിതത്തിലെ ലാഘവ നിമിഷങ്ങളിൽ ഒന്ന് മൂളാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പാട്ടുണ്ട് - 'കായലരികത്ത് വലയെറിഞ്ഞപ്പോൾ...' എന്ന നീലക്കുയിലിലെ പാട്ട്. വാക്കുകൾ കൂട്ടിചൊല്ലാൻ വയ്യാത്ത ആ നാളുകളിലൊന്നിൽ ഒരു കല്യാണ വീട്ടിൽ വെച്ചാണ് ഞാൻ ആ പാട്ട് കേൾക്കുന്നത്. കല്യാണവീടുകളിൽ അക്കാലത്ത് ഗ്രാമഫോൺ പെട്ടിയിൽനിന്നുയരുന്ന പാട്ടുകൾ ആഘോഷത്തിന്റെ ഒരു അനിവാര്യ ഘടകമായിരുന്നു. അന്ന് അവിടെ മറ്റേതെല്ലാം പാട്ടുകളാണ് കേട്ടതെന്ന് ഒരോർമ്മയുമില്ല. എന്നാൽ അന്ന് കല്യാണം കൂടി തിരിച്ചുപോരുമ്പോൾ "കായലരികത്തും" കൂടെ പോന്നു.

പിന്നീട് കുറേനാൾ കഴിഞ്ഞാണ് നാട്ടിലെ പൂരക്കാലത്ത് വന്നെത്തുന്ന ഒരു ടൂറിംഗ് ടാക്കീസിൽനിന്ന് 'നീലക്കുയിൽ' കാണുന്നത്. അതിനു മുൻപ് കണ്ട മലയാള സിനിമ എന്റെ ഓർമ്മയിലുള്ളത് 'ജീവിതനൗക'യാണ്. അതിലെ 'വരൂ നായികേ വാനിൽ' പോലുള്ള പാട്ടുകൾ കേട്ടുരസിച്ചിട്ടുണ്ടെങ്കിലും ഓർത്തുവെക്കണമെന്നോ മൂളിനടക്കണമെന്നോ തോന്നിയിട്ടില്ല. ബാലൻ മുതലുള്ള സിനിമകൾ കണക്കുകൂട്ടിയാൽ മുപ്പത്തൊൻപതാമത്തെ മലയാളസിനിമയാണ് 1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ. ഗാനങ്ങൾകൊണ്ട് ചരിത്രം രചിച്ച സിനിമയാണത്. മലയാള സിനിമാഗാനങ്ങളിൽ അതുവരെ നിലനിന്നിരുന്ന 'സംസ്കൃതാതിപ്രസരത്തെ' തിരസ്കരിച്ചുകൊണ്ട് നാടൻഭാഷയിലാണ് പി. ഭാസ്കരൻ ആ പാട്ടുകളെഴുതിയത്. നാടൻ പാട്ടുകളുടെ ശൈലിയിലുള്ള ഈണങ്ങളാണ് കെ. രാഘവൻ ആ പാട്ടുകൾക്ക് നൽകിയത്. കോഴിക്കോട് അബ്ദുൽഖാദറും ജാനമ്മ ഡേവിഡും മെഹ്ബൂബും അവർക്കൊപ്പം കെ. രാഘവനും ആ സിനിമയിലെ പാട്ടുകൾ പാടിയത് തനി നാടൻഭാഷയിൽ. ആ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം അബ്ദുൽഖാദർ പാടിയ 'എങ്ങനെ നീമറക്കും കുയിലേ' എന്ന ഗാനമായിരുന്നു.

എന്നാൽ എന്റെ പക്ഷപാതം 'കായലരികത്തി'നോടാണ്. ഒരു കുട്ടിക്ക് പാടി നടക്കാൻ പ്രയാസമുള്ള അതിഖര, ഘോഷാക്ഷരങ്ങൾ ആ പാട്ടിൽ അധികമില്ല. എനിക്ക് പരിചിതമായ ഒരു 'മുസ്ലിം ഭാഷ'യാണ് ആ പാട്ടിലേത്. 'കയിലുംകുത്തി നടക്ക്ണ്' പോലുള്ള പ്രയോഗങ്ങളും 'കമ്പൊടിഞ്ഞൊരു ശീലക്കുട', 'കയറുപൊട്ടിയ പമ്പരം' എന്നിവപോലുള്ള ഉപമകളുമൊക്കെ എന്റെ ഗ്രാമത്തിൽ കേട്ട് പരിചിതമായവയാണ്. മലയാളസിനിമയിലെ ആദ്യത്തെ മാപ്പിളപ്പാട്ടാണ് "കായലരികത്ത്". അതുകൊണ്ടുതന്നെ എന്റെ മുസ്ലിംകളായ കൂട്ടുകാർ ആ പാട്ടിനെ ഒരു ആഘോഷമാക്കിമാറ്റി.

ഈ പാട്ടിനോട് എനിക്ക് പ്രിയമേറാൻ മറ്റൊരു പ്രധാനകാരണമുണ്ട്. സിനിമയിൽ ആ പാട്ടുപാടുന്ന മൊയ്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്റെ നാട്ടുകാരനും എനിക്ക് ഏറെ പരിചയമുള്ള ആളുമായ കോച്ചാട്ടിൽ ബാലകൃഷ്ണ മേനോൻ ആയിരുന്നു. കോഴിക്കോട് റേഡിയോ നിലയത്തിൽ ആർട്ടിസ്റ്റായിരുന്ന ബാലകൃഷ്ണമേനോൻ റേഡിയോവിലെ പല പരിപാടികളിലും മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തി നേടിയിരുന്നു. അന്ന് കോഴിക്കോട് റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരായിരുന്നല്ലോ ഉറൂബ്, പി. ഭാസ്കരൻ, കെ. രാഘവൻ എന്നിവർ. ആ സൗഹൃദമായിരുന്നു മേനോനെ മൊയ്തു എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചത്.

എന്റെ നാടായ അങ്ങാടിപ്പുറത്ത് അങ്ങാടിയിലെ ഒരു കെട്ടിടത്തിന്റെ മുകൾനിലയിലെ ഒരു മുറിയായിരുന്നു ഒരു ഹോമിയോ ചികിത്സകൻ കൂടിയായിരുന്ന മേനോന്റെ താവളം. കുട്ടിക്കാലത്ത് ഒഴിവുകിട്ടുമ്പോൾ പലപ്പോഴും ഞാൻ ആ മുറിയിൽ ചെല്ലും. നീലക്കുയിലിന്റെ, പ്രത്യേകിച്ച് 'കായലരികത്ത്' എന്ന പാട്ടിന്റെ ചിത്രീകരണ വിശേഷങ്ങൾ എത്രയോ തവണ ഞാൻ അദ്ദേഹത്തോടും ചോദിച്ചറിഞ്ഞിട്ടുണ്ട്. സിനിമയിൽ ചാൻസ് ചോദിച്ചുനടക്കുന്ന ശീലമില്ലാത്ത ആളായിരുന്നതുകൊണ്ടാണ് അദ്ദേഹം പിന്നീട് സിനിമകളിൽ അഭിനയിക്കാതിരുന്നതെന്ന് തോന്നുന്നു. രാമു കാര്യാട്ടിന്റെ തന്നെ 'സ്വർഗ്ഗരാജ്യം' എന്നൊരു സിനിമയിലും മേനോൻ অভিনয় ചെയ്തിട്ടുണ്ട്.

പിന്നീട് നാട്ടിൽ അമേച്വർ നാടകരംഗത്ത് അദ്ദേഹം സജീവമായിരുന്നു. 'രോഗികൾ' തുടങ്ങി അദ്ദേഹം അഭിനയിച്ച ചില നാടകങ്ങൾ കാണാനും എനിക്ക് അവസരമുണ്ടായി. എന്നാൽ നാട്ടിൽ 'നീലക്കുയിൽ' തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിലാസം. നാട്ടുകാർ അദ്ദേഹത്തെ 'മൊയ്തു മേനോൻ' എന്നും പരാമർശിച്ചുപോന്നു.

വളരെ വർഷങ്ങൾക്കുശേഷം ഒരു പത്രപ്രവർത്തകനെന്ന നിലയിൽ എനിക്ക് പി. ഭാസ്കരനെ ഇന്റർവ്യൂ ചെയ്യാൻ അവസരമുണ്ടായി. ചെന്നൈയിൽ ഒരു സന്ദർശനത്തിനുവന്നതായിരുന്നു അന്ന് കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനായിരുന്ന അദ്ദേഹം. സംഭാഷണത്തിനൊടുവിൽ ഞാൻ നീലക്കുയിലിന്റെയും കായലരികത്തിന്റെയും ബാലകൃഷ്ണമേനോന്റെയും കാര്യം സൂചിപ്പിച്ചു. അപ്പോൾ അദ്ദേഹം ഒരു സംഭവം വിവരിച്ചു. നീലക്കുയിൽ റിലീസായശേഷം അദ്ദേഹം ഒരിക്കൽ ഡൽഹിയിൽ പോയി. അന്ന് ഡൽഹിയിൽ ഉന്നത പദവിയിലിരുന്നിരുന്ന സർദാർ കെ. എം. പണിക്കരെ കാണുന്നതിനുവേണ്ടി ഭാസ്കരൻ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു. പണിക്കരെ അദ്ദേഹത്തിന് നേരിട്ട് പരിചയമില്ല. പണിക്കരുടെ വസതിയിലെത്തിയ ഭാസ്കരൻ സ്വീകരണമുറിയിൽ കാത്തിരുന്നു. അപ്പോൾ വീട്ടിനകത്തുനിന്നും ആരോ 'കായലരികത്ത്' പാടുന്നതായി കേട്ടു. ഭാസ്കരൻ താല്പര്യത്തോടെ അത് കേട്ടിരിക്കെ പണിക്കർ ആ പാട്ടും മൂളിക്കൊണ്ട് അകത്തുനിന്നും സ്വീകരണമുറിയിലേക്ക് വന്നു. "ആര് എഴുതിയതാണെന്ന് അറിയില്ല, നല്ല പാട്ട്, അല്ലേ?" പണിക്കർ ഭാസ്കരനോട് ചോദിച്ചു.

താനെഴുതിയതാണെന്ന് ഭാസ്കരൻ പറയുമ്പോഴാണ് പണിക്കർ അക്കാര്യം അറിയുന്നത്. മറക്കാനാവാത്ത ഒരനുഭവമായാണ് ഭാസ്കരൻ ആ സംഭവം ഓർമ്മിച്ചത്.

കായലരികത്ത് മലയാള സിനിമയിൽ വലിയൊരു തരംഗമുണ്ടാക്കി. മൊയ്തുവിന്റെ വാർപ്പിൽ ഒരു മുസ്ലിം കഥാപാത്രം, ആ കഥാപാത്രത്തിനൊരു പാട്ട് (വണ്ടീ... പുകവണ്ടീ... പോലുള്ള പാട്ടുകൾ ഓർക്കുക) എന്നത് ഒരു പതിവായി.

നീലക്കുയിൽ ഞാൻ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. അപ്പോഴേക്കും അതിലെ പാട്ടുകളൊക്കെ മനഃപാഠമായി. ഒരിക്കൽ കോഴിക്കോട് ഒരു വിവാഹസൽക്കാരവേളയിൽ കോഴിക്കോട് അബ്ദുൽഖാദർ സുഖമില്ലാതിരുന്നിട്ടും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി 'എങ്ങനെ നീമറക്കും' പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കൽ ജാനമ്മ ഡേവിഡിനെ ചെന്നൈയിലെ അവരുടെ വസതിയിൽ ചെന്ന് കാണുകയുണ്ടായി. അന്ന് അവർ തന്റെ വാർദ്ധക്യം മറന്ന് 'എല്ലാരും ചൊല്ലണ്' പാടിയത് മറക്കാനാവാത്ത ഓർമ്മയാണ്.

എന്നാൽ രാഘവൻ മാസ്റ്ററുടെ ശബ്ദവും ഭാസ്കരന്റെ രചനയും ബാലകൃഷ്ണമേനോന്റെ അഭിനയവും സമ്പന്നമാക്കിയ 'കായലരികത്തിനോട്' തന്നെയാണ് എനിക്ക് പ്രിയം കൂടുതൽ. ഓർമ്മയുടെ കായലോരത്ത് ഇന്നും അതൊരു വളകിലുക്കം പോലെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക