Image

യു.എസ്.എ.250: ഇന്ത്യൻ അമേരിക്കക്കാർ എന്ത് ചെയ്യണം? (ജോർജ്ജ് എബ്രഹാം)

Published on 30 June, 2026
യു.എസ്.എ.250: ഇന്ത്യൻ അമേരിക്കക്കാർ എന്ത് ചെയ്യണം? (ജോർജ്ജ് എബ്രഹാം)

അമേരിക്കയുടെ ചരിത്രം ആത്യന്തികമായി  സ്വാതന്ത്ര്യത്തിന്റെ ചരിത്രമാണ്; പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തിന്റെ ചരിത്രം. അമേരിക്കൻ തീരങ്ങളിൽ എത്തിച്ചേർന്ന യാത്രികർ/തീർത്ഥാടകർ, തങ്ങളുടെ മനസ്സാക്ഷിയുടെ നിർദേശങ്ങൾക്കനുസരിച്ച് ദൈവത്തെ ആരാധിക്കാൻ നിശ്ചയിച്ചുറപ്പിച്ച  ഇംഗ്ലീഷ് വിഘടനവാദികളായിരുന്നു.

1620-ൽ, 102 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട ഒരു സംഘം ഇംഗ്ലണ്ടിലെ പ്ലിമത്തിൽ നിന്ന് ‘മേയ്ഫ്ലവർ’  എന്ന കപ്പലിൽ യാത്ര തിരിച്ചു. പ്രക്ഷുബ്ധമായ കടൽ, കപ്പലിലെ അമിതമായ   തിരക്ക്, രോഗങ്ങൾ, ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ലഭ്യതക്കുറവ്  തുടങ്ങി എണ്ണമറ്റ ദുരിതങ്ങൾ  നേരിട്ടുകൊണ്ട് അത്യന്തം ദുഷ്കരമായിരുന്നു അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്ന ആ യാത്ര.

അപകടങ്ങൾ നിറഞ്ഞ ദീർഘയാത്രയ്ക്കൊടുവിൽ, 1620 നവംബറിൽ കപ്പൽ കേപ് കോഡിൽ എത്തിച്ചേർന്നു. ചരിത്രരേഖകൾ പ്രകാരം, യാത്രികരുടെ നേതാവായിരുന്ന വില്യം ബ്രാഡ്‌ഫോർഡിന്റെ ഭാര്യ ഡൊറോത്തി ബ്രാഡ്‌ഫോർഡ്, കപ്പലിൽ നിന്ന് കരയിലേക്കിറങ്ങുന്നതിനിടെ വെള്ളത്തിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. തുടർന്നുവന്ന കഠിനമായ ശൈത്യകാലത്തെ അസഹനീയമായ തണുപ്പും  രോഗങ്ങളും  പട്ടിണിയും മൂലം അവിടെ എത്തിയവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങി.

എന്നിരുന്നാലും അവരുടെ കഥ അസാധാരണമായ വിശ്വാസത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും, സ്വാതന്ത്ര്യത്തിനായുള്ള അചഞ്ചലമായ പോരാട്ടത്തിന്റെയും കഥയാണ്. ജീവിക്കാനും ആരാധിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാനുമുള്ള സ്വാതന്ത്ര്യം തേടി ആ പുരുഷന്മാരും സ്ത്രീകളും സമുദ്രങ്ങൾ താണ്ടി പുതിയ ലോകം കീഴടക്കി. കഠിനാധ്വാനം, ത്യാഗം, ശ്രദ്ധേയമായ അതിജീവനശേഷി എന്നിവയിലൂടെ അവർ ലോകം കൊതിക്കുന്നതും കോടിക്കണക്കിന് ആളുകൾക്ക് പ്രത്യാശയുടെ പ്രകാശഗോപുരമാകുന്നതുമായ ഒരു രാജ്യത്തിന് അടിത്തറ പാകി.

അമേരിക്കയുടെ മഹത്വം കെട്ടിപ്പടുത്തത് കേവലം സമൃദ്ധിയിലും അധികാരത്തിലും മാത്രമല്ല, മറിച്ച് വിശ്വാസം, സ്വാതന്ത്ര്യം, മാനുഷിക അന്തസ്സ് എന്നിവയുടെ ശാശ്വതമായ ആദർശങ്ങളിലാണെന്ന് അവരുടെ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.

അമേരിക്കയുടെ സ്ഥാപനം ജൂത-ക്രൈസ്തവ മൂല്യങ്ങളും പാരമ്പര്യങ്ങളും ആഴത്തിൽ സ്വാധീനിച്ച ഒന്നായിരുന്നു. കൂടാതെ, ഇന്നത്തെ പല പുതിയ തലമുറക്കാരും കുടിയേറ്റക്കാരും പലപ്പോഴും അവഗണിക്കുന്ന സമ്പന്നമായ ഒരു ക്രൈസ്തവ പൈതൃകവും ഈ രാജ്യത്തിനുണ്ട്.

രാഷ്ട്രശില്പികൾ മതസ്വാതന്ത്ര്യത്തെയും സഭയും ഭരണകൂടവും തമ്മിലുള്ള വേർതിരിവിനെയും പിന്തുണച്ചിരുന്നുവെങ്കിലും, മനുഷ്യാന്തസ്സ്, വ്യക്തിപരമായ ഉത്തരവാദിത്തം, ദുർബലരോടുള്ള കരുണ, ദൈവസന്നിധിയിലെ സമത്വം, നിയമവാഴ്ച തുടങ്ങിയ രാജ്യത്തിന്റെ സ്ഥാപനങ്ങളെ രൂപപ്പെടുത്തിയ നിരവധി ധാർമിക തത്വങ്ങൾ ജൂത-ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നാണ് കൈക്കൊണ്ടത്.

യൂറോപ്പിൽ നിന്ന് അമേരിക്കയിലെത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ പലരും ഈ വിശ്വാസങ്ങളും പൊതുമൂല്യങ്ങളും പങ്കുവയ്ക്കുകയും വിശ്വാസം, കഠിനാധ്വാനം, വ്യക്തിപരമായ ത്യാഗം, പൊതുനന്മയോടുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്തു. അമേരിക്കൻ ജനതയുടെ ഉദാരതയും മാനവികതയും രൂപപ്പെടുന്നതിലും ഈ മൂല്യങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു.

ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികളോടുള്ള പ്രതികരണത്തിൽ അമേരിക്കയെപ്പോലെ മുന്നിട്ടിറങ്ങിയ രാജ്യങ്ങൾ ചരിത്രത്തിൽ വളരെ കുറവാണ്. യുദ്ധം, ക്ഷാമം, പ്രകൃതിദുരന്തങ്ങൾ,  രാഷ്ട്രീയ അട്ടിമറികൾ എന്നിവയുടെ സമയങ്ങളിലെല്ലാം അമേരിക്ക സഹായം ആവശ്യമുള്ളവർക്ക് ആവർത്തിച്ച് കൈത്താങ്ങ് നൽകിയിട്ടുണ്ട്. പീഡനം, ദാരിദ്ര്യം, അടിച്ചമർത്തൽ എന്നിവയിൽ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഭയാർത്ഥികളും കുടിയേറ്റക്കാരും അമേരിക്കൻ തീരങ്ങളിൽ സുരക്ഷിതത്വവും അവസരങ്ങളും കണ്ടെത്തി.  അതുപോലെ, അമേരിക്കൻ പൗരന്മാരും സഭകളും ജീവകാരുണ്യ സംഘടനകളും മാനുഷിക കൂട്ടായ്മകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരന്തബാധിതർക്കായി  സഹായമെത്തിക്കുന്നതിൽ മുൻപന്തിയിലാണ്.

അമേരിക്കയെ പലപ്പോഴും ഒരു 'മെൽറ്റിംഗ് പോട്ട്' എന്ന് വിശേഷിപ്പിക്കാറുണ്ട് — വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഒരു പൊതുവായ അമേരിക്കൻ സ്വത്വം സ്വീകരിക്കുകയും അതോടൊപ്പം സ്വന്തം സാംസ്കാരിക പൈതൃകത്തിലെ മികച്ച ഘടകങ്ങൾ സംരക്ഷിക്കുകയും ചെയ്ത ദേശം. തങ്ങൾ തിരഞ്ഞെടുത്ത രാജ്യത്തോടുള്ള ഈ പ്രതിബദ്ധതയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ് ഡ്വൈറ്റ് ഡി. ഐസനോവറുടെ ജീവിതകഥ. ഐസനോവർ ജനിച്ചത് ടെക്സസിലാണെങ്കിലും, അദ്ദേഹത്തിന്റെ പൂർവ്വികർ തലമുറകൾക്ക് മുമ്പ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജർമ്മൻ കുടിയേറ്റക്കാരായിരുന്നു. എന്നാൽ ലോകം യുദ്ധത്തിൽ ആണ്ടുപോയ സമയത്ത്, അദ്ദേഹത്തിന്  അമേരിക്കയോട് മാത്രമായിരുന്നു പ്രതിബദ്ധത..

രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷി സേനയുടെ (Allied Expeditionary Force) സുപ്രീം കമാൻഡർ എന്ന നിലയിൽ, 1944 ജൂൺ 6-ന് അദ്ദേഹം നോർമണ്ടിയിലെ ഡി-ഡേ (D-Day) അധിനിവേശത്തിന് നേതൃത്വം നൽകി; നാസി ജർമ്മനിയുടെ അന്ത്യത്തിന്റെ തുടക്കം കുറിച്ച ഒരു പടയോട്ടമായിരുന്നു അത്. പിന്നീട് 1953 മുതൽ 1961 വരെ അദ്ദേഹം അമേരിക്കയുടെ 34-ാമത് പ്രസിഡന്റായി.

അമേരിക്കയുടെ ചരിത്രം ഒരിക്കലും പൂർണ്ണമായിരുന്നില്ല. എല്ലാ രാജ്യങ്ങളെയും പോലെ, അതിനും തെറ്റുകൾ പറ്റിയിട്ടുണ്ട്,  ഭിന്നതകളുടെയും അനീതിയുടെയും കാലഘട്ടങ്ങളിലൂടെ  കടന്നുപോയിട്ടുമുണ്ട്. എങ്കിലും അമേരിക്കൻ പരീക്ഷണത്തിന്റെ ശാശ്വതമായ ശക്തികളിലൊന്ന് തെറ്റുകൾ സ്വയം തിരുത്താനും നവീകരിക്കാനുമുള്ള അതിന്റെ ശേഷിയാണ്. എബ്രഹാം ലിങ്കനെപ്പോലുള്ള ദീർഘദർശികളായ നേതാക്കളിലൂടെയും, ഭരണഘടനാപരവും നിയമപരവുമായ പരിഷ്കാരങ്ങളിലൂടെയും, രാജ്യം അതിന്റെ പോരായ്മകൾ പരിഹരിക്കാനും അതിന്റെ സ്ഥാപക ആദർശങ്ങളോട് കൂടുതൽ അടുക്കാനും ആവർത്തിച്ച് ശ്രമിച്ചിട്ടുണ്ട്. ഈ യാത്ര പലപ്പോഴും അപൂർണമായിരുന്നെങ്കിലും , സ്വന്തം പിഴവുകളെ നേരിടാനും കൂടുതൽ നീതിയുക്തവും മറ്റുള്ളവയെ  ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിനായി പരിശ്രമിക്കാനുമുള്ള അമേരിക്കയുടെ കഴിവ് അതിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായി നിലകൊള്ളുന്നു.

എല്ലാ രാജ്യങ്ങളെയും പോലെ അമേരിക്കയും ഇന്നും വെല്ലുവിളികൾ നേരിടുന്നുണ്ട്. എങ്കിലും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരും പീഡിതരും പ്രത്യാശയോടെ നോക്കുന്ന 'കുന്നിൻ മുകളിലെ തിളങ്ങുന്ന നഗരമായി' അത് തുടരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.

ഇന്ത്യൻ അമേരിക്കക്കാരായ  നമ്മുടെ അനുഭവം പീഡനങ്ങളിൽ നിന്ന് പലായനം ചെയ്ത രാഷ്ട്രീയ അഭയാർത്ഥികളുടേതായിരിക്കില്ല. എന്നാൽ നമ്മിൽ പലരും സാമ്പത്തിക അവസരങ്ങൾ തേടിയാണ് ഇവിടെ എത്തിയത്. വ്യക്തിപരമായ വിജയത്തിനപ്പുറം നമ്മുടെ ദൈവദത്തമായ കഴിവുകൾ ഈ രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാനുള്ള അവസരവും അമേരിക്ക നമുക്ക് നൽകി.

ഇന്ന് നമുക്ക് മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. രാജ്യത്ത് വംശീയവും സാംസ്കാരികവും ആശയപരവുമായ ധ്രുവീകരണം വർധിക്കുന്ന ഈ കാലഘട്ടത്തിൽ, മുറിവുകൾ സുഖപ്പെടുത്താനും ഐക്യം വളർത്താനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നമ്മുടെ പൈതൃകത്തിൽ നമ്മൾ ഉചിതമായി അഭിമാനിക്കുമ്പോൾ തന്നെ, അമേരിക്കക്കാർ എന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെ അതിലും ഉപരിയായി നാം ആഘോഷിക്കണം. നമ്മുടെ സാംസ്കാരിക വേരുകളെ നാം ചെറുതായി കാണേണ്ടതില്ല, എന്നാൽ അവയിലൂടെ മാത്രം നമ്മെ നിർവ്വചിക്കാനും പാടില്ല. നമ്മെ ഇത്രയധികം ഉദാരമായി സ്വാഗതം ചെയ്ത രാജ്യത്തിന്റെ ആചാരങ്ങളും മൂല്യങ്ങളും സ്ഥാപനങ്ങളും ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ നമ്മുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കാനും നമുക്ക് കഴിയും. പൈതൃകത്തിലെ അഭിമാനവും രാജ്യത്തോടുള്ള വിശ്വസ്തതയും പരസ്പരവിരുദ്ധമല്ല; മറിച്ച് പരസ്പരപൂരകങ്ങളാണ്.

ഈ മഹത്തായ രാജ്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന ഈ വേള നമ്മുടെ സമൂഹത്തിനുള്ളിൽ ഒരു ആത്മപരിശോധന നടത്തുന്നതിനും  അനുയോജ്യമായ സമയമാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യൻ-അമേരിക്കക്കാർ കൈവരിച്ച ശ്രദ്ധേയമായ വിജയം നമുക്ക് പ്രശംസയും ആദരവും നേടിയിട്ടുണ്ട്. എന്നാൽ വിജയത്തോടൊപ്പം ഉത്തരവാദിത്തങ്ങളും വർദ്ധിക്കുന്നു. നമ്മുടെ സഹ-അമേരിക്കക്കാർ നമ്മെ എങ്ങനെ വീക്ഷിക്കുന്നുവെന്നും നമ്മുടെ പ്രവർത്തനങ്ങൾ സമൂഹവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്നും നാം നിരന്തരം സ്വയം ചോദിക്കേണ്ടതുണ്ട്.

നമ്മുടെ പൈതൃകത്തിലും സംസ്കാരത്തിലും പാരമ്പര്യങ്ങളിലും അഭിമാനിക്കുന്നതിൽ തെറ്റൊന്നുമില്ല. വാസ്തവത്തിൽ, അമേരിക്കയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്, ഒപ്പം ഓരോ കുടിയേറ്റ സമൂഹവും ഈ രാജ്യത്തിന്റെ സാമൂഹിക ഘടനയെ സമ്പന്നമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, അഭിമാനം എപ്പോഴും വിനയത്തോടും വിവേകത്തോടും കൂടിയായിരിക്കണം. ചില സമയങ്ങളിൽ, അമിതമായ സാംസ്കാരിക വിജയഘോഷങ്ങളും നമ്മുടെ സ്വത്വം പ്രകടിപ്പിക്കുന്നതിലെ അതിരുകടന്ന രീതികളും അറിയാതെ തെറ്റിദ്ധാരണകൾക്കും വിദ്വേഷത്തിനും പോലും കാരണമായേക്കാം. ഇത്തരം മനോഭാവങ്ങൾ അഭിനന്ദനം വളർത്തുന്നതിന് പകരം സാംസ്കാരികമോ മതപരമോ ആയ മേധാവിത്വത്തിന്റെ പ്രകടനങ്ങളായി വ്യാഖ്യാനിക്കപ്പെടാം, ഇത് തലമുറകളായി കുടിയേറ്റക്കാർ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത സൽപ്പേരിനെ ബാധിക്കുകയും ചെയ്യാം.

നമ്മളിൽ പലരും നമ്മുടെ പൂർവ്വികരുടെ ജന്മനാടുമായി ബന്ധപ്പെട്ട എല്ലാ ഉത്സവങ്ങളും അവധിദിനങ്ങളും വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. ഇത് പൂർണ്ണമായും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ അമേരിക്കയുടെ ചരിത്രവും ആത്മാവും രൂപപ്പെടുത്തിയ ദേശീയ ദിനങ്ങളും പാരമ്പര്യങ്ങളും കൊണ്ടാടുന്നതിന്  അതേ പ്രാധാന്യം നാം പലപ്പോഴും നൽകുന്നില്ല. സ്വാതന്ത്ര്യദിനം (ജൂലൈ 4), താങ്ക്സ്ഗിവിംഗ്, മെമ്മോറിയൽ ഡേ, വെറ്ററൻസ് ഡേ തുടങ്ങിയ ദിനങ്ങൾ ഈ നാട്ടിൽ നിന്ന് വളരെയധികം നേട്ടങ്ങൾ കൊയ്ത  നമ്മിൽ നിന്ന് തുല്യമായ ആദരവും അംഗീകാരവും അർഹിക്കുന്നു.

അതുപോലെ തന്നെ, സ്കൂൾ അവധികൾ ഉൾപ്പെടെ നമ്മുടെ മത-സാംസ്കാരിക ആഘോഷങ്ങൾക്ക് പൊതുസ്ഥാപനങ്ങളിൽ അംഗീകാരം ലഭിക്കണമെന്ന ആവശ്യം നാം ശക്തമായി ഉന്നയിക്കാറുണ്ട്. എന്നാൽ  ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ  അമേരിക്കക്കാർക്ക് അതീവ പ്രാധാന്യമുള്ള നിരവധി അവധി ദിനങ്ങൾ ഇന്ത്യയിൽ നേരിടുന്ന അപകടകരമായ അവസ്ഥകളെക്കുറിച്ച് ആശങ്കകൾ ഉയരുമ്പോൾ നമ്മൾ വലിയതോതിൽ നിശബ്ദത പാലിക്കുന്നു. ഒരു ബഹുസ്വര സമൂഹത്തിൽ സ്ഥിരതയും പരസ്പര ബഹുമാനവും പ്രധാനമാണ്. വൈവിധ്യത്തോടുള്ള ബഹുമാനം എന്നത് ഒരു ഏകപക്ഷീയമായ പാതയായിരിക്കരുത്.

സമാനമായി, പൊതു ആഘോഷങ്ങളും മതപരമായ ഘോഷയാത്രകളും പ്രിയപ്പെട്ട പാരമ്പര്യങ്ങളാണ്. എന്നാൽ അവ എപ്പോഴും സമൂഹത്തിലെ മറ്റു വിഭാഗങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്. മറ്റുള്ളവരുടെ ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ മനപ്പൂർവ്വമല്ലെങ്കിലും അയൽക്കാരെ അകറ്റുകയും മോശമായ മുൻവിധികൾ ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു വൈവിധ്യമാർന്ന സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരാളുടെ പൈതൃകം ആഘോഷിക്കാനുള്ള അവകാശവും മറ്റുള്ളവരോട് കരുതലോടെയിരിക്കാനുള്ള ഉത്തരവാദിത്തവും തമ്മിലുള്ള സന്തുലനം നിലനിർത്തേണ്ടതുണ്ട്.

ആത്മപരിശോധന അർഹിക്കുന്ന മറ്റൊരു മേഖല മനുഷ്യന്റെ കഷ്ടപ്പാടുകളോടുള്ള നമ്മുടെ പ്രതികരണമാണ്. ഇന്ത്യയിലെ പ്രകൃതിദുരന്തങ്ങളോടും പ്രതിസന്ധികളോടും പ്രതികരിക്കുന്നതിൽ ഇന്ത്യൻ-അമേരിക്കക്കാർ അസാധാരണമായ ഉദാരത പ്രകടിപ്പിച്ചിട്ടുണ്ട്. ആ കാരുണ്യ മനോഭാവം പ്രശംസനീയമാണ്, അത് തുടരുകയും വേണം. അതേസമയം, ഇവിടെ അമേരിക്കയിലുണ്ടാകുന്ന ദുരന്തങ്ങളോടും കഷ്ടപ്പാടുകളോടും പ്രതികരിക്കുന്നതിലും നമ്മുടെ സാന്നിധ്യവും പിന്തുണയും ഒരുപോലെ ഉറപ്പാക്കണം. നമ്മൾ തിരഞ്ഞെടുത്ത മാതൃരാജ്യത്ത് ചുഴലിക്കാറ്റുകളോ, പ്രളയങ്ങളോ, കാട്ടുതീയോ അല്ലെങ്കിൽ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ, നമ്മുടെ ശബ്ദവും വിഭവങ്ങളും സഹായത്തിനായി മുന്നിലുണ്ടാകണം. കാരുണ്യത്തിന് ഭൂമിശാസ്ത്രപരമായ അതിരുകളുണ്ടാകാൻ പാടില്ലല്ലോ.

ഇന്നത്തെ കുടിയേറ്റ തലമുറകൾ മുൻഗാമികളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ്.  നൂറ്റാണ്ടുകളായി, എല്ലാ സംസ്കാരത്തിലും ഭാഷയിലും വിശ്വാസത്തിലുമുള്ള കോടിക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഒരു കാന്തമായി അമേരിക്ക മാറി.  ചരിത്രത്തിൽ മറ്റെങ്ങുമില്ലാത്തവിധമുള്ള അവസരങ്ങളാണ് അത് വാഗ്ദാനം ചെയ്തത്. എന്നിരുന്നാലും, ഈ മഹത്തായ പരീക്ഷണം വിജയകരമായി തുടരണമെങ്കിൽ, വ്യക്തിപരമായ ഉത്തരവാദിത്തവും കഠിനാധ്വാനവും പൊതുനന്മയോടുള്ള പ്രതിബദ്ധതയും ഉൾക്കൊണ്ട് നമുക്ക് മുൻപേ വഴിനടന്നവരുടെ കാൽപ്പാടുകൾ നാം പിന്തുടരണം. വിദേശത്ത് ജനിച്ച വ്യക്തികൾ നേതൃത്വം നൽകുന്ന കുടുംബങ്ങളിൽ 47 ശതമാനവും സർക്കാരിന്റെ പൊതുസഹായ പദ്ധതികളെ ആശ്രയിക്കുന്നുവെന്നത് ആശങ്കാജനകവും ദുഃഖകരവുമായ യാഥാർഥ്യമാണ്.

സാമൂഹിക ക്ഷേമ പദ്ധതികളുടെ ദീർഘകാല നിലനിൽപ്പിനെക്കുറിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സാമ്പത്തിക സ്വയംപര്യാപ്തതയും പുരോഗതിയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ന്യായമായ ആശങ്കകളുണ്ട്. ഏതൊരു രാജ്യത്തിന്റെയും ചൈതന്യം നിലനിൽക്കുന്നത് അവസരങ്ങളിൽ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ സമഗ്ര ക്ഷേമത്തിന് സംഭാവന നൽകാനുള്ള പൗരന്മാരുടെ സന്നദ്ധതയിൽ അധിഷ്ഠിതമായാണ്.

മനുഷ്യചരിത്രത്തിലെ ഏറ്റവും സമൃദ്ധമായ സമ്പദ്‌വ്യവസ്ഥയായി മാറാൻ അമേരിക്കയെ പ്രാപ്തമാക്കിയ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും അധിക്ഷേപിക്കാനോ തകർക്കാനോ ഉള്ള ചിലരുടെ പ്രവണതയും അത്രതന്നെ ആശങ്കാജനകമാണ്. വിമർശനവും പരിഷ്കരണവും ജനാധിപത്യത്തിന്റെ അത്യാവശ്യ ഘടകങ്ങളാണ്. എന്നാൽ അവ നശിപ്പിക്കാനല്ല, ശക്തിപ്പെടുത്താനായിരിക്കണം ലക്ഷ്യമിടേണ്ടത്. ഈ രാജ്യം നൽകിയ അവസരങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കിയവർ, ആ അവസരങ്ങൾ സൃഷ്ടിച്ച വ്യവസ്ഥിതിയെത്തന്നെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്.

അമേരിക്കയുടെ സ്ഥാപനങ്ങൾ ഒറ്റരാത്രികൊണ്ട് കെട്ടിപ്പടുത്തതല്ല. അവ തലമുറകളുടെ ത്യാഗത്തിന്റെയും, നവീകരണത്തിന്റെയും, പൗരബോധത്തിന്റെയും ഫലമാണ്. ഈ പൈതൃകം പാരമ്പര്യമായി ലഭിച്ചവർ അതിന്റെ നേട്ടങ്ങൾ അനുഭവിക്കുന്നതിൽ മാത്രം ഒതുങ്ങരുത്; അവ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും വരുംതലമുറകൾക്ക് കൈമാറുകയും വേണം.

അമേരിക്കൻ സമൂഹത്തിൽ ലയിച്ചുചേരുക എന്നതിനർത്ഥം സ്വന്തം വേരുകൾ ഉപേക്ഷിക്കുക എന്നല്ല. ദേശസ്നേഹം എന്നത് സ്വന്തം പൈതൃകം മറക്കുക എന്നുമല്ല. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകൾക്ക് സ്വന്തം സാംസ്കാരിക പാരമ്പര്യത്തിന്റെ മികച്ച ഘടകങ്ങൾ നിലനിർത്തിക്കൊണ്ട് പൂർണമായും അമേരിക്കക്കാരാകാൻ അവസരം നൽകുന്നതാണ് അമേരിക്കയുടെ സവിശേഷത.  

അമേരിക്കയുടെ 250-ാം വാർഷികം ആഘോഷിക്കുമ്പോൾ, നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം കൂടുതൽ ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കുക എന്നതാണ്; നമ്മുടെ ഇന്ത്യൻ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നതോടൊപ്പം തന്നെ അമേരിക്കക്കാരാകുന്നതിലൂടെ ലഭിക്കുന്ന മൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു സന്തുലിതാവസ്ഥ.

തങ്ങൾ തിരഞ്ഞെടുത്ത രാജ്യത്തോടുള്ള വിശ്വസ്തത പൂർവ്വികരുടെ ഉത്ഭവത്തിന് അതീതമാണെന്ന അമേരിക്കൻ ആദർശത്തിന് ഉത്തമ ഉദാഹരണമാണ് ഐസനോവറുടെ ജീവിതം. അദ്ദേഹത്തിന്റെ കഥ, കുടിയേറ്റക്കാരും അവരുടെ പിൻതലമുറകളും അമേരിക്കൻ മൂല്യങ്ങളെ സ്വീകരിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് സംഭാവന നൽകുകയും ചെയ്തതിന്റെ തെളിവാണ്. സ്വന്തം പൈതൃകത്തിൽ അഭിമാനിക്കുന്നതും അമേരിക്കയോട് പൂർണ പ്രതിബദ്ധത പുലർത്തുന്നതും പരസ്പരവിരുദ്ധമല്ല; മറിച്ച് പരസ്പരപൂരകങ്ങളാണെന്ന് ഐസനോവറുടെ ജീവിതം തെളിയിക്കുന്നു.

Join WhatsApp News
Observer 2026-06-30 08:02:52
Sir, I agree with you one hundred percent! I wish all people those who are migrated from different countries agree with this truth and support USA and their Motherland, this world could have been heaven on earth! America is a land of opportunity. If you are a believer of the Creator of the Universe and willing to work hard and follow the rules of American Govt’t, you will succeed. The sky is your limit. I am not telling America is perfect, but one hundred percent better than all other countries.
Jacob,Matthew 2026-06-30 12:00:10
A very good article, worthy to read.
Saji Karimpannoor 2026-06-30 16:09:05
Dear George Sir, Congratulations on yet another remarkable article. Your thoughtful reflections, depth of knowledge, and elegant writing continue to enlighten and inspire readers. Your insightful presentation of America’s heritage, values, and historical journey adds depth and relevance to the discussion, making the article especially meaningful. May your pen always remain a source of wisdom and truth. Wishing you many more such meaningful contributions. Keep up the wonderful work. God bless you.
Aleyamma George 2026-07-01 01:09:38
So True.I hope and wish that everyone reads this article.
രാജ്യദ്രോഹം 2026-07-01 02:43:05
വളരെ നല്ല ലേഖനം. നമ്മൾ, മലയാളികളും ഇന്ത്യക്കാരുംആണെങ്കിലും, ഇവിടെ കുടിയേറി, ഇവിടുത്തെ പൗരത്വം എടുത്തവരാണ് ഭൂരിപക്ഷം പേരും. അമേരിക്കൻ പൗരന്മാർ ആണെങ്കിൽ, ഇനി നമ്മുടെ കൂർ ഈ രാജ്യത്തോടാണ്. അല്ലാതെ, നാട്ടിലെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ, അമേരിക്കയെ തള്ളി പറയുന്നത്, രാജ്യ ദ്രോഹമാണ്.
Matt 2026-07-01 03:30:23
Is India Fully Assimilated into American Culture? India is not fully assimilated into American culture — Indian Americans maintain a strong sense of cultural identity while also integrating into U.S. society, creating a complex, hybrid identity. Cultural Identity and Assimilation Indian Americans have lived in the U.S. for over a century, with immigration waves beginning in the late 1800s and accelerating after 1965. While many have adopted American customs, language, and institutions, cultural identity remains central. Research shows that second-generation Indian Americans often navigate between Indian heritage and American upbringing, sometimes experiencing identity conflicts ResearchGate. - The “Paradox” of Indian American Identity A 2024 Carnegie Endowment survey found that Indian Americans are becoming more Indian while also becoming more American — a reversal of the traditional assimilation pattern where each generation becomes less tied to ancestral culture American Kahani. Identity strength: 86% of Indian Americans born in the U.S. now say being Indian is “very or somewhat important” to their identity, up from 70% in 2020 American Kahani. Label shift: The term “Indian American” fell from 43% to 26% in favor, while “Asian Indian” and “Asian American” rose American Kahani. This suggests they are embracing American racial categories while retaining Indian cultural roots. Cultural Retention and Hybridity Indian Americans preserve traditions such as language, religion, food, festivals, and family structures sociology. Institute. Many live in “hybrid” cultural spaces — participating in American life while maintaining Indian cultural practices. This is common in diasporic communities, where identity is actively constructed rather than fixed sociology. Institute. Generational Differences First generation: Often more assimilated into U.S. norms, especially in language and civic participation. Second generation: More likely to blend Indian and American cultural elements, sometimes with pride in both ResearchGate. Third generation and beyond: May identify more strongly with American culture, but still carry Indian heritage in values, family ties, and community networks. Conclusion India is not fully assimilated into American culture. Indian Americans are a culturally hybrid group — deeply integrated into U.S. society in many ways but also maintaining and evolving their Indian identity. This dual identity is a defining feature of their experience, not a sign of incomplete assimilation.
Boban Thottam 2026-07-02 18:06:52
Dear sir, This is an amazing , well thought out article. Your knowledge acquired through years of public service and commitment to the indian community gives you such an awesome excellence of observation and rightful role to remind us of our role in our new homeland. Just as we have such love for our heritage, rightfully so, we should always remind ourselves we are proud Americans sworn to uphold this nations constitution. I hope you have written this in English also so that we can share this with our next generations. Thank you for taking the time to remind us all Boban Thottam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക