
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിന്നാലെ സൂര്യയും സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വീണ്ടും അഭ്യൂഹം ശക്തം. സൂര്യയുടെ ആരാധക സംഘടനയുടെ നേതാവിന്റെ പരാമര്‍ശത്തിലാണ് ഇപ്പോള്‍ ചര്‍ച്ച. ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നല്‍പണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ ഒരു നേതാവ് നടത്തിയ പ്രസംഗം തമിഴ്‌നാട്ടിലെ വാര്‍ത്താ ചാനലായ തന്തി ടിവി പുറത്തുവിട്ടിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയത്.
കാലവും സമയവും തീരുമാനിച്ചാല്‍ സൂര്യ ജനനേതാവായി വരുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പ്രസംഗം. പിന്നാലെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. 'ഞാന്‍ നിങ്ങളുടെ മുഖങ്ങള്‍ കാണുന്നു, എന്നാല്‍ കാലത്തിന്റെ കണ്ണാടിയിലൂടെ നിങ്ങളുടെ മുഖങ്ങളിലേക്ക് നോക്കുമ്പോള്‍ എനിക്ക് ഇവിടെ പല എം.എല്‍.എമാരെയും എം.പിമാരെയും കാണാന്‍ സാധിക്കുന്നുണ്ട്. നിയമസഭയ്ക്കുള്ളില്‍ 'മന്ത്രി' എന്നെഴുതിയ നെയിം ബോര്‍ഡിന് പിന്നില്‍ ഇരിക്കുന്ന വ്യക്തികളെ എനിക്ക് കാണാന്‍ കഴിയുന്നു. കാലവും ദൈവവും തീരുമാനിച്ചാല്‍ ഇത് സംഭവിക്കും. സൂര്യ നല്‍പണി ഇയക്കം വെക്കുന്ന ഈ ഒരടി, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 130 അടി ഉയരത്തിലേക്ക് എത്തും.
അതിനായി നിങ്ങള്‍ ഓരോരുത്തരും തയ്യാറായിരിക്കണം', സംഘടനാ നേതാവ് പ്രസംഗിച്ചു.