Image

കവിതയുടെ ദൃശ്യചാരുത (മലയാള സിനിമ /വയലാറും കെ എസ് സേതുമാധവനും: ഡോ. വിജയരാഘവന്‍)

Published on 30 June, 2026
കവിതയുടെ  ദൃശ്യചാരുത (മലയാള സിനിമ /വയലാറും കെ എസ് സേതുമാധവനും: ഡോ. വിജയരാഘവന്‍)

ഇന്ന് സിനിമ എന്ന കലാരൂപത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഗാനങ്ങളും  പശ്ചാത്തല സംഗീതവും  (Background music.). ദ്വിമാന രൂപത്തിലുള്ള ദൃശ്യങ്ങള്‍ക്ക് ത്രിമാനഭാവം കൈവരുന്നത് സംഭാഷണങ്ങളും ഗാനങ്ങളും അവയ്ക്ക് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സ്വാഭാവികമായ ശബ്ദങ്ങളും യാഥാര്‍ഥ്യപ്രതീതിക്കുവേണ്ടി സൃഷ്ടിക്കുന്ന  പശ്ചാത്തല സംഗീതവും  കൂടിച്ചേരുമ്പോഴാണ് ചലച്ചിത്രം കലയും അതിനുപരി വ്യവസായവുമാണല്ലോ. വ്യാവസായികസിനിമയെ സംബന്ധിച്ചിടത്തോളം സംഗീതവും ഗാനങ്ങളും നൃത്തവുമെല്ലാം അതിന്റെ അവിഭാജ്യഘടകങ്ങളാണ്. ഇവയുടെ സാന്നിധ്യം ചിത്രത്തിന്റെ സാമ്പത്തികവിജയത്തിന് ആക്കം കൂട്ടുന്നുണ്ട്. എന്നാല്‍ ഇവയുടെ ചേര്‍ച്ച വേണ്ടുവോളം ഉണ്ടെങ്കിലും പരാജയപ്പെടുന്ന ചിത്രങ്ങളും ദുര്‍ലഭമല്ല. കേവലം ദൃശ്യങ്ങളിലൂടെ വെളിപ്പെടുത്താന്‍ കഴിയാത്ത മാനസികവ്യാപാരങ്ങളെ ആവിഷ്‌കരിക്കാനോ ലോലവും അതീവസങ്കീര്‍ണമായ വികാരങ്ങളെ വെളിപ്പെടുത്താനും വളര്‍ത്താനുമാണ് ഇവ ഏറെ സഹായകമാവുന്നത്.

സിനിമയിലെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് മൂന്ന് തലങ്ങളുണ്ടെന്ന് കാണാം. ഇതില്‍ ആദ്യത്തേത് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിലവിലിരിക്കുന്ന ചിരപരിചിതമായ സംഗീതമാണ്. അടുത്തത് ഒരു സിനിമയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന ഗാനങ്ങളും വാദ്യസംഗീതങ്ങളും അടങ്ങുന്ന തനത് വിഭാഗം. ഒരു ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം പോലെ പ്രസക്തമാണിത്. മൂന്നാമത്തെ ഘടകം സിനിമയിലെ അനുധാവനസംഗീതമാണ്.1 ഇവ മൂന്നും ചലച്ചിത്രത്തിന്റെ വൈകാരികതലത്തെയാണ് സ്പര്‍ശിക്കുക. ഒരു പ്രത്യേക അനുഭൂതിയെ പ്രദാനം ചെയ്യുന്നതിന് ഇവ സഹായകമാകുന്നുണ്ട്. ദൃശ്യങ്ങളെ പരസ്പരം കൂട്ടിയിണക്കി ചലച്ചിത്രത്തിന് പുതിയൊരു അര്‍ഥതലം സൃഷ്ടിക്കുന്നതോടൊപ്പം ചിത്രത്തിന്റെ സ്ഥലകാല ഐക്യത്തേയും ഇവ വെളിപ്പെടുത്തുന്നു. രണ്ട് ദൃശ്യങ്ങള്‍ വിളക്കിച്ചേര്‍ക്കുമ്പോള്‍ ചലച്ചിത്രത്തിന് ലഭ്യമാകുന്ന മൂന്നാമത്തെ അര്‍ഥതലത്തിന് സമാനമായ ഒരന്തരീക്ഷവും ഇവ സൃഷ്ടിക്കുന്നുണ്ട്. ഐന്‍സ്റ്റിന്റെ മൊണ്ടാഷ് (Montag)  എന്ന എഡിറ്റിംഗ് സങ്കേതത്തിന് സമാനമാണിത്.

സേതുമാധവനും, കമലും
 

ചലച്ചിത്രഗാനങ്ങള്‍ക്കും പശ്ചാത്തലസംഗീതത്തിനും മുഖ്യമായും എട്ടു ധര്‍മങ്ങളാണ് ഒരു ചിത്രത്തില്‍ നിര്‍വഹിക്കാനള്ളതെന്ന് കാണാം.3 ചിത്രത്തിലെ ദൃശ്യത്തിനു      ശബ്ദായമാനമായ പശ്ചാത്തലം ഒരുക്കുക, രണ്ട് ദൃശ്യങ്ങളെ കൂട്ടിയിണക്കുക, ഇവയ്ക്ക് ഇടയിലെ നൈരന്തര്യം പരിരക്ഷിക്കുക. പ്രേക്ഷകശ്രദ്ധയെ ദൃശ്യങ്ങളിലേക്ക് വകഞ്ഞ് ഒതുക്കുക, അവ്യക്തത നിറഞ്ഞ അന്തരീക്ഷത്തില്‍ ആശയവിനിമയം സുഗമമാക്കുക, പൂര്‍വകാലസ്മൃതികളെ ദീപ്തമാക്കുക, ദൃശ്യങ്ങള്‍ക്ക് യാഥാര്‍ഥ്യഛായ ഉറപ്പിക്കുക, ചലച്ചിത്രത്തിന്റെ പൊതുവെയുള്ള സൗന്ദര്യാംശത്തിന് മിഴിവ് പകരുക, ഈ വിധം നോക്കിയാല്‍ ഇനിയും ഒട്ടനവധി ധര്‍മങ്ങള്‍ ഇനിയും ഇവ നിര്‍വഹിക്കുന്നതായി പറയാന്‍ കഴിയും.

മലയാളത്തിലെ ആദ്യചിത്രമായ 'ബാലനി'ല്‍ (19.1.1938) തന്നെ ഗാനങ്ങളുടെ ധാരാളിത്തം പ്രകടമായിരുന്നു. ഇരുപത്തിമൂന്ന് പാട്ടുകളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തുവന്ന ചിത്രങ്ങളിലെ പാട്ടുകളുടെ ഈണത്തിന് അനുസൃതമായി സൃഷ്ടിച്ച പ്രച്ഛന്നഗാനങ്ങളായിരുന്നു ഇവ. ബാലനിലെ ഗാനങ്ങളില്‍ ഏറിയപങ്കും രാഗാധിഷ്ഠിതമായിരുന്നു. കാപ്പി , ശ്യാമ, മുഖാരി, ബിഹാഗ്, സാവേരി, നീലാംബരി, യദുകുലകാംബോജി, ഖമാസ്, കാംബോജി, കല്യാണി, ചെഞ്ചുരുട്ടി, മോഹന കല്യാണി തുടങ്ങിയ രാഗങ്ങളിലായിരുന്നു പല ഗാനങ്ങളും. ഇവയില്‍ തന്നെ ബിഹാഗ്, രാഗത്തിലായിരുന്നു ഏതാണ്ട് 7 ഗാനങ്ങള്‍. ചുരുക്കത്തില്‍ ഒരു സംഗീതകച്ചേരിയുടെ രൂപഭാവങ്ങളായിരുന്നു ചിത്രത്തിനെന്ന് പറഞ്ഞാല്‍ അധികമാവുകയില്ല. ആദ്യകാലചിത്രങ്ങളിലെല്ലാം ഈ വിധമാണ് ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മലയാള ചിത്രമായ 'ജനാംബിക (7.4.1940)യോടുകൂടി ഗാനരചനയ്ക്കായി കവികളെ ആശ്രയിക്കാനാരംഭിച്ചു എന്നതാണ് ശ്രദ്ധേയം. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകനാണ് ഈ ചിത്രത്തിനുവേണ്ടി പതിനാലു ഗാനങ്ങള്‍ രചിച്ചത്. പിന്നണിഗാനസമ്പ്രദായം സഫലമായി ഉപയോഗപ്പെടുത്തിയ ആദ്യചിത്രമായ 'നിര്‍മല' (15.2.1948)ക്കുവേണ്ടി പാട്ടുകള്‍ എഴുതിയത് മഹാകവി ജി. ശങ്കരക്കുറുപ്പായിരുന്നു. പി.എസ്. ദിവാകറും ഇ.ഐ. വാര്യരും ചേര്‍ന്നാണ് ഇതിലെ പന്ത്രണ്ട് പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്. ശുദ്ധകവിതയുടെ തലത്തിലേക്ക് ചലച്ചിത്രഗാനങ്ങളെ ഉയര്‍ത്താനുള്ള ശ്രമം 'നിര്‍മല'യില്‍ നിന്ന് ആരംഭിച്ചു എന്നു പറയാം. എന്നാല്‍ ഈ ശ്രമം പൂര്‍ണമാകുന്നത് പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തൊള്ളായിരത്തി അമ്പതുകതളുടെ മധ്യത്തോടെയാണ് സിനിമയ്ക്കുവേണ്ടി സ്വതന്ത്രമായ ഗാനരചനയും സംഗീതവും രൂപപ്പെട്ടത്. ഈ കാലഘട്ടത്തിനിടയില്‍ അഭയദേവ്, കിളിമാനൂര്‍ മാധവവാര്യര്‍, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, പി. ഭാസ്‌കരന്‍, തുമ്പമണ്‍ പത്മനാഭന്‍കുട്ടി, സ്വാമി ബ്രഹ്മവ്രതന്‍, പി. കുഞ്ഞികൃഷ്ണ മേനോന്‍, ബോധേശ്വരന്‍, പി.ജെ. ആന്റണി, ആര്‍.എ. കൊല്ലങ്കോട്, വാണക്കുറ്റി, എന്‍.എക്‌സ്. കുര്യന്‍, തിരുനയനാര്‍കുറുച്ചി മാധവന്‍ നായര്‍, ഗായക പീതാംബരം, എന്‍.എന്‍. പിഷാരടി, കെ.സി. പൂങ്കുന്നം തുടങ്ങിയവര്‍ ചലച്ചിത്രഗാനരചനയിലേക്ക് കടന്നുവന്നു. ഇവരില്‍ പി. ഭാസ്‌കരനും, തിരുനയനാര്‍ കുറുച്ചിക്കുമാണ് സര്‍ഗ്ഗാത്മകമായി ചലച്ചിത്രഗാനരചനാമേഖലയില്‍ ഇടപെടാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ അവരുടെ പാട്ടുകള്‍ ഇന്നും പ്രേക്ഷകര്‍ താലോലിക്കുന്നു.

സേതുമാധവന്‍
 

ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളിലും അമ്പതുകളുടെ മധ്യത്തിലും ചലച്ചിത്രങ്ങളെക്കാള്‍ നാടകങ്ങള്‍ക്കും നാടകഗാനങ്ങള്‍ക്കുമായിരുന്നു കേരളത്തില്‍ ജനപ്രീതി. കേരള സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന നടനും ഗായകനുമായ പപ്പുക്കുട്ടി ഭാഗവതര്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് നാടകത്തിനാണോ സിനിമയ്ക്കാണോ കേരളത്തില്‍ പ്രശസ്തി കൂടുതല്‍ എന്ന ഒരു ഗവേഷകന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ഇതിന് തെളിവാണ്. നാടകത്തിന് സിനിമകള്‍ വളരെ കുറവായിരുന്നു. നാടകത്തിന് കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ നിരവധി കളികള്‍ ഉണ്ടാകുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നാടകഗാനരചനാരംഗത്ത് ജ്വലിച്ചുനിന്ന ഒ.എന്‍.വി. കുറുപ്പും വയലാര്‍ രാമവര്‍മയും ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്നുവരുന്നത്. അപ്പോഴേക്കും ഗാനരചയിതാവ്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പി. ഭാസ്‌കരന്‍ ചലച്ചിത്രരംഗത്ത് തന്റെ സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇവര്‍ മൂവരും കവിതാരംഗത്ത് പുരോഗമനകവികള്‍ എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു. ഈവിധം കഥാകൃത്തുക്കളുടെയും കവികളുടെയും ഒരു കൂട്ടായ്മയുടെ കാഹളം മുഴക്കിക്കൊണ്ടാണ് മലയാളശബ്ദസിനിമയുടെ മൂന്നാംദശകം ആരംഭിക്കുന്നത്. ഇവരില്‍ ഏറ്റവും ഒടുവില്‍ രംഗപ്രവേശം ചെയ്തത് വയലാര്‍ രാമവര്‍മ്മയായിരുന്നു. ജെ.ഡി. തോട്ടാന്‍ സംവിധാനം ചെയ്ത 'കൂടപ്പിറപ്പ്' (2.11.1956) എന്ന ചിത്രത്തിനു വേണ്ടിയാണ് വയലാര്‍ ആദ്യമായി ഗാനങ്ങള്‍ എഴുതിയത്. പന്ത്രണ്ട് ഗാനങ്ങളാണീ ചിത്രത്തിലുള്ളത്. കെ. രാഘവനാണ് ഇവയ്ക്ക് സംഗീതം പകര്‍ന്നത്. 'കൂടപ്പിറപ്പി'ന്റെ കഥയും സംഭാഷണവും രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയും പോഞ്ഞിക്കര റാഫിയും ചേര്‍ന്നാണ്. മലയാളസിനിമയില്‍ വരാന്‍ പോകുന്ന സൗന്ദര്യോന്മുഖമായ പരിവര്‍ത്തനങ്ങളുടെ നാന്ദി കൂടിയായിരുന്നു 'കൂടപ്പിറപ്പി'ലെ റാഫിയുടെയും വയലാറിന്റെയും സാന്നിധ്യം.

സേതുമാധവനും നെടുമുടി വേണുവും
 

മലയാളസിനിമാ സംഗീതത്തിന്റെ കാര്യത്തിലും ഇത്തരമൊരു പരിവര്‍ത്തനം അന്നത്തെ മലയാളസിനിമയില്‍ അനിവാര്യമായിരുന്നു. കെ. രാഘവന്‍ 'നീലക്കുയിലി'ല്‍ (22.10.1954) ഇതിന് ഹരിശ്രീ കുറിച്ചുവെങ്കിലും ഇത് പൂര്‍ണതയിലേക്ക് ഉയര്‍ന്നത് പറവൂര്‍ ജി. ദേവരാജന്റെയും വയലാറിന്റെയും കൂട്ടായ്മയിലൂടെയാണ്. ദേവരാജന്റെ സംഗീതസിദ്ധികള്‍ മലയാളസിനിമയുടെ സൗന്ദര്യാംശത്തിന് (അലേെവലശേര) വിശിഷ്യാ ഗാനങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്ന് വയലാര്‍ കണ്ടെത്തിയിരുന്നു. തന്റെ ഗാനങ്ങള്‍ക്ക് ദേവരാജന്റെ സംഗീതത്തിലൂടെ മാത്രമേ പൂര്‍ണത കൈവരികയുള്ളൂ എന്നൊരു അഭിവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗാനങ്ങള്‍ക്കായി തന്നെ സമീപിക്കുന്ന നിര്‍മാതാക്കളെയും സംവിധായകരെയും ദേവരാജനെക്കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു. ഇത് ദേവരാജന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ചതുരംഗ'ത്തിന് (10.9.1959) വയലാര്‍ എഴുതിയ വരികള്‍ക്ക് ഞാന്‍ തന്നെ സംഗീതം നല്‍കണമെന്നു വയലാര്‍ അതിന്റെ നിര്‍മാതാക്കളോടു നിര്‍ബന്ധിച്ചിരുന്നു.6 ഉദയാ സ്റ്റുഡിയോ സാരഥി കുഞ്ചാക്കോയുമായി ദേവരാജന് അത്ര സൗഹൃദം ഇല്ലായിരുന്നു. ആ കാലത്താണ് 'ഭാര്യ' (20.12.1962)യിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ദേവരാജനെ ഏല്‍പിക്കണമെന്ന് വയലാര്‍ കുഞ്ചാക്കോയോട് ശഠിച്ചു. ടി.വി. തോമസ്സും ഇതേ നിര്‍ദേശം മുന്നോട്ടു വെച്ചു. അങ്ങനെയാണ് 'ഭാര്യ' എന്ന ചിത്രത്തിന് വയലാര്‍ എഴുതിയ പാട്ടുകള്‍ക്ക് ഞാന്‍ സംഗീതം നല്‍കാനിടയായത്7 എന്നാണ് ദേവരാജന്‍ തന്നെ പറഞ്ഞിട്ടുള്ളത്. പല സംവിധായകര്‍ക്കും മുമ്പില്‍ ദേവരാജനെ അവതരിപ്പിച്ചത് വയലാര്‍ രാമവര്‍മ്മയാണ്.

വയലാറിന്റെയും ദേവരാജന്റെയും ചലച്ചിത്ര സപര്യയില്‍ നിര്‍ണായകമായ പങ്കുവഹിച്ച സംവിധായകനാണ് കെ.എസ്. സേതുമാധവന്‍. അദ്ദേഹത്തിന് ദേവരാജനെ പരിചയപ്പെടുത്തിക്കൊടുത്തതും വയലാറാണ്. മലയാള ചലച്ചിത്രഗാനശാഖയില്‍ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമായിരുന്നു ഈ കൂട്ടുകെട്ട്. സേതുമാധവന്റെ നാലാമത്തെ മലയാള ചിത്രമായ 'നിത്യകന്യക' (22.2.1963)യ്ക്ക് വേണ്ടിയാണ് വയലാര്‍, ദേവരാജനെ സംഗീതസംവിധായകനായി നിര്‍ദേശിച്ചത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം എം.എസ്. ബാബുരാജിന് നല്കണമെന്നായിരുന്നു സംവിധായകന്റെ ആഗ്രഹം. ഇത് മനസ്സിലാക്കിയ വയലാര്‍ തന്റെ ഗാനങ്ങള്‍ക്ക് മികവാര്‍ന്ന ഈണം പകരാന്‍ ദേവരാജനായിരിക്കും ഏറെ ഉതകുക എന്ന് 'ഭാര്യ' (20.12.1962)യിലെ ഗാനങ്ങള്‍ ചൂണ്ടിക്കാട്ടി സേതുമാധവനെ അദ്ദേഹം ബോധ്യപ്പെടുത്തി. വയലാറും ദേവരാജനും ചേര്‍ന്ന് ഒരുക്കിയ ഏഴു പാട്ടുകളും കേട്ടതോടെ 'എന്റെ ഗാനരചയിതാവിനെയും സംഗീതസംവിധായകനെയും ഞാന്‍ കണ്ടെത്തിയിരിക്കുന്നു'8 എന്നാണ്  അദ്ദേഹം പ്രതികരിച്ചത്. ആറ് ഗാനങ്ങളാണ് നിത്യകന്യകക്ക് വേണ്ടി വയലാര്‍ രചിച്ചത്. 'കണ്ണീര്‍ മുത്തുമാല' എന്ന ഗാനം നായകനും നായികയും പ്രത്യേകം പ്രത്യേകം ആലപിക്കുന്നുണ്ട്. നിത്യകന്യകയ്ക്കു ശേഷമുള്ള സേതുമാധവന്റെ ചലച്ചിത്രസപര്യയില്‍ ഉടനീളം നിഴലും വെളിച്ചവുമായി ഇവര്‍ കൂടി ഉണ്ടായിരുന്നു. പ്രേക്ഷകമനസ്സുകളിലേക്ക് വജ്രസൂചിപോലെ സേതുമാധവന്‍ ചിത്രം കടന്നുചെല്ലുന്നതിന് സഹായകമായ മുഖ്യഘടകങ്ങളിലൊന്നാണ് ഈ ഗാനങ്ങളും അവയ്ക്ക് അദ്ദേഹം നല്കിയ ദൃശ്യഭാഷ്യങ്ങളും. ഇതില്‍ ആകൃഷ്ടരായാണ് ഇന്നത്തെ പ്രസിദ്ധരായ പല ചലച്ചിത്രപ്രതിഭകളും ഈ രംഗത്തേക്ക് കടന്നുവന്നതുപോലും.9


വാഴ്‌വേ മായം 
 

വയലാര്‍ രാമവര്‍മ്മ എന്ന കവിയെ സേതുമാധവന്‍ പരിചയപ്പെട്ടതിനു പിന്നില്‍ രസകരമായൊരു തിരനോട്ടമുണ്ട്. വയലാര്‍ രാമവര്‍മ്മ എന്ന കവിയോ ഗാനരചയിതാവോ അല്ല 'കുട്ടന്‍' എന്ന കവിയാണ് സേതുമാധവന്റെ മനസ്സിലേക്ക് ആദ്യമായി കുടിയേറിയത്. തന്റെ ആദ്യചിത്രമായ 'ജ്ഞാനസുന്ദരി' (22.12.1961) യുടെ ജോലികള്‍ നടക്കുമ്പോഴായിരുന്നു അത്. ആ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ടി.ഇ. വാസുദേവന്റെ മദിരാശിയിലെ ഓഫീസില്‍ ഇരിക്കുമ്പോള്‍ അവിടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സി.ആര്‍.കെ. നായര്‍10 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'കുട്ട'ന്റെ കവിത വന്നിട്ടുണ്ടെന്ന് വളരെ ആവേശത്തോടെ പറഞ്ഞു. വളരെ കാര്യമായി അത് വായിക്കുകയും ചെയ്തു. പൊന്‍കുന്നം വര്‍ക്കിയും സേതുമാധവനും വാസുദേവന്റെ സഹോദരങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അത് കേട്ടിരുന്നു. അതിനുശേഷം നായരും കൂട്ടരും പുറത്തേക്കു പോയി. 'അപ്പോള്‍ ഞാന്‍ പതുക്കെ മാതൃഭൂമി വീക്കിലിയെടുത്തു നോക്കിയപ്പോള്‍ കുട്ടന്റെ കവിത എവിടെയും കാണാനില്ല. 'സൂര്യകാന്തിയുടെ ആത്മകഥ' (2.7.1961) എന്നാണ് കവിതയുടെ പേര്. അങ്ങനെ നോക്കുമ്പോള്‍ എഴുതിയ ആളുടെ പേര്‍ 'വയലാര്‍ രാമവര്‍മ്മ' എന്നു കണ്ടു. ഇങ്ങനെയാണ് ആദ്യമായി ആ മനുഷ്യനെപ്പറ്റി ഞാന്‍ അറിയുന്നത്' എന്നാണ് സേതുമാധവന്‍ പറഞ്ഞിട്ടുള്ളത്.

സേതുമാധവന്റെ രണ്ടാമത്തെ മലയാള ചിത്രമായ 'കണ്ണും കരളി'ലെ (28.9.1962) ഗാനങ്ങള്‍ രചിക്കാന്‍ പി. ഭാസ്‌കരനെ ക്ഷണിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഈ നിര്‍ദേശത്തോട് നിര്‍മാതാവായ എ.കെ. ബാലസുബ്രഹ്മണ്യന് അത്ര താല്പര്യം തോന്നിയില്ല. കാരണം ഭാസ്‌കരന്‍ കവിയും മുതിര്‍ന്ന സംവിധായകനുമാണ്. അദ്ദേഹം മറ്റൊരു സംവിധായകന്റെ ചിത്രത്തിന് ഗാനങ്ങള്‍ എഴുതുമോ എന്നൊരു ശങ്ക. പി. ഭാസ്‌കരനെ പൂര്‍ണമായി ഒഴിവാക്കാന്‍ സംവിധായകന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് അഭയദേവിനെക്കൊണ്ടുകൂടി ഗാനങ്ങള്‍ എഴുതിക്കാം എന്നൊരു തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് അഭയദേവിനെ സമീപിച്ചു. ചിത്രത്തിലെ എല്ലാ പാട്ടുകളും എഴുതാന്‍ തന്നെ ഏല്‍പിക്കാമെങ്കില്‍ സഹകരിക്കാം എന്നായി അഭയദേവ്. ടി.ഇ. വാസു ദേവനും ഇതിനായി ശ്രമിച്ചിരുന്നു. ഈയൊരു ദശാസന്ധിയിലാണ് തിരക്കഥാകൃത്തുകൂടിയായ കെ.ടി. മുഹമ്മദ് വയലാറിനെ ക്ഷണിക്കാം എന്ന നിര്‍ദേശം മുമ്പോട്ടു വെച്ചത്. ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. 'സൂര്യകാന്തിയുടെ ആത്മകഥ'യിലൂടെ വയലാര്‍ എന്ന കവിയെ സേതുമാധവന്‍ മനസ്സിലാക്കിയിരുന്നു. മാത്രവുമല്ല 'കൂടപ്പിറപ്പ്' (2.11.1956) 'അവരുണരുന്നു' (16.11.1956), 'ചതുരംഗം' (10.9.1956), 'പാലാട്ടു കോമന്‍' (6.7.1962) തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി മുപ്പതോളം ഗാനങ്ങള്‍ അദ്ദേഹം രചിക്കുകയും ചെയ്തിരുന്നു. കെ.ടി. മുഹമ്മദ് അറിയിച്ചതനുസരിച്ച് വയലാര്‍ മദിരാശിയില്‍ എത്തി. ആ ദിവസം ഇപ്പോഴും സേതുമാധവന്റെ ഓര്‍മകളില്‍ ഉണ്ട്. ''കെ.ടി. വയലാറിനെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോള്‍ ഒരു റെസ്‌പെക്ട് തോന്നി. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചിത്രം രൂപപ്പെട്ടു. യൂറോപ്യന്‍ പ്രഭു കുടുംബങ്ങളിലെപ്പോലെ വെളുത്ത് മെലിഞ്ഞ് സുന്ദരനായ ഒരു മനുഷ്യന്‍, ക്ലിന്‍ ഷേവ് ഹാന്‍സം. വന്നു കഴിഞ്ഞ ഉടനെ കെ.ടി. ഇന്‍ട്രൊഡ്യൂസ് ചെയ്തു. 'ഇതാണ് സേതുമാധവന്‍.' നോക്കിയപ്പോള്‍ വേറൊരാളാണ്. പൊക്കം കുറഞ്ഞ ഇരുനിറത്തിലൊരു മനുഷ്യന്‍ എന്തിന് പറയുന്നു? വന്ന് ഒരൊന്നര മണിക്കൂര്‍ കഴിഞ്ഞില്ല, we have become part and parcel of each other. ഈ പറയുന്ന കെ.ടി. ഒക്കെ മാറിനിന്നു. പിന്നെ കഥയെക്കുറിച്ചായി സംസാരം. ചില നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. ഈ സമയത്ത് നമുക്ക് എന്തെങ്കിലും ഒരു ഡയലോഗ് 'വളര്‍ന്നു' എന്നു വന്നാല്‍ മതി എന്ന് മാപ്പിള പറഞ്ഞു. (നിര്‍മാതാവ് ബാലസുബ്രഹ്മണ്യന്‍ അങ്ങനെയാണ് ചലച്ചിത്ര ലോകത്ത് അറിയപ്പെട്ടിരുന്നത്) 'അത് ചെയ്യണം മാപ്പിളേ?'' 'വളര്‍ന്നു വളര്‍ന്നു' എന്നു പറഞ്ഞ് ഒരു പാട്ടെഴുതി.''12
'വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു
വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നീയൊരു
മിടുക്കനാകണം.''
നിമിഷങ്ങള്‍ക്കുള്ളില്‍ പിറന്ന ഗാനമാണെങ്കിലും കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ഒരമ്മയുടെ ചിന്ത മുഴുവന്‍ ഈ ഗാനത്തില്‍ അടക്കിവെക്കാന്‍ വയലാറിന് കഴിഞ്ഞു. വിശേഷിച്ച് 'വസന്തമാകണം' എന്ന നിര്‍ദ്ദേശത്തിലൂടെ. കുഞ്ഞിന്റെ വളര്‍ച്ചയിലുണ്ടാകാവുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗവും അമ്മ മകന് ഇവിടെ പകര്‍ന്നു നല്‍കുന്നുണ്ട്. വയലാറിന്റെ ഗാനങ്ങളുടെ പ്രത്യേകതകളായി ഇന്ന് നാം വിശേഷിപ്പിക്കുന്ന എല്ലാ ഘടകങ്ങളുടെയും ആദിരൂപം ഇതിലുണ്ട്. അന്നത്തെ ചലച്ചിത്ര വിമര്‍ശകര്‍ അവഗണിച്ച ഗാനമാണിത് എന്നതും വിസ്മരിച്ചുകൂടാ.
ഇവിടെ ഇതോടൊപ്പം സ്മരിക്കേണ്ട മറ്റൊരു ഗാനം കൂടിയുണ്ട്. 'കോട്ടയം കൊലക്കേസ്സി' (22.3.1967)ലെ 'വെള്ളാരം കുന്നിനു മുഖം നോക്കാന്‍ വെണ്മേഖം കണ്ണാടി'. ഈ ഗാനത്തിന്റെ രചനയെക്കുറിച്ച് സേതുമാധവന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. ''കോട്ടയം കൊലക്കേസ്സിന്റെ ജോലികള്‍ നടക്കുന്ന സമയത്ത് ഞാന്‍ 'പാല്‍മനം' എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതില്‍ ഭരതകാശി എഴുതിയ ഒരു പാട്ടുണ്ട്. 'നിലാപെണ്ണിന്‍ മുഖം പാര്‍ക് നീല മേഘം കണ്ണാട'. ആ പാട്ടില്‍ ഒരു താല്പര്യം തോന്നി. ഞാന്‍ വയലാറിനോട് ആ പാട്ടിനെപ്പറ്റി പറഞ്ഞു. നമ്മുടെ മലയാളത്തില്‍ ഇങ്ങനെ ഒരു പാട്ടില്ല എന്നു കൂടി പറഞ്ഞു. അപ്പോള്‍ ഹോട്ടലില്‍നിന്ന് കാപ്പിയും കൊണ്ടു വരുന്നൂന്ന് പറഞ്ഞ് എഴുന്നേറ്റു. കാപ്പി കുടിച്ചു കഴിഞ്ഞ ഉടനെ പാട്ടെഴുതി. അതാണ് 'വെള്ളാരം കുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി.' വയലാറിനെപ്പോലെ മഹാനായ ഒരു കവിയോട് അനുകരിക്കാന്‍ പറയുന്നത് ശരിയല്ലാത്തതുകൊണ്ട് പിന്നീട് അത്തരം സാഹസത്തിന് മുതിര്‍ന്നില്ല.''15 വയലാറിന്റെ നിമിഷ രചനാപാടവത്തോടൊപ്പം   സേതുമാധവന്‍ വയലാറിന് നല്കിയ ബഹുമാനം കൂടി ഇത് സൂചിപ്പിക്കുന്നുണ്ട്.

സേതുമാധവനും കമല്‍ഹാസനും

'കണ്ണും കരളി'ല്‍ നിന്നും ആരംഭിച്ച സൗഹൃദം വയലാര്‍ സമയതീരത്തിലേക്ക് മടങ്ങുംവരെ അഭംഗുരം നിലനിന്നു. മലയാള സിനിമാചരിത്രത്തിലെ അപൂര്‍വ്വം കൂട്ടായ്മകളിലൊന്നായിരുന്നു അത്. വയലാറിനെ ഒഴിവാക്കി മറ്റൊരു ഗാനരചയിതാവിനെ സങ്കല്പിക്കാന്‍ സേതുമാധവന് കഴിയുമായിരുന്നില്ല. ഒരിക്കല്‍ അഭയദേവിനോട് അദ്ദേഹം പറഞ്ഞത് ഇതാണ് അടയാളപ്പെടുത്തുന്നത്. സേതുമാധവന്റെ സഹായി ആയിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന് 'ഒരു പാട്ട് കൊടുക്കാത്തതെന്തേ?' എന്ന് അഭയദേവ് സേതുമാധവനോട് ചോദിച്ചു. ഈ സംഭവം മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്. ''സാര്‍ പറഞ്ഞു, 'കൊടുക്കാന്‍ പറ്റില്ല. വയലാര്‍ ഗാനങ്ങള്‍ എഴുതുന്നിടത്തോളം കാലം എനിക്ക് വേറെ ആളെ ചിന്തിക്കാന്‍ ഒക്കില്ല! ഗാനരംഗങ്ങള്‍ എനിക്ക് വയലാറിനെ വിട്ടിട്ട് ചെയ്യാന്‍ പറ്റില്ല.' അപ്പോള്‍ എനിക്കു മനസ്സിലായി ആ ബന്ധത്തിന്റെ, ആ പ്രിന്‍സിപ്പിളിന്റെ ആഴം. അതുപോലെത്തന്നെ അദ്ദേഹം പാലിച്ചു എന്നതാണ്. വയലാറിന് ശേഷം എന്നെയാണ് ആദ്യമായി ഗാനരചനക്കായി വിളിച്ചത്.''16 വയലാറിനെ ഇത്രയേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മറ്റൊരു സംവിധായകനില്ലെന്ന് പറയാം. ഈ കാലയളവില്‍ (1961-1974) സേതുമാധവന്‍ 46 ചിത്രങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്തത്. ഇതില്‍ 42നും ഗാനരചന നടത്തിയത് വയലാര്‍ തന്നെ ആയിരുന്നു .17 ഈ ചിത്രങ്ങള്‍ക്കുവേണ്ടി 220 ഗാനങ്ങളാണ് വയലാര്‍ രചിച്ചത്. പലപ്പോഴും ഒരേ ഗാനം തന്നെ ഈണം മാറ്റിയും അല്ലാതെയും ഒന്നിലധികം പ്രാവശ്യം ആവര്‍ത്തിക്കുന്നതായും കാണാം. സേതുമാധവന്‍ ചിത്രങ്ങളുടെ ഒരു മുദ്രയാണ് ഈ ആവര്‍ത്തനങ്ങള്‍. ഇത് പ്രത്യേകം പഠിക്കേണ്ടതാണ്. അറുപതുകളുടെ തുടക്കത്തില്‍ എട്ടും ഒമ്പതും പാട്ടുകളാണ് ഒരു ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ എഴുപതുകളുടെ തുടക്കത്തോടെ അത് നാലും അഞ്ചുമായി ചുരുങ്ങി.
വയലാറിന് യഥേഷ്ടം ഗാനങ്ങള്‍ രചിക്കാനുള്ള സര്‍ഗ്ഗസ്വാതന്ത്ര്യം സേതുമാധവന്‍ നല്കിയിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത് ഇവിടെ പകര്‍ത്താം. ''ഇഷ്ടത്തിനനുസരിച്ച് തന്നെ എഴുതും. നല്ലൊരു നല്ലൊരു understanding  ഉണ്ടായിരുന്നു വയലാര്‍ - ദേവരാജന്‍ ആ ടീം വര്‍ക്കിന് മാനസികമായ ഒരു ഐക്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാനൊന്ന് പറയാന്‍ വിചാരിക്കുമ്പോഴേക്കും ദേവരാജന്‍ പറയും അതങ്ങനാണ്. ഞാനത് പറയാന്‍ വിചാരിച്ചതാണ് എന്ന്. പിന്നെ വയലാര്‍ ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചിരിക്കുന്ന സമയത്ത് - we get songs - thinking ഒരേ ടൈപ്പിലുള്ള കൂട്ടായ്മ.''18 മലയാളസിനിമയിലെ പല അനശ്വരഗാനങ്ങളുടെയും പിറവി ഈ കൂട്ടായ്മയില്‍നിന്നാണ്. വയലാര്‍ തന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ രചിച്ചതും സേതുമാധവന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു. വയലാറിനെപ്പോലെ സര്‍ഗ്ഗധനനായ ഒരു നിമിഷ കവിക്ക് തന്റെ സര്‍ഗ്ഗശക്തി യഥേഷ്ടം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യവും സന്ദര്‍ഭവും ലഭിച്ചതുകൊണ്ടുതന്നെ ചലച്ചിത്രഗാനരചന എന്ന സാങ്കേതിക രചനാ തന്ത്രത്തേക്കാള്‍ കവിതാരചന തന്നെയായിരുന്നു സേതുമാധവന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള ഗാനനിര്‍മ്മിതി. പാട്ടിനുവേണ്ടി പന്ത്രണ്ടു വരികള്‍ എഴുതുന്നതിനേക്കാള്‍ അനുവര്‍ത്തനം ചെയ്യുന്ന സാഹിത്യകൃതികളുടെ അന്തര്‍ഭാവത്തോട് താദാത്മ്യം പ്രാപിക്കാവുന്ന ഭാവഗീതങ്ങള്‍ രചിക്കുകയായിരുന്നു വയലാര്‍ ചെയ്തത്. ഇക്കാരണത്താലാണ് 'കണ്ണും കരളി'നും ശേഷം ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കവിതാരംഗത്തുനിന്നും ഏറെക്കാലം വിട്ടുനിന്നത് എന്ന് പറയാം. സാഹിത്യകൃതികളുടെ ചലച്ചിത്ര അനുവര്‍ത്തനം പോലെതന്നെയാണ് കവിതയുടെ സംഗീതാവിഷ്‌കരണവും. ഭാവാര്‍ത്ഥങ്ങളെ വെളിപ്പെടുത്തുംവിധമുള്ള സ്വരപ്പെടുത്തലുകളും വാഗാര്‍ത്ഥങ്ങളെ പ്രസ്ഫുരിക്കുന്ന ആലാപനവും ഒത്തുചേരുമ്പോള്‍ ശുദ്ധകവിതയുടെ വായ്‌മൊഴി പാരമ്പര്യത്തെ ചലച്ചിത്രഗാനങ്ങള്‍ പുനര്‍സൃഷ്ടിക്കുകയായിരുന്നു. വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ചലച്ചിത്രഗാനങ്ങള്‍ക്ക് സേതുമാധവന്‍ ഒരുക്കിയ ദൃശ്യഭാഷ്യം തന്ത്രീലയസമന്വിതമായ ഗീതംപോലെ അതീവഹൃദ്യവുമായിരുന്നു. 'കടല്‍പ്പാലം' (25.7.1969). 'വാഴ്‌വേമായം' (10.4.1972) 'അനുഭവങ്ങള്‍ പാളിച്ചകള്‍' (16.8.1971)21 തുടങ്ങിയ ചിത്രങ്ങളിലെ 'ഗാനങ്ങള്‍ ഇതിന് തെളിവാണ്. ഉദാഹരണമായി ഈ ചിത്രങ്ങളിലെ ഓരോ ഗാനങ്ങള്‍ എടുക്കാം. കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും'22 എന്ന ഗാനത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് തൊട്ടടുത്തുള്ള ദീപസ്തംഭത്തില്‍നിന്ന് വരുന്ന പ്രകാശത്തിലാണ്. മിന്നിമറയുന്ന ഈ വെളിച്ചത്തിലാണ് ഖദീജാ ഉമ്മയുടെ വളര്‍ത്തുമകന്‍ മുരളി ഭാവങ്ങളെ പകര്‍ത്തിയിട്ടുള്ളത്. അയാളുടെ മുഖത്ത് വീഴുന്ന നിഴലുകള്‍, പ്രത്യേകിച്ച് മരച്ചില്ലകളുടെയും ലൈറ്റുകളുടെയും തൂണുകളുടെയും നിഴലുകള്‍ ഭാവത്തെ കൂടുതല്‍ ദീപ്തമാക്കുന്നു. സാഹിത്യകുതുകിയായ പ്രേക്ഷകന്റെ മനസ്സില്‍ 'സഞ്ചാരിണീദീപശിഖ'23 എന്ന കാളിദാസവരികളിലെ ഉപമയുടെ സാരസ്യമാണ് ഈ ദൃശ്യങ്ങള്‍ ഉണര്‍ത്തുന്നത്. അതിലൂടെ മുരളിയുടെ പ്രേമവും അതിനുള്ള തടസ്സവും എല്ലാം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു.

വയലാര്‍, ദേവരാജന്‍

വാഴ്‌വേമായത്തിലെ 'ചലനം ചലനം'24 എന്ന ഗാനം ആരംഭിക്കുന്നത് താരാപഥത്തിന്റെ ദൃശ്യങ്ങളില്‍ നിന്നാണ്. ക്രമേണ കാലത്തിന്റെ താളമായി അത് മാറുന്നു. സുധീന്ദ്രന്റെ മനസ്സിലെ താളക്കേടുകള്‍ ദൃശ്യവത്കരിക്കുന്നത് അയാള്‍ പാലത്തില്‍നിന്ന് കീഴ്‌പോട്ട് ഇറങ്ങി വരുന്നത് കാട്ടിക്കൊണ്ടാണ്. അയാള്‍ റോഡ് അരികില്‍ വീഴുന്നതോടത് പൂര്‍ണമാവുന്നു. കലണ്ടറിലെ താളുകള്‍ മറിയുന്നതോടെ കാലവും മാറുന്നു. ഈ പരിണാമങ്ങള്‍ ഭാവഗാനം പോലെ ലളിതവും ചേതോഹരവുമായി ചിത്രീകരിക്കയാണിതില്‍. 'അഗ്നിപര്‍വ്വതം പുകഞ്ഞു'25 എന്ന 'അനുഭവങ്ങള്‍ പാളിച്ചകളി'ലെ ഗാനം വികാരതീക്ഷ്ണമായ ഒരന്തരീക്ഷമാണ് പ്രദര്‍ശിപ്പിക്കുന്നത്. തൂക്കിലേറ്റാനായി വിധിക്കപ്പെട്ട ചെല്ലപ്പനെ ജയിലിലേക്കു കൊണ്ടുപോകുന്നതു മുതല്‍ വിധി നടപ്പാക്കുന്നതുവരെയുള്ള കാലമാണ് ഈ ഗാനത്തിലൂടെ ആവിഷ്‌കൃതമാകുന്നത്. ഇതിലെ ഓരോ ദൃശ്യവും ആ അന്തരീക്ഷത്തെ വെളിപ്പെടുത്തുംവിധമാണ് ചിത്രീകരിച്ചിട്ടുള്ളത്. അടുത്ത പ്രഭാതത്തില്‍ തൂക്കിലേറ്റാന്‍ പോകുന്ന ചെല്ലപ്പന്റെ ഹൃദയത്തുടിപ്പുകള്‍, അതിന് സാക്ഷിയാകേണ്ടിവരുന്ന ജയിലിലെ ജീവനക്കാരുടേയും ആരാച്ചാരുടെയും മാനുഷിക ഭാവങ്ങളും അതിനുപരി ഔദ്യോഗിക കൃത്യനിര്‍വഹണം, ചെല്ലപ്പന്റെ ജഡം ഏറ്റുവാങ്ങാന്‍ കാത്ത് നില്‍ക്കുന്ന ഭവാനിയുടെയും ഗോപാലന്റെയും ഹൃദയത്തുടിപ്പുകള്‍ ഇവയെല്ലാം വളരെ ഒതുക്കത്തോടെ സന്നിവേശിപ്പിക്കുകയാണ് ഈ ഗാനത്തില്‍. പ്രേക്ഷകനെ അസ്വസ്ഥനാക്കുന്ന വരികളും അവയുടെ ദൃശ്യാവിഷ്‌കാരവും പ്രേക്ഷകനെ വികാരവിമലീകരണത്തിന് പ്രാപ്തനാക്കുന്നു, അഥവാ വിധേയനാക്കുന്നു.26
വയലാറിനേയും സേതുമാധവനേയും ഇത്രയേറെ അടുപ്പിച്ചതിനു പിന്നില്‍ ചലച്ചിത്രത്തിനതീതമായ ചില വസ്തുതകള്‍ കൂടിയുണ്ട്. ഇരുവരുടേയും പ്രകൃതങ്ങളില്‍ അജഗജാന്തരമുണ്ടെങ്കിലും ഏര്‍പ്പെടുന്ന തൊഴിലിനോടുള്ള സമീപനം ഒന്നായിരുന്നു. ആത്മാര്‍ത്ഥതയും തുറന്ന സമീപനവുമായിരുന്നു ഇതില്‍ ആദ്യത്തേത്. സേതുമാധവനെ സംബന്ധിച്ചിടത്തോളം 'ഒരു സേവനമായിരുന്നു ചലച്ചിത്ര സംവിധാനം.' അതുകൊണ്ടുതന്നെ കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങുന്ന രീതി അദ്ദേഹത്തിന് അന്യമായിരുന്നു. ഇതേ സമീപനം തന്നെയായിരുന്നു വയലാറിന്റെയും ദേവരാജന്റെയും. ഇത് അരുടെ ബന്ധത്തിന്റെ ഇഴകളെ കൂടുതല്‍ ദൃഢമാക്കി. ചലച്ചിത്രപഠനങ്ങളിലോ ഗാനസാഹിത്യപഠനങ്ങളിലോ പ്രസക്തമല്ലാ എന്ന് പ്രഥമദൃഷ്ട്യാ തോന്നാവുന്ന ചില വസ്തുതകളും വയലാര്‍ സേതുമാധവന്‍ ബന്ധത്തിലുണ്ട്. ഇരുവരും ഭൂജാതരായത് ഒരേ നക്ഷത്രത്തിലാണ്. വയലാര്‍ മീനമാസത്തിലെ ഭരണിയും സേതുമാധവന്‍ ഇടവമാസത്തിലെ ഭരണിയുമായിരുന്നു. ഇരുവര്‍ക്കും അവരുടെ അമ്മമാരോടുള്ള ആദരവാണ് അടുത്തത്. അമ്മയോടൊപ്പം ഇരുന്ന് കാണാന്‍ കഴിയുന്ന ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിരുന്ന സംവിധായകനും28 ''അമ്മയ്ക്ക് കേട്ട് ആസ്വദിക്കാന്‍ കഴിയുന്ന കവിതകളും ഗാനങ്ങളും എഴുതിയിരുന്ന കവിയും.29, സേതുമാധവന്റെ അമ്മ സ്വയം ആംഗലഭാഷ വശമാക്കിയിരുന്നു. ടെന്നീസ് കളിക്കയും ചെയ്യുമായിരുന്നു.
വയലാറിനും സേതുമാധവനും ബാല്യത്തിലെ അവരുടെ പിതാക്കന്മാരെ നഷ്ടമായി. വയലാര്‍ മൂന്നര വയസ്സുമുതല്‍ അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു. സേതുമാധവനാവട്ടെ അമ്മയുടെ സംരക്ഷണയിലും. രണ്ടുപേരും കുടുംബത്തിലെ മൂത്ത സന്തതികളുമായിരുന്നു. വയലാര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പരമ്പരാഗതശൈലിയില്‍ സംസ്‌കൃതപഠനം തുടര്‍ന്നു. സേതുമാധവന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പാലക്കാട്ടും മദിരാശിയിലുമായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.
വയലാറിന്റെയും സേതുമാധവന്റെയും വിവാഹത്തിന് ഏറെ ഉത്സാഹിച്ചത് അവരുടെ അമ്മാവന്മാരാണ്. വധുക്കളെ കണ്ടെത്തിയതും ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തിച്ചതും അവരുടെ ശ്രമത്തിലാണ്. ഫെബ്രുവരി 12ന് ആയിരുന്നു ഇവരുടെ വിവാഹങ്ങള്‍. 1957 ഫെബ്രുവരി 12നായിരുന്നു വയലാറിന്റെയും 'ഭാരതി' രാമവര്‍മയുടെയും വിവാഹം.10 ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ഇതേ ദിവസം സേതുമാധവന്റെയും വിവാഹം ആ തിരുനടയില്‍ നടന്നു. 'മണവാട്ടി' (10.4.1964) എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സേതുമാധവന്റെ വിവാഹം.31 ദേവരാജന്റെയും വിവാഹം ഏതാണ്ട് ഇതേ കാലത്തായിരുന്നു. വിവാഹത്തന്റെ നാലാം ദിവസം ഭാര്യയെയും കൂട്ടി മദിരാശിയില്‍ എത്തിയാണ് ദേവരാജന്‍ ഈ ചിത്രത്തിലെ 'അഷ്ടമുടിക്കായലിലെ' എന്ന യുഗ്മഗാനം റിക്കാര്‍ഡ് ചെയ്തത്.32 ? ഒരു വനിത കഥയും തിരക്കഥയും സംഭാഷണവും രചിച്ച ആദ്യമലയാള സിനിമ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് 'മണവാട്ടി'33 (10.4.1964).
സേതുമാധവന്റെയും വയലാറിന്റെയും ഈശ്വരീയസങ്കല്പവും അവരുടെ തൊഴില്‍ബന്ധങ്ങളെ നിയന്ത്രിച്ചിരുന്ന അടിസ്ഥാന വസ്തുതകളില്‍ ഒന്നായിരുന്നു. ബാല്യത്തില്‍ തികഞ്ഞ സഗുണോപാസകനായിരുന്നു വയലാര്‍. വയലാറിന്റെ അമ്മ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം ലഭിച്ച പുത്രനാണ് രാമവര്‍മ്മ. 18 വയസ്സിനു മുമ്പ് സ്വമനസ്സാലെ അദ്ദേഹം അവിടെ പല പ്രാവശ്യം ഭജനമിരുന്നിട്ടുണ്ട്.34 സേതുമാധവന്റെ അച്ഛനമ്മമാര്‍ ഏറെക്കുറേ നിര്‍ഗുണോപാസകരായിരുന്നു. ഫോറസ്റ്റ് ഓഫീസറായിരുന്ന അച്ഛന്‍ ഓഫീസില്‍നിന്ന് വന്നു കഴിഞ്ഞാല്‍ ഒരു കുളി പാസ്സാക്കും. വലിയ ഭക്തിയൊന്നുമില്ലെങ്കിലും ഒരു സുബ്രഹ്മണ്യന്റെ പടമുണ്ട്. അതിനടുത്തുപോകും. ഭസ്മമെടുത്ത് നെറ്റിയിലിടും. ഭക്ഷണമൊക്കെ കഴിച്ച് ഈസിചെയറില്‍ മുറ്റത്തിരിക്കും35 എന്നാണ് സേതുമാധവന്റെ അനുസ്മരണം. എന്നാല്‍ അച്ഛനമ്മമാര്‍ തിരുവണ്ണാമലയിലെ രമണാശ്രമവുമായി വളരെ അടുപ്പമുള്ളവരായിരുന്നു. അച്ഛന്‍ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷക്കാലത്തെ ഓര്‍മ്മകള്‍ അദ്ദേഹം  പങ്കുവെച്ചിട്ടുണ്ട്. 'ഏറെക്കുറേ എല്ലാ മാസവും അച്ഛനും അമ്മയും അവിടെ പോകും. അതല്ലാത്ത സമയത്ത് ചില കാട്ടില്‍നിന്ന് കിട്ടുന്ന കടുക്കാ പിഞ്ചുകള്‍, വാഴയ്ക്ക, വാഴക്കുല, ചക്ക ഇങ്ങനെയുള്ളവ അച്ഛന്‍ എപ്പോഴും ആശ്രമത്തിലേക്ക് കൊടുത്തയയ്ക്കും. അപ്പോള്‍ ചില സമയത്ത് അമ്മ എന്നേക്കൂടി അയക്കും. കല്‍ക്കണ്ടം, മുന്തിരിങ്ങ, ആല്‍മണ്ട് ഒക്കെയുണ്ടാവും. അതൊക്കെ ഫോറസ്റ്റിലെ ജോലിക്കാര്‍ ഇലയില്‍ അവിടെ കൊണ്ടുകൊടുക്കും. ഞാന്‍ മാത്രം അവിടെ തങ്ങും. ആശ്രമത്തിലെ ആരെങ്കിലും ഒരാള്‍ ഒരു തട്ടില്‍ കൊണ്ടുപോയി മഹര്‍ഷിയുടെ മുമ്പില്‍ വെയ്ക്കും. ഒരു പുഞ്ചിരി കിട്ടും. ഞാന്‍ മുന്‍ഭാഗത്ത് ചമ്രം പടിഞ്ഞിരിക്കും. ഞാന്‍ അടുത്തു ചെന്ന് ഒരു  നമസ്‌കാരമൊക്കെ പറയും.36 വയലാറിന്റെ ഭജനമിരുപ്പിന് ഏറെക്കുറെ സമാനമാണ് സേതുമാധവന്റെ രമണാശ്രമത്തിലെ ചമ്രം പടിഞ്ഞുള്ള ഇരുപ്പ്. വയാല്‍ നിര്‍ഗുണോപാസനയിലേക്ക് തിരിഞ്ഞത് ക്ഷേത്രങ്ങള്‍ ബിസിനസ്സ് കേന്ദ്രങ്ങളായി മാറുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്.37 നന്നേ ബാല്യത്തില്‍ തന്നെ സേതുമാധവന്‍ നിര്‍ഗുണോപാസനയുടെ മാര്‍ഗ്ഗത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ എല്ലാറ്റിനും ഉപരിയായി മനുഷ്യനെ പ്രതിഷ്ഠിക്കാനാണ് അവര്‍ ഇരുവരും ശ്രമിച്ചിരുന്നത്. വയലാര്‍ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മനുഷ്യനെ പരമപദത്തില്‍ പ്രതിഷ്ഠിച്ചു. തന്റെ സിനിമകളിലൂടെ മനുഷ്യത്വത്തിന്റെ ഔന്നത്യം പ്രദര്‍ശിപ്പിക്കാനാണ് സേതുമാധവന്‍ ഉത്സാഹിച്ചിരുന്നത്. മതങ്ങള്‍ക്ക് അതീതമായി മനുഷ്യനിലെ നന്മയുടെ കണികകള്‍ വെളിപ്പെടുത്താനുള്ള സന്ദര്‍ഭങ്ങള്‍ക്ക് ദീപ്തി പകരാന്‍ വയലാറിന്റെ ഗാനങ്ങള്‍ ഏറെ സഹായകമായിരുന്നു.
വയലാറിന്റെ ചലച്ചിത്രഗാനങ്ങളെ സാഹിത്യപരമായ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യാനാണ് പൊതുവേ ശ്രമിച്ചിട്ടുള്ളത്! അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ചലച്ചിത്രഗാനങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം. അത്തരം ചില ശ്രമങ്ങളും നടക്കാതെയില്ല.39 എന്നാല്‍ ഇമ്മാതിരിയുള്ള പഠനങ്ങള്‍ നടന്നതും മലയാളഭാഷാ  പഠനവിഭാഗത്തിലായിരുന്നതുകൊണ്ട് അതിന്റേതായ പരിമിതികളും അവയ്ക്കുണ്ട്. എന്നാല്‍ ഇത്തരം സീമകളെ ഉല്ലംഘിക്കുന്ന ചില പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ദേവരാജന്റെ 'എന്റെ സംഗീതസംവിധാന സമീപനം'40 ഈ വിധമുള്ള ഒന്നാണ്.

സേതുമാധവന്റെ സിനിമകള്‍ക്കുവേണ്ടി വയലാര്‍ രാമവര്‍മ്മ എഴുതിയ ഗാനങ്ങളെ ചലച്ചിത്രസൗന്ദര്യശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ ഗാനങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്ന കഥാസന്ദര്‍ഭവും ചിത്രീകരണവുമാണ് ആദ്യം പരിഗണിക്കേണ്ടത്. ഇതിലൂടെ അവ ചിത്രത്തിന് നല്കുന്ന നൂതനമാനങ്ങള്‍ വെളിപ്പെടും. 'കണ്ണും കരളി'നും വേണ്ടി വയലാര്‍ പാട്ടുകള്‍ എഴുതുമ്പോള്‍ നിലവിലിരുന്ന ചലച്ചിത്രാന്തരീക്ഷത്തെക്കുറിച്ച് സേതുമാധവന്‍ വിശദീകരിച്ചിട്ടുണ്ട്. 'അതിവൈകാരികത നിറഞ്ഞ കഥാമുഹൂര്‍ത്തങ്ങളും പാട്ടുകളും ഒക്കെ കുത്തിനിറച്ച സിനിമകളായിരുന്നു അക്കാലത്ത് മലയാളത്തില്‍ ഏറെയും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ് കണ്ണും കരളും ചെയ്തത്. ആദ്യമാദ്യം ആ മാറ്റം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. തിരുവനന്തപുരത്ത് പടത്തിനറെ പ്രിവ്യൂ കാണിച്ചപ്പോള്‍ തിയേറ്ററുകാര്‍ ചോദിക്കുകയാണ് 'എന്താ സാറേ സത്യനും അംബികയും ജോഡിയായി അഭിനയിച്ചിട്ടും ഇതില്‍ ഒരു പ്രണയയുഗ്മഗാനം പോലും ഇല്ലല്ലോ എന്ന്.' അന്നത്തെ കാഴ്ചപ്പാട് അതായിരുന്നു.41 ഇമ്മാതിരി ഒരു അന്തരീക്ഷത്തിലാണ് ഗാനങ്ങള്‍ ആവര്‍ത്തിക്കുക എന്ന രീതി അദ്ദേഹം അവലംബിച്ചത്. സേതുമാധവന്റെ ആദ്യമലയാള ചിത്രമായ 'ജ്ഞാനസുന്ദരി'യില്‍ (22.12.1961) തന്നെ ഈ പ്രവണത പ്രകടമാണ്. ക്രമേണ ഇത് അദ്ദേഹത്തിന്റെ സംവിധാനശൈലിയുടെ ഭാഗമായി വികസിക്കുന്നതായി കാണാം. 'കണ്ണും കരളും', 'നിത്യകന്യക' (22.2.1963)42, 'ഓമനക്കുട്ടന്‍', (8.10.1964),43 ഓടയില്‍ നിന്ന്' (20.11.1967)44, 'അര്‍ച്ചന' (19.3.1966)45, 'സ്ഥാനാര്‍ത്ഥി സാറാമ്മ' (2.12.1966)46, 'നാടന്‍ പെണ്ണ്' (24.11.1967)47, 'യക്ഷി' (30.8.1968)48, 'വാഴ്‌വേമായം' (10.4.1970)49, 'ഒരു പെണ്ണിന്റെ കഥ' (22.1.1971)50, 'ജീവിക്കാന്‍ മറന്നു പോയ സ്ത്രീ' (22.2.1974)51 തുടങ്ങിയ ചിത്രങ്ങളില്‍ ഈ സങ്കേതം വളരെ വിജയകരമായി വിന്യസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സേതുമാധവന്‍ പറഞ്ഞത് 'കറക്ടായിട്ട് രു മറുപടി പറയാന്‍ എനിക്കറിയില്ല, കാരണം ആ പാട്ട് കേള്‍ക്കുമ്പോള്‍, അന്നത്തെ സാഹചര്യത്തില്‍ ഞാന്‍ അതിനെപ്പറ്റി ആലോചിച്ചിട്ട് ആ കഥാസന്ദര്‍ഭത്തെ- മനോഭാവത്തെ വ്യക്തമാക്കാന്‍ വേണ്ടി ചെയ്തതാണ്. അതിന് ക റീി' േവമ്‌ല മ ളീൗൃാൗഹമ ീേ റീ വേമ'േ52 ഒരു ഫോര്‍മുല ഇല്ലായിരുന്നെന്നു പ റഞ്ഞാലും അത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു ഘടകമായിരുന്നു. വയലാറിന്റെ സന്ദര്‍ഭാനുഗുണമായ രചനയും എം.ബി. ശ്രീനിവാസന്‍, ജി. ദേവരാജന്‍, കെ. രാഘവന്‍, എല്‍.പി.ആര്‍. വര്‍മ്മ, എം.എസ്. വിശ്വനാഥന്‍ തുടങ്ങിയവരുടെ സംഗീതവും ആവര്‍ത്തനവിരസത സൃഷ്ടിക്കാതെ കഥാസന്ദര്‍ഭത്തിന് അനുഗുണമായ ഭാവം ഉണര്‍ത്തുകയും കഥാഗതിയുടെ പുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇതോടൊപ്പം പ്രേക്ഷകമനസ്സുകളെ ചിത്രത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ഉണ്ടായി. ഇവിടെയാണ് ഗാനാവര്‍ത്തനങ്ങള്‍ സേതുമാധവന്റെ കലാതന്ത്രത്തിന്റെ ഭാഗമാകുന്നത്.
ഈ കലാതന്ത്രത്തിന് അനുബന്ധമോ തുടര്‍ച്ചയോ ആയ മറ്റൊരു ശൈലികൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഗാനങ്ങള്‍ക്ക് ഇടയില്‍ അതിന്റെ ഭാഗമായി സാധാരണ സംഭാഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക, ഉദാഹരണമായി 'വാഴ്‌വേമായ'ത്തിലെ 'സീതാദേവി സ്വയംവരം' എന്നു തുടങ്ങുന്ന യുഗ്മഗാനം എടുക്കാം. ഈ ഗാനം സ്ത്രീശബ്ദത്തില്‍ ആവര്‍ത്തിക്കുന്നുമുണ്ട്. ചിത്രത്തിന്റെ നാലിലൊന്ന് കഴിയുമ്പോഴാണ് ഗാനം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഉറക്കറയിലെ പ്രേമസല്ലാപങ്ങള്‍ക്കിടയില്‍ അലമാരിയുടെ മുകളില്‍ ഇരിക്കുന്ന നര്‍ത്തകിയുടെ പ്രതിമയെക്കുറിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ നടത്തുന്ന നര്‍മ്മഭാഷണത്തിന്റെ തുടര്‍ച്ചയായി നായിക നാലുവരി പാടി കഴിയുമ്പോഴാണ് നായകന്‍ സംഭാഷണം ആരംഭിക്കുന്നത്.

വയലാര്‍, യേശുദാസ്‌

'സീതാദേവി സ്വയം വരം ചെയ്‌തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍വിരല്‍ കൊണ്ടെന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്...'
'അതുകൊണ്ട്?'
'എനിക്കു പേടിയാകുന്നു!'
'എന്തിന്?'
ഏതോ ശില്പി ഒരിക്കല്‍ നിര്‍മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ-അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ?
'ഈ പ്രതിമ നീയാണ്.
ശില്പി ഞാനും! നോക്കൂ!''
(ഇത്രയും പറഞ്ഞിട്ട് ഗായകന്‍ ചില കുസൃതി ചോദ്യങ്ങള്‍ ഗാനരൂപത്തില്‍ അവള്‍ക്ക് മുന്നില്‍ ഉന്നയിച്ചു).
'കല്ലില്‍ കൊത്തിവെച്ച കവിതേ, നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങനെ?
മാറിടം തുടിക്കും പ്രതിമേ, നിന്റെ
മേലാസകലം തളിരിട്ടതെങ്ങനെ?'
പൂമെയ്യണിഞ്ഞു വന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
പൂമെയ്യണിഞ്ഞു വന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കില്ലയോ
മന്മഥന്‍ വിടര്‍ത്തും മലരേ... നിന്റെ
മായാചഷകം എനിക്കുള്ളതല്ലയോ...
അലമാരയുടെ മുകളില്‍ ഇരിക്കുന്ന നര്‍ത്തകിയുടെ പ്രതിമ ഇടക്കിടെ സരളയായി മാറി നൃത്തം വെയ്ക്കുന്നു. അപ്പോഴാണ് സുധീന്ദ്രന്‍ നായരുടെ ചോദ്യങ്ങള്‍. ഇവിടെ ഓരോ വരിയും ആ ശില്പത്തെക്കുറിച്ചാണെങ്കിലും അവയെല്ലാം നായികക്കുകൂടി ചേരുന്ന വിധത്തിലാണ് വയലാര്‍ രചിച്ചതും സേതുമാധവന്‍ സംവിധാനം ചെയ്തതും മെല്ലി ഇറാനി സെല്ലുലോയ്ഡിലില്‍ പകര്‍ത്തിയതും. ഈ ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് മെല്ലി ഇറാനി അനുസ്മരിച്ചിട്ടുണ്ട്. ലൈറ്റ് മാസ്‌കിങ് ഉപയോഗിച്ചാണ് സരള (ഷീല)യുടെ അലമാരിക്കു മുകളിലെ നൃത്തം ചിത്രീകരിച്ചത്, പരിമിതമായ സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ക്യാമറാമാന്റെ ഭാഷയില്‍ 'രണ്ടോ മൂന്നോ സ്റ്റൂളുകളും ഒരു കുതിരയും മാത്രം.54 യാഥാര്‍ത്ഥ്യങ്ങളും ഭാവനയും ഇഴപിരിക്കാന്‍ കഴയാത്തവിധം സന്നിവേശിപ്പിച്ചിരിക്കുന്നു. ഇവിടെ വയലാര്‍ സംഭാഷണരചനയിതാവിന്റെയും തിരക്കഥാകൃത്തിന്റെയും മേലങ്കികൂടി അണിയുന്നു! ഇമ്മാതിരി ഒരു ഗാനം 'ചട്ടക്കാരി'യിലും ഉണ്ട്. അത് പിന്നീട് വിശദീകരിക്കാം. അടിക്കുറിപ്പ് 140 കാണുക.

സുധീന്ദ്രന്‍-സരള ദമ്പതികളുടെ വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം അയാള്‍ തിരികെ വീട്ടില്‍ എത്തി അതേ കട്ടിലില്‍ കിടക്കുമ്പോള്‍ അവളെക്കുറിച്ചുള്ള ഓര്‍മ്മകളായി ഈ ഗാനം വീണ്ടും ആവര്‍ത്തിക്കുന്നു, നൃത്തച്ചുവടുകളോടെ സരള പാടുന്നതായി. പ്രേമഗാനരംഗമായിട്ടാണ് അയാള്‍ വിഭാവന ചെയ്യുന്നത്. എന്നാല്‍ സുധീന്ദ്രന്റെ മാനസികമായ തകര്‍ച്ചയെ ആണ് ഇത് ആവിഷ്‌കരിക്കുന്നത്. ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട കുളത്തിന്റെ താഴ്ന്ന കരയിലൂടെയുള്ള സരളയുടെ നൃത്തച്ചുവടകുകളോടെയുള്ള തുള്ളിച്ചാട്ടവും പായല്‍ മൂടിയ കുളവും തുടര്‍ന്ന് സുധീന്ദ്രനോടൊപ്പം നിരീക്ഷണഗോപുരത്തിലേക്കുള്ള പ്രയാണവും ആ ദൃശ്യങ്ങളെ അലോസരപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് അടുത്ത വീട്ടില്‍നിന്ന് ഉയരുന്ന ഗൗരിയുടെ കരച്ചിലും പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നത് അയാളുടെ  പതനത്തിന്റെ തീക്ഷ്ണമായ വൈകാരികഭാവമാണ് അനുഭവിപ്പിക്കുന്നത്.

വയലാര്‍ രചിച്ച സംഭാഷണരൂപത്തിലുള്ള പാട്ടുകളും ഇതോടൊപ്പം പരിഗണിക്കണം. വിശേഷിച്ച്, കഥ പറയുന്ന മട്ടിലുള്ളവ. സംഭാഷണങ്ങളിലെ പദഘടനയും (wordts ructure) വാക്യഘടനയും (syntacticts ructure) ആണ് ഇത്തരം ഗാനങ്ങളില്‍ പൊതുവേ കാണുന്നത്. ഇതിലൂടെ അവയെ തിരക്കഥ-സംഭാഷണത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ഗാനരചയിതാവിനും സംഗീതസംവിധായകനും ചിത്രത്തിന് സാക്ഷാത്കാരം നല്കിയ സംവിധായകനും കഴിഞ്ഞു. വയലാര്‍ രചിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള ഗാനങ്ങളിലാണ് ഇതിന്റെ സമഗ്രത ദൃശ്യമാകുന്നത്. മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന 'കണ്ണും കരളി'ലെ ഗാനങ്ങളില്‍55 തന്നെ വയലാര്‍ ഈ പ്രവണത പ്രദര്‍ശിപ്പിക്കുകയുണ്ടായി. സിനിമയുടെ പരിപ്രേക്ഷ്യത്തിലൂടെ നോക്കിയാല്‍ അവരെ ഉദ്ബുദ്ധരാക്കാനും നന്മയിലേക്ക് നയിക്കാനുമുള്ള ഒരു മാര്‍ഗ്ഗം കൂടിയായിരുന്നു ഇത്. 'കണ്ണും കരളും,'56 'മണവാട്ടി,'57 'ദാഹം' (22.10.1965),58 'അര്‍ച്ചന' (19.3.1966)59, 'അര നാഴികനേരം' (25.12.1970)60, 'പണി തീരാത്ത വീട്' (19.1.1973),60 'പുനര്‍ജന്മം' (18.8.1972)61 തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉദാഹരണം. ഇത്തരം ഗാനങ്ങള്‍ രചിക്കുന്നതില്‍ അസാമാന്യമായ ഒരു സിദ്ധിവിശേഷം വയലാറിന് ഉണ്ടായിരുന്നു.
സംഭാഷണ ഭാഷയെ ഉത്തമചലച്ചിത്രഗാനങ്ങളാക്കി മാറ്റുന്നതില്‍ വയലാറിനോളം വിജയിച്ച മറ്റൊരു ഗാനരചയിതാവും നമുക്കില്ല. ജി. ദേവരാജന്‍ സൂചിപ്പിച്ചതുപോലെ ഉദാത്ത ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ 'കേള്‍വിക്കാരന് ശബ്ദകോശം (ഡിക്ഷണറി) നോക്കി അര്‍ത്ഥം തപ്പിയെടുക്കേണ്ട ഗതികേട് ഉണ്ടായിക്കൂടാ. ചിലപ്പോള്‍ ആരും കേട്ടിട്ടില്ലാത്ത ഒരു പദം രചയിതാവിന് ഉപയോഗിക്കേണ്ടി വന്നു എന്നും വരാം. എന്നാല്‍, അത് പ്രേക്ഷകന്, ശ്രോതാവിന് മനസ്സിലായി എന്നു തോന്നുന്ന വിധത്തില്‍ പ്രയോഗിച്ചിരിക്കണം. ഗാനത്തിന്റെ തുടക്കത്തിലുള്ള വാക്കുകള്‍ സംഗീതത്തിന്റെ സഹായത്തോടുകൂടിയാണെങ്കിലും കേള്‍ക്കുന്ന മാത്രയില്‍ തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്നവയായിരിക്കണം.63 വയലാറിന്റെ എല്ലാ ചലച്ചിത്രഗാനങ്ങളും ഈ വിധമുള്ളവയായിത്തീരുന്നു. അതുകൊണ്ടുതന്നെ അവ നിത്യഹരിതഗാനങ്ങളായി പരിണമിച്ചു. ഇത്തരം ഗാനങ്ങളില്‍ ഏറിയ പങ്കും സേതുമാധവന്‍ ചിത്രങ്ങളിലാണ്.
1. ഈ ഒരു വിഭജനക്രമമാണ് (അടഇഅജ) അമേരിക്കന്‍ സൊസൈറ്റി ഓഫ് കമ്പോസേഴ്‌സ്, ഓതേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് സ്വീകരിച്ചിട്ടുള്ളത്.
2.മൊണ്ടാഷ് ഒരു ഫിലിം എഡിറ്റിങ് സങ്കേതം റഷ്യന്‍ ചലച്ചിത്ര സംവിധായകനായ സെര്‍ജി മിഖായിലോവിച്ച് ഐഡന്‍സ്റ്റിനാണ് അവതരിപ്പിച്ചത്. ഈ സിദ്ധാന്തമനുസരിച്ച് ഒരു ഷോട്ട് മറ്റൊരു ഷോട്ടിനോട് കൂട്ടിച്ചേര്‍ക്കുമ്പോള്‍    വൈകാരിക തുടര്‍ച്ച  ലഭ്യമാക്കണം.
3. Annabel J. Conen: Music as a source of emotion in film. chapter 11, p. 258.
Music as a source of emotion, ed: P.N. Joshi and JA Sloboda, Aug. 2001.
4. Sebastian Joseph: 'Malayalam film songs based on selected songs of Vayalar Ramavarma, P. Bhaskaran and ONV Kurup, Thesis, Dept. of Malayalam, Sree Kerala Varma College, University of Calicut 2011,  അനുബന്ധം 1 പുറം, 497.
5. ഇവരില്‍ ആദ്യം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും വയലാര്‍ രാമവര്‍മ്മയായിരുന്നു. (25.3.1928-27.10.1975). ഇവരില്‍ ഏറ്റവും കുറഞ്ഞ കാലം ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചതും വയലാറാണ്.
6. പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ജി. ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി, പുറം 165, ഒലിവ്, ഒന്നാംപതിപ്പ്, കോഴിക്കോട്- 2005.
7. അതേ പുസ്തകം, പുറം 165.
8. എസ്. രാജേന്ദ്ര ബാബു, കെ.എസ്. സേതുമാധവന്‍: തിരയും കാലവും,, 3 വരുന്നു സംഗീതത്തിന്‍റെ വസന്തം, മാധ്യമം ആഴ്ചപ്പതിപ്പ്, ജൂലൈ 7, 2014 പുറം 67.
9. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സ്വകാര്യസംഭാഷണം 13 ഒക്‌ടോബര്‍ 2019.
10. സി.ആര്‍.കെ. നായര്‍ (രാമന്‍ കുട്ടിനായര്‍) ആകാശവാണി ദല്‍ഹി നിലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ജോലി രാജിവെച്ച് ചലച്ചിത്രപ്രവര്‍ത്തകനായി. 1970-ല്‍ പ്രത്യുഷ ചിത്ര എന്ന ബാനറില്‍ ശബരിമല 'ശ്രീ ധര്‍മ്മശാസ്താ' എന്ന സിനിമ നിര്‍മ്മിച്ച ഈ ചിത്രത്തിനുവേണ്ടി വയലാര്‍ നാല് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 'ഹേമാംബരാഡംബരി' എന്ന പ്രസിദ്ധമായ ഗാനവും ഇവയില്‍ ഉള്‍പ്പെടും.
11. സ്വകാര്യസംഭാഷണം 2.6.2020.
12. അതില്‍ത്തന്നെ.
13. വയലാര്‍ രാമവര്‍മ്മ, വയലാര്‍ കൃതികള്‍ (കവിതകളും ഗാനങ്ങളും) കോട്ടയം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഒന്നാംപതിപ്പ്, 1976. പുറം 632. (ഇനി മുതല്‍ വയലാര്‍ കൃതികള്‍)
14. സിനിക്, മലയാള സിനിമാ രണ്ടാംഭാഗം, പുറം 7, തൃശൂര്‍, മംഗളോദയം 1968, പുറം.
15. സ്വകാര്യ സംഭാഷണം, 2.6.2020.
16. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സ്വകാര്യസംഭാഷണം 12 ഒക്‌ടോബര്‍ 2019.
17. അനുബന്ധം ഒന്ന്.
18. സ്വകാര്യ സംഭാഷണം, പുറം 29.4.2019.
19. വയലാര്‍ കൃതികള്‍, പുറം 836-838
20. വയലാര്‍ കൃതികള്‍, പുറം 865-868.
21. വയലാര്‍ കൃതികള്‍, പുറം 902 - 904.
22. വയലാര്‍ കൃതികള്‍, പുറം 837--838.
23. സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതിയായ പതിം വരാ സാ
നരേന്ദ്ര മാര്‍ഗ്ഗാട്ട ഇവ പ്രപേദേ
വിവര്‍ണ്ണ ഭാവം സസ ഭൂമി പാലഃ
രഘുവംശം 6-ാം സര്‍ഗ്ഗം, ശ്ലോകം 66.
24. വയലാര്‍ കൃതികള്‍, പുറം 868.
25. വയലാര്‍ കൃതികള്‍, പുറം 903-904.
26. ഒരു ഉദാത്ത ട്രാജഡിയുടെ തലത്തിലേയ്ക്ക് ഈ ഗാനം ഉയരുന്നുണ്ട്. ഈ ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ കമല്‍ അനുസ്മരിച്ചിട്ടുള്ളത് ഇങ്ങനെയാണ്. 'സത്യത്തില്‍ അന്നത്തെ പരിമിതമായ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വരുന്നത് 'അനുഭവങ്ങള്‍ പാളിച്ചകളി'ലെ 'അഗ്നിപര്‍വ്വതം പുകഞ്ഞു' എന്ന പാട്ടാണ്. ഞാന്‍ പിന്നീട് വായിച്ചാണ് അറിഞ്ഞത്. സത്യന്‍മാഷ് മരിച്ചതിനുശേഷമാണ് അത് ഷൂട്ട് ചെയ്തത്. ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്തതെന്ന്. പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് സത്യന്‍ ഇല്ല എന്നറിയില്ല.' അഭിമുഖം അപ്രകാശിതം 7.1.2020.
27. സ്വകാര്യ സംഭാഷണം, 3.4.2020.
28. സ്വകാര്യ സംഭാഷണം, 29.4.2019.
29. ഭാരതീ രാമവര്‍മ്മ (വയലാറിന്റെ സഹധര്‍മ്മിണിയുമായുള്ള അഭിമുഖം, പുറം 283. ഡോ. ചന്ദ്രികാശങ്കരനാരായണന്‍, വയലാര്‍ രാമവര്‍മ്മ ഋതുഭേദങ്ങള്‍ക്ക് വര്‍ണ്ണം പകര്‍ന്ന കവി. കോട്ടയം എസ്.പി.സി.എസ്, 2013. ആ അഭിമുഖത്തിലെ വരികള്‍ ഇവിടെ പകര്‍ത്താം.
'ഞങ്ങളുടെ വിവാഹം നടക്കുന്ന കാലത്തുതന്നെ അദ്ദേഹം വളരെ തിരക്കുള്ള ആളായിക്കഴിഞ്ഞിരുന്നു. താമസം മിക്കവാറും മദ്രാസില്‍തന്നെ. രണ്ടും മൂന്നും മാസം കൂടുമ്പോഴേ വീട്ടില്‍ വരൂ. വന്നാല്‍ അധികസമയവും അമ്മയുടെ അടുത്ത് കഴിച്ചുകൂട്ടും. എഴുതിയിട്ടുള്ള പുതിയ ഗാനങ്ങളും കവിതയുമെല്ലാം അമ്മയെ വായിച്ചു കേള്‍പ്പിക്കും. അമ്മ വിളിച്ചാല്‍ മാത്രമേ എനിക്കവിടെ പ്രവേശനമുള്ളൂ.'
30. അതേ ഗ്രന്ഥം, പുറം 281.
31. സ്വകാര്യ സംഭാഷണം.
32. പെരുമ്പുഴ ഗോപാലകൃഷ്ണന്‍, അതേ ഗ്രന്ഥം, പുറം 145.
33. തങ്കം മൂവീസിന്റെ ബാനറില്‍ രാജു എം. മാത്തനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. അശ്വതി മാത്തനാണ് (18.10.1930 - 4.7.2007) ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചത്. ഈ ചിത്രത്തിലൂടെയാണ് കെ.ആര്‍. വിജയ മലയാളസിനിമയിലേക്ക് കടന്നുവന്നത്. വയലാര്‍ എഴുതിയ എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. വയലാര്‍ കൃതികള്‍, 647-650).
34. ചന്ദ്രികാ ശങ്കരനാരായണന്‍, അതേ ഗ്രന്ഥം, പുരം 1. വയലാര്‍ രാമവര്‍മ്മ, കുപ്പിച്ചില്ലുകളും റോസാദലങ്ങളും, മാതൃഭൂമി 2012, 104-105.
35. സ്വകാര്യ സംഭാഷണം, 29.4.2019.
36. സ്വകാര്യ സംഭാഷണം, 29.4.2019.
37. ചന്ദ്രികാ ശങ്കരനാരായണന്‍, അതേ ഗ്രന്ഥം, പുറം 1.
38. ചന്ദ്രികാ ശങ്കരനാരായണന്‍, അതേ പുസ്തകം, ടി.പി. ശാസ്തമംഗലം, ആയിരം പാദസരങ്ങള്‍, കോട്ടയം, ഡി.സി. ബുക്‌സ്, 2019, പവനന്‍, കവിയും കാലവും, തിരുവനന്തപുരം പ്രഭാത് ബുക് ഹൗസ്, 1977.
39. Sebastian Joseph,, അതേ ഗ്രന്ഥം, 2018.
40. ജി. ദേവരാജന്‍, എന്റെ സംഗീത സംവിധാന സമീപനം, രാഗമുദ്ര, ജി. ദേവരാജന്‍, ശക്തി ഗാഥ, 10-ാം പിറന്നാള്‍ പതിപ്പ്, പുറം 14-26.
41. രവിമേനോന്‍, മണ്‍വിളക്കുകള്‍ പൂത്ത കാലം, ഒന്നാം പതിപ്പ്, മാതൃഭൂമി ബുക്‌സ്, 2018, പുറം 81.
42. വയലാര്‍ കവിതകള്‍, പുറം 660-661.
ഇതിലെ 'കണ്ണുനീര്‍ മുത്തുമായ കാണാനെത്തിയ' എന്ന ഗാനം ആവര്‍ത്തിക്കുന്നുണ്ട്. ആദ്യം ലതയും പിന്നീട് രവിയും ആലപിക്കുന്നു.
43. വയലാര്‍ കവിതകള്‍, പുറം 654-656. ഈ ചിത്രത്തിലെ 'ആകാശഗംഗയുടെ കരയില്‍' എന്ന ഗാനം ഈ ചിത്രത്തില്‍ പി. സുശീലയും എ.എം. രാജയും ആലപിക്കുന്നുണ്ട്.
44. വയലാര്‍ കവിതകള്‍,  പുറം 675-673.
'മുറ്റത്തെ മുല്ലയില്‍' എന്ന ഗാനം എസ്. ജാനകിയും പി. സുശീലയും ഇതില്‍ പ്രത്യേകം പ്രത്യേകം ആലപിക്കുന്നതായി കാണാം. ആദ്യം ലക്ഷ്മിയുടെ ചെറുപ്പകാലത്ത് അവള്‍ ആഹ്ലാദത്തോടെ പാടുന്നു. വിവാഹത്തോടടുക്കുമ്പോള്‍ ശോകഛായയില്‍ സമാനമായ രംഗത്ത് അവള്‍ പാടുന്നു. കാലത്തിന്റെ വടുക്കള്‍ പപ്പുവിലും കല്യാണിയിലും പ്രകടമാണ്. അതുപോലെ ലക്ഷ്മിയിലും.
45. വയലാര്‍ കവിതകള്‍,  പുറം 817-818.
'അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി' ഈ ഗാനം ദുഃഖഛായയോടും സന്തോഷത്തോടും കൂടി രേണുക തന്നെയാണ് പാടുന്നത്. കെ. രഘുനാഥ് എന്ന  പേരില്‍ കെ. രാഘവനാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്.
46. വയലാര്‍ കവിതകള്‍,  പുറം 781-784.
'അക്കരപ്പച്ചയിലെ 'അഞ്ജനച്ചോലയിലെ' എന്ന ഗാനം ആദ്യം നായകനും ചേര്‍ന്ന് ആലപിക്കുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പൊതുജന അഭ്യര്‍ത്ഥന മാനിച്ച് സാറാമ്മ ആലപിക്കുന്നു. യുഗ്മഗാനം കെ.ജെ. യേശുദാസും പി. ലീലയും ചേര്‍ന്നാണ് ആലപിക്കുന്നത്. എന്നാല്‍ സാറാമ്മ തിരഞ്ഞെടുപ്പ് യോഗത്തിനുവേണ്ടി ഗാനം ആലപിക്കുന്നത് എസ്. ജാനകിയാണ്.
47. വയലാര്‍ കവിതകള്‍,  പുറം 763-766.
'ഹിമവാഹിനി ഹൃദയഹാരിണി' എന്ന ഗാനം നായകനും നായികയും പ്രത്യേകം പ്രത്യേകം ആലപിക്കുന്നുണ്ട്.
48. വയലാര്‍ കവിതകള്‍,  പുറം 827-829.
ഇതില്‍ രണ്ടു ഗാനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. 'സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന' എന്ന ഗാനവും 'ചന്ദ്രോദയത്തിലെ ചന്ദനമഴയിലെ' എന്ന ഗാനവുമാണ് ആവര്‍ത്തിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്വര്‍ണ്ണച്ചാമരം കല്യാണി/യമന്‍ കല്യാണി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
49. വയലാര്‍ കവിതകള്‍,  പുറം 865-868. 'സീതാദേവി സ്വയംവരം' എന്നു തുടങ്ങുന്ന ഗാനമാണ് ഈ ചിത്രത്തില്‍ ആവര്‍ത്തിക്കുന്നത്. ഈ ഗാനം തുടര്‍ന്ന് വിശദമായി അപഗ്രഥിക്കുന്നുണ്ട്.
50. വയലാര്‍ കവിതകള്‍,  പുറം 899-902
'പൂന്തേനരുവി! പൊന്‍മുടിപ്പുഴയുടെ അനുജത്തി' എന്ന ഗാനമാണ് ഈ ചിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഈ ഗാനവും പഠനവിധേയമാക്കുന്നുണ്ട്.
51. വയലാര്‍ കവിതകള്‍,  പുറം 857-859.
'വീണ പൂവേ! - കുമാരനാശാന്റെ വീണ പൂവേ' എന്ന ഗാനമാണ് ഈ ചിത്രത്തില്‍ ആവര്‍ത്തിക്കുന്നത്. എം.എസ്. വിശ്വനാഥനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം.
52. സ്വകാര്യ സംഭാഷണം.
53. വയലാര്‍ കവിതകള്‍,  പുറം
54. സ്വകാര്യ സംഭാഷണം, 23.11.2019.
55. വയലാര്‍ കൃതികള്‍, പുറം 632-636.
56. വളര്‍ന്നു വളര്‍ന്നു നീയൊരു വസന്തമാകണം, പുറം 632.
'കളിമണ്ണ് മെനഞ്ഞു മെനഞ്ഞൊരു കല-
മാനിനെയുണ്ടാക്കി', പുറം 633-634.
താതയ്യം കാട്ടില് തക്കാളിക്കാട്ടില് തത്തമ്മ പണ്ടൊരു വീടുവെച്ചു' പുറം 635.
57. വയലാര്‍ കവിതകള്‍,  പുറം 647-650.
'കാട്ടിലെ കുയിലിന്‍ കൂട്ടില്‍' പുറം 647.
58. വയലാര്‍ കവിതകള്‍,  പുറം 686-688.
'കിഴക്കു കിഴക്കു കിഴക്കന്‍ കാട്ടിലെ' പുറം 686.
59. 'അമ്മയ്ക്കു ഞാനൊരു കിലുക്കാം പെട്ടി' പുറം 818.
60. വയലാര്‍ കവിതകള്‍,  പുറം 870-873.
'ചിപ്പി ചിപ്പി മുത്തുച്ചിപ്പി' പുറം 871.
'ദൈവപുത്രനു വീഥിയൊരുക്കുവാന്‍' പുറം 87.
61. വയലാര്‍ കവിതകള്‍,  പുറം
'വാ മമ്മീ വാ മമ്മീ വാ
'കാറ്റു മൊഴുക്കും കിഴക്കോട്ട്'
62. വയലാര്‍ കവിതകള്‍,  പുറം 940943
'ഉണ്ണിക്കൈ വളര് വളര് വളരൂ', പുറം 942.
'കാക്കേം കാക്കേടെ കുഞ്ഞും' പുറം 943.
63. ജി. ദേവരാജന്‍, 'എന്റെ സംഗീത സംവിധാന സമീപനം' പുറം 14.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക