Image

സ്മരണകൾക്കപ്പുറമുള്ള സ്നേഹം ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 30 June, 2026
സ്മരണകൾക്കപ്പുറമുള്ള സ്നേഹം ( കവിത : പുഷ്പമ്മ ചാണ്ടി )

സ്മരണകൾക്കപ്പുറമുള്ള സ്നേഹം..


ഓർമ്മകളെ ഭയമാണെനിക്ക്...!
മുന്നറിയിപ്പുകളില്ലാതെ
പാട്ടായ്, ഗന്ധമായ്,
നിശ്ശബ്ദ സായാഹ്നമായ്
ഭൂതകാലം തിരികെ വന്നാലോ എന്ന ഭയം...!

പക്ഷേ...
അതിലുമാഴത്തിൽ
എല്ലാം മറന്നുപോകുമോയെന്ന ഭയവുമുണ്ട്...!

ഒരു ദിവസം
പേരുകൾ നാവിൽ നിന്നഴിഞ്ഞുപോകുമോ...?
മുഖങ്ങൾ മൂടൽമഞ്ഞുപോലെ മാഞ്ഞുപോകുമോ.?
കാത്തുസൂക്ഷിച്ച ജീവിതം
നിശ്ശബ്ദമായെന്നിൽനിന്ന് വഴുതിപ്പോകുമോ...?

ഡിമെൻഷ്യ:
ഓർമ്മകളെ മാത്രമല്ല,
എന്നെത്തന്നെയും പതിയെ മായ്ച്ചുകളയുന്നൊരു മൂടൽമഞ്ഞ്...!
എന്നിട്ടും
ഒരു സത്യം ഞാൻ മുറുകെപ്പിടിക്കുന്നു,
സ്നേഹം ഓർമ്മയെക്കാൾ ശക്തമാണെന്ന്...!

ഒരു ദിവസം
നിന്നെ ഞാൻ തിരിച്ചറിയാതെ വന്നാലും,
നിന്നോടുള്ള സ്നേഹം
അവസാനിച്ചുവെന്ന് കരുതരുതേ...!
ഒരേ ചോദ്യം പലവട്ടം ചോദിച്ചാലും,
ആദ്യമായ് കേൾക്കുമ്പോലെ നീ മറുപടി പറയണേ...!

ഞാൻ ആരായിരുന്നുവെന്ന് എന്നോടു പറയുക;
എന്റെ പൂക്കളെക്കുറിച്ചും, ആകാശത്തെക്കുറിച്ചും,
കവിതകളെക്കുറിച്ചും, സ്വപ്നങ്ങളെക്കുറിച്ചും,
ഹൃദയത്തോട് ചേർത്തുവെച്ച മനുഷ്യരെക്കുറിച്ചും
പറയുക...!

ഒരു ദിവസം
കണ്ണാടിയിലെ എന്റെ മുഖം പോലും
എനിക്കു പരിചിതമല്ലാതായാൽ,
കൈകൾ ചേർത്തുപിടിച്ചൊരിക്കൽക്കൂടിയെന്റെ പേരുചൊല്ലി വിളിക്കുക...!

മങ്ങിപ്പോകുന്ന ഓർമ്മകൾക്കപ്പുറവും
സ്നേഹത്തിനായ് കൈ നീട്ടുമൊരാത്മാവായി ഞാനുണ്ടാവും...!

മരണത്തെ ഭയമില്ലെനിക്ക്...
ജീവിച്ചിരിക്കെ
സ്നേഹിച്ചവർക്കും
എനിക്കുതന്നെയും
ഞാനൊരപരിചിതയായ് മാറുന്നതാണ് ഭയം...!

സ്നേഹം എന്നെ ഓർത്തുവെക്കുന്നിടത്തോളം,
ഞാനൊരിക്കലും പൂർണ്ണമായി നഷ്ടപ്പെടുകയില്ല...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക