
മലയാള സിനിമയുടെ ഒരുകാലഘട്ടത്തിന് വർണ്ണച്ചിറകുകൾ നല്കിയ ചലച്ചിത്രതാരം, ജയഭാരതിക്ക് 72 വയസ്സ്
1970-80കളിൽ ഏറ്റവുമധികം താരപ്പൊലിമയും ആരാധകവൃന്ദവും ഉണ്ടായിരുന്ന ഈ അഭിനേത്രി ഒന്നര പതിറ്റാണ്ടു കാലത്തെ സജീവമായ കലാജീവിത്തെ തുടർന്ന് പിന്നീട് സാവധാനം ഈ രംഗത്തു നിന്ന് പിൻവാങ്ങി; എങ്കിലും അവർക്ക് ഇന്നും ആരാധകർ ഏറെയാണ്; വർഷങ്ങളിലെ ഇടവേളക്കിടയിൽ അവർ കേരളം സന്ദർശിക്കുമ്പോൾ ഉണ്ടാകുന്ന മാദ്ധ്യമശ്രദ്ധയും ആരാധക ലഹരിയും അത്ഭുതാവഹമാണ്! മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ജയഭാരതി.
ഷീലയും ശാരദയും മലയാളസിനിയില്‍ നായികമാര്‍ എന്ന നിലയില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് ജയഭാരതിയുടെ വരവ്. അവര്‍ രണ്ടുപേരും നായികമാരായി അഭിനയിക്കുന്ന ചിത്രങ്ങളിൽ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ജയഭാരതിയുടെ തുടക്കം..... പിന്നീട്, മലയാള സിനിമയുടെ അവിഭാജ്യഘടമായി ഈ നായിക നടിയായി മാറി. അക്കാലത്തു തന്നെ വിജയശ്രീയെപ്പോലുള്ളവരുടെ പല താരോദയങ്ങളും ഉണ്ടായെങ്കിലും ജയഭാരതി പ്രഭമങ്ങാതെ തുടർന്നു.
നന്നേ ചെറുപ്പത്തിൽ തന്നെ ജയഭാരതി സിനിമാ രംഗത്ത് അരങ്ങേറി; മദ്ധ്യവയസ്സിനു മുമ്പേ സജീവമല്ലാതാകുകയും ചെയ്തു. ഏകദേശം മൂന്നര പതിറ്റാണ്ടുകാലമാണ് അവരുടെ അഭിനയ ജീവിതം ഉണ്ടായിരുന്നത്. അതിൽ രണ്ടു പതിറ്റാണ്ടുകാലം ഏറെ സജീവമായിരുന്നു.
കൊല്ലം തേവള്ളി ഓലയിൽതുമ്പു വടക്കേൽ ശിവശങ്കരൻ പിള്ളയുടെയും ശാരദയുടെയും മകളായി 1954 ജൂലൈ 28-ന് ജനിച്ചു. ഈറോഡിൽ ആണ് ജനനം എന്ന് ചില രേഖകളിൽ സൂചനയുണ്ടെങ്കിലും അതു ശരിയല്ല; കൊല്ലത്തു ജനിച്ചു വളർന്ന ഭാരതി, അവരുടെ ബാല്യത്തിൽ തന്നെ അച്ഛനമ്മമാർ വേർപിരിഞ്ഞ ശേഷമാണ് അമ്മയോടൊപ്പം തമിഴ്നാട്ടിലെ ഈറോഡിൽ എത്തി. അച്ഛനമ്മമാർ നല്കിയ പേര് 'ലക്ഷ്മി ഭാരതി' എന്നാണ്. ('സരസ്വതി ഭാരതി എന്നും കാണുന്നുണ്ട്.) ഈറോഡിലെ റെയിൽവേ കോളനിയിലെ സെൻ്റ് റീത്ത ഗേൾസ് സ്‌കൂളിൽ നിന്നാണ് അവരുടെ പ്രാഥമിക വിദ്യാഭ്യാസം.
മലയാള നടൻ ജയൻ, ജയഭാരതിയുടെ പിതൃസഹോദരിയുടെ പുത്രനാണ്. പരമ്പരാഗ സമുദായ ആചാര പ്രകാരം, ജയഭാരതി ജയന്റെ മുറപ്പെണ്ണ് ആണ്; ജയഭാരതി ജയനെ 'ബേബി അണ്ണൻ' എന്നാണ് വിളിച്ചിരുന്നത്. ഇവർ ഇരുവരും സിനിമയിൽ സജീവമായിരുന്ന കാലത്ത് ഇക്കാര്യം അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല; ജയഭാരതി കസിന്‍ ആണെന്നുള്ള വിവരം പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് വ്യക്തമായിരുന്നില്ല. ജയൻ്റെ മരണശേഷമാണ് ജയഭാരതി ഈ കുടുംബ പശ്ചാതലം വിശദമായി വെളിപ്പെടുത്തുന്നത്.
അഞ്ചാം വയസ്സുമുതൽ ഭാരതി നൃത്തം അഭ്യസിച്ചു തുടങ്ങി; നൃത്തം പഠിച്ച ഭാരതി, അതുവഴി ബാല്യത്തിൽ തന്നെ സിനിമയിൽ എത്തി. 13 വയസ്സും എട്ടു മാസവും പ്രായമുള്ളപ്പോൾ ഭാരതി, ശശികുമാർ സംവിധാനം ചെയ്ത 'പെൺമക്കളി'ൽ (1966) അംബിക (സീനിയർ) ഷീലയോടും ഒപ്പം കൊച്ചനുജത്തിയായി വേഷമിട്ടു. പ്രേംനസീർ ആയിരുന്നു നായകൻ. തീരെ ചെറിയ ഈ കുട്ടിയെ ഈ സിനിമ കഴിഞ്ഞതോടെ പ്രേം നസീർ ഉൾപ്പെടെയുള്ളവർ ഈറോഡിലേക്ക് മടക്കി അയച്ചെങ്കിലും, ജയഭാരതി അധികകാലം കഴിയുംമുമ്പ് പ്രേം നസീറിൻ്റെ നായികയായി മടങ്ങിവന്നു!
ആദ്യ സിനിമകളിൽ, 'കോവൈ ഭാരതി' എന്ന പേരായിരുന്നു ഇവർ സ്വീകരിച്ചിരുന്നത് എന്ന് തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, ഈ പേര് ടൈറ്റിൽ കാർഡുകളിൽ വന്നതായുള്ള സാക്ഷ്യങ്ങളില്ല. 'സരസ്വതി ഭാരതി' (അഥവാ ' ലക്ഷ്മി ഭാരതി') എന്ന പേര് ' ജയഭാരതി' എന്നു മാറ്റിയ ശേഷമാണ് നാം ശ്രദ്ധിച്ചു തുടങ്ങിയത്. ('പെൺമക്കളു'ടെ ഡിജിറ്റൽ ക്രഡിറ്റിലും ജയഭാരതി എന്നു തന്നെയാണ്.)
തുടർന്ന് ജയഭാരതി കുറച്ചു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഇവയിൽ 'വെളുത്ത കത്രിന' (1968), 'കടൽപ്പാലം' (1969) തുടങ്ങിയവയും ഉൾപ്പെടുന്നു; ഇതിനിടയിൽ 1968-ൽ പുറത്തിറങ്ങിയ 'തോക്കുകൾ കഥ പറയുന്നു' എന്ന ചിത്രത്തിൽ ഉപനായികയായി; അതിലെ നായിക ഷീലയായിരുന്നു.
ജനറൽ പിക്ചേഴ്സ് നിർമ്മിച്ച പി. ഭാസ്ക്കരൻ്റെ 'കാട്ടുകുരങ്ങ്' (കെ. സുരേന്ദ്രൻ്റെ നോവൽ) സിനിമയിലെ (1969) ഉപനായിക വേഷത്തിലാണ് ഞാൻ ആദ്യമായി ജയഭാരതിയെ ഓർമ്മിക്കുന്നത്. നായകസ്ഥാനത്ത് ശാരദയായിരുന്നു; നായകൻ സത്യനും. ഇതോടെ ജയഭാരതിക്ക് ശ്രദ്ധിക്കുപ്പെടുന്ന ഒരു താരമായി. 1970-ൽ ഇറങ്ങിയ 'തുറക്കാത്ത വാതിൽ' എന്ന സിനിമയിൽ നായിക രാഗണി ആയിരുന്നെങ്കിലും ജയഭാരതിക്ക് ശ്രദ്ധേയമായ വേഷമായിരുന്നു.
ആദ്യമൊക്കെ ജയഭാരതിക്ക് മലയാളം തെല്ലും വഴങ്ങിയിരുന്നില്ല. പി. ഭാസ്കരന്റെയും സേതുമാധവന്റെയും ശ്രമഫലത്താൽ മലയാളത്തെ ജയഭാരതി മലയാളം നാക്കിന് വഴക്കിയെടുത്തു. ആദ്യകാലങ്ങളിൽ ജയഭാരതിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ തുറന്നു നൽകിയതും ഭാസ്കരൻ മാഷായിരുന്നു.
പി. വേണുവിൻ്റെ സംവിധാനത്തിൽ 1970 ഡിസംബറിൽ ഇറങ്ങിയ 'ഡിക്റ്ററ്റീവ് 009 കേരളത്തിൽ' എന്ന സിനിമയിലാണ് ജയഭാരതി ആദ്യമായി പൂർണ്ണ നായികയായത്; നായകൻ കെ.പി. ഉമ്മറും. തുടർന്ന് അടുത്ത വർഷം തന്നെ ജയഭാരതി നായികയായി അനേകം സിനിമകൾ ഇറങ്ങി; 'ലൈൻ ബസ്'; 'സിന്ദൂരച്ചെപ്പ്' തുടങ്ങിയ സിനിമകളിൽ മധുവിൻ്റെ നായികയായി - 'സിഐഡി നസീർ' തുടങ്ങിയവയിൽ നസീറിൻ്റെ നായികയും.
ഈ ജോഡികൾ മലയാള സിനിമയിൽ ഏറെ ഹിറ്റു സിനിമകൾക്ക് കാരണമായി. ഷീല കഴിഞ്ഞാൽ പിന്നെ, നസീറിൻ്റെ കൂടുതൽ സിനിമകളിൽ നായികയായി വന്നത് ജയഭാരതി ആണെന്നു തോന്നുന്നു.
'വാടകക്കൊരു ഹൃദയം', 'ഇതാ ഇവിടെ വരെ' തുടങ്ങിയ സിനിമകളിൽ സുകുമാരൻ, സോമൻ തുടങ്ങിയ പുതുതലമുറ നായക നടന്മാരോടൊപ്പം അഭിനയിച്ച ചിത്രങ്ങൾ ജയഭാരതിയുടെ കരിയറിൽ പുതിയ തുടക്കം കുറിച്ചു.
1978-ൽ റിലീസ് ചെയ്ത 'രതിനിർവേദം' ജയഭാരതിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രശസ്തമായ സിനിമയാണ്; കൗമാരക്കാരനായിരുന്ന കൃഷ്ണചന്ദ്രൻ ആയിരുന്നു നായകൻ. പത്മരാജൻ്റെ രചനയും ഭരതൻ്റെ സംവിധാനവും ജയഭാരതിയുടെ അഭിനയവും പ്രത്യേകം ശ്രദ്ധേയമായിരുന്നു; മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറി 'രതിനിർവേദം' എന്ന ഈ മലയാള ചിത്രം; ഇതിൻ്റെ റീമെയ്ക്ക് വന്നെങ്കിലും അത് ഇതിനടുത്തെങ്ങും വന്നില്ല...
ഇക്കാലയളവിൽ പ്രേംനസീർ, മധു ,ജയൻ, സോമൻ, വിൻസെന്റ്, രജനീകാന്ത്, കമലഹാസൻ എന്നിവരുടെയെല്ലാം നായികയായി മലയാള സിനിമയിലും തമിഴ് സിനിമയിലും ജയഭാരതി അഭിനയിച്ചു.
വിവിധ സിനിമകളിലെ അഭിനയത്തിന് 1972- ലും 'മാധവിക്കുട്ടി'യിലെ അഭിനയത്തിന്1973- ലും ജയഭാരതിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1991-ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 'മറുപ്പക്കം' എന്ന തമിഴ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ 'ദേശീയ പ്രത്യേക ജൂറി പരാമർശം' ജയഭാരതിയെ തേടിയെത്തി.
മോഹൻലാൽ ചിത്രം ‘ഒന്നാമനിൽ' (2002) ആണ് ജയഭാരതി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ജയഭാരതി കാൽ നൂറ്റാണ്ടോളം കാലമായി മലയാള സിനിമയിലില്ല എന്ന് കേൾക്കുമ്പോൾ മനസിലാകും കാലത്തിന്റെ വേഗത!
1966-98 കാലഘട്ടത്തിൽ ഇരുപതോളം തമിഴ് സിനിമകളും 2006-ൽ ഒരു തെലുങ്ക് സിനിമയും ജയഭാരതി അഭിനയിച്ചു.
ഇതിനിടെ സീരിയൽ രംഗത്തും ജയഭാരതി എന്ന മുതിർന്ന താരം അമ്മയും ഭാര്യയുമായി നിറഞ്ഞു. 'കിളിക്കൂട് ', 'പെയ്തൊഴിയാതെ', 'ഉങ്കൾ ചോയ്സ്' തുടങ്ങിയ പരമ്പരകളിൽ ജയഭാരതി മിനി സ്ക്രീൻ പ്രേക്ഷകരെയും അവരുടെ ആരാധകരാക്കി മാറ്റി.
നല്ലൊരു നർത്തകി കൂടിയായ ജയഭാരതി സിനിമാ തിരക്കുകളിൽ നിന്നും അകന്നതും നൃത്തത്തിൽ കൂടുതൽ ശ്രദ്ധ നൽകി.
സിനിമാ നിർമ്മാതാവ് ഹരി പോത്തനുമായി ജയഭാരതിക്ക് ഔപചാരിക/ നിയമപരമായ വിവാഹ ബന്ധമുണ്ടായിരുന്നില്ലങ്കിലും കുറെ നാൾ സഹജീവിതം നയിച്ചു. ആ സമയത്ത് ഹരി പോത്തന് നിയമപരമായി വിവാഹം കഴിഞ്ഞ ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ആ ബന്ധം ജയഭാരതി ഏകപക്ഷികമായി വേർപിരിഞ്ഞതിന് ശേഷം, സിനിമാനടൻ സത്താറിനെ വിവാഹം ചെയ്തു. പിന്നീട് അവരും വേർപിരിഞ്ഞു; വേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

സത്താറുമായുള്ള വിവാഹ ബന്ധത്തിൽ ജയഭാരതിക്ക് ഒരു മകനുണ്ട്. 1984-ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണി കൃഷ്ണൻ) പുത്രൻ്റെ ജനനത്തോടെ കുടുംബ ജീവതത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കായി അഭിനയ ജീവിതത്തിൽ സജീവമല്ലാതായി എന്നാണ് അവർ തന്നെ പറഞ്ഞിട്ടുള്ളത്. മകന് വാർഷിക പരീക്ഷ നടക്കുന്നതിന് തൊട്ടുമുമ്പുള്ള സമയമാണെന്നു പറഞ്ഞ് 1994 ഫെബ്രുവരിയിൽ ജയഭാരതി, കേരള സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി സ്ക്രീനിങ്ങിൽ നിന്ന് അവർ ഒഴിഞ്ഞത് ഞാൻ ഓർക്കുന്നു. (1995-ൽ അവർ സമാനമായ അവാർഡ് കമ്മറ്റിയിൽ പങ്കെടുക്കുകയും ചെയ്തു.)
ജയഭാരതി സത്താർ ദമ്പതികളുടെ ഏക മകൻ കൃഷ് സത്താർ എഞ്ചിനിയറാണ്; അദ്ദേഹം ഭാര്യ തൃപുര സുന്ദരി സോനാലിക്കും മകൾ അംബക്കുമൊപ്പമാണ് യു.കെ.യിൽ ആണ് താമസം.
ജയഭാരതിയുടെ പാരമ്പര്യവുമായി സഹോദരീ പുത്രനായ 'മുന്ന' മലയാള സിനിമയിലെത്തി.
2018-ൽ കേരളം പ്രളയക്കെടുതിയിൽ ഉലഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ ചേമ്പറിലേക്ക് ഓടിയെത്തി 10 ലക്ഷം രൂപ സംഭാവന ചെയ്യാൻ ജയഭാരതി മറന്നില്ല.
2024-ലെ 'അമ്മ' ജനറൽ ബോഡിക്ക് ജയഭാരതി വന്നതും വാർത്തയായിരുന്നു; അന്ന് പഴയ 'രതി നിർവേദം' സിനിമയിലെ നായികാനായകന്മാരായ 'രതി'യും 'പപ്പു'വും (ജയഭാരതി - കൃഷ്ണചന്ദ്രൻ) ഒന്നിച്ചിരുന്ന് എടുത്ത ഒരു ഫോട്ടോ വൈറലായിരുന്നു!
