Image

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് നിഷേധിച്ചത് ഭരണഘടനാ ലംഘനം (എ.എസ് ശ്രീകുമാര്‍)

Published on 30 June, 2026
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് നിഷേധിച്ചത് ഭരണഘടനാ ലംഘനം (എ.എസ് ശ്രീകുമാര്‍)

ബി.ജെ.പി അധികാരം പിടിച്ചെടുത്ത പശ്ചിമ ബംഗാളില്‍ 'ദി ടെലഗ്രാഫ്' ദിനപത്രത്തിന്റെ മുന്‍ എഡിറ്ററും മലയാളിയുമായ  ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കല്‍ നിഷേധിച്ച സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നു. ഐ.എസ്.ആറിന് (വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം) ശേഷം ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നില്ലെന്ന് രാജഗോപാല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതിനാല്‍ കാലിഫോര്‍ണിയയില്‍ പത്രപ്രവര്‍ത്തകയായ മകളുടെ, സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിവാഹത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.  ഗൗരവതരമായ ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തെഴുതിയത് വരെയെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

ഐ.എസ്.ആറിന് ശേഷം വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കിയത് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതിനുള്ള കാരണമാകുമോയെന്നാണ് വ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലെ ചോദ്യം. 2002-ലെ വോട്ടര്‍പട്ടികയില്‍ തന്റെയോ തന്റെ പിതാവിന്റെയോ പേര് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന 'ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി' (പേരിലെ അക്ഷരപ്പിശകുകള്‍ അല്ലെങ്കില്‍ മറ്റ് ചെറിയ വ്യത്യാസങ്ങള്‍) ചൂണ്ടിക്കാണിച്ചാണ് പേര് നീക്കം ചെയ്തതെന്ന് രാജഗോപാല്‍ പറയുന്നു. 30 വര്‍ഷമായി ബാലിഗഞ്ജ് മണ്ഡലത്തിയാണ് രാജഗോപാല്‍ താമസിക്കുന്നത്. പശ്ചിമ ബംഗാളിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പരിശോധനയനുസരിച്ച് 27 ലക്ഷത്തിലധികം വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ ഒഴികെയുള്ള രാജ്യങ്ങളിലെ പൗരന്‍മാരുടെ രജിസ്‌ട്രേഷനും നാടുകടത്തലും കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്.

അക്ഷരപ്പിശകുകളോ ചെറിയ അപാകതകളോ പോലുള്ള നിസ്സാരമായ കാരണങ്ങളാല്‍ യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി തന്നെ, എസ്.ഐ.ആര്‍ പ്രക്രിയയെ ആത്യന്തികമായി ശരിവെച്ചെങ്കിലും, ഈ ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി പ്രക്രിയയില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലീഷില്‍ പ്രാദേശിക പേരുകള്‍ പല രീതിയില്‍ എഴുതാവുന്ന സാഹചര്യത്തില്‍, വെറും അക്ഷരപ്പിശകിന്റെ പേരില്‍ ആളുകളെ എന്തിനാണ് സംശയ നിഴലില്‍ നിര്‍ത്തുന്നത് എന്ന് കോടതി ചോദിച്ചിരുന്നു. എസ്.ഐ.ആര്‍  തീരുമാനങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത 30 ലക്ഷത്തിലധികം അപ്പീലുകളില്‍ വാദം കേള്‍ക്കുക എന്ന ഭീമമായ ദൗത്യവുമായി കോടതി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ രൂപീകരിക്കുകയും ചെയ്തു.

അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചില തീരുമാനങ്ങള്‍ ഈ പ്രക്രിയയിലെ ജനവിരുദ്ധത വെളിപ്പെടുന്നതാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്താബ് ഷെയ്ക്കിന്റെ കേസ് തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും, പിതാവിന്റെ പേരിലെ ചില അക്ഷരപ്പിശകുകളുടെ പേരിലാണ് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തത്. ഈ കേസിന് മുന്‍ഗണന നല്‍കി വാദം കേള്‍ക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച ട്രിബ്യൂണല്‍, ഷെയ്ക്കിന്റെ പേര് നീക്കം ചെയ്തതിന് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയാതെ വന്നതിനെ തുടര്‍ന്ന് പേര് പുനഃസ്ഥാപിച്ചു.

ഒടുവില്‍ ഷെയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല, വിജയിക്കുകയും ചെയ്തു. എന്നാല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേസില്‍ തീരുമാനം ഉണ്ടായ ചുരുക്കം ചിലരില്‍ ഒരാള്‍ മാത്രമായിരുന്നു ഷെയ്ക്ക്. രാജഗോപാലിനെപ്പോലെ ലക്ഷക്കണക്കിന് മറ്റ് വോട്ടര്‍മാര്‍ ട്രിബ്യൂണലിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന സുപ്രീം കോടതിയുടെ ഉറപ്പ് മാത്രമാണ് അവര്‍ക്കിപ്പോഴുള്ള ആശ്വാസം. ഐ.എസ്.ആര്‍ പ്രക്രിയയ്ക്ക് ശേഷമുള്ള പേര് നീക്കം ചെയ്യല്‍ ഒരാളുടെ വോട്ടവകാശം ഇല്ലാതാക്കിയേക്കാം. എന്നാല്‍ ഇത് പാസ്‌പോര്‍ട്ട് പുതുക്കല്‍ നിഷേധിക്കുന്നത് കാരണമാകുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കി 100 ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഐ.എസ് ആറില്‍ പേര് ഒഴിവാക്കപ്പെട്ടതായി കൊല്‍ക്കത്ത പോലീസ് പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പ്രക്രിയ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് രാജഗോപാല്‍ പറയുന്നു. അന്തരിച്ച തന്റെ പിതാവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ രാജഗോപാല്‍ നെട്ടോട്ടമോടുന്നു. അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ അവസ്ഥ ഇതാണെങ്കില്‍ കോടിക്കണക്കിന് സാധാരണ പൗരന്മാരുടെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനിടെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ബംഗാള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എസ്.ആറിന് ശേഷമുള്ള വോട്ടര്‍പട്ടികയിലെ ഒഴിവാക്കല്‍ മാത്രം അടിസ്ഥാനമാക്കി പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടോ ക്ഷേമ ആനുകൂല്യങ്ങളോ നിഷേധിക്കുന്നത് ജനവിരുദ്ധമായ ഏകാധിപത്യ പ്രവണതയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.എസ്.ആര്‍ പ്രക്രിയയെ ശരിവെക്കുമ്പോഴും, വോട്ടര്‍പട്ടികയില്‍ നിന്നുള്ള നീക്കം ചെയ്യല്‍ പൗരത്വം ഇല്ലാത്തതിന്റെ അന്തിമ തെളിവല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി മാത്രം പൗരത്വം വിലയിരുത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരിമിതമായ പങ്ക് മാത്രമേയുള്ളൂവെന്ന് കോടതി അംഗീകരിക്കുകയും, ഇത് അന്തിമമായ തീരുമാനമാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പൗരത്വം ഔദ്യോഗികമായി നിര്‍ണ്ണയിക്കാനുള്ള അധികാരം നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നില്ല എന്നതിനാലാണിത്.

കമ്മീഷന്റെ കണ്ടെത്തലിന് ഒരു വ്യക്തിയുടെ പൗരത്വ പദവി ഇല്ലാതാക്കാനോ അന്തിമമായി നിര്‍ണ്ണയിക്കാനോ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്താല്‍ ആ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് മാത്രമേയുള്ളൂ, പൗരത്വ പദവിയില്‍ നിന്ന് ലഭിക്കുന്ന മറ്റ് അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അതിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മാത്രമുള്ള കമ്മീഷന്റെ തീരുമാനം പൗരത്വത്തിന്റെ കാര്യത്തില്‍ അന്തിമമാകില്ല എന്ന് ചുരുക്കം.

സംശയസ്പദമായ പൗരത്വത്തിന്റെ പേരില്‍ നീക്കം ചെയ്യപ്പെട്ട പേരുകള്‍ പൗരത്വ പരിശോധനയ്ക്കായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരം പേരുകള്‍ മാത്രമേ കൈമാറാന്‍ പാടുള്ളൂ. അതിനാല്‍, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള യോഗ്യതയുള്ള അതോറിറ്റിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിന്റെ പേരില്‍ മാത്രം ഒരാളുടെ പൗരത്വ പദവി നിഷേധിക്കാന്‍ കഴിയില്ല. കേവലം വോട്ട് ചെയ്യാന്‍ മാത്രമുള്ളതല്ലല്ലോ ഒരാളുടെ പൗരത്വം.

ഏതായാലും രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് രാജഗോപാലിന്റെ കാര്യത്തില്‍ നടന്നിരിക്കുന്നത്. രാജഗോപാലിന്റെ വോട്ടവകാശവും പാസ്‌പോര്‍ട്ടും നിഷേധിച്ച സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ബോധപൂര്‍വം മൗനം പാലിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള ബി.ജെ.പിയുടെ അസഹിഷ്ണുതയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുജീവിതത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായിരുന്ന വ്യക്തിയോട് ഭരണ സംവിധാനം ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക