
ഡാളസ്, ടെക്സസ്: കലയിലും കായികരംഗത്തും മികവ് തെളിയിച്ച നന്ദിത ശരത്തിന്റെ അരങ്ങേറ്റം അതിമനോഹരമായി, ലൂയിസ് വിൽ ഗ്രാൻഡ് തീയേറ്ററിൽ പ്രൗഢഗംഭീരമായ സദസ്സിന് മുമ്പിൽ അരങ്ങേറി. അഞ്ചാം വയസ്സിൽ ശ്രീമതി ശ്രീ ലക്ഷ്മണന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ നന്ദിത, കഴിഞ്ഞ 11 വർഷമായി ശ്രീമതി മിനി ശ്യാമിന്റെ കീഴിലാണ് നൃത്തപഠനം തുടരുന്നത്. 'ശ്രീ സ്കൂൾ ഓഫ് ഡാൻസി'ലൂടെ നോർത്ത് ടെക്സാസിലെ വിവിധ സാംസ്കാരിക സംഘടനകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും പിന്തുണയേകി വർഷം തോറും നടക്കാറുള്ള നൃത്തോത്സവങ്ങളിൽ നന്ദിത സജീവമായി പങ്കെടുക്കാറുണ്ട്.

ഭരതനാട്യം തന്റെ മതപരമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകാനും ആത്മീയബോധം വളർത്താനും സഹായിച്ചതായി നന്ദിത പറയുന്നു.
നൃത്തത്തിന് പുറമെ, പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ എയർ റൈഫിൾ ഷൂട്ടിംഗിൽ പരിശീലനം നേടുന്ന നന്ദിത നിരവധി ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു മികച്ച കായികതാരം കൂടിയാണ്. കൂടാതെ പ്രഗത്ഭയായ ഒരു ഡ്രമ്മറും പരിസ്ഥിതി പ്രവർത്തകയുമാണ്.

2024 മുതൽ 'കീപ്പ് ടെക്സാസ് ബ്യൂട്ടിഫുൾ' (Keep Texas Beautiful) അംബാസഡറായി സേവനമനുഷ്ഠിക്കുന്ന നന്ദിത, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
പ്ലാനോ ഈസ്റ്റ് സീനിയർ ഹൈസ്കൂളിൽ (Plano East Senior High School) നിന്ന് ഉയർന്ന മാർക്കോടെ (Summa Cum Laude) ഉന്നതവിജയം കരസ്ഥമാക്കിയ നന്ദിത, കെമിക്കൽ എഞ്ചിനീയറിംഗ് ഉപരിപഠനത്തിനായി ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലേക്ക് (The University of Texas at Austin) പ്രവേശനം നേടിയിരിക്കുകയാണ്. ശരത് ,ഗാഥ ദമ്പതികളുടെ മകളാണ് നന്ദിത ശരത്.