
അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച കാണിക്ക അടിച്ചുമാറ്റിയ സംഭവം ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്ട്രീയ-ഭരണപരമായ വിവാദമായി മാറിയിരിക്കുകയാണ്. ഇത് ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായ്‌യുടെ രാജിയിലേക്കും എട്ട് പേരുടെ അറസ്റ്റിലേക്കും നയിച്ചിരിക്കുകയാണ്. രാമക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും രാജി നല്‍കിയിരുന്നു. സംഭാവന കൊള്ളയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കാനാണ് പൊലീസ് നീക്കം. എന്നാല്‍ ചമ്പത് റായ് രാജിവെച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് സംഘടനാ വക്താവ് വിജയ്ശങ്കര്‍ തിവാരി പ്രതികരിച്ചു.
ക്ഷേത്രത്തില്‍ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തില്‍ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായവരില്‍ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ഇയാള്‍ക്ക് കാണിക്കയില്‍ നിന്നും എണ്ണുന്ന പണം ബാങ്കില്‍ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേര്‍ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാള്‍ ചമ്പത് റായിയുടെ ഡ്രൈവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരന്‍ ഒഴിക്കെ ബാക്കി ഏഴു പേരില്‍ നിന്നും ഏകദേശം 79.85 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ സാധാരണയായി തുറക്കുമ്പോള്‍ 6 മുതല്‍ 7 ലക്ഷം രൂപ വരെയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി 500 രൂപ നോട്ടുകളുടെ കെട്ടുകളില്‍ വലിയ കുറവ് അനുഭവപ്പെട്ടതോടെയാണ് ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിച്ച ട്രസ്റ്റ് അധികൃതര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് പണം എണ്ണുന്ന മുറിയില്‍ അധികൃതര്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. രഹസ്യ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ആസൂത്രിത നീക്കങ്ങള്‍ പുറത്തായത്. പണം എണ്ണുന്നതിനിടെ ഒരു ജീവനക്കാരന്‍ മുറിയിലെ ഔദ്യോഗിക സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ ബോധപൂര്‍വ്വം മറഞ്ഞു നില്‍ക്കും.
ഈ സമയം നോക്കി കൂട്ടാളി നോട്ടുകെട്ടുകളില്‍ നിന്ന് പണമെടുത്ത് വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കും. ബാങ്കിലേക്ക് പണം അയക്കുന്നതിന് മുന്‍പ് ഇവര്‍ ഓരോ നോട്ടുകെട്ടുകളിലും അധിക നോട്ടുകള്‍ തിരുകിക്കയറ്റും. ആകെ കെട്ടുകളുടെ എണ്ണം മാത്രം നോക്കി ഉദ്യോഗസ്ഥര്‍ വൗച്ചര്‍ ഒപ്പിടുമ്പോള്‍, ഓരോ കെട്ടിലുമുള്ള നോട്ടുകളുടെ എണ്ണം കൃത്യമായി പരിശോധിക്കാറില്ലായിരുന്നു. പിന്നീട് ബാങ്കിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ച് ഈ അധിക നോട്ടുകള്‍ പ്രതികള്‍ കൈക്കലാക്കും. ഇതോടെ വൗച്ചറിലെ തുകയും ബാങ്കിലെ തുകയും തുല്യമായിരിക്കുമെങ്കിലും വലിയൊരു തുക ചോര്‍ത്തപ്പെട്ടിരിക്കും. ക്ഷേത്രത്തിനുള്ളില്‍ വെച്ച് മോഷ്ടിക്കുന്ന പണം പ്രതികള്‍ ആദ്യം പരിസരങ്ങളിലെത്തന്നെ ബാത്ത്‌റൂമുകളിലാണ് ഒളിപ്പിച്ചിരുന്നത്.
പിന്നീട് അനുകൂലമായ സാഹചര്യം നോക്കി ഇത് പുറത്തേക്ക് കടത്തുകയും രഹസ്യകേന്ദ്രത്തില്‍ വെച്ച് പങ്കിട്ടെടുക്കുകയുമായിരുന്നു. 2024-ല്‍ ക്ഷേത്രം തുറന്നതുമുതല്‍ ഈ തട്ടിപ്പ് സംഘം സജീവമായിരുന്നു എന്നാണ് വിവരം. ഈ വര്‍ഷം ഏപ്രില്‍ 27 നും ജൂണ്‍ 5 നും ഇടയില്‍ മാത്രം 70 മോഷണങ്ങള്‍ നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പണം എണ്ണിത്തീര്‍ത്ത് പുറത്തുപോകുന്ന ജീവനക്കാരെ സുരക്ഷാ ജീവനക്കാര്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ചയാണ് പ്രതികള്‍ക്ക് തുണയായത്. ക്ഷേത്രത്തില്‍ നിന്ന് ഏതാണ്ട് 7 മുതല്‍ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത 79,85,493 രൂപ കോടതിയില്‍ ഹാജരാക്കിയതായി പ്രോസിക്യൂഷന്‍ ഓഫിസര്‍ കെ.സി വര്‍മ അറിയിച്ചു.
ഏതാനും ദിവസം മുമ്പ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരസ്യമായി ഉന്നയിച്ച ചില ചോദ്യങ്ങളില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പ്രഖ്യാപിക്കുകയും ആരോപണവിധേയരായവരുടെ വീടുകളില്‍ പരിശോധന നടത്തുകയും കണക്കില്‍ പെടാത്ത പണം വീണ്ടെടുക്കുകയും ചെയ്തു. കൂടാതെ ക്ഷേത്ര ജീവനക്കാരെയും ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ഉണ്ടായി. ഈ വിവാദം രാഷ്ട്രീയ രംഗത്ത് വലിയ പ്രതികരണങ്ങള്‍ക്ക് കാരണമാവുകയും ക്ഷേത്ര ഭരണസംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന ആവശ്യത്തിന് വഴിതെളിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് അഖിലേഷ് യാദവ് ക്രമക്കേടുകളെക്കുറിച്ച് ശക്തമായ ആരോപണമുന്നയിച്ചത്. അഭ്യന്തര ഓഡിറ്റുകള്‍ ഇതിനകം നടക്കുന്നുണ്ടെന്നും അതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ചമ്പത് റായ് ഇതിനോട് പ്രതികരിച്ചു. ജൂണ്‍ 13-ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തന്നെ അഭ്യര്‍ത്ഥനപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊട്ടടുത്ത ദിവസം, എസ്.ഐ.ടിയും ലോക്കല്‍ പോലീസും ചേര്‍ന്ന് കണക്കില്‍ പെടാത്ത 10 ലക്ഷം രൂപ കണ്ടെടുത്തു. ക്ഷേത്ര സംഭാവനകള്‍ എണ്ണാന്‍ താല്‍ക്കാലികമായി നിയമിച്ച ജീവനക്കാരിലൊരാളായ ലവ്കുഷ് മിശ്രയുടെ വീട്ടില്‍ പശുവിന്‍ ചാണകത്തിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പണം.
ജൂണ്‍ 17-ന്, അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനം വിളിച്ച് തന്റെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സംഭാവന എണ്ണുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാതായിട്ടുണ്ടെന്നും, ക്ഷേത്രത്തിന്റെ കണക്കുകളില്‍ ഒട്ടും സുതാര്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യയിലെ ഭൂമി കൈയേറ്റങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കകള്‍ ഉന്നയിച്ചു. ജൂണ്‍ 18-ന്, എസ്.ഐ.ടി ക്ഷേത്ര ജീവനക്കാരായ മായങ്ക്, ശിവം പാണ്ഡെ, ആശിഷ് ദുബെ, രത്‌നേഷ് എന്നിവരെയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സഹായിച്ച ആശിഷ് അഗ്‌നിഹോത്രിയെയും ചോദ്യം ചെയ്തു.
ജൂണ്‍ 19-ന്, എസ്.ഐ.ടി ചമ്പത് റായ്, ഡോ. മിശ്ര, ഗോപാല്‍ റാവു എന്നിവരെ ക്ഷേത്ര പരിസരത്ത് വെച്ച് വെവ്വേറെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. ബ്രാഞ്ച് മാനേജരും കാഷ്യറും ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിന് വിധേയമാക്കി. അന്ന് തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്രം സന്ദര്‍ശിക്കുകയും ഈ വിഷയം നേരിട്ട് പരാമര്‍ശിക്കുകയും ചെയ്തു. ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നും അന്വേഷണത്തിലൂടെ സത്യവും മിഥ്യയും വേര്‍തിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ജൂണ്‍ 20-ന്, രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിന്റെ മുഴുവന്‍ ഭരണസംവിധാനവും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. സംഭാവന വിവാദം മേല്‍നോട്ടത്തിലും ഉത്തരവാദിത്തത്തിലുമുള്ള ഗുരുതരമായ പരാജയങ്ങളാണ് പുറത്തുകൊണ്ടുവന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂണ്‍ 23-ന്, ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത് എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) സഞ്ജയ് പ്രസാദിന് സമര്‍പ്പിച്ചു. 24-ന്, അഖിലേഷ് യാദവ് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. വിശ്വഹിന്ദു പരിഷത്തും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേസ് ഒന്നിടവിട്ട ദിവസങ്ങളില്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.
ജൂണ്‍ 25-ന്, ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹന്റെ പരാതിയില്‍ കേസില്‍ ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കര്‍ യാദവ് (ടിന്നു) എന്നീ എട്ട് പേരുടെ പേരുകളാണ് എഫ്.ഐ.ആറില്‍ ഉള്ളത്. തിരിച്ചറിയാത്ത മറ്റ് ചിലരെയും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷനുകള്‍ 305, 306, 316(5), 317(4), 317(5), 61, 3(5) എന്നിവയും അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13 (1)(എ) പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. എട്ടുപേരെയും ഉത്തര്‍പ്രദേശ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇവരെ തിങ്കളാഴ്ച്ച പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.