Image

ആത്മരഹസ്യം ( നോവൽ - 21 - മിനി ആന്റണി )

Published on 01 July, 2026
ആത്മരഹസ്യം ( നോവൽ - 21 - മിനി ആന്റണി )

പണ്ട് കുട്ടിക്കാലത്ത് ബസിലിരുന്ന് യാത്ര ചെയ്യുന്ന സമയത്ത് മരങ്ങളും വീടുകളും പുറകോട്ടോടുന്നത് അത്ഭുതത്തോടെ നോക്കിയിരിക്കാറുണ്ട്. പിന്നീട് വളർന്നപ്പോൾ മുന്നോട്ടോടുന്നത് നമ്മളാണെന്ന് മനസ്സിലാക്കിയപ്പോഴും പുറകോട്ടോടുന്ന കാഴ്ചകളിലെ കൗതുകം അതേപോലെ തന്നെയുണ്ടായിരുന്നു. ഇപ്പോഴും തീർത്തും അതില്ലാതായിട്ടില്ല എന്നതാണ് വാസ്തവം.

കാറോടിക്കുന്ന സമയത്ത്  മായ അതാണാലോചിച്ചുകൊണ്ടിരുന്നത്.  ഇപ്പോൾ ഒരോ കാഴ്ച്ചയിലേക്കും കാറെത്തിക്കൊണ്ടിരിക്കുന്നതായാണ് തോന്നുന്നത്.  ചിലപ്പോഴൊക്കെ ജീവിതത്തിൻ്റെ പുറങ്കാഴ്ച്ചകൾ പുറകിലോട്ടോടി മറയുന്നു. ചിലപ്പോഴൊക്കെ കാഴ്ച്ചകളിലേക്ക് മുൻനിശ്ചയത്താലെന്നപോലെ ചെന്നുചേരുന്നു.  അത്തിക്കാവിലേക്ക് വീണ്ടും ചെന്നുചേരുകയാണ്.  ആരോ നിശ്ചയിച്ചുറപ്പിച്ച വഴികളിലൂടെ കറങ്ങിത്തിരിഞ്ഞൊടുവിൽ …..!

തറവാട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ മനസ്സ് സ്വസ്ഥമായതായി തോന്നി.  ഇലക്ഷൻഡ്യൂട്ടിക്കായി വന്ന് തിരിച്ചുപോയപ്പോൾ തുടങ്ങിയ അസ്വസ്ഥതയാണ്. വരാമെന്ന് മറ്റേമ്മയോട് പറഞ്ഞെങ്കിലും അത് തൽക്കാലത്തെ രക്ഷപ്പെടൽ ഉദ്ദേശിച്ച് മാത്രമായിരുന്നു. "ബോധമനസ്സിൻ്റെ തീരുമാനത്തോട് യോജിക്കാൻ അബോധമനസ്സിന് കഴിയാത്തതിൻ്റെയാണ്  തൻ്റെ ഈ പിരിമുറുക്കം “ എന്ന് റൈനു അൽപം ഫിലോസഫിക്കലായി പറഞ്ഞപ്പോഴും  അതൊട്ടും സമ്മതിച്ച് കൊടുത്തില്ല.  

ശരിക്കും നമ്മൾ ചിന്തിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒന്നുമല്ലാത്ത മറ്റൊരാൾ നമുക്കകത്തുണ്ട്. അത്തിക്കാവിലേക്ക് പോകാൻ ആഗ്രഹിക്കുന്നേയില്ലെന്ന് ഒരു മനസ്സ് ഉറച്ച് ചിന്തിക്കുമ്പോൾ തന്നെ ഒന്ന് പോയി നോക്കിയാലെന്താ എന്ന് ഒളിച്ചിരുന്നാലോചിക്കുന്ന മറ്റൊരു മനസ്സ്.  നമ്മളറിയാത്ത നമ്മളേയല്ലാത്ത അങ്ങനെയൊരന്യൻ ആരിലാണില്ലാത്തത്?

മറ്റേമ്മക്ക് വാക്കു കൊടുത്തതാണ്.  പോകാതിരിക്കാനാവില്ലെന്ന ന്യായമോർമ്മപ്പെടുത്തി മനസ് നിർബന്ധിച്ചു കൊണ്ടേയിരുന്നു. കൂട്ടത്തിൽ  റൈനുവിൻ്റെ സ്‌നേഹത്തോടെയുള്ള നിർബന്ധവും.  അല്ലെങ്കിലും മനസ്സറിഞ്ഞ് പെരുമാറുന്നതിൽ അവൾ മിടുക്കിയാണ്.  ഈ ദിവസങ്ങളിലെല്ലാം  അത്തിക്കാവ് ദൂരെയിരുന്ന് പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. ബാഷയെ കണ്ടുപിടിച്ചു എന്ന റൈനുവിൻ്റെ വാദം ആഗ്രഹങ്ങൾക്ക്  ആക്കം കൂട്ടി.  ആ കനാലിൻ്റെ ഓരങ്ങളിലൂടെ  വീണ്ടും നടക്കണം. പറ്റുമെങ്കിൽ  പരത്തിപ്പാറപ്പുറത്ത് കുറച്ചു നേരം ചെന്നിരിക്കണം. ഇതെല്ലാം ആഗ്രഹത്തേക്കാൾ അത്യാവശ്യമായി തോന്നാൻ തുടങ്ങി.

അങ്ങനെയാണ് അധികം വൈകാതെ വീണ്ടും അത്തിക്കാവിലേക്ക് യാത്ര തിരിച്ചത്. യാത്രയിൽ ഓർമ്മകൾ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരുന്നു. വല്ലാതെ ഇഷ്ടപ്പെടുന്നവരെ ഒന്നിപ്പിക്കാത്ത വ്യവസ്ഥിതിയോടുള്ള കലി വീണ്ടും ഉള്ളിൽ നിറഞ്ഞു.

തറവാടിനോട് ചേർന്ന് കാർനിർത്തി ഹോണടിച്ചു.  തറവാടിന് ഒരു മാറ്റവും ഇല്ല. ചുറ്റുമുള്ള പഴയ പലവീടുകളും പുതുക്കി പണിതിരിക്കുന്നു. ഒരേ പുരയിടത്തിൽ തന്നെ ഒന്നോ രണ്ടോ വീടുകൾ  പുതുതായി വന്നിരിക്കുന്നു.  സുമനയും സന്തോഷുമൊക്കെ എവിടെയായിരിക്കും?  എല്ലാവർക്കും തന്നോട് ദേഷ്യമായിരിക്കും. ബഷീറിനെ തേടി താൻ വരുമെന്ന് സുമനയ്ക്കെങ്കിലും ഉറപ്പുണ്ടായിരുന്നിരിക്കും.  ശരിക്കും താനൊരു ദുഷ്ടയാണ്. അവൾക്ക് ബാഷയോട്  ഇഷ്ടമുണ്ടായിരുന്നെന്ന് തനിക്കറിയാമായിരുന്നില്ലേ. ബാഷ എന്ന്  വിളിച്ച് തുടങ്ങിയത് പോലും സുമനയെ ചൊടിപ്പിക്കാനായിരുന്നല്ലോ.

രജനികാന്തിൻ്റെ സിനിമ ഇറങ്ങിയതിന് ശേഷമാണ് അങ്ങനെ വിളിക്കാൻ തുടങ്ങിയത്. "ബഷീറിന്  ഒരു ബാഷ സ്‌റ്റൈൽ ഇല്ലേന്ന് നോക്ക്യേ ?" എന്ന് സുമനയാണ് പറഞ്ഞത്. പിന്നീടാ വിളിയിൽ തുടർന്നത് താനും.

"നിനക്ക് വേറെ വല്ല പേരും വിളിച്ചൂടേ? അതെൻ്റെ പേരാ …. " സുമന ചുണ്ടുകോട്ടി പറയും.

"ഉവ്വാ…. നിൻ്റെ പോക്കറ്റിന്നെടുത്ത  പേരല്ലേ… ഒന്ന് പോടീ… ബാഷ … ബാഷ … ബാഷ “ അവളെ ദേഷ്യം പിടിപ്പിക്കാൻ താളത്തിൽ വിളിക്കും.

ആ വളവിനപ്പുറത്തെ   വീട്ടിൽ സുമനയുണ്ടാകും ചിലപ്പോൾ. അതോ കല്യാണം കഴിഞ്ഞ് ചെറുക്കൻ്റെ വീട്ടിലായിരിക്കുമോ?  കുട്ടികളൊക്കെയായി തള്ള വൈബിലായിരിക്കും ഇപ്പോൾ. കുട്ടിക്കാലം പെട്ടന്ന് ഉള്ളിൽ വന്ന് നിറഞ്ഞു. ഒപ്പം എല്ലാവരേയും കാണാനുള്ള കൊതിയും അവരുടെ വിശേഷങ്ങളറിയാനുളള ആകാംക്ഷയും ….

"മായേച്ച്യല്ലേ….?“തൊട്ടടുത്തുനിന്നുള്ള ആ  വിളി ഞെട്ടിച്ചുകളഞ്ഞു. ഒരു പയ്യനാണ്. സംശയത്തോടെ ആരായിരിക്കും എന്നൂഹിക്കുന്നതിനിടയിൽ അവൻ ചിരിയോടെ പറഞ്ഞു.

"എനിക്ക് മനസ്സിലായി. ചേച്ചി കാറ് ആ വീടിൻ്റെ മുറ്റത്തേക്ക് കയറ്റിയിട്ടോ . “

തറവാടിൻ്റെ തൊട്ടപ്പുറത്തെ വീട് ചൂണ്ടിയാണവൻ പറയുന്നത്. അവിടെ ഉള്ളിലേക്ക് കുറച്ചിറക്കി പണിത ഒരു വീട്.  പപ്പടം പരത്തുന്ന ശാന്തേച്ചിയുടെ വീടായിരുന്നു ആ പറമ്പിൽ മുമ്പുണ്ടായിരുന്നത്.  കാറങ്ങോട്ട്  കയറ്റി നിർത്തുന്നതിനിടയിൽ ആ പയ്യൻ  വീടിന് പുറകിലേക്കോടുന്നുണ്ടായിരുന്നു.    ഡോർ തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും അവനോടൊപ്പം മറ്റേമ്മ എവിടുന്നോ ഓടിക്കിതച്ചെത്തി.  കയ്യിൽ കുറച്ച് മുരിങ്ങയിലയും ഉണ്ട്.

"എനിക്കറിയാരുന്നു കുട്ടി വരൂന്ന്.   ഞാനിത്തിരി മുരിങ്ങെല ഒടിക്കാൻ പോയതാ. അപ്രത്തെ പറമ്പീന്ന് .  ഇതാരാന്ന് മനസ്സിലായോ? ഹരി. ഉമേടെ മോനാ." മറ്റേമ്മ കിതപ്പോടെ പറഞ്ഞു.

ഊഹം തെറ്റിയില്ല. ഉമച്ചെറ്യമ്മേടെ അതേ മുഖമെന്ന് കണ്ടപ്പേഴേ മനസ്സിലോർത്തിരുന്നു.  "വഴക്കമുട്ടമോറി"  അച്ഛൻ കളിയാക്കി വിളിക്കണതങ്ങനെയാണ്.  ആ വിളിക്കൊപ്പം ഒരു കളിയാക്കിച്ചിരിയും ആ മുഖത്തുണ്ടാകും.  അച്ഛനെ കുറിച്ചുള്ള ചുരുക്കം ചില ഓർമ്മകളിൽ ഒന്ന്. പിന്നെയൊന്നുള്ളത്  കൂർത്ത മീശയുടെ കുത്തിക്കയറ്റമാണ്. ഉമ്മവെയ്ക്കുമ്പോൾ  കുത്തിക്കൊള്ളുന്ന ഇഷ്ടമില്ലാത്ത പിരുപിരുപ്പ്.  

" ഉമച്ചെറ്യമ്മേടെ  ഛായ ഒള്ളോണ്ട് എനിക്ക് സംശയം തോന്നീരുന്നു മറ്റേമ്മേ."

"ഇവന് നിന്നെ നന്നായറിയാം.  പക്ഷേ …. കണ്ടപ്പഴേക്കും ഇത് നീയാന്ന് ഇവനെങ്ങനെ തിരിച്ചറിഞ്ഞൂന്നാ …. "

"മായേച്ചീടെ ഫോട്ടോ ഞാൻ Al ക്ക് കൊടുത്ത് പ്രായം കൂട്ടി കണ്ടേർന്നു.  ചെറിയ വ്യത്യാസം ണ്ട് . എന്നാലും എനിക്ക് മനസ്സിലായി. അല്ലാണ്ടാരാപ്പോ നമ്മടെ വീടിൻ്റെ മുന്നില് കാറ് നിർത്തി ഹോണടിക്കാൻ. “

ഒരു കൂട്ടിനിപ്പ ഇവനാ ഒള്ളതെന്ന് പറഞ്ഞ് മറ്റേമ്മ നെടുവീർപ്പിട്ടപ്പോൾ  പെട്ടെന്ന് ഉള്ളൊന്നാന്തിയണഞ്ഞു.  അപ്പോ വല്ല്യമ്മ എന്ന് ചോദിക്കേണ്ടി വന്നില്ല.

"സൂദ്ര പോയിട്ടിപ്പോ കൊല്ലം ആറായി.  അറ്റാക്കാർന്നുന്നാ  പറയണെ.  ഒര്വ്സം പൊലർച്ചക്ക്…. ഒരു വെയർപ്പും വെപ്രാളോം. പണ്ടാണെങ്കി ചെറുത് വല്ലതും ണ്ടായാല് ബഹളം വെപ്പാണല്ലോ. കൊറേ ആയിട്ട് അതൊക്കെ നിന്നേക്കാർന്നു. അന്നും ഒന്നും പറഞ്ഞില്ല. "തങ്കം…ത്തിരി വെള്ളം" ന്ന് പറഞ്ഞു. പന്തികേട് തോന്നീട്ട് ഞാൻ ഒച്ചേണ്ടാക്കി.  അപ്പർത്തെ ചായ്പ്പില് ബിന്ദു താമസിക്ക്ണ്ടാർന്നു. നിൻ്റെ കൂട്ടുകാരി.  അവള് ഓടി വന്നു.  അവളടെ ചോനെ  ഉമേടവടക്ക് പറഞ്ഞയച്ചു.  പിന്നെ ആംബുലൻസ് വന്നു.  ഉമക്ക് പനി. ഞാൻ കൂടെക്കേറാൻ മോഹ്നൻ സമ്മയ്ച്ചില്ല്യ. പിന്നെ പൊതപ്പിച്ചാ തിരിച്ച് കൊണ്ടന്നത്. "

മറ്റേമ്മ പറഞ്ഞതൊക്കെ കേട്ട് മിണ്ടാതെ കൂടെ നടന്നു.  തറവാട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ കയറുമ്പോൾ വല്ല്യമ്മ  അവിടെയിരുന്ന്  "ഇപ്പഴങ്കിലും ഈ വഴി ഓർത്തൂലോ . നന്നായി “ എന്ന് പരിഭവം പറയുന്നതായി തോന്നി.

"നിന്നെ ഒന്ന് കാണണംന്ന് സൂദ്രക്കുണ്ടാർന്നു.  തൊറന്ന് പറഞ്ഞില്ലെങ്കിലും ആ മനസ്സെനിക്കറിയാം."

ഒതുക്കുകല്ലിൽ കുറച്ച് സമയം നിന്നു. ഉമ്മറത്തെ കുട്ടി വരാന്തയിൽ അടിയുടുപ്പിട്ട  മായ. നിറയാൻ വെമ്പുന്ന  ഉണ്ടക്കണ്ണുമായി ബാഷ .  പച്ചോലപന്തുണ്ടാക്കുന്ന മറ്റേമ്മ.  എന്തിനേയോ പറ്റി ഘോരഘോരം ഉറക്കെ സംഭാഷിക്കുന്ന വല്ല്യമ്മ.  ഒരിക്കലും തിച്ചെടുക്കാനാവാത്ത സമ്പാദ്യങ്ങൾ. സങ്കടം തികട്ടി വന്നു.  

"തെക്കോറത്തെ ചായ്പ്പിലാ  ബിന്ദു താമസിച്ചേട്ന്നേ. പിന്നെ വടക്കോറത്ത് ശാന്തയാരുന്നു. വാടകക്ക്ന്ന് പറച്ചിലേള്ളൂ. നിൻ്റെ വല്യമ്മേടെ സ്വഭാവം അറിയാലോ.  പിന്നെ പപ്പടം ആവശ്യത്തിന് തരും ശാന്ത. "

"അപ്പൊ ഈ വീടോ . പുതുക്കി പണിതതാന്നാ ഞാൻ കരുത്യെ!”

"അത് കൊട്ത്തു .  ശാന്തേടെ ഒരു മോനുണ്ടാർന്നില്ലേ? നിനക്കോർമ്മ കാണൂലോ “

"ഉവ്വ . സുരേഷേട്ടനല്ലേ . "

"അതന്നെ.  പെണ്ണ് കെട്ടിപ്പോ പെറ്റ തള്ളേനെ വേണ്ട.  ശാന്ത എത്രോണ്ട് കഷ്‌ടപ്പെട്ടാ അവനെ വളത്തീത്.  വീടും പറമ്പും കൊടുത്തു.  ശാന്തക്ക് ഇഷ്ടണ്ടായിട്ടല്ല.  സൂദ്ര പറഞ്ഞതാ. ആ പണിക്ക് നിക്കണ്ട ശാന്തേന്ന്.   പുത്യേ  സ്ഥലം വാങ്ങി വീടവൻ വച്ചപ്പോ എല്ലാം അവൻ്റെതായി.  ആ പാവം പൊറത്തും ആയി.  സൂദ്ര പോയി ഒരഞ്ചാറ് മാസം കൂടിണ്ടായി.  അതും നന്നായി. മോഹനൻ ചായ്പ്പിലൊള്ളോരോട്  ഒഴിഞ്ഞ് പോവാൻ പറഞ്ഞേക്കാരുന്നു. ഞാനേടെ പോവാനാന്ന് ഒരേ കരച്ചിലാർന്നു…..”

"എന്നിട്ട് ആ ചായ്പൊക്കെ  എവിടെ?"

"അതൊക്കെ മോഹനൻ പൊളിച്ചളഞ്ഞു. എനിക്കിപ്പൊള്ള പെൻഷൻ തന്നെ ധാരാളം.  സൂദ്രക്ക് ആരടുത്തും കൈനീട്ടാൻ ഇഷ്ടല്ലാന്നറിയാലോ.  അവള് കണ്ടുപിടിച്ച വരുമാന മാർഗ്ഗാ  ഈ വാടകചായ്പ്പോള് . അവള് പോയപ്പോ പിന്നെ… എന്നെ ഇതുവരെ എറക്കിവിട്ടില്ല. കൊല്ലാനാണോ വളത്താനാണോ  അറിയില്ല.  ഇവനെ കൂടെ നിർത്തി. കൂട്ടിനാന്നാ പറച്ചില് .പിന്നെ അച്ഛൻ്റെ മോശടില്ലാത്ത മോനായോണ്ട്  കൊഴപ്പല്ല്യ. അല്ലേടാ …."

ഹരി അത് കേട്ട് ചിരിച്ചു കൊണ്ട് തമാശപോലെ പറഞ്ഞു.  " അച്ഛൻ്റെ അടുത്ത  ടാർഗറ്റ് മറ്റേമ്മയാ. സൂക്ഷിച്ചോണം. "

ആ തമാശയിൽ എന്തോ കാര്യമുണ്ടെന്നപോലെ മറ്റേമ്മ പെട്ടന്ന് നിശബ്ദയായി.

തറവാട്ടിലേക്ക് കയറിയപ്പോൾ കാലുകൾ വിറച്ചു.  ചുമരിലെ ഫോട്ടോയിലിരുന്ന് വല്യമ്മ പതിവ് ഗൗരവത്തോടെ നോക്കി. അപ്പുറത്തുമിപ്പുറത്തുമായി ഇരിക്കുന്ന ഫോട്ടോകൾ ! ആശ്ചര്യത്തോടെ മറ്റേമ്മയെ നോക്കി.

"ഇപ്പൊ മോഹനൻ്റെ തീരുമാനങ്ങളല്ലേ …. ഇവൻ ഒക്കെ പറിച്ചെടുത്തെറിയാന്ന് പറഞ്ഞു. എന്തിനാ?  സൂദ്രക്ക് ഇനി ഇതിനൊന്നും  ഒരു വെഷമോം ണ്ടാവില്ല. എന്തേലും കാണിക്കട്ടേന്നാവും  വിചാരിക്ക്യ.  അതൊക്കെ പോട്ടെ  കുട്ടി... കൊർച്ച് ദിവസം നിക്കില്യേ ... എന്തായാലും ഇന്ന് ഞാൻ വിടാൻ പോണില്ല്യ.  വീട്ടില്  വിളിച്ച് പറഞ്ഞാ സമ്മതിക്കൂലോല്ലേ...."

അതിന് കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. വിളിച്ച് പറയാനും വിളിച്ചന്വേഷിക്കാനും ആരും ഇല്ലെന്നുള്ളത്   മനപ്പൂർവ്വം മറച്ച് വെച്ചു. ഇല്ലാത്ത കുടുംബത്തേയും, കുട്ടികളെയും  പറ്റി  വിസ്തരിച്ച് പറഞ്ഞുകേൾപ്പിച്ചപ്പോൾ  ആനന്ദത്തോടെ മറ്റേമുയത് കേട്ടിരുന്നു. അമ്മയുടെ മരണം  പറഞ്ഞപ്പോൾ ഒരു  നെടുനിശ്വാസമയച്ചു. 
വീണ്ടും മറ്റേമ്മയുടെ കറിരുചികൾ. എത്ര പെട്ടെന്നാണ് പണ്ടത്തെ കുട്ടിമായ ആയി മാറിയത്!  കാലത്തിന് അങ്ങനെയും ഒരു കഴിവുണ്ടല്ലോ.

തെക്കുവശത്തെ ചായ്പ് താഴിട്ട് പൂട്ടിയിരിക്കുന്നു. ബാഷയുടെ  മുറിയാണത്.

അവിടെ കിടക്കണമെന്നുണ്ടായിരുന്നു.  എങ്കിലും മറ്റേമ്മയുടെ ഒഴിഞ്ഞു കിടന്ന  കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. വലതുവശത്തെ വല്യമ്മയുടെ കട്ടിലിലേക്ക് മറ്റേമ്മ മുമ്പേ കിടപ്പ് മാറ്റിയിരുന്നു.

ബാഷ പറഞ്ഞാണ് ആ രഹസ്യവുമറിയുന്നത്.  രാത്രികളിൽ അവരാ കട്ടിലുകൾ അടുപ്പിച്ചിടാറുണ്ടത്രെ.

ഒരു ദിവസം ബാഷ ചോദിച്ചു.

“ മായക്കാരെയാ കൂടുതലിഷ്ടം? മറ്റേമ്മയേയോ, വല്യമ്മയേയോ ?

ഒട്ടും സംശയിക്കാതെയാണ് മറുപടി പറഞ്ഞത്.  “”മറ്റേമ്മയെ“

“എന്നാലേ ശരിക്കും ഈ മറ്റേമ്മ നിൻ്റെ ആരുമല്ല.“

“ പോ അവടന്ന്.  പുളുവടിക്കാരൻ’.“

വല്ല്യമ്മ ആരുമല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു. പറയുന്നത് ബാഷയാണ്. അവനങ്ങനെ വെറുതെ ഒന്നും പറയില്ല. എന്നാലും  കുറേ നേരം അവനോട് മിണ്ടാനേ പോയില്ല. അപ്പഴാണ് മറ്റേമ്മയും വല്ല്യമ്മയും വലിയ കൂട്ടുകാരായിരുന്ന കഥയും അവൻ പറയുന്നത്.  
കുടുംബ പ്രാരാബ്ധം കാണം വല്ല്യമ്മ വിവാഹത്തെ പറ്റി ചിന്തിച്ചതേയില്ല. വല്യമ്മയെ ആരും നിർബന്ധിച്ചതുമില്ല. എന്നാൽ  മറ്റേമ്മയുടെ എതിർപ്പ് വകവയ്ക്കാതെ വീട്ടുകാർ അവരെ വിവാഹം കഴിച്ചയച്ചു. വിവാഹ പിറ്റേന്ന് രാവിലെ  മറ്റേമ്മ ഭർതൃഗൃഹമുപേക്ഷിച്ച് വല്ല്യമ്മയുടെ അടുത്തെത്തി. പിന്നീട് തിരിച്ച് പോയിട്ടേയില്ല. വല്ല്യമ്മ അന്ന്  പാർട്ടിക്കാരിയും തൻ്റേടിയും ആയിരുന്നതു കൊണ്ട് ആരും എതിർക്കാൻ വന്നതുമില്ല.

പിന്നെ ബാഷ ചെവിയിൽ പറഞ്ഞത് കേട്ട് എത്ര ദിവസമാണ് അവനോട് മിണ്ടാതിരുന്നത്.

വല്യമ്മയോട് പറഞ്ഞുകൊടുക്കും എന്ന ഭീഷണിയുള്ള നോട്ടം കാണുമ്പോഴൊക്കെ അവൻ കളിയോടെ  മൂളും.

“ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ ….
ആരോടും പറയരുതോമലേ നീ …. “

“പോ അവടന്ന്. ഒരു വിഷാദകവി വന്നേക്കണ്. “ എന്നവനെ കോക്കിരിക്കാട്ടും.  എന്നാലും ഇഷ്ടമായിരുന്നു. അവൻ മൂളുന്ന കവിതകൾ .

വല്യമ്മയുടെയും മറ്റേമ്മയുടെയും ബന്ധത്തെ പറ്റി ഇപ്പോൾ ചിന്തിക്കുമ്പോൾ…! നല്ല കൂട്ടുകാർക്കും ഒന്നിച്ച് താമസം ആവാലോ എന്ന് വേണമെങ്കിൽ കരുതാം.. എന്നാലും എത്ര നിഷ്പ്രയാസമായാണ് അവരത് സാധിച്ചത്.  ഇക്കാലത്ത് ഇത്തരം കാര്യങ്ങളെ  പ്രതി എന്തെല്ലാം പുകിലുകളാണ് നടക്കുന്നത്.

മറ്റേമ്മ ഉറങ്ങിയിരിക്കുന്നു. ഓരോന്നോർത്ത് കിടന്ന് ഇടക്കെപ്പോഴോ ഉറങ്ങി.. രാവിലെ ഉണർന്നപ്പോൾ ഓട്ടിൻ പുറത്ത് താളം കൊട്ടി മഴ പെയ്യുന്നുണ്ടായിരുന്നു.  അതാസ്വദിച്ച് കുറച്ചു നേരം കൂടി പുതച്ച് മൂടി കിടന്നു.

മറ്റേമ്മ വീണ്ടും  കുറച്ചു ദിവസം നിൽക്കുന്ന കാര്യമോർമ്മിപ്പിച്ചു.

ഉച്ചതിരിഞ്ഞ് വെയിലാറും വരെ മറ്റേമ്മയുടെ സ്നേഹലാളനങ്ങളിൽ ഒതുങ്ങി കൂടി.  ഇടക്ക് പുറകുവശത്തെ  ഐനിപ്ലാവിൻ്റെ  കടയ്ക്കൽ പോയി നിന്നു.  അതിൻ്റെ തടിയിലൂടെ വിരലോടിച്ചു. കോറലുകൾ പലതും മാഞ്ഞുപോയിരിക്കുന്നു. എങ്കിലും ആഴത്തിലെഴുതിയ പേരുകൾ ഇപ്പോഴും  ബാക്കിയുണ്ട്.

മറ്റേമ്മ വന്നെത്തി നോക്കി തിരിച്ച് പോയി.  ബാഷയുടെ കയ്യെത്താത്ത ഒരിടവും ആ ഐനിപ്ലാവിലില്ല.  ആദ്യമൊക്കെ  മുകളിലെ കൊമ്പിലാണ് കോറിവരച്ചു കൊണ്ടിരുന്നത്. അന്ന് ആരുമത് അറിഞ്ഞില്ല. പിന്നെ തായ്ത്തടി നിറഞ്ഞു തുടങ്ങിയപ്പോഴാണ് അത് മറ്റേമ്മയുടെ ശ്രദ്ധയിൽ പെടുന്നത്. പട്ടയും ഓലയും കുത്തിച്ചാരി വച്ച് മറ്റേമ്മയത് ഒളിപ്പിക്കാൻ ശ്രമിച്ചു.

മറ്റേമ്മയുടെ ചോദ്യം ചെയ്യൽ.  ഒഴിഞ്ഞുമാറാനായില്ല.  സത്യം പറഞ്ഞു.

ആ മുഖത്ത് ഞെട്ടലോ അത്ഭുതമോ ഉണ്ടായില്ല.   പകരം ആധിയായിരുന്നു.

“നിൻ്റമ്മ ഇതറിഞ്ഞാല്...... ശാരദ വീടെടുത്ത് മറിച്ച് വയ്ക്കൂലോ എൻ്റെ ദേവ്യേ…” മറ്റേമ്മ അത്തിക്കാവിലമ്മയെ വിളിച്ച്  കരഞ്ഞു.

അമ്മ സമ്മതിക്കില്ല. പക്ഷേ വല്യമ്മയുണ്ടല്ലോ. അതായിരുന്നു ധൈര്യം.  എന്നിട്ട് … എന്നിട്ടെന്തായി……?

തുടരും.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക