
സംസ്‌കാരത്തിൻ്റെ ഈറ്റില്ലമായിരുന്ന ഗ്രീസ്, തുർക്കി, എന്നീ രാജ്യങ്ങളിലൂടെ ദീർഘമായ സഞ്ചാരം നടത്തി ആ നാടുകളുടെ സംഭവ ബഹുലമായ ചരിത്രത്തിലേക്ക്, അതിൻ്റെ സാംസ്കാരികതയിലേക്ക് വെളിച്ചം വീശുന്ന ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകമാണ് സാംജീവിൻ്റെ 'കഥ പറയുന്ന കല്ലുകൾ'
ചിതറിക്കിടക്കുന്ന കല്ലുകൾക്കിടയിലൂടെ നടന്നപ്പോൾ ഓരോ കല്ലും പറയാൻ വെമ്പിയ കഥകൾ. ആയിരം വർഷം കഴിഞ്ഞാലും പറഞ്ഞു തീരാത്ത കഥകളാണവ. രക്ത ചൊരിച്ചിലിൻ്റെ, വേദനയുടെ, പ്രണയത്തിൻ്റെ, ഉന്മൂലനത്തിൻ്റെ, സൃഷ്ടിപ്പിൻ്റെ കഥകൾ. കല്ലുകൾ മന്ത്രിച്ച കഥകളിൽ ചിലതാണ് എഴുത്തുകാരൻ നമ്മോടു ഈ പുസ്തകത്തിലൂടെ പറയുന്നത്. ഈ കഥകളിൽ മനുഷ്യവംശത്തിൻ്റെ ചരിത്രത്തിൻ്റെ ജീവനുള്ള പാഠം ഒളിഞ്ഞു കിടപ്പുണ്ട്.
ഇതിൽ ചരിത്രം ഉണ്ടെങ്കിലും ഇതൊരു ചരിത്ര പുസ്തകമല്ല. സഞ്ചാര സാഹിത്യം എന്ന വിഭാഗത്തിൽ ഉളപ്പെടുത്തുന്നതാവും ഉചിതം. ഇതിൽ കലയുണ്ട്, സാഹിത്യമുണ്ട്, ചരിത്രവും ഭൂമിശാസ്ത്രവുമുണ്ട്. തത്വസംഹിതകളുടെ വിശകലനവും ജനപഥങ്ങളുടെ ചലനത്തിൻ്റെ നേർക്കാഴ്ചകളുമുണ്ട്.

വാക്കുകൾക്കാണോ നേർക്കാഴ്ചയുടെ ചിത്രങ്ങൾക്കാണോ ശക്തി കൂടുതലെന്ന് ഈ പുസ്തകത്തിലെ ഓരോ ഫോട്ടോകൾ കാണുമ്പോൾ സംശയിച്ചു പോകാം. വാക്കുകളോളം ശക്തിയുള്ള സഞ്ചാരക്കാഴ്ചകളുടെ നൂറോളം മനോഹരമായ ബഹുവർണ്ണ ഫോട്ടോകൾ വളരെ വ്യക്തതയോടെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കല്ലും മനുഷ്യനുമായി എന്താണ് ബന്ധം ? ചരിത്രാതീതകാലം മുതൽ മനുഷ്യൻ്റെ ആയൂധമാണ് കല്ല്. ബൈബിളിലെ പഴയനിയമത്തിൽ ദൈവവുമായുള്ള ഉടമ്പടിയുടെ ഭാഗമായി കല്ല് ഉപയോഗിച്ചിരുന്നതായി കാണുന്നു. ബൈബിളിലെ ഒരു പ്രധാന കഥാപാത്രമായ യാക്കോബ് ഒരു കൽക്കൂമ്പാരം കൂട്ടിയാണ് ദൈവത്തോട് ഉടമ്പടി ചെയ്യുന്നത്. പുതിയ നിയമത്തിൽ പാപിനിയായ സ്ത്രിയെ ശിക്ഷിക്കുവാൻ ജനക്കൂട്ടം കല്ലുകൾ കൈയിലെടുക്കുന്നു. സമൂഹത്തിൻ്റെ സാന്മാർഗ്ഗിക നിലവാരത്തെ സംരക്ഷിക്കുന്ന ആയുധമായിട്ടാണ് ഇവിടെ കല്ലുകൾ കടന്നു വരുന്നത്.
പുതിയ നിയമത്തിൽ സാത്താൻ യേശുവിനെ പരീക്ഷിച്ചപ്പോൾ 'നീ ഈ കല്ലുകൾ അപ്പമായിത്തീരുവാൻ കല്പിക്കുക' എന്നു നിർദ്ദേശിക്കുന്നു. യേശുവിൻ്റെ വാക്കുകൾക്ക് കല്ലിനെ രൂപാന്തരപ്പെടുത്തുവാൻ കഴിയുമെന്നാണ് പരീക്ഷകൻ ചൂണ്ടിക്കാണിക്കുന്നത്. യേശു കല്ലുകൾക്ക് പകരം വചനമാണ് ഉപയോഗിച്ചത്. കല്ലുകളേക്കാൾ എത്രയോ ശക്തമാണ് വാക്കുകൾ.

അപ്പോസ്തലനായ പൗലോസിൻ്റെ മിഷനറിയാത്രയുടെ പശ്ചാത്തലത്തിലാണ് സാംജീവിൻ്റെയും സംഘത്തിൻ്റെയും 'തീർത്ഥാടനവും' സംഘടിപ്പിച്ചത്. പൗലോസ് തുർക്കിയിൽ നിന്നാണ് ഗ്രീസിലേക്ക് പോയത്. ഫിലിപ്പി, തെസ്സലോനിക്കി, ബരോവ, അഥീന, കോറിന്ത് എന്ന ക്രമത്തിലായിരുന്നു ഗ്രീസിൽ പൗലോസിൻ്റെ യാത്രാപഥം. ജാംജീവിൻ്റെ മുപ്പത്തിയേഴു പേരുള്ള സംഘത്തിൻ്റെ യാത്ര എതിർദിശയിലും, ഗ്രീസിൽ നിന്നും തുർക്കിയിലേക്ക്. പത്തു ദിവസം 'പൗലോസിൻ്റെ കാൽച്ചുവടുകളിലൂടെ' അവർ ആ നാടിനെ കണ്ടും കേട്ടും, കഥയും ചരിത്രവും പറഞ്ഞും ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയും നമുക്കായി സഞ്ചരിച്ചു.

നഗരരാഷ്ട്രമായ കോറിന്ത്, അഥീനയും അജ്ഞാത ദേവനും, സുന്ദരിയായ തെസ്സലോനിക്കി നഗരം, ഇതിഹാസങ്ങൾ ഉറങ്ങുന്ന ട്രോജൻ സമുദ്രതീരം, പെർഗമൊസ്; തമസ്സിൻ്റെ സിംഹാസന നഗരം, രക്താംബര ധാരിയായ തുയഥൈര, കന്യകാമറിയവും എഫെസോസും, ലവോദിക്യയിലെ താപയുറവകൾ, സുവർണ്ണ നഗരമായ സാർട്ട് എന്ന സർദ്ദീസ്, കദനകഥ പറയുന്ന ഇസ്മിർ തുടങ്ങി പതിനേഴ് അദ്ധ്യായങ്ങളായിട്ടാണ് പുസ്ത്കത്തിൻ്റെ ഉള്ളടക്കം.
ഗ്രീസിലുള്ള ചരിത്രസ്മാരകങ്ങളെല്ലാം ഒരളവിൽ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ചരിത്ര വിദ്യാർത്ഥികൾക്ക് അമൂല്യമായ വിഭവങ്ങളുടെ ഒരു കലവറയാണ് ഗ്രീസ് തുറന്നു നൽകുന്നത്. എന്നാൽ തുർക്കിയിലെ സ്ഥിതി അല്പം വിഭിന്നമാണ്. ഇന്നവിടെ ക്രൈസ്തവ സഭയുടെ ജീവനുള്ള കല്ലുകൾ ഒന്നും അവശേഷിക്കുന്നില്ല. കൽക്കൂമ്പാരങ്ങളിൽ ക്രൈസ്തവ സമൂഹത്തിൻ്റെ നേർക്കാഴ്ച സങ്കല്പിക്കുവാനേ കഴിയൂ.

ലളിത മനോഹരമായ ഭാഷയിലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഭാഷയുടെ കൃത്യത, സുതാര്യത, പര്യാപ്തത ഇവയെല്ലാം ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. സത്യത്തെ സാക്ഷ്യപ്പെടുത്തുന്നവയാണ് ഈ പുസ്തകം. വാക്കുകള അളന്നുകുറിച്ച് വിവരങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു.
യാത്രയിൽ തൻ്റെ ദൃഷ്ടിയിൽപ്പെട്ട ചരിത്ര സ്മാരകങ്ങളിലൂടെ ആദിമ ക്രൈസ്തവ സഭാചരിത്രവും ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നു. ഡോ. വൽസൻ തമ്പുവാണ് അവതാരിക എഴുതിയിരിക്കുന്നത്. ബുക്സ് ഓഫ് പോളിഫണിയാണ് പുസ്തകം പബ്ളിഷ് ചെയ്തിരിക്കുന്നത്. വായനക്കാർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. 110 കളർ പേജുകളുള്ള ഈ പുസ്തകം നാഷണൽ ബുക്ക് സ്റ്റാൾ വിതരണം ചെയ്യുന്നു. വില 350 രൂപ.

സാംജീവ്
യഥാർത്ഥ പേര് സാമുവേൽ ഗീവർഗീസ് എന്നാണ്. സാംജീവ് എന്നത് തൂലികാനാമമാണ്. കൊല്ലം ജില്ലയിലെ വിലങ്ങറ എന്ന ഗ്രാമത്തിൽ ജനിച്ചു. കുസാറ്റിൽ നിന്നും എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. കേരളാ സ്റ്റേറ്റ് ഇലട്രിസിറ്റി ബോർഡിൽ എഞ്ചിനീയറായിരുന്നു. ഇപ്പോൾ അമേരിക്കയിൽ മിഷിഗൺ സ്റ്റേറ്റിൽ പ്രൊഫഷണൽ എഞ്ചിനീയറാണ്.
ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതയും എഴുതുന്നു. അൻപതോളം കഥകൾ മലയാളത്തിലെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുനൂറോളം ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം കൂടാതെ 'നിധി' എന്ന മുപ്പത് കഥകളൂടെ സമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വയൽ' എന്ന നോവൽ ഉടൻ പ്രസിദ്ധീകരിക്കും.
റിട്ട. ഹൈസ്‌ക്കൂൾ അദ്ധ്യാപികയായ റാണിയാണ് ഭാര്യ. ബിനോ, സ്റ്റീഫൻ എന്നിവർ മക്കളും. Email: samgeev45@gmail.com
പുസ്തകപരിചയം തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്.