Image

എഴുത്തോ നിന്റെ കഴുത്തോ - ഭയവും പ്രതികരണവും (സാഹിത്യം: പി എസ് ജോസഫ്‌)

Published on 30 June, 2026
  എഴുത്തോ നിന്റെ കഴുത്തോ - ഭയവും പ്രതികരണവും (സാഹിത്യം: പി എസ് ജോസഫ്‌)

ഭീതിയുടെ കാര്യത്തിൽ മനുഷ്യനെ വെല്ലാൻ മറ്റാരുമില്ല അതാണ് നമ്മുടെ പ്രാക്ക് ചരിത്രം തെളിയിക്കുന്നത് വനത്തിൽ നായാടിയായിരിക്കുമ്പോള്‍ മാംസഭുക്കുകളായ വന്യമൃഗങ്ങൾ കൊന്ന് ഉപേക്ഷിച്ചു പോയ ജന്തുക്കളുടെ ശാരീരിക അവശിഷ്ടങ്ങൾ  ഒളിച്ചും പാത്തും പതുങ്ങിയും കഴിച്ച് ജീവിച്ചു പോന്നവരാണ് നാം .പിൽക്കാലത്ത് നമ്മുടെ മസ്തിഷ്ക്കത്തിന്റെ വലിപ്പം മൂലമാകാം നാം  നാഗരികതയുടെ തലപ്പത്ത് എത്തിയെങ്കിലും ആ വന്യമായ ചോദനകള്‍ നമ്മെ നിയന്ത്രിക്കുന്നു അതുകൊണ്ടുതന്നെ ഏതെങ്കിലും കാര്യത്തിൽ ധീരമായി പ്രതികരിക്കേണ്ട സമയത്ത് നാം ഭയന്നു ഭയന്ന് പിൻവാങ്ങുന്നത് അധിക്ഷേപകരം  അല്ല .മാത്രമല്ല അതില്‍ അതിശയം ഒന്നുമില്ല ഐറിഷ് ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്നപ്പോള്‍  നാടകകൃത്തായ ജെ എം സിന്ജ് എഴുതിയ നാടകത്തിൽ തങ്ങൾ ഭീരുക്കളാണ് എന്ന്  ഒരു കഥാപാത്രം തുറന്നു പറയുന്നുണ്ട് .ഐറിഷ്  പ്രക്ഷോഭകാരികളുടെ രൂക്ഷമായ പ്രതികരണത്തിനു അതിടയാക്കി അവര്‍ സ്റ്റേജ് തന്നെ കയ്യേറി . പക്ഷേ നാടകകൃത്തിന്റെ വാക്കുകള്‍ യാഥാർത്ഥ്യമാണെന്ന് ധീരതയുടെ  കവചം ധരിക്കുന്നവരും രഹസ്യമായെങ്കിലും സമ്മതിക്കും . എങ്കിലും പ്രതീകാത്മകമായെങ്കിലും ശത്രുവിനോടും അനീതിയോടും യുദ്ധം ചെയ്യുകയും അതിനെതിരെ സാഹിത്യത്തിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ കണ്മുന്‍പില്‍ ഉണ്ട് .സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ മരണം വരിച്ച എഴുത്തുകാര്‍ ഏറെ .ഒരു പരിധി വരെ എങ്കിലും തങ്ങളുടെ ഭീരുത്വം  മാറ്റിവെച്ച് അവസരം വരുമ്പോൾ പ്രതികരിക്കാൻ കലാകാരന്മാര്‍ ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് ഇത്തരം പ്രതികരണങ്ങളിലൂടെ ജനങ്ങളുടെ കയ്യടിയും പ്രതിഫലമായി സ്ഥാനമാനങ്ങളും നേടാവുന്ന സാഹചര്യത്തില്‍ .സാഹിത്യം ഒന്നിനെയും മാറ്റിമറിക്കുന്നില്ല എഴുത്തുകാരൻ തൻറെ പരിമിതമായ അറിവിൽ നിന്ന് ലോകത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് പലപ്പോഴും അവന്റെ  മുഖമുദ്ര  ഭീരുത്വമാണ് .എങ്കിലും രോഷാകുലമായി സമൂഹത്തിലെ അനീതികൾക്കെതിരെ വാക്കുകളിൽ പ്രതികരിക്കുന്ന ഒരു എഴുത്തുകാരൻ അവശ്യം വന്നാൽ കളിക്കളത്തിൽ ഇറങ്ങി പോർച്ചട്ട ധരിച്ചേ മതിയാവൂ. അല്ലാതെ ആഫ്രിക്കയിലെ അടിമകളുടെ മേൽ ചാട്ട പതിക്കുമ്പോൾ അത് തന്‍റെ തന്നെ നെഞ്ചിലാണ് കൊള്ളുന്നത് എന്ന് വിലപിച്ചിട്ട് കാര്യമില്ല പക്ഷേ അതിന് എത്രപേർക്ക് കഴിയുന്നു എന്നത് സ്വാഭാവികമായ ഒരു ചോദ്യമാണ് ഭീരു ആയിരിക്കുന്നത് ഒരു വലിയ തെറ്റൊന്നുമല്ല പ്രതികരിക്കുന്നത് അത്യാവശ്യമായ കാര്യവുമല്ല എങ്കിലും നിർണായകമായ ഒരു സന്ദർഭത്തിൽ നിങ്ങൾ എന്തു ചെയ്തു എന്ന് ഒരു ചോദ്യത്തിന് മറുപടി പറഞ്ഞേ തീരൂ .

ആളും അർത്ഥവും ഇല്ലാത്ത ഒരു ചെറുകിട രാജ്യമാണ് ,ഇന്ത്യയെ  പോലെ ഒരു മഹാരാജ്യത്തെ തങ്ങളുടെ അടിമകളായി മാറ്റിയത് എന്ന് പൊതുവേ ചൂണ്ടിക്കാട്ടപ്പെടുന്നു .തങ്ങളുടെ ബുദ്ധിശക്തി ഉപയോഗിച്ച് ഒരു ജനതയെ അതിലുള്ള വ്യത്യസ്ത ഭരണ വിഭാഗങ്ങളെ  ഭിന്നിപ്പിച്ച പരസ്പരം പോരടിപ്പിച്ചു  തങ്ങളുടേതായ പരമാധികാരം സ്ഥാപിച്ച ചരിത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളത് . ഇത് പുതുമയുള്ള ഒരു കാര്യമായി കണ്ടുകൂടാ ലാറ്റിൻ അമേരിക്ക ഇങ്ങനെയാണ് യൂറോപ്പിലെ സാമ്രാജ്യങ്ങൾ കൈവശപ്പെടുത്തിയത് അവിടുത്തെ സംസ്കാരത്തെ ചിന്നഭിന്നമാക്കിയത് .നോക്കുമ്പോൾ വളരെ ബൗദ്ധികമായ അധിനിവേശം ആയിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിന് സാമ്രാജ്യത്തിന്റെത് അതിനെ നേരിടാൻ അർത്ഥശാസ്ത്രത്തിന്റെയും പഴയ രാഷ്ട്ര സിദ്ധാന്തങ്ങളുടെയും പിൻബലമുള്ള നമ്മുടെ ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല ഒരു ബ്രിട്ടീഷ് റസിഡന്റിന്റെ ചൊല്പ്പടിയിൽ തിരുവിതാംകൂർ പോലെയുള്ള രാജ്യങ്ങള്‍ തലകുനിച്ചു നടത്തിയ തൃപ്പാദസേവയാണ് സാമ്രാജ്യത്തിന്റെ വളര്‍ച്ചക്ക്‌  സഹായകമായത് .വ്യത്യസ്തമായ വൈഷമ്യങ്ങള്‍ അഭിമുഖീകരിച്ചിട്ടും  അവര്‍ക്കെതിരെ ഒരു ഏകീകൃത നേതൃത്വം നൽകാൻ നൽകാൻ ഗാന്ധിക്ക് കഴിഞ്ഞു ഭൗതികമായും ആത്മീകമായും ആശയപരമായി ഉണ്ടായ ഒരു ഔന്നത്യം കൊണ്ടാണ് അദ്ദേഹത്തിനു അതിനു കഴിഞ്ഞത് .ഭൗതികമായി മറ്റൊരു ശക്തിയും ഇല്ലാത്ത സാധാരണ ഇന്ത്യക്കാരാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയത് .തന്റെ അടിയുറച്ച വിശ്വാസം മൂലമുള്ള ധീരതയാണ് ഭീതിയെ മറികടക്കാൻ ഗാന്ധിജിയെ സഹായിച്ചത് അദ്ദേഹത്തോടൊപ്പം അണിനിരന്ന ലക്ഷക്കണക്കിന് സാധു ജനങ്ങളുടെ ധീരതയുടെ ഉറവിടവും ആ അടിയുറച്ച വിശ്വാസമായിരുന്നു ഇവിടെ നമ്മുടെ വിശ്വാസം നമ്മുടെ ഭീരുത്വം  മറികടക്കാനുള്ള ചാലക ശക്തിയാകുകയായിരുന്നു .അത്  അത്ര എളുപ്പമല്ലഅന്നത്തെ സാഹചര്യങ്ങള്‍ ഇന്നത്തെ നമ്മുടെ ദുസ്വപ്നങ്ങളില്‍ പോലും കടന്നു വരില്ല .

ഇന്നത്തെ  പുതിയ തലമുറ അന്നത്തെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് എത്രയോ അകലെ ആയിരിക്കും .ഇന്ന് അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ നാം എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് പറയാനാവില്ല എങ്കിലും സ്വാതന്ത്ര്യാനന്തര കാലത്ത് ചില സൂചനകൾ ഉണ്ട്.

സ്വാതന്ത്ര്യത്തിനുശേഷം ജനാധിപത്യ ഭാരതത്തിന് ഏറ്റവും വെല്ലുവിളികൾ ഉയർത്തിയത് 1975 ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നു ഭരണഘടന തന്നെ സസ്പെൻഡ് ചെയ്യപ്പെട്ട  ആ കാലം. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു  നിയമത്തിനു മുൻപിൽ വിലയില്ലെന്ന് അത്യുന്നതമായ കോടതി തന്നെ വിധിയെഴുതി എങ്കിലും എച്ച്.ആര്‍ ഖന്ന എന്ന  സുപ്രീംകോടതി ജഡ്ജിഅതിനെതിരെ വിയോജന വിധിയെഴുത്ത് നടത്തി .സ്വന്തം സ്ഥാനത്തിനും ജീവനും അത് ഭീഷണിയാകും എന്നതൊന്നും  അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല .പുറത്ത് ജയപ്രകാശ് നാരായണനെ പോലെയുള്ളവർ സമ്പൂര്‍ണ്ണ വിപ്ലവം സംഘടിപ്പിച്ചു .ബുള്‍ഡോസറുകള്‍ക്കും പോലീസിന്റെ അര്‍ദ്ധരാത്രിയിലെ വീട്ടുവാതില്‍പ്പടിയിലെ മുട്ടലുകള്‍ക്കുമെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി കേരളത്തില്‍  അതിനെതിരെ പ്രതികരിച്ച നക്സലുകള്‍ ജയിലിൽ പോയിയെങ്കിലും  പൊതുവേ കേരള സമൂഹം അത് അതിന്റെ രൂക്ഷത അറിയാത്തത് കൊണ്ടാകാം അത്  അംഗീകരിക്കുകയായിരുന്നു എന്ന് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പു തെളിയിച്ചു അന്ന് എവിടെപ്പോയിരുന്നു പ്രതികരിക്കേണ്ടിയിരുന്ന നമ്മുടെ സാംസ്കാരിക നായകര്‍ ? അന്നതിനെതിരെ ശബ്ദമുയർത്തിയവര്‍ പോലും  ഇന്ന് എവിടെ നിൽക്കുന്നു?

അധികാരത്തോട്  അടുത്തു നിൽക്കുമ്പോഴും അതിൻറെ പ്രതിഫലം പറ്റുമ്പോഴും അധികാരികൾക്കെതിരെ ഉരിയാടാൻ ആവില്ല എന്ന് അറിഞ്ഞിരിക്കണം ,അവര്‍ ആരായാലും. അത് അധികാരികളുടെ മാത്രം പ്രതീക്ഷയല്ല അവരെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ കൂടിയാണ് .അങ്ങനെ കമാന്ന് ഉച്ചരിക്കാതെ എല്ലാവരെയും പ്രീണിപ്പിച്ചു കസേരകളില്‍ ഇരുന്നവരുടെ ചരിത്രംകൂടിയാണ് നമ്മുടെത് .എപ്പോഴും പ്രതികരിക്കുന്ന ഒരാൾ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതില്‍ വലിയ അർത്ഥമില്ല പകരം അതൊക്കെ അടുത്തൂണ്‍ നൽകുന്ന ഒരു നിയമനം ആയി കണക്കാക്കി വായമൂടി ഇരിക്കുകയാണ് ഉചിതം.അതറിയുന്ന ദാസപ്രഭുമാര്‍ക്ക് ഒരു പഞ്ഞവുമില്ല ഇവിടെ .അവര്‍ക്ക് അതൊക്കെ വിട്ടുകൊടുക്കുകയാകും ഉചിതം .

എങ്കിലും ചില ദശാസന്ധികളിൽ ഭീരുത്വം കൈവെടിഞ്ഞ് പ്രതികരിക്കേണ്ട ഒരവസ്ഥ ഉണ്ടാകും  കൺമുമ്പിൽ രക്തം ചൊരിയുമ്പോൾ എങ്ങനെ നിങ്ങൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിയും എന്ന് നെരുദ  എഴുതി. എഴുത്തിന്റെ ഏറ്റവും വലിയ പ്രശ്നവും ഇവിടെ തന്നെയാണ്. നിങ്ങൾ ഭീരുവാകാം. ചിലപ്പോൾ മഹാ ഭീരു തന്നെയാകാം . പക്ഷേ നീതിയുടെ പേരിൽ വലിയൊരു പ്രശ്നം ഉണ്ടാകുമ്പോൾ നിങ്ങൾ പ്രതികരിച്ചേ തീരൂ. നിങ്ങളിൽ നിന്ന് നിങ്ങളുടെ വായനക്കാർ പൊതുജനം സമൂഹം അത് ആവശ്യപ്പെടുന്നു അതാണ് അത്തരം ഒരു എഴുത്തിന്‍റെ പരിമിതി. എഴുത്തോ നിൻറെ കഴുത്തോ എന്ന ചോദ്യം എന്നും മുഴങ്ങിക്കൊണ്ടേയിരിക്കും.ആ നിമിഷത്തില്‍ എന്താണോ നിങ്ങള്‍ അതനുസരിച്ചാണ് നിങ്ങളെ ചരിത്രം നിര്‍വചിക്കുന്നത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക