Image

ഒരു ദാർശനികന്റെ ആശങ്കകൾ .....(സുധീർ പണിക്കവീട്ടിൽ )

Published on 30 June, 2026
ഒരു ദാർശനികന്റെ ആശങ്കകൾ .....(സുധീർ പണിക്കവീട്ടിൽ )

ഒരു നിരീക്ഷകൻ  ഈ ലോകത്തെ നിഷ്ക്രിയമായി നിരീക്ഷിച്ചും രേഖപ്പെടുത്തിയും വസ്തുതകൾ ശേഖരിക്കുന്നു. ഒരു ദാർശനികൻ അല്ലെങ്കിൽ തത്വചിന്തകൻ  ആ വസ്തുതകൾ ഉപയോഗിച്ച് അടിസ്ഥാന അർത്ഥങ്ങളെയും കാരണങ്ങളെയും മൂല്യങ്ങളെയും സജീവമായി ചോദ്യം ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന്? നിരീക്ഷകൻ ചോദിക്കുമ്പോൾ, അത് എന്തുകൊണ്ട് പ്രധാനമാണെന്ന് തത്ത്വചിന്തകൻ ചോദിക്കുന്നു. നിരീക്ഷകന്റെ റിപ്പബ്ലിക് എന്ന പുസ്തകം എഴുതിയ ശ്രീ സുരേന്ദ്രൻ നായർ ഒരേ സമയം നിരീക്ഷകനും ദാർശനികനുമാണെന്നു  പുസ്തകത്തിലെ ഉള്ളടക്കത്തിൽ നിന്നും മനസ്സിലാക്കാം. വ്യത്യസ്തമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നാൽപ്പത്തിയഞ്ച് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  കേവലം നമ്മൾ കാണുന്ന കാഴ്ചകൾക്കപ്പുറമുള്ള സത്യത്തെ അന്വേഷിക്കുകയാണ് ഒരു ദാർശനികൻ ചെയ്യുന്നത്. ദാർശനികരുടെയും ചിന്തകന്മാരുടെയും പ്രധാന ആശങ്കകൾ പലപ്പോഴും അസ്തിത്വം, യാഥാർത്ഥ്യം, മനുഷ്യന്റെ ധാർമ്മികത, അറിവിന്റെ പരിധികൾ എന്നിവയെ ചുറ്റിപ്പറ്റിയാണ്.ഈ ലേഖനസമാഹാരത്തിലെ ഓരോ ലേഖനങ്ങളും അത്തരം വിഷയങ്ങൾ ഉൾകൊള്ളുന്നു. ആധുനിക ലോകത്ത് മനുഷ്യന്റെ ധാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെടുന്നു എന്ന ഭയം. നന്മ, തിന്മ, നീതി എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ. മനുഷ്യൻ സ്വന്തം കർമ്മങ്ങളിൽ എത്രത്തോളം സ്വതന്ത്രനാണ് ഇവയൊക്കെ ഗ്രന്ഥകാരനെ അലട്ടിയ ചിന്തകളായിരിക്കും.

വസ്തുതകളെ സ്പഷ്ടമായും വ്യക്തമായും  നിരീക്ഷിച്ചും പഠിച്ചും തയ്യാറാക്കുന്ന ലേഖനത്തിൽ ഗ്രന്ഥകാരൻ  എത്തിച്ചേരുന്ന നിഗമനങ്ങൾ, പ്രസ്താവനകൾ എന്നിവ ഉൾപ്പെടുന്നു. അവയെ  സ്ഥാപിക്കാൻ ഒരു നിരീക്ഷകന്  അപഗ്രഥന സാമർത്ഥ്യം അനിവാര്യമാണ്. കൂടാതെ നല്ല ഭാവനാശേഷിയും. ശ്രീ സുരേന്ദ്രൻ നായരുടെ ലേഖനങ്ങളിൽ പ്രസ്തുത സവിശേഷത പ്രകടമാണ്.
റിപ്പബ്ലിക്കൻ മാതൃകയിലുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ.  ഇന്ത്യയിൽ ജനങ്ങൾ നേരിട്ടോ അല്ലാതെയോ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് നിയമനിർമ്മാണം നടത്തുന്നത്, ആ പ്രതിനിധികളുടെ ഭരണരീതികൾ പലപ്പോഴും ചോദ്യവിഷയമായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ രാജ്യം ഏകദേശം ആറു ദശാബ്ദത്തോളം കഴിച്ചുകൂട്ടി. അതിനുശേഷം വന്ന പാർട്ടികളും അവ രാജ്യത്തിൽ സൃഷ്ടിച്ച നല്ലതും ചീത്തയുമായ മാറ്റങ്ങൾ ഓരോ പൗരനെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.  രാഷ്ട്രീയപാർട്ടികൾക്ക്    മതത്തിന്റെ ലേബൽ ചാർത്തികൊടുത്ത് ഭരണം നഷ്ടപ്പെട്ടവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയുടെ സമാധാനം നഷ്ടപ്പെടുത്തുന്നുണ്ട്. ശ്രീ സുരേന്ദ്രൻ നായർ ആനുകാലിക വിഷയങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എഴുതിയിട്ടുള്ളത്. അതിൽ നിഷ്പക്ഷത കൈവരുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ചരിത്രസത്യങ്ങൾ എന്നും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അവയെ ദുർവ്യാഖാനം ചെയ്തിട്ടുണ്ട്. ശ്രീ സുരേന്ദ്രൻ നായർ അവയെ തന്റേതായ കാഴ്ചപ്പാടിൽ അവതരിപ്പി ക്കുന്നത് വസ്തുതകളെ ആധാരമാക്കിയാണ് എന്നത് പ്രധാനമാണ്.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള ലേഖകന്റെ ആരാധനയും ആദരവും  അതിന്റെ ഭാവിയെക്കുറിച്ചുള്ള  ആശങ്കകളും നാട്ടിലെ സ്ഥിതിഗതികൾ വിവരിക്കുന്ന ലേഖനങ്ങളിൽ പ്രകടമാണ്. താഴെ പറയുന്ന ശ്ലോകം ലേഖകൻ പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ടെന്നു ഓരോ ലേഖനവും സ്പഷ്ടമാക്കുന്നു.

ഭാ' തി സര്‍വ്വശാസ്ത്രേഷു-
'ര' തി സര്‍വേഷു ജന്തുഷു.
'താ' രണം സര്‍വ്വലോകേഷു
'തേനേ ഭാരതമൂച്യതേ

ഓരോ വരിയുടെയും അർഥം :സർവ്വ ശാസ്ത്രങ്ങളിലും അറിവുകളിലും പ്രകാശിക്കുന്നത്.' സകല ജീവജാലങ്ങളിലും ആനന്ദത്തോടെ (സ്നേഹത്തോടെ) വർത്തിക്കുന്നത്, എല്ലാ ലോകങ്ങൾക്കും (അഭയം നൽകി) സംരക്ഷണം അരുളുന്നത്.'ഈ സവിശേഷതകൾ കൊണ്ടാണ് ഈ നാടിന് 'ഭാരതം' എന്ന പേരുണ്ടായത്.
ചരിത്രപരമായ പൈതൃകങ്ങൾ മുതൽ ആധുനിക കാലം അവയെ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുന്നത് വരെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ചിന്തകളും നിഷ്പക്ഷമായി  ലേഖനങ്ങളിൽ പ്രതിഫലിപ്പിക്കുന്നു.
രാജ്യത്തെ വൈവിധ്യങ്ങളെയും മതേതരത്വത്തെയും ബി.ജെ.പിയുടെ ഹിന്ദുത്വ ആശയങ്ങൾ ദുർബലപ്പെടുത്തുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും വിമർശിക്കുന്നതിനുള്ള ലേഖകന്റെ മറുപടിയാണ് പല ലേഖനങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ബി.ജെ.പി മാറിയിരിക്കുന്നു. സാമ്പത്തിക വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴും, ഹിന്ദുത്വ ആശയങ്ങളും ദേശീയതയും മുൻനിർത്തിയുള്ള ഭരണരീതിയാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത് എന്ന ആരോപണത്തിനും ലേഖനങ്ങളിൽ മറുപടി പറയുന്നുണ്ട്. ശ്രീ സുരേന്ദ്രൻ നായരുടെ വരികൾ" കന്യാകുമാരിയിൽ സംഗമിക്കുന്ന സാഗരങ്ങളുടെ അഗാധതയും പരപ്പും എന്ന പോലെ ഭാരതീയ മനസ്സിന്റെ വികാസസാധ്യത കാണുന്ന മോദി പ്രകാശപൂരിതമായ ഒരു ഭാവി ഭാരതം സ്വപനം കാണുന്നു.”
ബ്രിട്ടീഷ്‌കാരന്റെ വിഭജിച്ച് ഭരിക്കുക എന്ന നയം സ്വതന്ത്രഭാരതം സ്വീകരിച്ചിട്ടുണ്ടെന്ന്  ഗ്രന്ഥകാരൻ  നിരീക്ഷിക്കുന്നുണ്ട്. തന്മൂലം ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ആശ്രയിച്ചുകൊണ്ട് വോട്ടർബാങ്കുകൾ രൂപപ്പെടുകയും മതേതരത്വത്തിന് പുത്തൻ വിവക്ഷകളും ദുർവ്യാഖാനങ്ങളുമുണ്ടായി. 1921 ഇൽ ആരംഭിച്ച മലബാർ കലാപത്തെക്കുറിച്ച് ലേഖകൻ വിവരിക്കുന്നുണ്ട്. വിരുന്നുകാരായവർ വീട്ടുകാരായപ്പോൾ മതം തലയുയർത്തി സമാധാനം നഷ്ടപ്പെടുത്തിയ ദാരുണസംഭവങ്ങൾ മറയില്ലാതെ ധീരമായി ഗ്രന്ഥകാരൻ  വിശദീകരിക്കുന്നു.  മതേതരത്വം പൂർണമാകാൻ സഹനവും സഹിഷ്ണുതയും വേണമെന്നു ലേഖകൻ ഉദാഹരണങ്ങളിലൂടെ  ചൂണ്ടികാണിക്കുന്നു. വളരെ ചിന്തനീയമായ ഒരു ആശയം ലേഖകൻ നൽകുന്നുണ്ട് . ഇന്നത്തെ ഭാരതം  അവശ്യം ശ്രദ്ധിക്കേണ്ട ഒന്നാണത്. അതായത് ന്യുനപക്ഷങ്ങൾ ഭൂരിപക്ഷമാകുമ്പോൾ ഭാരതീയർ കൂടുതൽ ഭാരതീയനാകുന്നതിനു പകരം മുസ്‌ലിം ഭാരതീയനും കൃസ്ത്യൻ ഭാരതീയനുമായി വിഭജിക്കരുതെന്നു സൂചന.
ഭാരതം ലോകത്തിനു നൽകിയ സാഹിത്യസംഭവനകൾ, വേദങ്ങൾ, വേദാന്തങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസങ്ങൾ, ഭഗവത്ഗീത, പഞ്ചതന്ത്രംകഥകൾ എന്നിവയിലേക്ക് ഒരു എത്തിനോട്ടം നൽകികൊണ്ട് അതെല്ലാം ലോകത്തെവിടെയും ചിന്തകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് അഭിമാനപൂർവം രേഖപെടുത്തുന്നു. (പേജ് 73) അങ്ങനെ സമ്പന്നമായ ഒരു പാരമ്പര്യം നമുക്കുണ്ടായിട്ടും അതിന്റെ പൂർണ്ണഫലപ്രാപ്തി ലഭിക്കാത്തതിന്റെ കാരണം പല ലേഖനങ്ങളിലും  പരോക്ഷമായി വിവരിക്കുന്നുണ്ട്. ഗ്രന്ഥകാരനു ഭാരതത്തിന്റെ ചരിത്രത്തിലും സംസ്കൃതിയിലുമുള്ള അവഗാഹം  എല്ലാ ലേഖനങ്ങളിലും കാണാവുന്നതാണ്. ആനുകാലിക സംഭവങ്ങളും രാഷ്ട്രീയ ചലനങ്ങളും  അദ്ദേഹത്തിലെ ധാർമികരോഷം ഉണർത്തുമ്പോൾ രചിക്കപ്പെട്ട പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കമെന്നു ഊഹിക്കാം.
ചരിത്രത്തിലെ ചില തിക്തസത്യങ്ങളെ വായനക്കാരെ ഓർമ്മിപ്പിക്കകൂടി ചെയ്യുന്നുണ്ട് ഒരധ്യായത്തിൽ. "ഇന്ത്യ സ്വതന്ത്രമായ സമയത്ത് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകരുതെന്നു ആവശ്യപ്പെടുകയും മദ്രാസ് പ്രവിശ്യയെ ഇന്ത്യൻ യൂണിയനിൽ ചേർക്കാതെ ഒരു സ്വതന്ത്ര ദ്രാവിഡരാജ്യമാക്കി നിലനിർത്താൻ  ശ്രമിക്കുകയും ചെയ്ത ഒരു വിഭാഗത്തെപ്പറ്റി പറയുന്നുണ്ട് (പേജ് 82). അമേരിക്കൻ മലയാളികളുടെ പൊങ്ങച്ചവും അതുമൂലം അവർക്ക് ഏൽക്കേണ്ടിവരുന്ന ഭവിഷ്യത്തുകളും ഇവിടെ വിരുന്നുകാരായി എ ത്തുന്നവർക്ക് അവരെ ക്ഷണിച്ചുവരുത്തിയവരോടുള്ള മനോഭാവവും തുറന്നു എഴുതുന്നുണ്ട്. അതേസമയം മലയാളി സംഘടനകൾ ഇവിടെ വേണമെന്നും ഭരണകർത്താക്കൾ കൂടുതൽ ജനകീയരാകണമെന്നും ഗ്രന്ഥാകാരൻ ഉപദേശിക്കുന്നുണ്ട്.
നേരത്തെ സൂചപ്പിച്ചപോലെ ഗ്രന്ഥകാരൻ ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുകയും അതിനായി നിലകൊള്ളുന്നവനുമാണെന്നു ഓരോ ലേഖനവും വ്യക്തമാക്കുന്നുണ്ട്. വിചാരണചെയ്യപ്പെടേണ്ട വിചാരങ്ങൾ എന്ന ലേഖനം (പേജ് 187) സ്വതന്ത്രാനന്തര  ഭാരതത്തിലെ ഭരണരീതിയെ വിശകലനം ചെയ്യുന്നുണ്ട്. ലേഖനം ഉപസംഹരിക്കുന്നത് ഒരു സംസ്കൃത പ്രാർത്ഥനയോടെ ആണ്.  "സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയ സർവേ ഭദ്രാണി പശ്യന്തു മ കശ്ചിത് ദുഃഖഭാഗ്‌ ഭവേദ്.....എല്ലാവർക്കും സുഖമുണ്ടാകട്ടെ    എല്ലാവരും രോഗമില്ലാത്തവരാകട്ടെ. എല്ലാവർക്കും മംഗളം ഭവിക്കട്ടെ, ആർക്കും ദു:ഖങ്ങളൊന്നും വരാതിരിക്കട്ടെ.. എന്നിട്ട് ലേഖകൻ ഇങ്ങനെ എഴുതുന്നു: "എന്ന് മതനിരപേക്ഷമായി പ്രാർത്ഥിച്ചിരുന്ന  പുരാതന ഭാരതത്തെ, ന്യുനപക്ഷ മതാഷ്ഠിത കടന്നുകയറ്റത്തിലേക്ക് നയിക്കുകയും   ചെയ്തവർ രാഷ്ട്രീയമായി വലിയ വില  നൽകേണ്ടിവരും"  
ചരിത്രസത്യങ്ങൾ മനസ്സിലാക്കാതെ മുഖ്യധാരാ മാധ്യമങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന തെറ്റായ അവകാശവാദങ്ങൾ ഏറ്റെടുത്ത് റിപ്പോർട്ട് ചെയ്യുമ്പോൾ, അവയെ സ്ഥിരീകരിച്ച സംഭവങ്ങളായി പൊതുജനം കണക്കാക്കുകയും  തെറ്റായ വിവരങ്ങൾ ചിലപ്പോൾ അബദ്ധവശാൽ നിയമവിധേയമാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ ഇന്ന് ഭാരതത്തിൽ ഉണ്ടെന്ന ഗ്രന്ഥാകർത്താവിന്റെ ബോധ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നു. അതിനായി ഭാരതത്തിന്റെ സാമൂഹ്യ,സാംസ്കാരിക മത രാഷ്ട്രീയ മേഖലകളിലൂടെ സഞ്ചരിച്ച് കണ്ടെത്തിയ വിവരങ്ങൾ നിർഭയം, നിഷ്പക്ഷം അവതരിപ്പിക്കുകയാണ് ഈ സമാഹാരത്തിലെ ലേഖനങ്ങളിലൂടെ അദ്ദേഹം നിർവഹിക്കുന്നതു.  രാഷ്ട്രീയം ജനങ്ങളെ വിഭജിക്കുകയാണ് ഒന്നിപ്പിക്കുകയല്ല. അത് അവരുടെ സ്വാർത്ഥനേട്ടങ്ങൾക്കുള്ള നയമാണ്. അത് തിരിച്ചറിയേണ്ട ആവശ്യം ഓരോ പൗരന്മാർക്കുമുണ്ടെന്നു ഈ പുസ്തകത്തിലെ ലേഖനങ്ങൾ ഓർമ്മിപ്പിക്കുന്നു. ഭാരതത്തിന്റെ ദേശീയതയെയും ആധ്യാത്മികതയെയും എതിർക്കുന്ന ഇന്ത്യയിലെ ഒരു വിഭാഗക്കാരോട് അതുകൊണ്ടാണ് ഗ്രന്ഥകർത്താവ്  ഇങ്ങനെ പറഞ്ഞുവച്ചിരിക്കുന്നത്. "ചരിത്രം തിരുത്തുകയല്ല , ചരിത്രത്തിലെ തെറ്റുകൾ  തിരുത്തുകയാണു ഇപ്പോൾ ഭാരത സർക്കാർ ചെയ്യുന്നതെന്ന്.
മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകൾക്കടിമപ്പെട്ടും,സ്വയം കാര്യങ്ങൾ വേർതിരിച്ചറിയാനുള്ള അജ്ഞതകൊണ്ടും രാഷ്ട്രത്തിന്റെ പുരോഗതിക്ക് വിലങ്ങുതടിയായി നിൽക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന വിവരങ്ങൾ ഈ പുസ്തകത്തിലെ ലേഖനങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.  ഈ ലേഖനസമാഹാരം എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രയോജനപ്രദമാകുമെന്നുള്ളതാണ് ഇതിന്റെ സവിശേഷത.

ഈ പുസ്തകം വാങ്ങിക്കാൻ താൽപ്പര്യമുള്ളവർക്ക് മുഖം ബുക്ക്സ്, മലപ്പുറം, ഫോൺ 7034735738 ഇൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ  ഗ്രന്ഥകർത്താവ് ശ്രീ സുരേന്ദ്രൻ നായരുമായി ബന്ധപ്പെടാവുന്നതാണ്.

ശ്രീ സുരേന്ദ്രൻ നായർക്ക് ഭാവുകങ്ങൾ നേരുന്നു. ഇനിയും ഇതേപോലെ പുസ്തകങ്ങളുമായി വരിക.

ശുഭം

Join WhatsApp News
Jayan varghese 2026-06-30 13:42:00
അമേരിക്കൻ മലയാള സാഹിത്യം ‘ ചവറാണ് ‘ എന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടിയായി ഇടയ്ക്കിടെ കനപ്പെട്ട രചനകൾ ഇവിടെ സംഭവിക്കുന്നുണ്ട്. കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചകളെപ്പോലെ ചില പിള്ളകളും വൃദ്ധ സുന്ദരികളും പരസ്യമായി രംഗത്തു വരികയും അമേരിക്കൻ മലയാള സാഹിത്യത്തിന്റെ അവസാന വാക്കായി സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തതോടെ നാട്ടിലെ ചില കോന്തൻ പുങ്കവന്മാരുടെ ഗൂഡാലോചനയോടെ ഇവിടെ പ്രതിഭാ ശാലികൾ ഇടിച്ചു താഴ്ത്തപ്പെടുകയാണ്. വായനയുടെ കാര്യത്തിൽ പരമ ദരിദ്രന്മാരായ അമേരിക്കൻ മലയാളികൾ ഇവരെ ആശാന്മാരായി പരിഗണിച്ച് അവർ പറയുന്ന മണ്ടത്തരങ്ങൾ ‘ അത് ശരിയാ ‘ എന്നും പറഞ്ഞു വെറുതെ തലയാട്ടുകയാണ്. അമേരിക്കയിൽ ഇറങ്ങിയ എല്ലാ രചനകളും വായിക്കാൻ ആഗ്രഹമുണ്ടെങ്കിലും എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും കേരള സർക്കാറിന്റെ സാഹിത്യ സ്ഥാപനങ്ങളിൽ കുളയട്ടകളെപ്പോലെ പറ്റിപ്പിടിച്ചിരുന്നു ചോര കുടിക്കുന്ന മഹാ സാഹിത്യകാരന്മാരുടേതിനേക്കാൾ എത്രയോ ശ്രേഷ്ഠ കൃതികൾ ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു ! ഞാൻ വായിച്ചവയിൽ തന്നെ പ്രൊഫസർ ജോസഫ് ചെറുവേലിയുടെ ‘ എ പാസ്സേജ് ടു അമേരിക്ക ‘ എം. പി. ഷീലയുടെ ‘ മൂന്നാമൂഴം ‘ വേണുഗോപാലൻ കോക്കാടന്റെ ‘ കൂത്താണ്ടവർ ‘ അമേരിക്കൻ യൂണിവേഴ്സിറ്റി ചരിത്രത്തിന്റെ ഭാഗമാക്കിയ എന്റെ ‘ റ്റുവാർഡ്സ് ദി ലൈറ്റ് ‘ ഒക്കെ ഒന്ന് വായിച്ചു നോക്കിയിട്ടു വേണം ഞെളിഞ്ഞിരുന്നു അഭിപ്രായം പറയുവാൻ. ഞാൻ വായിക്കാത്തവയായി അനേകം ശ്രേഷ്ഠ കൃതികൾ സ്വാഭാവികമായും ഉണ്ടാവും എന്നതിനാൽ ബഹുമാന്യനായ ശ്രീ സുധീറിനെപ്പോലുള്ള നിരൂപകർ അവ കണ്ടെത്തി പുറത്തു കൊണ്ട് വരേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക