
കോർപസ് ക്രിസ്റ്റി (ടെക്സസ്) : ജൂൺ 25 മുതൽ 27 വരെ ഇവിടെ നടന്നു വന്നിരുന്ന ടെക്സസ് ഡെമോക്രറ്റിക് കൺവെൻഷൻ സമാപിച്ചു. പ്രതീക്ഷിച്ചതു പോലെയുള്ള ആവേശമോ വലിയ ജന പങ്കാളിത്തമോ ദൃശ്യമായില്ല എന്നത് സംഘാടകരെ പാളിച്ചകൾ കുറിച്ചും കൂടുതൽ ജനപങ്കാളിത്ത നയങ്ങളെ കുറിച്ചും പുനർ ചിന്തനത്തിനതിനു പ്രേരിപ്പിച്ചിരിക്കുകയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന യു എസ് പ്രസിഡണ്ട്/പൊതു തിരഞ്ഞെടുപ്പുകളിൽ ടെക്സസിനെ തങ്ങൾക്കൊപ്പം നിർത്താൻ കഴിഞ്ഞാൽ പ്രസിഡണ്ട്, സെനറ്റ്, പ്രതിനിധി സഭകളെയും തങ്ങൾക്കു ഒപ്പം നിർത്താനാവും എന്ന ചിന്ത കഴിഞ്ഞ കുറെ വര്ഷങ്ങളായി ഉള്ളത് പോലെ 2028 ലെയും സ്വപ്നമായി പാർട്ടി പ്രചാരണങ്ങൾക്കു കരുത്തേകുന്നു. ഈ കൺവെൻഷനിൽ താൽപര്യങ്ങൾക്കു മാന്ദ്യത ഉണ്ടായതു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വേൾഡ് കപ്പ് സോക്കർ മത്സരങ്ങൾ മൂലമാണെന്ന് കരുതുന്ന പാർട്ടി അനുയായികളും ഉണ്ട്.
കൺവെൻഷനിൽ പ്രധാന ആകർഷണമായി മാറാൻ വെർമോണ്ട് സെനറ്റർ ബെർണി സാണ്ടേഴ്സിന് കഴിഞ്ഞു. കഴിഞ്ഞ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പ്രൈമറികളിൽ മത്സരിക്കുകയും പിന്നീട് ആവശ്യമായ ഡെലിഗേറ്റുകൾ ലഭിക്കില്ല എന്ന് മനസിലാക്കി പിൻവാങ്ങുകയും ചെയ്ത സാണ്ടേഴ്സിന് ഇപ്പോഴും നല്ല ജനപിന്തുണ ഉണ്ടെന്നു ശനിയാഴ്ച അദ്ദേഹം ചെയ്ത പ്രധാന പ്രസംഗത്തിന് ലഭിച്ച വരവേൽപ് വ്യക്തമാക്കി. ആരാധകരിൽ കൂടുതൽ ആവേശം ഉണർത്താൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ച സാണ്ടേഴ്സിന് ലഭിച്ച നീണ്ട കരഘോഷം പര്യാപ്തമായോ എന്ന ചോദ്യം അപ്പോഴും പാർട്ടി, സാന്ഡേഴ്സ് അനുയായികളിൽ ഉയർന്നു നിന്നു. ഇത് വരെ ലഭിച്ച വിവരങ്ങൾ അനുസരിച്ചു 2028 ലെ പ്രസിഡണ്ട് സ്ഥാനാർഥികളായി ഡെമോക്രറ്റിക് പാർട്ടിയിൽ നിന്ന് ഇല്ലിനോയി ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കറും ന്യു ജേർസി സെന. കോരി ബുക്കറും മത്സരിക്കുവാൻ സാധ്യതകളുണ്ട്. ഇരുവരും കൺവെൻഷൻ ഡെലിഗേറ്റുകളെ കണ്ട് തുടർച്ചയായി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.
മുപ്പതിൽ അധികം വർഷങ്ങളായി ഒരു റെഡ് (റിപ്പബ്ലിക്കൻ ) സ്റ്റേറ്റ് ആയാണ് ടെക്സസ് അറിയപ്പെടുന്നത്. ഇടക്കിടെ ചില ഡെമോക്രറ്റിക് വിജയങ്ങൾ ഉണ്ടാകുന്നത് ഡെമോക്രറ്റിക് പാർട്ടിക്കും അനുയായികൾക്കും വലിയ പ്രതീക്ഷ നൽകാറുണ്ട്. ഓരോ തിരഞ്ഞെടുപ്പു അടുക്കുമ്പോഴും ഡെമോക്രറ്റുകളുടെ പ്രതീക്ഷകൾ ഉയരാറുണ്ട്. ട്രംപ് നയങ്ങളും പ്രഖ്യാപനങ്ങളും മൂലം ട്രംപിന്റെ ജന പിന്തുണയുടെ ഗ്രാഫ് താഴേക്കു കുതിക്കാറുണ്ട്. ഓരോ ജനാഭിപ്രായ സർവ്വേ ഫലത്തിലും ട്രംപിന്റെ സ്വാധീനം കുറഞ്ഞതായി പ്രഖ്യാപിക്കുമ്പോൾ ഡെമോക്രറ്റുകൾക്കു കൂടുതൽ ആവേശം ഉണ്ടാകുന്നു. ഡെമോക്രറ്റിക് പ്രവർത്തകർ കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നു. പക്ഷെ ഇത് വരെയും ഡെമോക്രറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരുടെ പ്രവർത്തനം സാധാരണ പൗരമാരിലേക്കു എത്തിയിട്ടില്ല എന്ന് വിവിധ കോണുകളിൽ നിന്ന് പരാതി കൾ ഉയരാറുണ്ട്. വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്തുകൾ പലപ്പോഴും വോട്ടിംഗ് ദിനം കഴിഞ്ഞിട്ടാണ് ലഭിക്കുന്നതെന്നും പരാതിപ്പെടുന്ന വോട്ടർമാരും ഉണ്ട്.
ഈ നവമ്പറിലെ തിരഞ്ഞെടുപ്പുകൾ 2028 നവംബറിലേക്കുള്ള സൂചനകൾ നൽകും എന്ന് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നു. എന്നാൽ പിന്നീടുള്ള ദിനങ്ങളിൽ ഭാഗദേയങ്ങൾ മാറിമറിയാൻ സാധ്യത ഉണ്ടെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.