
'ഈശാവാസ്യമിദം സര്‍വ്വം' - ഇവിടെ ഉള്ളതെല്ലാം ഈശ്വരന്റേതാണ്. എല്ലാശ്രേയസ്സുകള്‍ക്കും സൗഭാഗ്യങ്ങള്‍ക്കും നന്മകള്‍ക്കും കാരണമായിത്തീരുന്നത് ധര്‍മത്തിന്റെ വഴിയിലൂടെയാണ്. ഗുരു എന്ന സ്ഥാനം കിട്ടിയതുകൊണ്ടുമാത്രം ആകുന്നില്ല. 'ഗുരു' എന്ന പദവി ഞാന്‍ സ്വയം സ്വീകരിച്ചതല്ല. ഈ ഭൂമിയില്‍ ജനിച്ചു ജീവിച്ചു മണ്‍മറഞ്ഞ മഹാന്മാരുടെ ഗണത്തില്‍പ്പെട്ട ബഹുമാന്യരായിരുന്ന ചിലര്‍ എനിക്കു നല്‍കിയതാണ്.
ഹഠയോഗയില്‍ ഏറ്റവും വലിയ പദവി അലങ്കരിച്ച് ഐതിഹാസിക പുരുഷനായി ലോകം അംഗീകരിച്ച സ്വാമി ഭുവ, പുരാണങ്ങളിലും ഗീതയിലും പ്രാവീണ്യം നേടി അമേരിക്കയില്‍ അനേകായിരങ്ങളെ ഗീത പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ ഡോ. വിദ്യാസാഗര്‍, 'മലകളും താഴ്‌വരകളും' എന്ന നോവലിലൂടെ അറിയപ്പെട്ട ജ്ഞാനിയും നോവലിസ്റ്റും എഴുത്തുകാരനുമായ അമേരിക്കന്‍ മലയാളി ജോര്‍ജ് കുര്യന്‍ സാര്‍, നിയമത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അമേരിക്കന്‍ മലയാളി ജോണ്‍ ഫെലിക്‌സ്, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന മഹാപണ്ഡിതനും ദൈവശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ചരിത്രകാരനും എഴുത്തുകാരനുമായ ജോസഫ് മാത്യു പടന്നമാക്കല്‍, അമേരിക്കയില്‍ വന്ന് ജേര്‍ണ്ണലിസം പഠിച്ച് ലോക ജേര്‍ണ്ണലിസ്റ്റുകളുടെ പദവിയിലേയ്ക്കുന്ന ഡോ. ജയിംസ് കോട്ടൂര്‍ എന്നിവരും ഇന്നും ജീവിച്ചിരിക്കുന്ന, അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വിശ്രമജീവിതം നയിക്കുന്ന കവിയും എഴുത്തുകാരനും, ചിന്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ ഡോ. ജോയിറ്റി കുഞ്ഞാപ്പ്, അമേരിക്കയിലെ യുവപ്രതിഭകളായി എന്നോടൊപ്പം തോളോടുതോള്‍ചേര്‍ന്ന് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ന്യൂജേഴ്‌സിയിലുള്ള അനില്‍ പുത്തന്‍ചിറയും ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കവിയും നടനും കലാകാരനും വാഗ്മിയും ചിന്തകനും ബ്ലോഗറുമായ അജിത് നായരും എന്റെ ആത്മസുഹൃത്തും മസ്സാച്ചുസെറ്റ്‌സില്‍ താമസിച്ച് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അമേരിക്കന്‍ മലയാളി ജേക്കബ് കല്ലുപുരയും യോഗയില്‍ എന്റെ ശിഷ്യത്വം സ്വീകരിച്ച അനേകായിരം ശിഷ്യഗണങ്ങളും നല്‍കിയതാണ് 'ഗുരു' എന്ന പദവി.

യേശുക്രിസ്തു പറഞ്ഞിട്ടുള്ളതുപോലെ 'ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ അറിയപ്പെടുകയില്ല' എന്ന സത്യം ഒരുവിധത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ്. കാരണം, ഞാന്‍ ജനിച്ച നാട്ടിലും വളര്‍ന്ന നാട്ടിലുമുള്ളവര്‍ എന്നെ ഇന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു വ്യക്തിയായിട്ടാണ് കാണുന്നത്; എന്റെ സ്വന്തക്കാര്‍പോലും.
യേശുക്രിസ്തു കാലിത്തൊഴുത്തിലാണ് ജനിച്ചതെന്നു ക്രിസ്ത്യാനികളെല്ലാം വിശ്വസിക്കുന്നു. പക്ഷേ അതെവിടെയാണെന്നോ ആരുടെ കൈവശമാണെന്നോ ധൈര്യമായി പറയാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. അതേസമയം, ഞാന്‍ ജനിച്ച വീട് ഇന്നും ഇന്നിടത്താണെന്ന് ധൈര്യമായി പറയാന്‍ എനിക്കു കഴിയും. പക്ഷേ, അതെന്റെ മിടുക്കുകൊണ്ടാണെന്നോ പുണ്യം കൊണ്ടാണെന്നോ ഞാന്‍ കരുതുന്നില്ല. പൂര്‍വികരില്‍ ആരോ പുണ്യകര്‍മം ചെയ്തതിന്റെ ഫലമാണെന്നു മാത്രം ഞാന്‍ കരുതുന്നു.

സഫാരി ടി.വി ചാനലിന്റെ ഉടമയും ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ബഹിരാകാശ സഞ്ചാരി താനായിരിക്കണം എന്ന ദൃഢനിശ്ചയത്തോടെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വീര്‍ജിന്‍ ഗാലക്ട്രിക് ഗ്രൂപ്പിന്റെ തലവനും സ്‌പേസ് ടൂറിസം പ്രോജക്ടിന്റെ ഉപജ്ഞാതാവും അനേകായിരങ്ങളെ സ്‌പേസ് ടൂറിസത്തിലൂടെ കൊണ്ടുപോയി കോടാനുകോടി ഡോളര്‍ സമ്പാദിക്കാമെന്നു കരുതിയ അമേരിക്കന്‍ ബിസിനസുക്കാരനുമായ റിച്ചാര്‍ഡ് ബ്രാണ്‍സണ് ഒരു കോടിയോളം രൂപ കൊടുത്ത് സീറ്റു റിസര്‍വു ചെയ്തതയാളും ഇതിനോടകം 150ഓളം രാജ്യങ്ങള്‍ സഞ്ചരിച്ച് ഡോക്യുമെന്ററി ഉണ്ടാക്കി ലോകത്തിലെ അറിയപ്പെടുന്ന സഞ്ചാരി എന്നും പേരെടുത്തയാളും ലേബര്‍ ഇന്‍ഡ്യാ പബ്ലിക്കേഷന്റെ ഉടമയും കേരളീയ പൈതൃകം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയും പൂര്‍വീകരുടെ സ്മരണയും കേരളത്തിന്റെ പൈതൃകം നിലനിര്‍ത്താന്‍ മുന്‍കൈ എടുത്ത മഹാനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ അധീനത്തില്‍, ഞാന്‍ ജനിച്ച തറവാട് സുരക്ഷിതമാണ് എന്നറിയുമ്പോള്‍ മറ്റാരെയുംകാള്‍ എനിക്കഭിമാനമുണ്ട്.

പക്ഷേ, ഞാന്‍ ജനിച്ച വീടാണ് കുളങ്ങര തറവാട് എന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരപോലും മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം. കാരണം, അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ്ജ് കുളങ്ങര എന്റെ മാതാവിന്റെ മൂത്ത സഹോദരന്റെ പുത്രനാണ്. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്കോ അദ്ദേഹത്തിന്റെ പിതാവിനോപോലും കിട്ടാത്ത ഭാഗ്യമാണ് എനിക്കു ലഭിച്ചത് എന്നോര്‍ക്കുമ്പോള്‍ വിധിയുടെ മാഹാത്മ്യത്തെപ്പറ്റിയും കര്‍മയോഗത്തെപ്പറ്റിയും ചിന്തിച്ചുപോകുന്നു! അതു മാറ്റാന്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. ക്രാന്തദര്‍ശനം ഋഷിതുല്യര്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരൂ. സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നവര്‍ക്കു അതിനു കഴിഞ്ഞെന്നുവരികയില്ല.
കേരളത്തിന്റെ പൈതൃകം നിലനിര്‍ത്താന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ചെയ്തുകൊണ്ടിരിക്കുന്ന മഹദ്‌യജ്ഞം പ്രശംസനീയമാണ്. ഞാന്‍ കുളങ്ങര തറവാട്ടില്‍ എങ്ങിനെ ജനിക്കാന്‍ കാരണമായി എന്നുകൂടി എഴുതണമല്ലോ. കടപ്ലാമറ്റത്തുകാരനായാണ് എന്നെ പലരും ഇന്നും കരുതുന്നത്.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് രൂപപ്പെടുന്നതിനുമുമ്പ് ഇലയ്ക്കാടു പഞ്ചായത്ത് ആയിരുന്നു. പിന്നീട് ഇലയ്ക്കാടു പഞ്ചായത്തു വിഭജിച്ച് ഒരു ഭാഗം മരങ്ങാട്ടുപിള്ളി പഞ്ചായത്തും ഒരു ഭാഗം കടപ്ലാമറ്റം പഞ്ചായത്തുമായിത്തീര്‍ന്നു. ഇലയ്ക്കാടു പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല എന്ന ഗ്രാമത്തില്‍ ആയിരുന്നു കുളങ്ങര തറവാട് സ്ഥിതിചെയ്തിരുന്നത്. വളരെ പഴക്കംചെന്ന ഒരു തറവാടായിരുന്നു കുളങ്ങര തറവാട് എന്നു ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. ഒരു കുളത്തിന്റെ കരയില്‍ ആയിരുന്നു വീട്. അതിനാലായിരിക്കണം കുളങ്ങര എന്നു പേരുണ്ടായത് എന്നു കരുതാം.

ഇലയ്ക്കാടു പഞ്ചായത്തും കടപ്ലാമറ്റം പഞ്ചായത്തുമെല്ലാം മീനച്ചില്‍ താലൂക്കില്‍പ്പെട്ടതാണ്. കുളങ്ങര തറവാട്ടിലെ വലിയ കാരണവരായിരുന്നു ഔസേപ്പ് ഔസേപ്പ് എന്ന എന്റെ വല്ല്യപ്പന്‍. കുളങ്ങര കൊച്ചേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം പാലാ മീനച്ചില്‍ താലൂക്കിലെ ഏറ്റവും അറിയപ്പെട്ടിരുന്ന കൃഷിക്കാരന്‍ ആയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് തൊട്ടടുത്തുതന്നെയുള്ള അരുവിയില്‍ എന്ന വീട്ടിലെ അന്ന എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ത്രീയെ, എന്റെ വല്ല്യമ്മയെ ആണ്.
കുളങ്ങര ഔസേപ്പ് - അന്ന ദമ്പതികളുടെ നാലാമത്തെ സന്താനമായിരുന്നു എന്റെ അമ്മ മേരി ജോസഫ്. എന്റെ പിതാവിന്റെ വീട് അക്കാലത്ത് തൊട്ടടുത്ത കിടങ്ങൂര്‍ പഞ്ചായത്തില്‍ ആയിരുന്നു. പില്‍ക്കാലത്ത് കിടങ്ങൂര്‍ പഞ്ചായത്തും ഇലയ്ക്കാടു പഞ്ചായത്തും വിഭജിച്ചാണ് കടപ്ലാമറ്റം പഞ്ചായത്ത് ഉണ്ടായത്. കുളങ്ങര തറവാട്ടില്‍നിന്നും കൂവള്ളൂര്‍ തറവാട്ടിലേക്ക് ഏകദേശം മൂന്നു മൈല്‍ ദൂരമുണ്ട്. എന്റെ മാതാവായ മേരി ജോസഫിന്റെ കടിഞ്ഞൂല്‍ പുത്രനായിരുന്നു ഞാന്‍. അക്കാലത്ത് പെണ്‍മക്കള്‍ അവരുടെ മാതൃഗൃഹത്തിലായിരുന്നു സാധാരണ ആദ്യത്തെ പ്രസവം. അങ്ങിനെ കുളങ്ങര തറവാട്ടില്‍ ജനിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. കുളങ്ങര കൊച്ചേട്ടന്റെ ആറു മക്കളില്‍ മൂന്നുപേര്‍ ആണുങ്ങളും മൂന്നുപേര്‍ പെണ്‍മക്കളും. പെണ്‍മക്കള്‍ക്ക് ആദ്യമായുണ്ടായ ആണ്‍തരി ആയതിനാല്‍ വല്ല്യപ്പന്റെയും വല്ല്യമ്മയുടെയും സ്‌നേഹഭാജനമായിരുന്നു ഞാന്‍. അക്കാലത്ത് കുളങ്ങര തറവാട്ടിനെക്കാള്‍ പേരും പെരുമയും ഉണ്ടായിരുന്നത് കൂവള്ളൂര്‍ തറവാടിനായിരുന്നു. നിരവധി വൈദികരും കന്യാസ്ത്രീകളും അധ്യാപകരും ഉള്ള ഒരു കുടുംബമായിരുന്നു കൂവള്ളൂര്‍ എന്നതാണ് അതിനു പ്രധാനകാരണം. രണ്ടു കുടുംബങ്ങളും പാലാ രൂപതയില്‍പ്പെട്ടവതന്നെ.
മുന്‍മന്ത്രി ആയിരുന്ന കെ.എം. മാണിയുടെ സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്നു എന്റെ പിതാവ് കെ.റ്റി ജോസഫ് കൂവള്ളൂര്‍. തുടക്കത്തില്‍ കോണ്‍ഗ്രസിലും പിന്നീട് കേരളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഒരു മുഴുവന്‍സമയ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു കൂവള്ളൂര്‍ പാപ്പച്ചന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം. എന്റെ പിതാവിന്റെയും മാതാവിന്റെയും വീടുകളില്‍ അക്കാലത്തു പോയിരുന്നത് കാല്‍നടയായിട്ടാണ്. ചെരിപ്പുപോലും ഇല്ലാത്ത കാലം.

1950കളില്‍ മിക്ക കാര്‍ന്നോന്മാരും പറമ്പിലും പാടത്തും പണിയെടുക്കുന്നവരെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. കുളങ്ങര തറവാട്ടിലെ ആണ്‍മക്കളെല്ലാം കൃഷിക്കാരായിരുന്നു. സ്വന്തം സഹോദരിമാരോട് വലിയ സ്‌നേഹം ഉണ്ടായിരുന്നവര്‍! ആഴ്ചയിലൊരിക്കല്‍ എന്റെ മാതാവിനെ കാണാന്‍ കുളങ്ങര നിന്നും ആങ്ങളമാരില്‍ ആരെങ്കിലും വന്നിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.
എന്റെ പിതാവ് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നതിനാല്‍, കൂവള്ളൂര്‍ തറവാട്ടിലെ ഇളയമകന്‍ ആയിരുന്നിട്ടുകൂടി എന്റെ വല്ല്യപ്പന്‍ തൊട്ടടുത്ത പുരയിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൂവള്ളൂര്‍ കുന്നിനോടു ചേര്‍ന്നുകിടക്കുന്ന പറമ്പും കൂവള്ളൂര്‍ കുളവും അതിന്റെ വടക്കുവശത്തുള്ള ചേന്നാട്ടു പുരയിടവുമാണ് എന്റെ പിതാവിന് അവകാശമായി കിട്ടിയത്.
ചേന്നാട്ടു പുരയിടത്തില്‍ മണ്ണുകൊണ്ടു ഭിത്തിയുള്ള ഒരു ഓലക്കുടിലാണ് എന്റെ പിതാവിന് കിട്ടിയത്. രണ്ടു മുറികളും ഒരു അടുക്കളയുമുള്ള ചെറ്റക്കുടില്‍ എന്നു വേണമെങ്കില്‍ പറയാം. ആ ചെറ്റക്കുടിലിന് ഒരു ചായ്പ്പും ഉണ്ടായിരുന്നു. ചാണകവും ചാരവുമുപയോഗിച്ചു മെഴുകിയ തിണ്ണകള്‍. അതായിരുന്നു എന്റെ ചെറുപ്പത്തിലെ വീട്.
സഹോദരി താമസിക്കുന്നത് ചെറ്റക്കുടിലില്‍ ആയിരുന്നതിനാലാവണം സഹോദരന്മാര്‍ക്ക് എന്റെ മാതാവിനോട് എന്തെന്നില്ലാത്ത സ്‌നേഹം ഉണ്ടായിരുന്നു. മറ്റു രണ്ടു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചത് അക്കാലത്ത് ഓടിട്ട വീടുകളില്‍ ആയിരുന്നു.
എന്റെ അമ്മയുടെ മൂത്തസഹോദരി കുറവിലങ്ങാട്ട് അറിയപ്പെടുന്ന ഓരത്തേല്‍ കുടുംബത്തിലായിരുന്നു. അവര്‍ക്ക് അഞ്ചു പെണ്‍മക്കള്‍ ഉണ്ടായശേഷമാണ് ഒരു ആണ്‍തരി ജനിച്ചത്. മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു മൂത്ത സഹോദരിയെ വിവാഹം കഴിച്ച ഓരത്തേല്‍ സെബാസ്റ്റിയന്‍. ഇഷ്ടംപോലെ നെല്‍പ്പാടങ്ങളും പുരയിടവുമുള്ള, ഓടിട്ട വലിയ വീടിന് അവകാശി.
എന്റെ മാതാവിന്റെ ഇളയസഹോദരിയെ വിവാഹം കഴിച്ചു വിട്ടത് ഇലഞ്ഞിയില്‍ അറിയപ്പെടുന്ന കുരീത്തടം കുടുംബത്തിലാണ്. ധാരാളം സ്വത്തിന് ഉടമയായിരുന്നു എന്റെ ഇളയമ്മയുടെ ഭര്‍ത്താവായ കുരീത്തടത്തില്‍ ഐപ്പച്ചന്‍. എന്റെ പിതാവിനെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നവരാണ് എന്റെ മാതാവിന്റെ ജ്യേഷ്ഠനും അനുജനും എന്നുള്ളത് ഇന്നത്തെ ലോകത്തു കാണാന്‍ കഴിയാത്ത ഒന്നായി എനിക്കു തോന്നുന്നു.
ഭൂതകാലത്തിലേക്ക് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്റെ ആദ്യത്തെ ഗുരുനാഥന്മാരാണെന്നു കാണാം.
'ആചാര്യന്‍മാരില്‍നിന്നും നാലൊന്നു പഠിക്കുന്നു.
നാലൊന്നു മര്‍ത്ത്യന്‍ സ്വന്തബുദ്ധിയാല്‍ ഗ്രഹിക്കേണ്ടൂ.
കൂട്ടുകാരില്‍നിന്നത്രേ നാലൊന്നു പഠിക്കേണ്ടൂ
നാലൊന്നു പിന്നെ കാലക്രമത്തില്‍ വരേണ്ടതാം.'
എന്ന് നന്നേചെറുപ്പത്തിലേ പഠിച്ച ഞാന്‍ ചെറുപ്പത്തില്‍ത്തന്നെ മാനവകുലത്തെപ്പറ്റിയും നന്മതിന്മകളെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയായി മാറി. എന്റെ ജീവിതം വാസ്തവത്തില്‍ ഒരു പരീക്ഷണമായി ഞാന്‍ എടുത്തു. അതേസമയം എനിക്കു പരിചയമുണ്ടായിരുന്നവരും സ്വന്തക്കാരുമായിട്ടുള്ളവര്‍ പണത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തപ്പോള്‍ ഞാന്‍ സമൂഹത്തില്‍ താഴേക്കിടയിലുള്ളവരോടും കഷ്ടപ്പെടുന്നവരോടും ദീനാനുകമ്പയുള്ള ഒരു വ്യക്തിയായിരുന്നു. എന്റെ മാതൃസഹോദരന്റെ പുത്രന്‍ ജോര്‍ജ്ജ് കുളങ്ങരയെക്കാള്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലായിരുന്ന ഞാന്‍ പണത്തിന് വലിയ പ്രധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍, പണത്തിന് പ്രധാന്യം കൊടുത്ത് പ്രസ്ഥാനങ്ങള്‍ കരുപ്പിടിപ്പിച്ച് ഉന്നതനിലയിലേയ്ക്കുയര്‍ന്നയാളാണ് ജോര്‍ജ് കുളങ്ങര.
ഒരുപക്ഷേ, ചാണകം മെഴുകിയ നിലത്തു കിടന്നു വളര്‍ന്നതുകൊണ്ടാവാം പില്‍ക്കാലത്ത് മലപ്പുറം ജില്ലയില്‍ ആദിവാസികളെ വയോജനവിദ്യാഭ്യാസത്തിലൂടെ അറിവുള്ളവരാക്കാന്‍ സ്വന്തമായുണ്ടാക്കിയ പുല്‍കൂട്ടില്‍ ഒറ്റയ്ക്കു താമസിക്കാന്‍ മടിക്കാതിരുന്നത്.

ചരിത്രകാരനും ബിസിനസ്സ് സംരംഭകനും പഴയ തറവാടുകള്‍ സംരക്ഷിച്ച് പൈതൃകം നിലനിര്‍ത്താന്‍ മുമ്പോട്ടുവന്ന വ്യക്തിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അറിഞ്ഞോ അറിയാതെയോ ഞാന്‍ ജനിച്ച തറവാട് ഭദ്രമായി പൊളിച്ചുകൊണ്ടുപോയി വൈക്കത്തിനടുത്ത് മുറിഞ്ഞപുഴ എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ സൂക്ഷിക്കുന്നു എന്നതില്‍ മറ്റാരെയുംകാള്‍ ആത്മസന്തോഷം എനിക്കാണെന്നു പറയാതെവയ്യ. കാരണം, പലര്‍ക്കും അവിടെ ജനിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല, ഇന്നു ജീവിച്ചിരിക്കുന്നവരില്‍ 93 വയസുകഴിഞ്ഞ എന്റെ മാതാവിനൊഴികെ.
ഞാനും എന്റെ മാതാവും കുളങ്ങര തറവാട്ടിലാണ് ജനിച്ചതെന്ന് എന്റെ വല്ല്യപ്പന്‍ രേഖപ്പെടുത്തിവച്ചിട്ടുള്ളതായി കുളങ്ങര തറവാടിന്റെ യഥാര്‍ത്ഥ അവകാശി തോമസ് ഫിലിപ്പില്‍നിന്നും അറിയാനെനിക്കു കഴിഞ്ഞു. എന്റെ വല്ല്യപ്പന്റെ മിക്കഗുണങ്ങളും കുളങ്ങര തോമ്മാച്ചന് (തോമസ് ഫിലിപ്പ് കുളങ്ങര) കിട്ടിയിട്ടുണ്ടെന്നുള്ളത് നാട്ടുകാര്‍ക്കെല്ലാം അറിയാം. രാവിലെമുതല്‍ സന്ധ്യവരെ പറമ്പില്‍ പണിയെടുക്കുന്ന എന്റെ അമ്മയുടെ സഹോദരപുത്രനായ കുളങ്ങര തോമ്മാച്ചനെ ഞാന്‍ സ്തുതിക്കുന്നു.
കുളങ്ങര കുടുംബത്തെപ്പറ്റിയും കൂവള്ളൂര്‍ കുടുംബത്തെപ്പറ്റിയും പാലയ്ക്കാട്ടുമല, ആണ്ടൂര്‍, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കിടങ്ങൂര്‍, പാലാ, മീനച്ചില്‍, എന്നീ പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച എന്റെ ജീവചരിത്രകാരന്‍ പി.വി. ആല്‍ബി കൂടുതലായി എഴുതുന്നതായിരിക്കും. എന്റെ പുസ്തകം ഭാവിതലമുറയ്ക്കുകൂടി ഗുണകരമായിത്തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇത്തരത്തിലുള്ള ഒരു പുസ്തകം എഴുതുന്നതിനെപ്പറ്റി ചിന്തിക്കാനുണ്ടായ കാരണം, ഒരു മനുഷ്യജന്മത്തില്‍ നേടിയിട്ടുള്ള അറിവ് വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയാല്‍ അത് വരുംതലമുറയ്ക്ക് ഗുണകരമായിത്തീരുമെന്നുള്ള പ്രത്യാശയാണ്. കുറേപ്പേര്‍ക്കെങ്കിലും അത് ഗുണകരമായിത്തീരാതിരിക്കില്ല. ജീവിതാനുഭവങ്ങള്‍, ജീവിതത്തില്‍ പഠിച്ചകാര്യങ്ങള്‍: ഇത് യൂണിവേഴ്‌സിറ്റികളില്‍ പോയി പഠിച്ചാല്‍ കിട്ടിയെന്നുവരുകയില്ല. ജീവിതത്തില്‍ അനുഭവിച്ചവര്‍ക്കേ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനാവൂ.
ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് വിവേകത്തോടെ ജീവിക്കാന്‍ മനുഷ്യര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ പ്രലോഭനങ്ങള്‍ക്കു വിധേയരായി മനുഷ്യജന്മം പാഴായിപ്പോയെന്നിരിക്കാം.
Read More: https://www.emalayalee.com/writer/114