Image

യഥാർത്ഥ വികസനനായകൻ (അച്യുതം-8: മാങ്ങാട് രത്‌നാകരൻ)

Published on 30 June, 2026
യഥാർത്ഥ വികസനനായകൻ (അച്യുതം-8: മാങ്ങാട് രത്‌നാകരൻ)

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകട്ടെ, ഐക്യജനാധിപത്യ മുന്നണിയാകട്ടെ, ബി .ജെ.പി. നയിക്കുന്ന ദേശീയജനാധിപത്യസഖ്യമാകട്ടെ, ജനങ്ങൾക്കു മുന്നിൽ വെച്ച ഒരേയൊരു വിഷയം വികസനമായിരുന്നു. രാഷ്ട്രീയവിഷയങ്ങൾ ആരും ഉയർത്തിയില്ല എന്നു മാത്രമല്ല, അത്തരം വിഷയങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ സമർത്ഥമായ, മൗനം കൊണ്ട് നേരിടുകയോ ഒഴിഞ്ഞുമാറുകയോ ആണുണ്ടായത്. വിസകനം, വികസനം എന്ന് ആവർത്തിക്കുകയും ചെയ്തു. കുറച്ചു വർഷങ്ങൾ മുമ്പ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വികസനത്തെക്കുറിച്ച് ആവർത്തിച്ചപ്പോൾ ഡോ.സുകുമാർ അഴീക്കോട്, ഇങ്ങനെ വികസിച്ചാൽ പൊട്ടിപ്പോകുമെന്ന് രൂക്ഷമായി പരിഹസിക്കുകയുണ്ടായത് ഓർമ്മ വരുന്നു.

വിമാനഗതാഗതം, റെയിൽ, റോഡ്, പാലങ്ങൾ തുടങ്ങിയവയാണ് മൂന്നുമുന്നണികളും വികസനം എന്ന 'മുദ്രാവാക്യം' കൊണ്ട് ഉദ്ദേശിച്ചത്. ഇവയെല്ലാം ഒരു നാടിന്റെ വികസനത്തിന് അനുപേക്ഷണീയമാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളിൽ സർവതോമുഖമായ പുരോഗതി ഉറപ്പുവരുത്തുക, സാംസ്‌കാരികമായ ഉന്നതിയിലേക്കു നയിക്കുകയും ജനാധിപത്യബോധം ഉണർത്തുകയും ചെയ്യുക തുടങ്ങിയവയാണ് വികസനത്തിന്റെ അടിസ്ഥാനശിലകൾ എന്ന് ആധുനിക കേരളത്തിൽ കൃത്യമായി മനസ്സിലാക്കുകയും അതിനായി നിസ്വാർത്ഥമായി, സമർപ്പിതമായി പ്രവർത്തിക്കുകയും ചെയ്ത രാഷ്ട്രീയനേതാവാണ് സി.അച്യുതമേനോൻ.

അച്യുത മേനോന്‍  ഒരു യോഗത്തില്‍  (ഫോട്ടോ: പുനലൂർ രാജൻ)

മലയാളികളുടെ മാതൃഭൂമി, മുഴുവൻ മലയാളികളുടേയും മാതൃഭൂമിയായിത്തീർന്നത് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയതോടെയാണ്. 1957-ലെ സർക്കാർ അവതരിപ്പിച്ച ഭൂപരിഷ്‌കരണബിൽ കലോചിതമായ ചെറിയ മാറ്റങ്ങൾ വരുത്തി, 1970 ജനുവരി 1-ന് പ്രാബല്യത്തിൽ വരുന്ന തരത്തിൽ നടപടി സ്വീകരിച്ചത് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. അനേക നൂറ്റാണ്ടുകളായി നിലനിന്നുപോലെ ജന്മിത്ത-നാടുവാഴിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിച്ച ചരിത്രസംഭവമായിരുന്നു. നമ്മുടെ രാജ്യത്തുതന്നെ ഭൂപ്രഭുത്വം അവസാനിപ്പിച്ച ഏക സംസ്ഥാനമായിത്തീർന്നു കൊച്ചുകേരളം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ ഒരു വിഭാഗം അതിന്റെ ഗുണഭോക്താക്കളായി. അഞ്ചുലക്ഷം കുടികിടപ്പുകാർക്ക് കുടികിടപ്പിൽ അവകാശം ലഭിച്ചു. 35 ലക്ഷത്തോളം പാട്ടക്കുടിയാന്മാർ ഭൂവുടമകളായി. കേരളചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിരുന്നു അത്.

അച്യുത മേനോന്‍ പ്രസംഗിക്കുന്നു ഫോട്ടോ: പുനലൂർ രാജൻ

മറ്റൊരു സുപ്രധാനമായ നേട്ടം ലക്ഷംവീട് പദ്ധതിയായിരുന്നു. അടിസ്ഥാനജനവിഭാഗങ്ങളെയും നിസ്വവർഗ്ഗത്തെയും ഹൃദയംകൊണ്ട് തിരിച്ചറിഞ്ഞ എം.എൻ.ഗോവിന്ദൻ നായരുടെ മനസ്സിൽ വിരിഞ്ഞ ഈ ആശയം പ്രാവർത്തികമാക്കിയത് അച്യുതമേനോൻ സർക്കാരായിരുന്നു. പഞ്ചായത്തുകൾതോറും നൂറുവീടുകൾ എന്ന കണക്കിൽ ആയിരം പഞ്ചായത്തുകളിലായി ഒരു ലക്ഷം വീടുകളാണ് വിഭാവനം ചെയ്യപ്പെട്ടതും.

പഞ്ചായത്തുകൾ തോറും ഹൈസ്‌ക്കൂളുകൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സ്വകാര്യ കോളേജ് അധ്യാപകർക്ക് നേരിട്ടുള്ള ശമ്പളം, സ്വകാര്യവനങ്ങളുടെ ദേശസാൽക്കരണം, ഗ്രാറ്റുവിറ്റി നിയമം, ഡൈസ്‌നോൺ, ആശ്രിത നിയമന പദ്ധതി തുടങ്ങിയ നയങ്ങളും അച്യുതമേനോന്റെ കാലത്ത് നടപ്പിലായി.

വികസനരംഗത്തെ വലിയ കുതിപ്പുകളായി കാണാവുന്നത് എണ്ണപ്പെട്ട നാല്പതോളം സ്ഥാപനങ്ങൾ കെട്ടിപ്പടുത്തതാണ്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് അടിത്തറയായിത്തീർന്നത് ഈ സ്ഥാപനങ്ങളാണെന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാനാവും. കെൽട്രോണും അനുബന്ധസ്ഥാപനങ്ങളുമാണ് അവയിൽ ഏറ്റവും പ്രധാനം. കെൽട്രോണിന്റെ സാരഥിയായി ഇലക്‌ട്രോണിക് സാങ്കേതികവിദ്യയിൽ വൈഭവം തെളിയിച്ച കെ.പി.പി. നമ്പ്യാരെ നിയമിച്ചതിലൂടെ, സംസ്ഥാനത്ത് പലയിടങ്ങളിലായി അനുബന്ധ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. അച്യുതമേനോൻ സ്ഥാനമൊഴിഞ്ഞത് കെൽട്രോണിന്റെ നല്ലകാലം നിർഭാഗ്യവശാൽ അവസാനിച്ചു.

പുനലൂര്‍  രാജന്‍ ബേക്കലില്‍

എടുത്തുപറയേണ്ട മറ്റു നേട്ടങ്ങളിൽ പ്രധാനം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയാണ് അതിന്റെ ഡയറക്ടറായി ഡോ.എം.എസ്.വല്യത്താനെ നിയമിച്ചു. ആരോഗ്യരംഗത്ത് അഭൂതപൂർവമായ പുരോഗതിയാണ് ഈ സ്ഥാപനത്തിലൂടെ ഉണ്ടായത്.

സി.അച്യുതമേനോന്റെ വികസനസങ്കല്പത്തിന്റെ തിളക്കമാർന്ന മറ്റൊരു ദൃഷ്ടാന്തമാണ് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് എന്ന സി.ഡി എസ് .  ലോകപ്രശസ്ത ധനശാസ്ത്ര പണ്ഡിതനായ ഡോ.കെ.എൻ. അച്യുതമേനോന്റെ ക്ഷണമനുസരിച്ച് ആ പദവി ഏറ്റെടുത്ത് കേരളത്തിലെത്തി. വികസന സങ്കല്പങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയൊരുക്കാൻ സി.ഡി.എസിനു കഴിഞ്ഞു.

ദേശീയ ഭൂമിശാസ്ത്രപഠനകേന്ദ്രം, കൊച്ചിൻ ശാസ്ത്ര സാങ്കേതികസർവകലാശാല, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്, കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ്, കാർഷിക സർവകലാശാല, ഫാം ഇൻഫർമേഷൻ ബ്യൂറോ, കോസ്റ്റ് ഫോർഡ്-അങ്ങനെ വികസനരംഗത്ത് കുതിപ്പായി മാറിയ നിരവധി സ്ഥാപനങ്ങളും അച്യുതമേനോന്റെ ക്രാന്തദർശിത്വത്തിനു തെളിവാണ്.

Read More: https://www.emalayalee.com/news/373106

 

യഥാർത്ഥ വികസനനായകൻ (അച്യുതം-8: മാങ്ങാട് രത്‌നാകരൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക