
"അങ്ങ്, എൻ്റെ കൺകണ്ട ദൈവമാണ് " ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ മടിയില്‍ തലവെച്ചു കിടന്നുകൊണ്ട് ചന്ദ്ര പറഞ്ഞു.
"ദൈവമല്ല, ദൈവദൂതനായിരിക്കാം" എന്ന് മുടിയിൽ തഴുകിക്കൊണ്ട് ചിത്രകാരനായ ഭർത്താവ് തിരുത്താൻ ശ്രമിച്ചു.
"ദൈവം ഒരാളേയുള്ളൂ, ബാക്കിയെല്ലാവരും ദൈവത്തിന്റെ ദൂത് വഹിക്കുന്നവരാണ്, ദൈവത്തിൻ്റെ ദൂത് വഹിക്കുന്നവരെ ദൈവദൂതന്മാരെന്ന് വിളിക്കുന്നതിൽ തെറ്റില്ല" അയാൾ തൻ്റെ പ്രസ്ഥാവന കൂടുതൽ വിശദീകരിച്ചു.
ചന്ദ്രയ്‌ക്ക് അയാൾ പറയുന്നതെന്തും ദൈവചനമാണ്. ആ വചനത്തെ ഒരു വിശ്വാസി ഒരിക്കലും ചോദ്യം ചെയ്യുകയോ, സംശയിക്കുകയോ ചെയ്യാറില്ല. അങ്ങനെ ചെയ്യരുതെന്നത് അലിഖിത നിയമവുമാണ്.
അവരുടെ മണിയറയുടെ ഭിത്തിയൊക്കെ അയാൾ സ്വന്തം കൈകൊണ്ട് വരച്ച ചിത്രങ്ങൾക്കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും അനുഭവങ്ങളോടു ചേർന്ന നനുത്ത കഥകൾ പറയാനുണ്ടാകും. ചിത്രങ്ങളുടെയൊക്കെ വലതു മൂലയിലായി അയാൾ കൈയ്യൊപ്പ് ചാർത്തിയിട്ടുമുണ്ട്.
അയാൾ വല്ല യൂറോപ്യൻ രാജ്യത്തെങ്ങാണുമായിരുന്നു ജനിച്ചിരുന്നതെങ്കിൽ ജീവിച്ചിരുന്നപ്പോൾ തന്നെ ജീവിത ചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യ കലാകാരനായ മൈക്കലാഞ്ചലോയേപ്പോലെ ജീവിച്ചിരുന്നപ്പോൾ തന്നെ ലോകം അറിയുന്ന ചിത്രകാരനാകുമായിരുന്നു. അയാളുടെ ചിത്രങ്ങളൊക്കെ നല്ല വിലയിൽ വാങ്ങിക്കൊണ്ടുപ്പോകുവാൻ ആരാധകർ തിരക്കു കൂട്ടുമായിരുന്നു. അയാളുടെ ചിത്രത്തിൻ്റെ ലേലം നടക്കുന്ന സ്ഥലത്ത് മോഹവിലകൊടുത്ത് അത് വാങ്ങിക്കാനായി പണക്കാരൊക്കെ വരിവരിയായി നിൽക്കുമായിരുന്നു.
എന്തായാലും നമ്മുടെ ഭർത്താവായ ചിത്രകാരൻ ഇതുവരെ ചെയ്ത യാതൊന്നും കൊണ്ട് ചരിത്രത്തിൽ ഇടം നേടുമെന്ന് തോന്നുന്നില്ല. ഇനിയും ചെയ്യുന്ന ചില കാര്യങ്ങൾക്കൊണ്ട് പാരമ്പര്യ പട്ടികയിലെങ്കിലും ഇടം നേടാം എന്നതാണ് ചെറിയ പ്രതീക്ഷ.
ചിത്രകലയിൽ ഇന്തോ-യൂറോപ്യൻ ശൈലിക്ക് തുടക്കമിട്ട രാജാ രവിവർമ്മ ആകാൻ നമ്മുടെ ചിത്രകാരന് വാലൊന്നും ഇല്ലായിരുന്നു. എന്തു ചെയ്യാം ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന പ്രതിഭാശാലിയേപ്പോലും വേണ്ടവിധം അംഗീകരിക്കാത്ത മലയാള മണ്ണിൽ പിറന്നു പോയത് അയാളുടെ കുറ്റം അല്ലല്ലോ.
ഏഴു വയസ്സിനുള്ളിൽ ഇരുപത്തയ്യായിരത്തിലധികം ചിത്രങ്ങൾ വരച്ച അത്ഭുത ബാലൻ എഡ്മണ്ട് തോമസ് ക്ളിൻ്റ് ഏതോ യൂറോപ്യനാണെന്നാണ് മിക്കവരുടെയും ചിന്ത. തൻ്റെ ഏഴാം പിറന്നാളിന് ഒരു മാസം മുൻപ് വൃക്കരോഗത്താൽ ഈ ലോകം വിട്ടുപോയ ക്ളിൻ്റ് കൊച്ചീക്കാരനായ ബാല പ്രതിഭയാണെന്ന് അറിയാവുന്നവർ ആരോടും പറയേണ്ട,
ദൈവം എറിയാൻ അറിയാവുന്നവൻ്റെ കൈയിൽ കോലു കൊടുക്കാറില്ലെന്ന പറച്ചിൽ അന്വർത്ഥമാക്കുമാറ്, ചെറുപ്പത്തിൽ പടം വരയ്‌ക്കാൻ താത്പര്യവും കഴിവും ഉണ്ടായിരുന്നെങ്കിലും, പണം കൊടുത്ത് ക്യാൻവാസും ബ്രഷും കളറുമൊന്നും വാങ്ങാൻ പണം ഉണ്ടായിരുന്ന സാഹചര്യത്തിലല്ല അയാൾ ജനിച്ചതും വളർന്നതും ജീവിച്ചതും.
എങ്കിലും പരിമിതികളുടെ നെല്ലിപ്പലകയിൽ നിന്നുകൊണ്ട് കിട്ടിയ പേപ്പറുകളിലൊക്കെ മനസ്സ് കോറിയിടാൻ കാലം അയാൾക്ക് ചായപ്പെൻസിൽ കൊടുത്തിരുന്നു. ആ വർണ്ണച്ചിത്രങ്ങളാൽ ആലംകൃതമായ മണിയറയുടെ നടുവിലെ കിടക്കയിലാണ് അവർ ഇരുവരും ഇന്ന് ആദ്യമായി കിടക്കുന്നത്.
" ഞാൻ ഇന്ന് ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ ഏകകാരണം നിങ്ങളാണ്, നിങ്ങൾ മാത്രമാണ് " നാലാം ക്ളാസ്സിൽ വെച്ച് നടന്ന ആ സംഭവം വീണ്ടും വിഷമത്തോടെ ഓർമ്മിപ്പിക്കുവാൻ ചന്ദ്ര ആഗ്രഹിച്ചെങ്കിലും അയാൾ അത് മുഴുമിപ്പിക്കാൻ അവസരം കൊടുത്തില്ല.
"നാം ഒരേ നാട്ടിൽ ജനിച്ചവർ, ഒരേ സംസ്‌കാരത്തിൽ വളർന്നവർ, ഒരേ സ്‌ക്കൂളിൽ ഒരേ ക്ളാസിൽ പഠിച്ചവർ, സഹപാഠികളായിരുന്നില്ലേ നമ്മൾ എനിക്കെല്ലാം നന്നായി അറിയാം" എന്ന് പറഞ്ഞ് അയാള്‍ ഭാര്യയുടെ വായ പൊത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബിന്ദു പിയുടെ ബായ്‌ഗിലുണ്ടായിരുന്ന മിഠായി നഷ്‌ടപ്പെട്ടു. അതൊരു സാധാരണ മിഠായി ആയിരുന്നില്ല.
ബിന്ദു പിയുടെ ഗൾഫിലുള്ള അച്ഛൻ അവധിക്ക് നാട്ടിൽ വന്നപ്പോൾ കൊണ്ടുവന്ന പേർഷ്യൻ മിഠായി ആയിരുന്നു അത്. അത് മറ്റു കുട്ടികളെ കാണിക്കാനും അസൂയപ്പെടുത്താനുമായി ക്ളാസ്സിൽ കൊണ്ടു വന്നതാണ്. അതാണിപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.
ആ കുട്ടി ക്ളാസ്സ് ടീച്ചറോട് പരാതി പറഞ്ഞു. പരാതി ക്ളാസ്സിൽ തന്നെ പരിഹരിക്കാനാകാഞ്ഞതിനാൽ, ഒരു വലിയ മോഷണത്തിൻ്റെ രൂപത്തിൽ പ്രധാന അദ്ധ്യാപകന്റെ മുന്‍പിലെത്തി. പ്രധാന അദ്ധ്യാപകന്‍ പ്യൂണിനേയും കൂട്ടി ക്ലാസ്സില്‍ വന്ന് എല്ലാവരുടേയും ബായ്‌ഗ് പരിശോധിച്ചു.
നിര്‍ഭാഗ്യമെന്നു പറയട്ടെ, അന്വേഷണത്തിനിടയിൽ ചന്ദ്രയുടെ ബായ്‌ഗില്‍ നിന്ന് പേർഷ്യൻ മിഠായിയുടെ കാണാൻ അഴകുള്ള, കൈയ്യിൽ കിട്ടിയാൽ സൂക്ഷിച്ചു വെയ്‌ക്കാൻ തോന്നുന്ന പുറംകവര്‍ അന്വേഷണ സംഘം കണ്ടെത്തി.
അങ്ങനെ ചന്ദ്രപോലും അറിയാതെ അവളിലെ കള്ളി ജനിക്കുകയായിരുന്നു. ബാഗിൽ നിന്ന് കണ്ടെടുത്ത ഒരു മിഠായിക്കടലാസ് ചന്ദ്രയെ കള്ളിയാക്കി. അന്നുമുതല്‍ എല്ലാവരും ചന്ദ്രയെ കള്ളിയെന്ന് മുദ്രയിടുകയും, കള്ളിച്ചന്ദ്രയെന്ന് കളിയാക്കി വിളിക്കുകയും ചെയ്‌തു.
മറ്റാരോ ആ പേർഷ്യൻ മിഠായി ആരും കാണാതെ ബിന്ദു പിയുടെ ബായ്ഗിൽ നിന്നും എടുത്ത് കഴിച്ചിട്ട് അതിന്റെ പുറംകവര്‍ ചന്ദ്രയുടെ ബായ്‌ഗില്‍ ഒളിപ്പിച്ചതാണെന്ന സത്യം തെളിയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഒന്നും ചന്ദ്രയുടെ പക്കല്‍ ഇല്ലായിരുന്നു.
നിറകണ്ണുകളോടെ തല കുനിച്ച് നിന്ന ചന്ദ്രയുടെ നിരപരാധിത്വം അറിയാനോ അറിയിക്കാനോ ആരും ഉണ്ടായിരുന്നില്ല. സ്വയം അറിയാനും അറിയിക്കാനും നാലാം ക്ലാസ്സുകാരി മിനക്കെട്ടുമില്ല.
അക്കാലത്തും രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടിയാൽ നല്ല വിശേഷങ്ങളൊന്നും പറയാതെ മറ്റുള്ളവരെ മോശക്കാരാക്കുന്ന നുണയും കൊതിയും പറയുക പതിവായിരുന്നു. അങ്ങനെ വീണുകിട്ടിയ കള്ളിച്ചന്ദ്രയെന്ന പേര്‍ അവളേക്കാള്‍ വേഗം വളർന്നു.
"സത്യമായിട്ടും ചേട്ടാ ഞാൻ വീണ്ടും പറയട്ടെ ആ കുട്ടിയുടെ പേർഷ്യൻ മിഠായി ഞാനെടുക്കുകയോ കഴിക്കുകയോ ചെയ്തിട്ടില്ല" ചന്ദ്ര നൂറ്റൊന്നാമതു പ്രാവശ്യവും ആണയിട്ടു.
"ആ സത്യം അന്നു പറയുകയും തെളിയിക്കപ്പെടുകയും വേണമായിരുന്നു, നീ പറയുന്നത് സത്യമാണെന്ന് എനിക്കെങ്കിലും അറിയാം. നിനക്ക് മോശം പേരു വീണെങ്കിലും സുന്ദരിയായ നിന്നെ എനിക്ക് സ്വന്തമാക്കുവാൻ ആ സംഭവം കാരണമായല്ലോ എന്നോർത്ത് എനിക്കു സന്തോഷമേയുള്ളൂ" ചിത്രകാരനായ ഭർത്താവ് അവളോടൊപ്പം നിന്നു.
ചില കാര്യങ്ങൾ പറയേണ്ട സമയത്ത് തൊണ്ട പൊട്ടിയാലും ഉച്ചത്തിൽ തന്നെ പറയണം അല്ലെങ്കിൽ ചന്ദ്രയേപ്പോലെ ജീവിതത്തിൻ്റെ ഗതി നിയന്ത്രിക്കുവാൻ ആ സംഭവം കാരണമാവും.
ഒന്‍പതാം ക്ലാസ്സില്‍ വെച്ച് മറ്റൊരു കൂട്ടുകാരിയുടെ മൊബൈല്‍ കാണാതെയായപ്പോള്‍ ചന്ദ്രയെ പ്രധാന അദ്ധ്യാപികയുടെ റൂമില്‍ കൊണ്ടു പോയി അടിവസ്‌ത്രം വരെ അഴിച്ചു നോക്കിയിട്ടും മൊബൈല്‍ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ കാണാൻ എന്താണ് അഴിച്ചു നോക്കേണ്ടത് ? എന്ന് കുട്ടികളൊക്കെ അർത്ഥം വെച്ച് ചോദിക്കാൻ തുടങ്ങിയത് ആ സംഭവത്തിനു ശേഷമാണ്.
എന്നിട്ടും ചന്ദ്രയാണ് അത് എടുത്തതെന്നും എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും എല്ലാവരും മനസ്സില്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ചന്ദ്ര വളരുകയായിരുന്നു കള്ളിയില്‍ നിന്നും പെരുംകള്ളിയിലേക്ക്.
അന്ന് ഉച്ച വിശ്രമത്തിനുള്ള സമയത്ത് സ്‌ക്കൂള്‍കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടി ആത്‌മഹത്യ ചെയ്യാന്‍ ശ്രമിച്ച ചന്ദ്രയെ തടഞ്ഞത് സഹപാഠിയുടെ കൈകളായിരുന്നില്ല, ദൈവദൂതന്റെ കൈകളായിരുന്നു വെന്നാണ് അവള്‍ പറയുന്നത്.
സ്‌ക്കൂൾ കെട്ടിടത്തിൻ്റെ ആരും സാധാരണ കയറാത്ത ഉയർന്ന സ്ഥലത്ത് കുറ്റി ബീഡിയും വലിച്ചിരുന്ന് കരിക്കട്ടകൊണ്ട് ചുമരിൽ ചിത്രം വരയ്‌ക്കുകയായിരുന്ന ചിത്രകാരൻ ചന്ദ്രയെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. അല്ലെങ്കിലും ചന്ദ്രയ്‌ക്ക് മരിക്കണമെന്നൊന്നും ഇല്ലായിരുന്നു. പെട്ടെന്നുണ്ടായ ഒരു നിരാശയിൽ എന്നാൽ ചത്തേക്കാം എന്നു വിചാരിച്ചതേയുള്ളൂ.
ആ ആത്മഹത്യാശ്രമം ആരെയെങ്കിലും അറിയിച്ച് ചന്ദ്രയ്‌ക്ക് കൂടുതല്‍ മാനഹാനി വരുത്തുവാന്‍ ആ നല്ല മനുഷ്യന്‍ മനസ്സുവെച്ചില്ല. ചന്ദ്രയുടെ കണ്ണുനീര്‍ തുടയ്‌ക്കുകയും ആശ്വസിപ്പിക്കുയും ചെയ്‌തു.
ആ സൂയിസയിഡ് പോയിൻ്റാണ് അവരുടെ ജീവിതത്തിന് ചിറക് നൽകിയത്. പിന്നീട് ആരും അറിയാതെയുള്ള അവരുടെ സംഗമത്തിന് വേദിയായതും അതേ പോയിൻ്റു തന്നെയാണ്. അന്നു തുടങ്ങിയ പ്രണയമാണ് ഇന്ന് വിവാഹത്തില്‍ എത്തി നില്‍ക്കുന്നത്.
നാലാം ക്ളാസ്സിൽ വെച്ച് അവളെ ആദ്യമായി കള്ളിയാക്കിയ മിഠായിയുടെ മധുരം അതു നുണഞ്ഞവൻ്റെ തൊണ്ടയിൽ ഒരു വിങ്ങലായി ഇന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടാകും.
ചെറിയ ക്ളാസ്സിൽ പഠിച്ചതൊക്കെ അന്നേ മറന്നു. മറക്കാനാവാത്തത് പിന്നെയും എടുത്തു പറഞ്ഞ് ആദ്യരാത്രിയുടെ മാധുര്യം കൂടി കളയേണ്ടല്ലോ എന്ന ബോധ്യത്തിൽ ചിത്രകാരനായ ഭർത്താവ് ലൈറ്റണച്ചു. ലൈറ്റ് അണച്ചിട്ടും അവിടെ പരസ്പരം കാണാനാവും വിധം നിലാവുണ്ടായിരുന്നു.
മനസ്സിൽ വരച്ചതായാലും ക്യാൻവാസിൽ വരച്ചതായാലും ചിത്രങ്ങൾ മാറ്റി വരയ്‌ക്കുക നന്നെ ശ്രമകരമാണ്. അല്ലെങ്കിൽ തന്നെ ദൈവദൂതൻ്റെ ചിത്രം മായിച്ച് പിശാചിൻ്റെ ചിത്രം വരക്കാൻ ആ ചിത്രകാരനായ ഭർത്താവിന് സാധിക്കുമായിരുന്നില്ല.
- ബാജി ഓടംവേലി, ഡാലസ്