Image

വിദേശഫണ്ട് സ്വീകരണവുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങളുമായി ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം

Published on 27 June, 2026
വിദേശഫണ്ട് സ്വീകരണവുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങളുമായി ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം

വിദേശത്തുനിന്ന് സിവിൽ, മത എൻജിഒകളും സംഘടനകളും ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും ചട്ടവട്ടങ്ങളും കൂടുതൽ കർക്കശമാക്കി ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം. ഇതനുസരിച്ച് നിയമലംഘനം നടത്തുന്ന സംഘടനകൾക്കും എൻജിഒകൾക്കും പിഴയ്ക്ക് പുറമെ, ഫണ്ട് മരവിപ്പിക്കൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവ നേരിടേണ്ടി വന്നേക്കാമെന്ന് പ്രാദേശികവൃത്തങ്ങളെ അധികരിച്ച് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2010-ലെ "വിദേശ ധനസഹായ നിയന്ത്രണ നിയമത്തിലാണ്" (Foreign Contribution Regulation Act - FCRA) ഭേദഗതികൾ വരുത്തിയിട്ടുള്ളത്.

വരാനിരിക്കുന്ന ചട്ടങ്ങൾ പ്രകാരം, സംഘടനകൾ തങ്ങളുടെ വിദേശ ധനസഹായം ഏത് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമെന്ന് മാത്രമല്ല, ഏത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാകും അവ വിനിയോഗിക്കപ്പെടുക എന്നതും മുൻകൂട്ടി വ്യക്തമാക്കേണ്ടതുണ്ട്. പിന്നീട് കൂട്ടിച്ചേർക്കപ്പെടുന്ന നിയോഗങ്ങളോ പ്രദേശങ്ങളോ ഉണ്ടെങ്കിൽ അവയ്ക്കായി അധിക ഫീസ് നൽകേണ്ടിവരുമെന്ന് ഫീദെസ് വിശദീകരിച്ചു. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒഎൻജികൾക്ക് പുതിയ ചട്ടങ്ങൾ പ്രകാരമുള്ള മാറ്റങ്ങൾ വരുത്താനായി ഒരുവർഷത്തെ സമയവും നൽകിയിട്ടുണ്ട്.

മതവുമായി ബന്ധപ്പെട്ട സംഘടനകളെയാകും നിലവിലെ മാറ്റങ്ങൾ കൂടുതലായി ബാധിക്കുക. വിദേശഫണ്ടുകൾ ഇന്ത്യൻ പൗരന്മാരുടെ മതപരിവർത്തനത്തിനായി ഉപയോഗിക്കരുതെന്ന് ഈ ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. അനുവദനീയമായ 105 പ്രവർത്തനങ്ങളുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചതായും ഫീദെസ് റിപ്പോർട്ട് ചെയ്തു.

അമ്പലങ്ങളുടെയും ദേവാലയങ്ങളുടെയും മോസ്കുകളുടെയും സിനഗോഗുകളുടെയും നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും വിശുദ്ധ ഗ്രന്ഥങ്ങളുടെ അച്ചടി, സമർപ്പിതരുടെ പരിശീലനം, തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ, തദ്ദേശീയ-ആദിവാസി മതപാരമ്പര്യങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി വിദേശ ഫണ്ടുകൾ ഉപയോഗിക്കാം. സമർപ്പിതരുടെ പരിശീലനരംഗത്ത് ഇത്തരം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ പരിശീലനത്തിന് മതപരിവർത്തന ലക്‌ഷ്യം ഉണ്ടാകരുതെന്നും നിയമം നിർദ്ദേശിക്കുന്നുണ്ട്.

നിലവിലെ ഭേദഗതികൾ 2026 ജൂൺ 22-ന് പ്രാബല്യത്തിൽ വന്നുവെന്നും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അസോസിയേഷനുകൾക്ക് വരുന്ന ഒരു വർഷത്തിനുള്ളിൽ ഈ ഭേദഗതികൾക്കനുസരിച്ച് കൃത്യമായ വിവരങ്ങൾ നൽകാനുള്ള സമയം ഉണ്ടെന്നും ഫീദെസ് അറിയിച്ചു.

അതേസമയം പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഭേദഗതി ബിൽ, നിലവിലെ നിബന്ധനകളും ചട്ടങ്ങളും മാറ്റിക്കൊണ്ടുള്ളതായിരിക്കും. ഇതനുസരിച്ച് വിദേശ ധനസഹായ നിയന്ത്രണ നിയമപ്രകാരം ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകൾ വിദേശ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള എന്തും പിടിച്ചെടുക്കാനും കൈകാര്യം ചെയ്യാനും വിൽക്കാനും അവകാശമുള്ള ഒരു അധികാരസംവിധാനം രൂപീകരിക്കാനാണ് ബിൽ നിർദേശിക്കുന്നത്.

പുതിയ ചട്ടവട്ടങ്ങൾ സംബന്ധിച്ച വാർത്തകൾ രാജ്യത്ത് നിരവധി പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്. വിദേശ സ്വാധീനവും ഇടപെടലും തടയാൻ ഇത്തരം മാറ്റങ്ങൾ ആവശ്യമാണെന്ന് സർക്കാരിനോട് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും സാമൂഹിക-മത സംഘടനകളും ഈ ചട്ടങ്ങൾ സർക്കാരിതര മേഖലയിലെ സാമൂഹിക, വിദ്യാഭ്യാസ, മാനുഷിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.

ഏതു മതത്തിലും വിശ്വസിക്കാനും, അത് ജീവിക്കാനും പ്രഘോഷിക്കാനും രാജ്യത്തിൻറെ ഭരണഘടന അനുവദിക്കുമ്പോൾത്തന്നെ, 1977-ലെ ചരിത്രപരമായ ഒരു വിധിയിൽ "മതവിശ്വാസം അറിയിക്കാനുള്ള സ്വാതന്ത്ര്യം മറ്റൊരാളെ പരിവർത്തനപ്പെടുത്താനുള്ള അവകാശം നൽകുന്നില്ലെന്ന്" സുപ്രീം കോടതി പ്രസ്താവിച്ചുവന്ന് ഫീദെസ് ഓർമ്മിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക