Image

മധുരം, മനോജ്‌ഞം: മിത്രാസ് ഫെസ്റ്റിവൽ ഹൃദയഹാരിയായി

Published on 30 June, 2026
മധുരം, മനോജ്‌ഞം:  മിത്രാസ് ഫെസ്റ്റിവൽ ഹൃദയഹാരിയായി

ന്യു ജേഴ്‌സി: ഓരോ വർഷവും കൂടുതൽ മികവിലേക്കു മുന്നേറുന്ന കലാപ്രകടനവുമായി മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവലും അവാർഡ് നൈറ്റും പ്രേക്ഷക മനം കവർന്നു.

പങ്കെടുത്തില്ലെങ്കിൽ അത് വലിയ നഷ്ടമായി മാറുന്ന പരിപാടിയായി ഒരു വ്യാഴവട്ടത്തിനിടെ മിത്രാസ് വളർന്നപ്പോൾ  പിന്തുണയും പങ്കാളിത്തവുമായി കലാകാരന്മാരുടെയും കലാകാരികളുടെയും വലിയ നിര. അതിനൊപ്പം കലാസ്വാദകർ കൂടി ചേരുമ്പോൾ ഓസ്കർ നൈറ്റ് പോലെയോ ഗ്രാമി നൈറ്റ്  പോലെയോ അപൂർവ ഹൃദ്യമായ ആഘോഷവേദിയായി ഇത്.

മിത്രാസ് ചെയർ രാജൻ ചീരന്റെയും പ്രസിഡന്റ് ഡോ. ഷിറാസ് യൂസഫിന്റേയും സ്വപ്നങ്ങൾ പൂവണിഞ്ഞ വേദി.  

പ്രസംഗങ്ങളും താന്പോരിമയും വഴിമാറിയപ്പോൾ  കലാപരിപാടികൾ കൊണ്ടു മാത്രമല്ല  സമ്പന്നമായ ദൃശ്യാവിഷ്‌കാരം കൊണ്ടും സർവോപരി കൃത്യതയാർന്ന സംഘാടക മികവ് കൊണ്ടും പരിപാടി  വേറിട്ട് നിന്നു.

ഇത്തരമൊരു കലാവിരുന്ന് ഈ വേദിക്കു സ്വന്തം. നിരവധി കലാകാരന്മാരെയും കലാകാരികളെയും ഒരേ സ്റ്റേജിൽ അണിനിരത്തി വ്യത്യസ്തമായ  പരിപാടികളോടെ പ്രേക്ഷകമനം കവരുക എളുപ്പമല്ല. നൃത്തവും ഗാനങ്ങളും  അവതരിപ്പിച്ച  കലാപ്രതിഭകൾ അരങ്ങു നിറഞ്ഞു.. അക്ഷരാർത്ഥത്തിൽ എണ്ണം കൊണ്ട്  തന്നെ . കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ.

ഒട്ടേറെ കലാപ്രതിഭകളെ  മിത്രാസിന്റെ  ബാനറിൽ തന്നെ   അണിനിരത്തി എന്നതും അഭിനന്ദനം അർഹിക്കുന്നു.

ഉദ്ഘാടനത്തിന്  സദസിൽ നിന്ന് നറുക്കിട്ട്  ആളെ കണ്ടെത്തുകയായിരുന്നു. തരുണി എന്ന  ബാലികക്കാണ് നറുക്കു വീണത്. കുട്ടിക്ക് വേണ്ടി അമ്മ നിലവിളക്കു തെളിയിച്ച്  കലാസന്ധ്യയെ ദീപ്തമാക്കി.

തുടർന്ന് 'സിനിമ കി കഹാനി' എന്ന് പേരിട്ട ഷോയിൽ അമേരിക്കയിൽനിന്നും  കാനഡയിൽനിന്നുമുള്ള 200 -ഓളം കലാകാരന്മാർ   പങ്കെടുത്തത് അവിസ്മരണീയ അനുഭവവമായി . ഇന്ത്യൻ സിനിമ ചരിത്രത്തിലൂടെ  ഒരു തിരിഞ്ഞുനോട്ടം  ആയി ഒരുക്കിയ ആവിഷ്കാരത്തിൽ ബ്ളാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള  സെല്ലുലോയിഡ്  ചരിത്രം മിന്നി മറഞ്ഞു.

അമേരിക്കയിൽ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾക്കും അതിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കുമുള്ള അവാർഡ് ചടങ്ങായിരുന്നു മുഖ്യ ആകർഷണം.

മികച്ച ചിത്രമായി പാരഡൈസ് 6-5000 അവാർഡ് കരസ്ഥമാക്കി. കെ. നാട ആണ് സംവിധായകൻ.  രണ്ടാം സമ്മാനം അമർ അഹ്മദിന്റെ അങ്കിൾ അങ്കിൾ നേടി.

മികച്ച ഡയറക്ടർ അമർ  അഹമ്മദ്. ചിത്രം അങ്കിൾ അങ്കിൾ. രണ്ടാം സ്ഥാനം സിജിത്ത് വള്ളിയാങ്കൽ. ചിത്രം എ ക്ലാസ് അടി.

നടൻ: പാരഡൈസ് 6-5000 ൽ അഭിനയിച്ച അനിൽ ജോസഫ്. രണ്ടാം  സ്ഥാനം ശ്യം കൃഷ്ണ. ചിത്രം ദി  ബെറ്റർ ഹാഫ്‌.

നടി: പുഷ്പ എബ്രഹാം. ചിത്രം ദി പ്രിസ്‌ക്രിപ്‌ഷൻ. രണ്ടാം സ്ഥാനം നിഷ നമ്പ്യാർ. ചിത്രം അനാമിക.

ഗായകൻ: വിഷ്ണു വിശ്വം. ഗാനം ഓണപ്പലം.  രണ്ടാം സ്ഥാനം അരുൺ സിദ്ധാർത്ഥ്. ചിത്രം ദി  പ്രൈസ് ഓഫ് സൈലൻസ്

സിനിമാട്ടോഗ്രഫി: വരുൺ രാം & ജെയ്സൺ കെ. ജോസ്. ചിത്രം അനാമിക. രണ്ടാം സ്ഥാനം അനീഷ് ജേക്കബ്. ചിത്രം  ദി ബെറ്റർ ഹാഫ്.

സ്‌പെഷൽ ജൂറി അവാർഡുകൾ: പൗലോസ് കുയിലാടൻ (പൂതപ്പാട്ട്); അലീസ്യ ഗ്യാങ്റിസോസ്‌റ്റമിൽ (പാരഡൈസ്-6-5000)

മിത്രാസ് നാട്യശ്രീ  അവാർഡ് കഥക് നർത്തകി ശിലാ  മേത്തക്ക് സമ്മാനിച്ചു.  

ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരടങ്ങുന്ന   ജൂറി പാനലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ദീപ്തി നായർ, നടി  മന്യ   (Manya Naidu), സംവിധായകൻ ജയൻ മുളങ്ങാട്, നടനും നിർമ്മാതാവുമായ
ടോം ജോർജ്, തിരക്കഥാകൃത്ത്  ജോർജ്  കണ്ണാട്ട്  എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

ഏപ്രിൽ 1 വരെയായിരുന്നു അവാർഡിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. കടുത്ത മാനദണ്ഡങ്ങളിലൂടെ കടന്നുപോയ ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. 60 മിനിറ്റിൽ താഴെ ദൈർഘ്യമുള്ളതും, 2024 ജൂണിനും 2026 മാർച്ചിനും ഇടയിൽ നിർമ്മാണം പൂർത്തിയാക്കിയതുമായ ചിത്രങ്ങളാണ് അവാർഡിനായി മത്സരിച്ചത് . അപേക്ഷകർ നോർത്ത് അമേരിക്കയിലുള്ള  ഇന്ത്യൻ വംശജരായിരിക്കണമെന്നത് നിർബന്ധമാണ്. മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ സബ്ടൈറ്റിലുകളുള്ള മറ്റ് പ്രാദേശിക ഭാഷകളിലുള്ള ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്.

ട്രൈസ്റ്റേറ്റ്  മേഖലയിലെ പ്രമുഖ വ്യക്തികളും അതിഥികളായെത്തി.  മിത്രാസ് ടീമിന് പുറമെ, ഫ്രാങ്കോ & ഭാരതം സ്കൂൾ ഓഫ് ഡാൻസ്; സുമ & ഡാൻസ് ടീം ലയം; ശാലിനി, സ്മിത, പ്രവീണ, രേഖ, അനുശ്രീ; ജേക്കബ്, വിഷ്ണു, കിരൺ, റോഷിൻ & ഡാൻസ് ടീം സെന്റ് ജോർജ് ആർട്ട്സ്;  ജെംസൺ & ഡാൻസ് ടീം സാത്വിക; സൗപർണിക ഡാൻസ് അക്കാദമി; സിജി, ജിനു & ഗ്ലിമ്മർ സ്‌കൂൾ ഓഫ് ഡാൻസ്; മറീന, നീലിമ, നിരുപമ,  സാഗർ, & ശ്രീയം  ഡാൻസ് സ്‌കൂൾ; ടീം ശിവ മുരളി;  തുടങ്ങി ഒട്ടേറെ വ്യക്തികളും ടീമുകളുമാണ് വേദിയെ സമ്പന്നമാക്കിയത്.

ലിസ് പൗലോസ്, ബോബി കുര്യാക്കോസ്, അമ്മു,  എന്നിവരായിരുന്നു അവതാരകർ.

മിത്രാസിന്റെ ഡിറക്ടർസ് ആയ ശോഭ ജേക്കബ്, ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ, പ്രവീണ മേനോൻ, സ്മിത ഹരിദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

2014-ൽ പ്രവർത്തനം ആരംഭിച്ച 'മിത്രാസ്'   അമേരിക്കയിൽ  ഇന്ത്യൻ കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന  കലാസ്രോതസാണ്.   നൃത്തം, സംഗീതം, നാടകം, സിനിമ എന്നീ മേഖലകളിലെ പ്രവാസി പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള  വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്  മിത്രാസ് രൂപം കൊണ്ടത്. .

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മുഖ്യ പ്രായോജകരായ ഈ പുരസ്കാര വേദിക്ക് ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സ്, ടേസ്റ്റ്സ് ഓഫ് കേരള, സാജ് ഹോട്ടൽസ് & റിസോർട്ട്സ് എന്നിവരാണ് പിന്തുണയുമായി എത്തിയത്. ഹെഡ്ജ് ന്യൂയോർക്ക്, ലവി റിയൽറ്റി ഗ്രൂപ്പ്  എന്നിവർ സഹ-പ്രായോജകരാണ്. 

മധുരം, മനോജ്‌ഞം:  മിത്രാസ് ഫെസ്റ്റിവൽ ഹൃദയഹാരിയായി
മധുരം, മനോജ്‌ഞം:  മിത്രാസ് ഫെസ്റ്റിവൽ ഹൃദയഹാരിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക