
ഫ്ലോറിഡ: ഫോമാ മുൻ പ്രസിഡന്റും നിലവിലെ ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ബെന്നി വാച്ചാച്ചിറ, മുൻ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗീസിനെതിരെ ഫ്ലോറിഡയിലെ ഹിൽസ്‌ബറോ കൗണ്ടി സർക്യൂട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
കോടതി രേഖകൾ പ്രകാരം, 2025 ഒക്ടോബർ 9-ന് സുനിൽ വർഗീസ് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അയച്ച പരാതിയിലെ പ്രസ്താവനകൾ തനിക്ക് അപകീർത്തികരമാണെന്ന് ബെന്നി വാച്ചാച്ചിറ ഹർജിയിൽ പറയുന്നു. 2016–2018 കാലയളവിൽ ഫോമാ പ്രസിഡന്റായിരുന്ന ബെന്നി വാച്ചാച്ചിറക്കെതിരെ സാമ്പത്തിക ക്രമക്കേട്, ഫണ്ട് ദുരുപയോഗം തുടങ്ങിയ ആരോപണങ്ങൾ അതിൽ ഉന്നയിച്ചെന്നാരോപിച്ചാണ് കേസ്.
ബെന്നി വാച്ചാച്ചിറ ഫോമയുടെ പ്രസിഡന്റായിരുന്ന കാലയളവിൽ 309,000 ഡോളർ ദുരുപയോഗം ചെയ്തുവെന്ന് എതിർകക്ഷി ആ പരാതിയിൽ ആരോപിച്ചിരുന്നു . ആ കാലയളവിൽ, സുനിൽ വർഗീസ് FOMAA എക്സിക്യൂട്ടീവ് ടീമിലോ മറ്റു ഭാരവാഹി ആയോ സേവനമനുഷ്ഠിച്ചിരുന്നില്ല.
ബെന്നി വാച്ചാച്ചിറ 2023-ൽ ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് 2027 വരെ ആ സ്ഥാനത്ത് തുടരുന്നതായും ഹർജിയിൽ പറയുന്നു.
ഇക്കാലത്ത് 2023 നവംബർ 28 ന് ഭാരവാഹികൾ കൗൺസിൽ അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ നാല് FOMAA അംഗങ്ങൾ സുനിൽ വർഗീസിനെതിരെ പരാതി നൽകി. എതിർകക്ഷി അവർക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതായി അവർ അവകാശപ്പെട്ടു.
അതിന്റെ അന്വേഷണത്തിന് ശേഷം സുനിൽ വർഗീസിനെ രണ്ട് വർഷത്തേക്ക് FOMAAയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, സസ്‌പെൻഷൻ കാലയളവിൽ FOMAAയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനോ ഏതെങ്കിലും സ്ഥാനങ്ങൾ വഹിക്കാനോ അദ്ദേഹം യോഗ്യനല്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് എതിർകക്ഷിക്ക് ന്യായമായ കാരണങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 2025 നവംബർ 4-ന് കത്തിടപാടുകൾ വഴി സുനിൽ വർഗീസിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടു. അത് സുനിൽ വർഗീസ് നിരസിച്ചു.
ആരോപണങ്ങൾ മാനഹാനി ഉണ്ടാക്കിയെന്ന് ബെന്നി വാച്ചാച്ചിറയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ആരോപണങ്ങൾ പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപെപ്പടുന്നു. കൂടാതെ മതിയായ നഷ്ടപരിഹാരം (damages, exemplary damages) പ്രസ്താവനകൾ തെറ്റാണെന്ന് പ്രഖ്യാപിക്കൽ എന്നിവക്ക് പുറമെ കോടതിച്ചിലവ്, അറ്റോർണി ഫീസ് (declaratory relief, injunction, attorney’s fees, court costs) എന്നിവയും ആവശ്യപ്പെട്ടിരിക്കുന്നു.
കേസിൽ ജൂറി ട്രയലും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തിപരമായ കേസാണിതെന്നും സംഘടനയുമായി ബന്ധപ്പെട്ടതല്ലെന്നും ബെന്നി വാച്ചാച്ചിറ പറഞ്ഞു.
ഫോമായുടെ നേതൃത്വത്തിന് നൽകിയ ഒരു പരാതിയുടെ പേരിലാണ് ഈ കേസ് എന്ന് സുനിൽ വർഗീസിന്റെ മറുപടിയിൽ പറയുന്നു. പരാതികളുണ്ടെങ്കിൽ അത് ഉന്നയിക്കാൻ ഫോമായിൽ ജുഡീഷ്യൽ കൗൺസിൽ അടക്കം സംവിധാനമുണ്ട്. ആ സംവിധാനം താൻ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ പൊതു രംഗത്ത് പ്രസ്താവനകളൊന്നും ഇറക്കുകയോ ദുരുദ്ദേശപരമായി പെരുമാറുകയോ ചെയ്തിട്ടില്ല.
തന്നെ കേസിലേക്ക് തള്ളി വിടുകയാണ് ചെയ്തതെന്നും അതിനാൽ അത് നേരിടുകയല്ലാതെ മാർഗ്ഗമില്ലെന്നും സുനിൽ വർഗീസ് പറഞ്ഞു.
എന്തായാലും മുതിർന്ന നേതാക്കൾ ഇതിനു ഒരു പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട് .
ഫോമയുടെ രൂപീകരണചരിത്രം തന്നെ കോടതി വ്യവഹാരങ്ങളുടെയും സംഘടനാ തർക്കങ്ങളുടെയും പശ്ചാത്തലത്തിൽ ഉണ്ടായതാണെന്ന് ചൂണ്ടിക്കാട്ടുന്നവർ, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ജുഡീഷ്യൽ കൗൺസിൽ പോലുള്ള സംവിധാനങ്ങൾ രൂപീകരിച്ചതെന്നും ഓർമ്മിപ്പിക്കുന്നു.
സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനായി, വ്യക്തിപരമായ നിയമപോരാട്ടങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങാതെ, പ്രശ്നങ്ങൾ പരസ്പരസംവാദത്തിലൂടെയും സംഘടനയുടെ നിലവിലുള്ള സംവിധാനങ്ങളിലൂടെയും പരിഹരിക്കണമെന്ന അഭിപ്രായമാണ് അംഗങ്ങളിൽ പലരും മുന്നോട്ടുവെക്കുന്നത്.
ഫോമാ പോലൊരു വലിയ പ്രവാസി സംഘടനയ്ക്ക്, തിരഞ്ഞെടുപ്പ് കാലത്തും കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലും, ഇത്തരം കോടതി നടപടികൾ അനാവശ്യ വിവാദങ്ങളും ആഭ്യന്തര ഭിന്നതകളും സൃഷ്ടിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമാകുന്നത്.