Image

ലോഹിതദാസ് ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

Published on 29 June, 2026
ലോഹിതദാസ് ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

ജീവിത യാഥാര്‍ത്ഥ്യങ്ങളെ ക്യാമറക്ക് മുമ്പില്‍ കൊണ്ടു വന്ന തിരക്കഥാകൃത്തും സംവിധയകനും. 'മലയാള സിനിമാ സംവിധായകർ കഥകൾ ഇല്ലാതെ ആശയ ദാരിദ്ര്യം അനുഭവിച്ചിരുന്നപ്പോൾ മനസ്സിൻ്റെ കൂട നിറയെ, അന്തമില്ലാത്ത അത്രയെണ്ണം, കഥകളുമായി ലോഹിതദാസ് അവതരിച്ചു!' (1987) മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ മുഖ്യൻ ലോഹിയാണെന്ന നിരീക്ഷണമാണ് എനിക്കുമുള്ളത്; സംവിധയകൻ എന്നനിലയിൽ ആ മികവ് ഒന്നാസ്ഥാനത്തില്ല എന്നും ഞാൻ കരുതുന്നു.... ആയുസ്സു നീണ്ടിരുന്നങ്കിൽ എത്രയോ മികച്ച തിരക്കഥകൾ കൂടി കിട്ടുമായിരുന്നു...

ലോഹിതദാസ് വിടപറഞ്ഞിട്ട്  17 വർഷം.

"ലോഹിയുടെ ഒരു കഥാപാത്രത്തിലൂടെയും എഴുത്തുകാരന്‍ സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങള്‍ തന്നെയാണ്. 'അമര'ത്തിലെ അച്ചൂട്ടി സംസാരിക്കുന്നതു പോലെയല്ല 'കിരീട'ത്തിലെ സേതു സംസാരിക്കുന്നത്. അതുപോലെയല്ല അച്യുതന്‍‌നായരോ കീരിക്കാടനോ സംസാരിക്കുന്നത്. 'പാഥേയ'ത്തിലെ ചന്ദ്രദാസിന് കൂടുതല്‍ തെളിമയും ശുദ്ധിയുമുള്ള ഭാഷയാണ്. വേട്ടക്കാരന്‍ വാറുണ്ണിക്ക് അയാളെപ്പോലെതന്നെ വികൃതമായ സംസാരരീതി..." നിരൂപകൻ രവിശങ്കരന്‍ നടത്തുന്ന ഈ നിരീക്ഷണവും ശരിയാണ്....

ലോഹിയെപ്പോലെ ഇത്രയും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലില്ല. ആശാരിയും മൂശാരിയും കൊല്ലനും ചായക്കടക്കാരനും പൊലീസുകാരനും കൊലയാളിയുമെല്ലാം നായക വേഷത്തിൽ ആ തൂലികയില്‍ നിന്ന് ഉയിർപൂണ്ടു മുൻനിരക്കാരായി; സാമൂഹ്യ തലങ്ങളിൽ വ്യത്യസ്തത ഇത്രയേറെ അനുഭവിപ്പിച്ച തിരക്കഥാകൃത്തും ലോഹിതദാസിനോളം മറ്റൊരാളില്ല.

'അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌' എന്ന എ.കെ. ലോഹിതദാസ്: ചാലക്കുടിയ്‌ക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955 മേയ് 10-ജനിച്ചു. ലോഹിദാസിന്റെ അമ്മ മെയ്യായുടെ വീട് ചോററ്റാനിക്കര അമ്പാടിമലയിൽ ആണെന്നും അദ്ദേഹം ജനിക്കുന്നത് അവിടെ ആണെന്നും കേട്ടിട്ടുണ്ട്. എന്നാൽ, മെയ്യയുടെ സഹോദരൻ പി.കെ. കുറുമ്പൻ ചാലക്കുടിയിൽ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ടായിരുന്നു.

മെയ്യാ ആദ്യം വിവാഹം ചെയ്തത് എറണാകുളം ഇടവനക്കാട് സ്വദേശി കണ്ടൻ കോരൻ എന്നൊരാളെയാണ്. അവർ വേർപിരിഞ്ഞ ശേഷമാണ് മെയ്യാ മറ്റൊരു വിവാഹം ചെയ്യുന്നത്. ലോഹിതദാസിന്റെ പിതാവ് കരുണാകരൻ രണ്ടാം ഭർത്താവ് ആയിരുന്നു. അദ്ദേഹം ഒരിക്കൽ കോയമ്പത്തൂർക്ക് പോയിട്ട് പിന്നീട് തിരികെ വന്നില്ലത്രേ; പിന്നീട് കരുണാകരനെ പറ്റി യാതൊരു വിവരവുമില്ലാതായി. ഇതോടെ ഒറ്റപെട്ട മെയ്യാ തന്റെ സഹോദരൻ മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന സഹോദരന്റെ സംരക്ഷണയിൽ ആയി.

അദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റിയും സ്ക്കൂൾ പഠനത്തെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ അറിയില്ല. ഏതായാലും പ്രി-ഡിഗ്രി വിദ്യാഭ്യാസം എറണാകുളം മഹാരാജാസിലായിരുന്നു. (മുൻ സൂചിപ്പിച്ചതു പോലെ, അദ്ദേഹത്തിന്റെ ഒരു മാതൃസഹോദരൻ ചാലക്കുടിയിൽ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ടായിരുന്നു എന്നുതും ലോഹിദാസിന്റെ ദേശം ചാലക്കുടി എന്നറിയാൻ കാരണമായി.)

എറണാകുളം മഹാരാജാസിൽ നിന്ന് പ്രീ- ഡിഗ്രി പഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.

'ലോഹി' എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയനാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന കെ.പി.എ.സി.-ക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. 'സിന്ധു ശാന്തമായൊഴുകുന്നു' ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന്റെ രചനക്ക് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് 'അവസാനം വന്ന അതിഥി', 'സ്വപ്നം വിതച്ചവർ' തുടങ്ങിയ നാടകങ്ങളും എഴുതി.

എം.ടി.യും പത്മരാജനും ജോണ്‍പോളും ടി. ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ലോഹി ഒരു തിരക്കഥ എഴുതാന്‍ ഏറെ കൊതിച്ചിരുന്നു. പല തവണ അവസരം അടുത്തെത്തി; പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അവയൊക്കെ തട്ടി അകറ്റി.

ലോഹി രചിച്ച നാടകങ്ങൾ സാമ്പത്തിക വിജയവും നിരൂപക പ്രശംസകളും പ്രേക്ഷകരെ ആകർഷിക്കലും കൊണ്ട് ശ്രദ്ധേയമായിരുന്നു. പക്ഷേ, നാടകകൃത്തുമാത്രം പരിമിത വലയത്തിൽ മാത്രം അറിയപ്പെട്ടു.

ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് വിജയകരമായി നയിച്ചത് നടൻ തിലകനാണ് എന്നത് പല ഇന്റർവ്യൂകളിലും ലോഹിയും സിബി മലയിലും പറഞ്ഞിട്ടുണ്ട്. 1987-ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയാ‍യ 'തനിയാവർത്തനം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു....

"മലയാള സിനിമാ സംവിധായകർ കഥകൾ ഇല്ലാതെ, സിനിമയിൽ 'ആശയ ദാരിദ്ര്യം' അനുഭവിച്ചിരുന്നപ്പോൾ മനസ്സിൻ്റെ കൂട നിറയെ, കഥകളുമായി ലോഹിതദാസ് അവതരിച്ചു; അന്തമില്ലാത്ത അത്രയേറെ കഥകൾ.." എന്ന സത്യം അദ്ദേഹം സ്വന്തം സർഗ്ഗജീവിതം കൊണ്ട് തെളിയിച്ചു. (സിബി മലയിൽ, ഇത് എഴുതിയിട്ടുണ്ടല്ലോ.) പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന 'ബാലൻ മാഷ്' (മമ്മൂട്ടി) എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള ചലച്ചിത്രലോകത്ത് പുതിയൊരു അനുഭവമായിരുന്നു. ലോഹിയുടെ ഈ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടി. "എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്": ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന്‍ മാഷ് എന്ന കഥാപാത്രത്തിനോട്, ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ വീര്‍പ്പടക്കിയാണ് ആ രംഗം കണ്ടത്. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങൾ പിറവികൊണ്ടു.

'തനിയാവർത്തന'ത്തിൻ്റെ തിരക്കഥാകൃത്തായ ലോഹിതദാസിനെ ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹനാക്കുകയും ഒപ്പം ജനസമ്മിതിയുള്ള ഒരു തിരക്കഥാകൃത്താക്കി മാറ്റുകയും ചെയ്തു.

ലോഹിയുടെ തിരക്കഥകള്‍ക്ക് സിനിമ ലോകം (സൂപ്പർ സ്റ്റാർ നടന്മാരും) കാത്തുനില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. 'എഴുതാപ്പുറങ്ങൾ' (1987), 'ദശരഥം' (1989), 'കിരീടം' (1989), 'ഹിസ് ഹൈനസ് അബ്ദുള്ള' (1990), 'ഭരതം' (1991), 'ധനം' (1991), 'കമലദളം'(1992), 'ചെങ്കോൽ' (1993) തുടങ്ങി കുറേ ചിത്രങ്ങൾ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽപ്പിറന്നു.

'കുടുംബപുരാണം' (1988- സത്യൻ അന്തിക്കാട്) 'ജാതകം', 'മുദ്ര', 'മഹായാനം', 'മൃഗയ', 'മാലയോഗം', 'രാധാമാധവം, 'സസ്നേഹം', 'ആധാരം', 'വെങ്കലം', 'വാത്സല്യം', 'പാഥേയം', 'തൂവൽക്കൊട്ടാരം', 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' തുടങ്ങിയവയാണ് മറ്റുചില പ്രധാനപ്പെട്ട തിരക്കഥകൾ. ഏകദേശം നാൽപ്പതിൽ പരം സിനിമകൾക്ക് തിരക്കഥയെഴുതി. (ലോഹി തന്നെ സംവിധാനം ചെയ്ത 11 സിനിമകകളുടെ തിരക്കഥകൾ ഈ സൂചിപ്പിച്ചതിനു പുറമെയാണ്)

1997-ൽ 'ഭൂതക്കണ്ണാ‍ടി' എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പതിനൊന്ന് മലയാള സിനിമകൾ സംവിധാനം ചെയ്തു. 'കസ്തൂരിമാൻ', 'നിവേദ്യം', 'ചക്കരമുത്ത്' തുടങ്ങിയ ചിത്രങ്ങളിൽ ഗാനരചയിതാവിന്റെ വേഷവും അണിഞ്ഞു.

വളരെ യഥാർത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിന്റെ ചിത്രങ്ങൾ പ്രശസ്തമാണ്. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു.

നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.

2009 ജൂൺ 28-ന്‌ രാവിലെ 10.50-ന്‌ ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ഒരു ആശുപത്രിയിൽ വെച്ച്, തികച്ചും അപ്രതീക്ഷിതമായി, ലോഹിതദാസ് അന്തരിച്ചു. വെറും 54-ാം വയസിലാണ് അന്ത്യം. ലോഹിതദാസ് തൻ്റെ രക്തധമനികളിൽ ബ്ലോക്കുകൾ/തടസ്സങ്ങൾ, അതിനു മുമ്പ് കണ്ടെത്തിയിരുന്നു എങ്കിലും ബൈപാസ് സർജറി, പല കാരണങ്ങൾ കൊണ്ടും ഒഴിവാക്കിയതാകാം ഈ ആകസ്മിക വിട പറച്ചിലിന് ഇടയാക്കിയത്. ആയൂർവേദ-പ്രകൃതി ചികിത്സാ രീതികളെ ആശ്രയിച്ചിരുന്നതായും ചില സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്.

സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക