
ഒന്ന് രഹസ്യ വാതിൽ...
മന്ത്രത്താക്കോലിനാൽ
അടച്ചു ഭദ്രമാക്കിയിടുന്നത്...
ഇഷ്ടമുള്ള ആരേയും
ആ വാതിലിലൂടെ
അകത്ത് കൊണ്ടു പോകാം..
ഇഷ്ടം തീരുമ്പോൾ
വലിച്ചെറിയാം...
ഓർമ്മകളെ
ഫ്രെയിം ചെയ്ത്
ചുമരിൽ തൂക്കാം...
നഷ്ടങ്ങളെയെല്ലാം
സംസ്കരിച്ച,
കാറ്റു പോലും
കടക്കാത്തൊരാ
മുറിയിലിരുട്ടിൽ,
ആരും കാണാതെ
തനിച്ചിരുന്ന് വിലപിക്കാം...
അകത്തളങ്ങളിൽ പെയ്യുന്ന
ചന്ദനത്തിന്റെ മണമുള്ള ഇന്നലെകളുടെ
ഓർമ്മപ്പെയ്ത്തിൽ നനയാം...കുളിരാം...
ചിരിക്കാം...കരയാം...
ഇനിയുള്ളത് പരസ്യ വാതിൽ...
ജീവിച്ചു തീർക്കാൻ വേണ്ടിയുള്ളതെല്ലാം
ആ വാതിലിലൂടകത്ത് കൊണ്ട് വെയ്ക്കും,
ഉറുമ്പുകളെപ്പോലെ...
അതിൽ ഇന്നലെകളില്ല...
ഇന്നിന്റെ ഒന്നോ രണ്ടോ
ചിത്രങ്ങൾ
ചുമരിൽ തൂങ്ങിയാടുന്നുണ്ടാവും...
വാതിലിനിരു വശവും കാവലാളുകളുണ്ടായിരിക്കും..
ഇന്നലെകൾക്ക് പ്രവേശനമില്ലാത്ത..
ഇന്നിന്റെയും
നാളെകളുടേയും
പുറം ലോകത്തേക്ക് തുറക്കുന്ന
പരസ്യ വാതിൽ...
ഒരു പുഞ്ചിരി മാത്രം അലങ്കാരമായി
വാതിലിനു പുറത്ത്
തൂങ്ങിക്കിടപ്പുണ്ടായിരിക്കും.