
ഓൺലൈൻ ജേർണലുകളിലും ന്യൂസ് പോർട്ടുകളിലും ബ്ലോഗുകളിലും മറ്റുമായി മലയാളികൾ നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ച് ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ആഴത്തിലും പരപ്പിലുമുള്ള അന്വേഷണം...അതായിരുന്നു നഗരഹൃദയ കവാടത്തിൽ എന്നെ ഒറ്റയ്ക്കു പറിച്ചു നടാൻ കാരണമായത്.
ഒരു മനുഷ്യനിൽ പ്രവേശിക്കാൻ ഒന്നിൽക്കൂടുതൽ വഴികൾ നമ്മളിലേക്കു കടന്നു വരുന്നത് സ്വാഭാവികം.
എന്നാൽ,ഒരേ ചിന്തയുള്ള മനുഷ്യരിലേക്കെത്തിപ്പെടുന്നത് ഭാഗ്യം കൊണ്ടുകൂടിയല്ലേ?അങ്ങനെയൊരു വഴിയിൽ കണ്ടു മുട്ടിയതാണ് ലൂയിസിനെ.
എങ്ങനെയൊക്കെയോ ഞങ്ങളുടെ സൗഹൃദം കൂടുതലായ് ഉണരുകയായിരുന്നു.ലൂയിസ്, അയാളുടെ വാക്കുകളിലൂടെ വികാരഭരിതമായ അന്തരീക്ഷത്തിൽപച്ചവിരിയിട്ട പാടവരമ്പിലൂടെ, വൃക്ഷങ്ങൾക്കിടയിലൂടെ, ഗ്രാമത്തിന്റെ ദിക്കുകളിലൂടെയൊക്കെ എന്നെയും
കൂട്ടികൊണ്ടു പോകുക പതിവാണ്.അങ്ങനെ, സംസാരങ്ങൾക്കിടയിൽ അയാളുടെ അച്ഛനും അമ്മയും ഒരപകടത്തിൽ നഷ്ടപ്പെട്ടെന്നും,
സഹോദരൻ മാത്രമാണുള്ളതെന്നുമുള്ള അറിവ് വേദനയോടെ ഞാനും ഉൾക്കൊള്ളുകയായിരുന്നു.ഉദാരമനസ്കനും നല്ലൊരു വായനക്കാരനുമായ ലൂയിസ് കാഴ്ചയിൽ സുമുഖനും, ഉറച്ച ശരീരമുള്ളവനുമായിരുന്നു. ലൂയിസിനോട്ന്‍ അറിയാതെയൊരടുപ്പം ഉടലെടുത്തുവെന്നു പറഞ്ഞാൽ ഒട്ടും കളവല്ല. ഒരുപാടു കാരണം അതിനു തക്കതായത് മുന്നിലൂടെ കടന്നു പോയെന്നത് വേറൊരു സത്യവുമാണ്.
"താങ്കൾ എന്തുകൊണ്ട് എഴുതുന്നില്ല?ഇത്രയും അറിവുകളുള്ള താങ്കൾക്ക് എഴുതാൻ പ്രയാസമുണ്ടോ?"ഇതൊരു അനാവശ്യ ചോദ്യമാണെന്നെനിക്കറിയാമെങ്കിലും, പകരമൊരു പുഞ്ചിരി ഉത്തരം കിട്ടുമെന്ന ധാരണ തിരുത്തിക്കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.
"താങ്കൾ എഴുതൂ, വായിക്കാൻ ആളുകളുണ്ടാകും.ആധുനിക സാഹിത്യത്തിന്റ നിരൂപകനായി ചിലപ്പോൾ ഞാനുമെഴുതാം.എന്നിൽ പ്രതീക്ഷ വേണ്ട."
"എനിക്ക് വായിക്കാനാണേറെയിഷ്ടം."
എനിക്കയാളെ വിടാനുദ്ദേശമില്ലായിരുന്നു. പ്രതീക്ഷയുള്ളവരിൽ നമ്മൾ മനുഷ്യർ അങ്ങനെയാണല്ലോ! ഞാനയാളോട്
സംസാരം തുടർന്നുകൊണ്ടേയിരുന്നു.
"ലൂയിസ്, സത്യത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ വസ്തുക്കളെ,വസ്തുതകളെന്ന നിലയിൽത്തന്നെ അവതരിപ്പിക്കാതെ, രൂപാത്മക
ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അവയിലെ സത്യം ചോർന്നു പോകുന്നതായി അനുഭവപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ
താങ്കൾക്കൊന്നു ശ്രമിക്കരുതോ?"
ലൂയിസ്, എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്... ആ നിമിഷം അയാൾ പറയാതെ പറഞ്ഞ ഒരു വാക്ക് മൗനമായി എന്നെ നോക്കി പുഞ്ചിരി തൂകി.

വര : പി ആര്‍ രാജന്‍
"ഇല്ല മിഷാ, എനിക്കതിന് പറ്റില്ല.ഭാഷയുടെ തലത്തിൽ വരുത്തുന്ന പലസ്ഥാനാന്തരങ്ങളും നാടകീയതകളും,
വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വസ്തുക്കളെ ചേർത്തുവച്ച് നിർമ്മിക്കപ്പെടുന്ന നർമ്മങ്ങളുമെല്ലാം ചെറിയൊരു കാലയളവുകഴിയുമ്പോൾ ഓജസ്സറ്റ്,ആശയങ്ങളുടെ ചലന ശേഷിയെ ബാധിക്കുന്ന മേദസ്സ് മാത്രമായിത്തീരാം.നിന്നോടു ഞാനിതു പറയേണ്ടതില്ലല്ലോ!പ്രഭാഷണം വായിച്ചാൽ അറിയാവുന്നതാണ്."
ദഹനമില്ലാത്ത വാക്കുകളുടെ മാല ലൂയിസിന് എന്നുംസ്വന്തമായിരുന്നു.ഞാനവിടെ ഒരു കുട്ടിയെപ്പോലെ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു.
"ലൂയിസ്, അപ്പോൾ 'നിരൂപണ'മെന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്താ?""സാഹിത്യത്തിന്റ സാമൂഹിക ആഴത്തെ,
പരപ്പിനെയും-ബോധ്യപ്പെടുത്തുകയെന്നല്ലാതെ വേറെന്താണ് മിഷാ..."
ആ വിളിയിൽ നിറഞ്ഞ സ്നേഹം ഞാൻ എപ്പോഴൊക്കെയോ ഹൃദയത്തിൽ കോരിയിട്ടുവെന്നത് ഞാൻ മാത്രമറിഞ്ഞ സത്യം.
മൗനത്തിന്റ ഒരാരവത്തിനു ശേഷം, പിന്നീട് അടുത്തൊന്നും ലൂയിസിന്റ അടുത്തു പോകാൻ പറ്റിയിട്ടില്ല. ഒരു ഞായറാഴ്ചദിവസം ചുമ്മാതെ വിദൂരങ്ങളിലേക്കു കണ്ണും നട്ട്, ബാൽക്കണിയിൽ ലൂയിസിന്റ വരവും കാത്തിരിക്കുന്ന വേളയിൽ റോഡിലൂടെപോകുന്ന എഴുപതു വയസ്സു പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനിൽ എന്റെ കണ്ണുകളുടക്കി.മുൻപ് കണ്ടു പരിചയമുണ്ടെന്നതുപോലെ
അയാളെന്നെ നോക്കിച്ചിരിച്ചു. തിരിച്ചു ചിരിക്കുകയെന്ന മര്യാദ ഞാനും പാലിച്ചു. അയാളുടെ ഹാഫ്-കൈ ഷർട്ടിൽ നിറയെ
പൂക്കളുണ്ടായിരുന്നു. ലൂസ് പാന്റ്സ്. കൈയിൽ ഒരു ന്യൂസ് പേപ്പർ ആണെന്നു തോന്നുന്നു.വ്യക്‌തമായി മനസ്സിലായില്ല.
അയാൾ എന്റെ കണ്ണിൽനിന്നു മറഞ്ഞതും, ലൂയിസ് എന്റെ മുന്നിൽ പ്രത്യക്ഷപെട്ടതും ഒപ്പംതന്നെയായിരുന്നു.
നന്നായി വിയർത്ത്, ഷർട്ട് നനഞ്ഞിരിക്കുന്നു. കണ്ണിൽ എന്തോ ഒരു തിരയിളക്കം.പടവുകൾ ചാടിക്കയറിയതു കാരണം അയാൾ കിതച്ചുതന്നെ സംസാരം.ഞാൻ അങ്ങോട്ടു ചോദ്യം ഉന്നയിക്കുന്നതിനു മുൻപുതന്നെ അയാൾ ചോദിച്ചു:
"മിഷാ, എനിക്ക് നിന്റെയൊരു സഹായം വേണം."ഞെട്ടുകയല്ലാതെ വേറെന്തു വഴി!
അയാളെ കണ്ടതിന്റെ സന്തോഷം ഉള്ളിൽ അലയടിച്ചുവെങ്കിലും ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു:
"എന്തു സഹായം?""എനിക്കൊരാളോടു പ്രണയം തോന്നുന്നു.
പക്ഷേ, പറയാൻ പറ്റുന്നില്ല. നീയൊന്നു സഹായിക്കുമോ മിഷാ?"
'മിഷാ' എന്ന ഇത്തവണത്തെ വിളി നൊമ്പരം ഇടകലർന്നതുപോലെ തോന്നി.'
ഏറ്റവുംവലിയ പ്രണയം വിപ്ലവമാണെ'ന്നു പറഞ്ഞ മനുഷ്യനാണ് 'ഒരാളോടു പ്രണയ'മെന്നു പറയുന്നത്!സത്യത്തിൽ
അയാളോട് എനിക്കുള്ള പ്രണയമാണോ .ഇയാൾ പറയാനുദ്ദേശിച്ചത്അങ്ങനെയെങ്കിൽ എന്റെ അവസ്ഥ എന്താവും?
തന്റെ പ്രണയം തുറന്നു പറയാൻ സമയമായോ? വേണ്ട, നടക്കാത്ത സ്വപ്നത്തിനു വളമിടുന്നതു ശരിയല്ല.
"മിഷാ, നീയെന്താ ചിന്തിക്കുന്നത്? പറയൂ,സഹായിക്കുമോ?"
ഉള്ളിലുള്ള ചിന്തയെ അടക്കം ചെയ്ത്,കണ്ണുകൾ മറച്ചു പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു:
"തീർച്ചയായും ലൂയിസ്. ആരാണവൾ,നിങ്ങൾ സംസാരിച്ചിരുന്നോ?എവിടെയാണ് വീട്? പേരെന്താ?"
എന്നിലെ ആകാംക്ഷ കുത്തി നിറച്ച ചോദ്യത്തിന് വേഗം കൂടിയതിനാലാവാം, അയാൾ ചോദ്യത്തെ മുറിച്ചു കടന്നു.
"നീയിങ്ങനെ വെപ്രാളം പിടിക്കാതെ!കാര്യം ഞാൻ പറഞ്ഞുതരാം.വരൂ, ഇവിടെ ഇരിക്കൂ."
ഒരു പാവയെപ്പോലെ ഞാൻ അയാൾ പറഞ്ഞത് അനുസരിച്ചു. അയാൾ തന്റെ ചുണ്ടുകൾ നനച്ചു രക്തവർണ്ണമാക്കി.പതിവിലും സൗന്ദര്യം പെട്ടെന്ന് അയാളിൽ തോന്നി. അറിയാതെ ഒരു നിമിഷം പ്രണയവിവശയായി.തന്നോടുതന്നെയുള്ള പ്രണയം അയാൾ പറയുകയാണെന്ന ധാരണ എന്നിൽ തളംകെട്ടി നിന്നു.
അയാൾ കസേര നീക്കി എന്റെ അരികിൽ വന്നിരുന്നു. അപ്പോൾ അയാൾക്കു ചുറ്റും ചിത്രശലഭങ്ങൾ പറക്കുന്നതുപോലെ എനിക്കു തോന്നി. അയാളുടെ ചെവിയും മൂക്കും കൂടുതൽ ചുവന്നിരിക്കുന്നു.കൈകൾ പരസ്പരംചേർത്തുപിടിച്ചിരിക്കുന്നു.എന്തുകൊണ്ടോ അയാളെആദ്യമായി കാണുന്നതുപോലെ! ഞാൻ, അയാൾ പറയുന്നതു കേൾക്കാൻ ശ്രദ്ധയോടെയിരുന്നു.
അയാൾ പറഞ്ഞു തുടങ്ങി:"മിഷാ, ഞാനവളെ ആദ്യമായി കാണുന്നത് ശോകവും മൂകവുമായ,എന്റെ കരിമ്പടത്തിനുള്ളിലെ സ്വപ്നങ്ങളിലായിരുന്നു. സന്ധ്യയ്ക്കു കുളിച്ച്, ഈറനായി, നീണ്ട മുടി നിവർത്തിയിട്ട്... അവളെന്റെ ഹൃദയത്തിന്റെ
പടിവാതിലിൽ നിൽക്കുമ്പോൾ ചന്ദനത്തിന്റ ഗന്ധമാണ്! അത് പതുക്കെ എന്നെ മത്തുപിടിപ്പിക്കും. അവളുടെ
പാദസരക്കിലുക്കം എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കും. ആ നേരങ്ങളിൽ മൊത്തം അവളുടെ ആലിംഗനത്തിൽ ഞാനെന്നെ പൂർണ്ണമായും നഷ്ടപ്പെടുത്തി മയങ്ങും!ഒരിക്കലുമുണരാതിരുന്നെങ്കിലെന്ന് ഉണരുമ്പോൾ ചിന്തിക്കും."
ലൂയിസ് പറയുന്നത് എന്നെയല്ലെന്നതു നന്നായി മനസ്സിലാക്കിയപ്പോൾ, വേദന അടക്കിപ്പിടിച്ചു.
'അല്ലെങ്കിലും പെണ്ണായാൽ സ്വയനിലആവശ്യംതന്നെ.' ഉള്ള മനസ്സ് നിലനിർത്തി
ചോദിച്ചു:
"ലൂയിസ്, നിങ്ങൾ ആളെ പറയൂ..."
"ഞാൻ അവളിലേക്കെത്തിയ കഥ മുഴുവൻ പറയട്ടെ, ധൃതിവയ്ക്കാതെ!
ഏതായാലും പേരു പറയാം, 'അഞ്ജലി'."
"നല്ല പേര്. ബാക്കി കഥകൂടി കേൾക്കട്ടെ."
സത്യത്തിന്റെ മുഖം ചിലപ്പോൾ വേദനയുടേതെന്നു പറയുന്നത് തെറ്റല്ല. എങ്കിലും തന്നെക്കാൾ മികച്ച ഒരുവൾ ലൂയിസിന്റ ഹൃദയംകൈയടക്കിയിട്ടുണ്ടെങ്കിൽ അതറിയാൻ തന്നിലും ആകാംക്ഷ ഉണ്ടാകുമല്ലോ...
ലൂയിസ് പറയുന്ന കഥ എന്തുതന്നെയാണെങ്കിലും കേട്ടിരിക്കാനുള്ള മനസ്സിന്റെ പാകത അപ്പോഴേക്കും ഞാൻ നേടിയിരുന്നു.
അയാൾ പറയുന്നത് കാതുകൾ കൂർപ്പിച്ചു കേൾക്കാൻ തുടങ്ങി.

വര : പി ആര്‍ രാജന്‍
"കഴിഞ്ഞ ദിവസം എന്റെ നാടായ തോപ്പിൻകുടിയിലേക്ക് യാത്ര തിരിച്ചപ്പോൾ, ട്രെയിൻ വരുന്നതുവരെ ഞാൻ ബുക്ക് വായിച്ചും സ്വയം സംസാരിച്ചുമിരിക്കുകയായിരുന്നു.പ്ലാറ്റ്ഫോമിലൂടെ ഒഴുകുന്ന കാറ്റിന്റെ ഇടയിൽ അവൾ വീണ്ടും എന്നിലേക്കു കയറിവന്നു. അവളിലേക്കിറങ്ങിച്ചെല്ലാൻ പാകമായി ഞാനിരിക്കുമ്പോൾത്തന്നെയാണ് ട്രെയിൻ വന്നത്. ജസ്റ്റ് ഒരു 'ഹലോ'യിൽ കാര്യം പറഞ്ഞവസാനിപ്പിക്കേണ്ടിവന്നു."
"ശ്ശോ, കഷ്ടം! ഇതാണേൽ പിന്നെ എന്നോട് പറയാൻ വരണായിരുന്നോ?"
ഞാൻ വിചാരിച്ചത് പറയാതെ പോയൊരു പരിഭവത്തിൽ ഞാൻ ലൂയിസിനോട് കെറുവിച്ചു.
"ഞാനതിന് നിന്നോട് പറഞ്ഞു തീർന്നോ?എപ്പോഴും തോക്കിൽക്കേറി വെടിവെക്കുക നിന്റെ സ്വഭാവം തന്നെ," ലൂയിസ് ചിരിച്ചുകൊണ്ടു പറഞ്ഞു.
ലൂയിസിന്റ മുഖത്തെ ചിരി കണ്ടപ്പോൾ എന്തോ ഒരു സന്തോഷമെന്നിലുണ്ടായി. കാരണം, വന്നു കേറിയ ലൂയിസല്ല ഇപ്പോൾ എന്നതാണ് സത്യം.
"പിന്നെ എന്താ ഉണ്ടായത്? അതു പറ."
"പിന്നെ ട്രെയിനിൽക്കയറി, ഞാൻ ചരിത്രവുംമതവും, സമൂഹവുമൊത്ത ഭാഷാ ചേതോവികാരത്തിൽ ലയിച്ചിരുന്നു.
വീണ്ടും ഏതോ വഴിയിലൂടെ 'അഞ്ജലി'യുടെ ചിന്തയിൽ ഞാനിറങ്ങി."
"ചിന്തയിൽ മാത്രമോ?"
"നിന്നോട് പറഞ്ഞു, ഇടയിൽ കേറി ചോദ്യം ചോദിച്ച്, പറയുന്ന ഫ്ലോ ഇല്ലാതാക്കാതെ!" ലൂയിസ് ഇത്തിരി അസ്വസ്ഥതയോടെ പറഞ്ഞു.
"ഓക്കേ, നീ പറ."
ഒരു ചമ്മലെന്നിലുണ്ടായി, ഞാനെന്ന മനുഷ്യസ്ത്രീയുടെ സ്വഭാവമോർത്ത്.
"മിഷാ, നിനക്കറിയോ, പുഞ്ചിരിക്കുന്ന ഒരു മുഖമൊരിക്കലും ഞാനവളിൽ കണ്ടിട്ടില്ല. ദേഷ്യമുള്ള നോട്ടങ്ങൾ മാത്രം!
ആ സമയം ഭൂമിയും, ആകാശവും,എന്തിനോ നിലവിളിക്കുന്നതുപോലെ എനിക്കു തോന്നുന്നു. ഇങ്ങനെയുള്ളവളിൽ ഒരു പ്രണയം ഞാനെങ്ങനെ നിക്ഷേപിക്കും?അതിന് നിന്റെ സഹായമെനിക്കാവശ്യമാണ്."
"മിഷാ, ഉള്ളിലുള്ള നീറ്റൽ ഒരുപാട്!പക്ഷെ പ്രണയം മാത്രം പറയാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് ഈ കഥ നീതന്നെ
പൂർണ്ണമാക്കണം."
പെട്ടെന്നൊരു ഞെട്ടലെന്നിലുണ്ടായി.
"ലൂയിസ്, നീയെന്താ പറഞ്ഞത് കഥയോ?"
"അതെ കഥ, 'അഞ്ജലി'യെന്ന പേരിട്ട കഥ. പ്രണയം എന്നെക്കൊണ്ടു പറ്റില്ല.നീ തന്നെയിത് എഴുതണം, പ്ലീസ്..."
ലൂയിസ് പറഞ്ഞതു കേട്ട് ചിരിക്കണോ കരയണോയെന്നവസ്ഥ. ചിലപ്പോൾ ചില കഥ സീരിയസായി വായിച്ചു പോകുമ്പോൾ ചുമ്മാ അതു കഥയാണ്, അല്ലെങ്കിൽ സ്വപ്നമാണ് എന്നൊക്കെ വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരവസ്ഥ എന്നിലും അപ്പോൾ സംജാതകമായി.
പക്ഷേ, ഉള്ളിൽ സന്തോഷം നുരഞ്ഞുപൊന്തി,അതൊരു കഥയാണെന്നോർത്ത്.ഉള്ളിലുള്ള സംഘർഷം ആകെ കെട്ടടങ്ങി. ശാന്തമായി കുറച്ചുകൂടി അരികിൽ ഞാൻ കസേര വലിച്ചിട്ടു ഗൗരവം കളയാതെ ചോദിച്ചു:
"ഇതെന്തൊരു ഭ്രാന്താണ് ലൂയിസ്,നിങ്ങൾ നോർമൽ തന്നെയല്ലേ?
എഴുതാൻ ഞാനില്ലയെന്ന് പറഞ്ഞ നിങ്ങൾ കഥ ആലോചിച്ചതുതന്നെ സന്തോഷമുള്ള കാര്യം."
"പക്ഷേ, നിങ്ങളുടെ ചിന്തയുടെ കാഠിന്യത്തിലൂടെ നിങ്ങൾതന്നെ യാത്ര ചെയ്താലത് മനോഹരം. അവിടെ
ഞാനൊരധികപ്പറ്റു മാത്രമാകും.നിങ്ങൾക്ക് 'അഞ്ജലി'യിലെത്താൻ പറ്റാത്തതിൽ അദ്ഭുതമൊന്നുമില്ല.
കാരണം,ഒരു പ്രതേക ചിന്ത നിങ്ങളിൽ ഉടലെടുത്തിരിക്കുന്നു. അതേ സമയം നിങ്ങൾക്ക് സാധിക്കില്ലെന്ന
അപകടകരമായ ചില ചിന്തകൾ നിങ്ങളെ അലഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്നു."
"ലൂയിസ്, ഒരിക്കലുമെനിക്ക് നിങ്ങളുടെ 'അഞ്‌ജലി'യിലെത്താൻ സാധിക്കില്ല.
പക്ഷേ, നിങ്ങൾക്കതിനു പറ്റും. താളാത്മകമായ ഹൃദയത്തിൽ എഴുതപ്പെട്ടത് എനിക്ക് വായിക്കാൻ
പറ്റുന്നുണ്ട്. എല്ലാ വായനാ സാധ്യതയും നിങ്ങളിലുണ്ട്. ലൂയിസ്, നിങ്ങളുടെ കുറിമാനത്തിന്റെ ഹൃദയത്തിൽ
ഉത്കണ്ഠയുടെ അക്ഷരങ്ങൾ പെറുക്കിയിങ്ങനെ എഴുതിത്തുടങ്ങൂ."
"പ്രിയപ്പെട്ട അഞ്ജലി... "
"യെസ്, അതുതന്നെ മിഷാ..."
"ഇതായിരുന്നെനിക്കു വേണ്ടത്. നിങ്ങളിൽനിന്ന് അതെനിക്കു കിട്ടി."
ലൂയിസ് എഴുന്നേറ്റ്,എന്റെ ചുമൽ പിടിച്ചു കുലുക്കി.ഞാനൊന്നു വല്ലാതായെങ്കിലും അയാൾ അഞ്‌ജലിയിലെത്താൻ
ആവേശ ഭരിതനായിരുന്നു.അയാൾക്കു ഭ്രാന്ത് പിടിച്ചോയെന്നുവരെ തോന്നി.അതിനുമാത്രമെന്താണ് ഞാൻ പറഞ്ഞ
തെന്ന ചിന്തതന്നെ കാരണം.
ചിലപ്പോൾ ചില വാക്കുകൾ മനുഷ്യനെ എങ്ങനെയൊക്കെ മോട്ടിവേറ്റ് ചെയ്യുന്നുന്നുവെന്ന് ഈ അവസരം ഞാനുമോർത്തു.
അയാളെന്റ പടിക്കെട്ടുകൾ ഓടിയിറങ്ങി.അപ്പോഴും എന്റെ അടങ്ങാത്ത പ്രണയം- അയാളോടുള്ളത്-
ആളിക്കത്തിക്കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നുപോയിക്കൊണ്ടേയിരുന്നു.
റോഡരികിൽ ഒരുദ്യാനമുണ്ട്. വളരെ കുഞ്ഞു സ്ഥലപരിമിതിയിൽ,വസന്തത്തിൽ പൂക്കുന്ന, മഞ്ഞയും
റോസും കലർന്ന പൂക്കളുള്ള ഒരു കുഞ്ഞുദ്യാനം. ഓരോ വസന്തത്തിലും ഞാനതു നോക്കി നിൽക്കാറുണ്ട്.
അങ്ങനെ ബാൽക്കണിയിൽ നോക്കി നിൽക്കുമ്പോൾ ഒരു വൃദ്ധൻ അവിടെയുള്ള ഒരു പൂവിറുത്ത്,
മണത്തു നോക്കുന്നു.അല്ലേലും നമ്മൾ മനുഷ്യർ അങ്ങനെതന്നെ...
'സൗന്ദര്യമുള്ളതിനു സൗരഭ്യമുണ്ടെ'ന്ന വ്യർത്ഥ ചിന്തയ്ക്കടിമ. ചില മനുഷ്യരും ഇങ്ങനെയൊക്കെത്തന്നെയല്ലേ? 'അതേ'യെന്ന് സ്വയം ഉത്തരം മൂളി
ഞാനെന്റെ ചിന്തകൾക്ക് അറുതി നൽകി. അയാളപ്പോൾ നിർത്താതെതുമ്മിക്കൊണ്ട് നടന്നു പോകുന്നതു
കണ്ടു. വൃദ്ധന് പൂവു നൽകിയ സമ്മാനം!പിന്നെയും പല തവണ വൃദ്ധൻഅതിലൂടെ കടന്നു പോകുകയും എന്തെങ്കിലും ചേഷ്ട കാണിച്ച്,
എന്റെ ശ്രദ്ധ അങ്ങോട്ടാകർഷിക്കുകയും ചെയ്യുന്നതു പതിവായി. അയാളെ കാണുന്ന ദിവസം ലൂയിസ് കടന്നു വരികയും 'അഞ്ജലി'യെന്ന
വിഷയമൊഴിച്ച്,ബാക്കി സംസാരങ്ങൾ നടക്കുകയും പതിവായി. ഒരുനാൾ ലൂയിസ് വീണ്ടും വരാതെയായി.
മൂന്നു മാസം ഞാനും ലൂയിസും തമ്മിൽ കണ്ടതേയില്ല. എന്റെ വിളറിയ കണ്ണുകൾ ഗേറ്റിൽ നോക്കിയിരിക്കുക പതിവായി.
'അഞ്‌ജലി'യിൽ എത്താനുള്ള സാധ്യതയെ മാനിച്ചുകൊണ്ട് ഞാനയാളെ മനഃപൂർവം വിളിച്ചു ശല്യം ചെയ്തില്ല.
ആ സമയം ഞാനെന്റെ റിസേർച്ചുമായി മുന്നോട്ടു പോയി.പക്ഷെ അന്നും ആ അദ്ഭുതം സംഭവിച്ചു!
വൃദ്ധൻ പത്തു വയസ്സു പ്രായമായ ഒരാൺകുട്ടിക്ക് എന്നെ ചൂണ്ടിക്കാണിച്ചു
കൊടുത്ത്, കൈവീശിപ്പിക്കുന്നു.ഞാൻ തിരിച്ചും കൈവീശി ചിരിച്ചു.ബാൽക്കണിയിൽനിന്ന് റൂമിലേക്കു പോകാൻ നോക്കിയതും, ഗേറ്റു
തുറക്കുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ ലൂയിസ് ഗേറ്റിനരികിൽ നിന്ന് കൈവീശുന്നു. എന്തുകൊണ്ടോ ഞാനോർത്തു ആ വൃദ്ധനെ കാണുന്ന
ദിവസം ലൂയിസിനെ കാണുന്നുണ്ടെന്ന സത്യം. ഉള്ളിലെസന്തോഷം വീണ്ടും അലതല്ലി. പക്ഷെ ലൂയിസിന്റ രൂപം
കണ്ടപ്പോൾ എന്തോ ഒരു പന്തികേടും തോന്നി.
ലൂയിസ്, മുടിയും താടിയും വളർത്തി ഒരു ഭ്രാന്തനെപ്പോലെ കടന്നുവന്നു.പതിവു പടികൾ കയറി, പതിവിരിപ്പിടത്തിൽ ഇരുന്നുകൊണ്ട് ലൂയിസ് എന്നെ നോക്കി ചോദിച്ചു. യാതൊരു മുഖവുരയുമില്ലാതെ:"മിഷാ, നിനക്കെന്നെ പ്രണയിക്കാൻ പറ്റുമോ?"
ഒരിക്കൽ താൻ കേൾക്കാനാഗ്രഹിച്ച വാക്കുകൾ തന്നെയാണെങ്കിലും,ശക്തമായ സ്വന്തം നിലപാടുകൾക്ക് അടിമപ്പെടുത്താൻ ബോധം ശ്രമിച്ചു.
പക്ഷേ, പരാജിത ഭാവത്തിൽഞാനയാളോടു പറഞ്ഞു; കാരണം ഒരിക്കലും നടക്കുമെന്നുറപ്പില്ലാത്ത ചിലതിനും നമ്മൾ ഉത്തരം കൊടുക്കുമല്ലോ.
"തീർച്ചയായും ലൂയിസ്, നിങ്ങളൊരു മഹാനാണ്. നിങ്ങളെ ആർക്കാണിഷ്ടമല്ലാത്തത്!"
"യെസ്, ഇഷ്ടം തന്നെ മിഷാ... സഹോദരനായി മാത്രം, ല്ലേ?"
"എന്താ സഹോദരനെ പ്രണയിക്കാൻ പാടില്ലേ? നിങ്ങൾ തന്നെയെന്നോടു പറഞ്ഞത് ഓർമ്മയില്ലേ?"
"പ്രണയം അതിന്റെ തലങ്ങൾ ഓരോ ആളിൽ മാറിമറിഞ്ഞു വരുമ്പോൾ ഓരോന്ന് എന്നിലും നിന്നിലുമൊക്കെ... അതുതന്നെ."
"നീ എന്നെ പ്രണയിക്കാൻ എന്താണ് എന്റെ മേന്മ?"
ലൂയിസ് അയാളുടെ മുടി മുകളിലേക്ക് ഉയർത്തിക്കെട്ടി, താടി ചുമ്മാ ഉഴിഞ്ഞുകൊണ്ടേയിരുന്നു. എന്തോ, പതിവിലും സ്വഭാവത്തിൽ മാറ്റമുള്ളതായി നോട്ടത്തിൽ മാത്രം അനുഭവപ്പെട്ടു.
അവിടെ ടേബിളിൽ അലസമായ് വച്ച ന്യൂസ്‌പേപ്പർ ചുമ്മാ മടക്കി കൈയിൽ വച്ചു. വെറുതേ, അതു വീണ്ടുമെന്നിൽ വൃദ്ധനെ ഓർമ്മിപ്പിച്ചു. ഞാൻ
വരണ്ടുണങ്ങിയ തൊണ്ട ഉമിനീർകൊണ്ട് നനച്ചു പറഞ്ഞു:
"ലൂയിസ്, നിങ്ങളൊരു മനുഷ്യനാണ്.അതാണു നിങ്ങളുടെ യോഗ്യത.നിങ്ങളിൽ ഒരു മൃഗം ഇറങ്ങി വരുമ്പോൾ, ഞാൻ നിങ്ങൾ തന്ന പ്രണയം തിരിച്ച് ഊറ്റി, എന്നിൽത്തന്നെ നിക്ഷേപിക്കും."
"ഗ്രേറ്റ് മിഷാ, നിങ്ങളിപ്പോഴാണ് യഥാർത്ഥത്തിൽ ജീവിതം പഠിച്ചത്."
ലൂയിസ് ഇതെന്നോടു പറയുകയും ഉറക്കെ കൈയടിക്കുകയും ചെയ്തു.
എന്തോ ഒരു ഭയം എന്നിൽ ഉടലെടുത്തു. എന്താണ് ഇയാൾക്കു പറ്റിയതെന്നറിയില്ല.
ക്ഷമയോടെ മാത്രം കൈകാര്യം ചെയ്യേണ്ട അവസരം തന്നെ. ഈ നഗര ഹൃദയത്തിൽ മാത്രമേ ഇങ്ങനെയൊരു സൗഹൃദം നിലനിൽക്കൂ. തന്റെയോ അയാളുടെയോ നാട്ടിലാണെങ്കിൽ എത്രതവണ കെട്ടിച്ചു കാണണം ഞങ്ങളെ പരസ്പരം! നാട്ടുകാരെ ഓർക്കാനേ വയ്യ!
"ഞാൻ മിഷയുടെ കൂടുതലുള്ള ചിന്തയ്ക്ക് വക നൽകുന്നില്ല. ഞാനും എന്റെ ചോദ്യവും കോലവും ഒക്കെയാവും നിന്റെ ചോദ്യം. ഉത്തരമെന്നിലില്ല,അതിനാൽ ഞാൻ പോകുന്നു. ഒരു കാര്യം ഞാൻ പറയാം മിഷാ... മുറിവേറ്റ ഹൃദയത്തിൽ നിങ്ങളുടെ സ്നേഹം
ലേപനം തന്നെയായിരുന്നു. നിങ്ങളുടെ സ്നേഹം, ശക്തിയും ആത്മവിശ്വാസവും തന്നു. നിങ്ങളെപ്പോലൊരാൾ ചുറ്റുവീക്ഷണം കണക്കാക്കാതെ
എനിക്കു തന്ന പരിഗണന വലുതുതന്നെ."
"ലൂയിസ് താങ്കൾക്കെന്താണു പറ്റിയത്, അതു പറയൂ. 'അഞ്ജലി' കഥയെഴുതി എവിടെവരെയായി? കാര്യങ്ങൾ തുറന്നുപറയാൻ പറ്റാത്ത വിധം നിങ്ങളെന്നിൽ നിന്നകന്നോ?"
ദേഷ്യവും സങ്കടവും ഒരു പോലെയെന്നിൽ അപ്പോഴേക്കും വർഷിച്ചിരുന്നു.
"മിഷാ, ചിന്തകനായ ജീൻ പോൾ സാർത്രേ പറഞ്ഞിട്ടുണ്ട്, 'എല്ലാം രൂപവത്കൃതമായിട്ടുണ്ട്, ജീവിക്കേണ്ടത്
എങ്ങനെയെന്നൊഴിച്ച്!'"
"സത്യത്തിൽ അത്, തനിക്കു തന്നൊരു സൂചന മാത്രമായിരിക്കുമയാൾ!"
"മനമെങ്ങനെയോ, മാനവനങ്ങനെ!"
"ഏതായാലും നമുക്ക് വീണ്ടും കാണുന്നതു വരെ കാത്തിരിക്കാം. അപ്പോഴേക്കും
ചില ജോലികളെന്നിലും ബാക്കി..."
ലൂയിസ് പതിവുപോലെ പടിക്കെട്ടുകൾ ഓടിയിറങ്ങിയില്ല. പകരം, ഒരു മദ്യപാനിയുടെ തെറ്റിയ താളം
അയാളുടെ നടത്തത്തിൽ ദൃശ്യമായി.
ഒരു കാറ്റുപോലും എന്നിലൂടെ കടന്നു പോകാൻ മടിച്ചു. വല്ലാതെ ശ്വാസം മുട്ടുന്നത് തോന്നൽ മാത്രമോ? അറിയില്ല!
ജീവിതം വീണ്ടും സ്വസ്ഥതകളിലേക്കു നീങ്ങി. എന്റെ ജോലികൾ പൂർത്തീകരിച്ചു,ഞാനും നാട്ടിൽ പോകാനൊരുങ്ങി. പോകുന്നതിനു മുമ്പേ ഒരിക്കൽക്കൂടി ലൂയിസിനെ കാണാൻ ആഗ്രഹം ഉള്ളിൽ തിരതല്ലി. എന്തിനോ ആ വൃദ്ധൻ വീണ്ടും വരാൻ ഞാൻ കൊതിച്ചു. ചിലപ്പോൾ പലപ്പോഴും നടന്നത് വീണ്ടും സംഭവിച്ചാൽ! മനുഷ്യൻ ചിലപ്പോൾ ചില വിശ്വാസങ്ങൾക്ക് അടിമപ്പെടുന്നത് ഇങ്ങനെയൊക്കെത്തന്നെയായിരിക്കും.
കാലങ്ങൾ അഴിച്ചിടുമ്പോൾ ലൂയിസ് ഹൃദയ വാതിലിൽ കയറിയിരിക്കുക പതിവായി. നഗരത്തിൽനിന്ന് നാട്ടിലേക്കെത്തിയിട്ട് ഇന്നേക്ക് മൂന്നു വർഷവും രണ്ടു മാസവും. അയാൾക്കു പകരം കൈപിടിച്ചു നടക്കാൻ ഒരാളുണ്ട്,എന്നിട്ടുമെന്തിനോ അയാളെ വീണ്ടും കാണുവാൻ ആഗ്രഹം
തുളുമ്പി. കാരണം, 'അഞ്ജലി'യെന്ന കഥ ലൂയിസ്എഴുതിയെങ്കിൽ അതിൽ എന്തെന്നറിയാനുള്ള ആഗ്രഹം,ആകാംക്ഷ. എന്തുകൊണ്ട് പിന്നീടയാൾ തന്നെക്കാണാൻ വന്നില്ലെന്ന ചോദ്യം. പറയാൻ ബാക്കിവച്ച അയാളെ തകർത്ത കാര്യങ്ങൾ...അങ്ങനെയങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ അറിയാൻ തോന്നി. വീണ്ടും ആ നഗര ഹൃദയത്തിൽ അതേ വീട്ടിൽ ഞാൻ വന്നിറങ്ങി. പക്ഷേ അവിടെ പുതിയ വാടകക്കാർ വന്നിരിക്കുന്നുവെന്ന പറയാതെതന്നെ അറിയാമെങ്കിലും,ചുമ്മാ ഒന്നവിടെ ആ ഗേറ്റ് തുറന്നു.
തന്റെ സ്ഥിരം ബാൽക്കണിയിലേക്ക് ഒന്നു നോക്കി.പക്ഷേ, പ്രതീക്ഷിക്കാതെ ആ വാതിൽ തുറന്നു. അതേ, അത് താൻ കണ്ട മുഖം, ആ വൃദ്ധൻ! അയാളെ അടുത്തു കാണുന്നത് ഇതാദ്യമായാണ്.
കണ്ണുകളിൽ പ്രകാശം, മുഖത്ത് സന്തോഷം നിറഞ്ഞ അവസ്ഥ.
പക്ഷേ താൻ എന്തെങ്കിലും ചോദിക്കും മുമ്പേ അയാൾ ഒരക്ഷരം പറയാതെ അകത്തേക്കു നടന്നു. എന്തോ,ഉള്ളിലേക്കു കയറാൻ എന്നിലെ
മാന്യത സമ്മതിച്ചില്ല. എന്നും കൈവീശി ചിരിച്ചു പോയിരുന്ന മനുഷ്യനിന്ന്
എന്നെക്കണ്ടപ്പോൾ ഇങ്ങനെയൊക്കെ...എന്നിൽ വല്ലാതെ വിഷമം ഉറഞ്ഞുകൂടി.
തിരിച്ചു നടക്കാൻ ആരംഭിച്ചതും, അയാളെന്നെ വിളിച്ചു. ഉള്ളിലേക്കു ക്ഷണിച്ചു. ഇരിക്കാൻ പറഞ്ഞതിനു
ശേഷം ഭാര്യയോട് ജ്യൂസെടുക്കാൻ നിർദ്ദേശംകൊടുത്തു. അയാൾ ഭാര്യയെ വിളിക്കാൻ പോയതായിരുന്നു.
ഞാൻ ഉള്ളിൽ കയറി ഇരിക്കുമെന്ന് അയാൾ കരുതി.
ചിലപ്പോൾ നമ്മൾ ഇങ്ങനെയാണ്.
നമ്മുടെ തോന്നലുകൾക്ക് മറ്റുള്ളവരെ ഇരയാക്കി, സ്വയം നല്ലതു ചമയും. അതുതന്നെയാണ് ഇവിടെയും
സംഭവിച്ചത്. ഓരോ മനുഷ്യനിലും സ്വഭാവം ഓരോ തരത്തിൽ!
അയാൾ പറഞ്ഞതിനു ശേഷമാണ് അത് അയാളുടെ വീടായിരുന്നുവെന്നും മക്കൾ പുതിയ വീടെടുത്തപ്പോൾ
ആ വീട് വാടകയ്ക്ക് കൊടുത്തതാണെന്നും അറിഞ്ഞത്. അതുകൊണ്ടുതന്നെ ആ വീടു കാണാനാണ് അദ്ദേഹത്തിന്റെ ഈ നടത്തമെന്നും.ഞാനവിടെനിന്നിറങ്ങിയതിനു ശേഷം വേറേ ഒരാൾകൂടി വന്നിരുന്നു.
അവർ ഒരു വർഷം മാത്രം നിന്നു. പിന്നീട് ആയാളും ഭാര്യയും മകനോടു തെറ്റി അവിടെത്തന്നെ തിരിച്ചു വന്നതാണ്.
അദ്ദേഹത്തിന്റെ കഥ കേൾക്കുന്നതിനിടയിൽ ഞാൻ ലൂയിസിനെപ്പറ്റി അന്വേഷണം നടത്തി. പക്ഷേ പിന്നെയാരും കണ്ടതായി പറഞ്ഞില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അയാൾ ഒരു പുസ്തകം എനിക്കു നേരേ നീട്ടി.
"ഈ അഡ്രസ്സിൽ നിനക്കു വന്ന പുസ്തകമാണിത്. ഞാൻ പൊട്ടിച്ചു വായിച്ചില്ല. സൂക്ഷിച്ചു വച്ചതാണ്,
നീ എന്നെങ്കിലും വരുമെങ്കിൽ തരാനായി."
അയാളതും പറഞ്ഞുകൊണ്ട് പുസ്തകമെനിക്കു തന്നു.
എന്തുകൊണ്ടോ, ആ വൃദ്ധനോട് ബഹുമാനം തോന്നി. ഞാൻ അയാളുടെ മുന്നിൽ നിന്നുതന്നെ പൊതിയഴിച്ചു.
അതിന്റെ പേര് 'അഞ്ജലി' എന്നായിരുന്നു!
പക്ഷെ ഞാൻ അത് ഒരു പേജുപോലും മറിച്ചിട്ടില്ല. ആ സ്വർണ്ണ ലിപിയിൽഎഴുതിയ പേര് 'ലൂയിസ് ലൂക്ക' എന്നായിരുന്നു. അതിൽ എന്റെ വിരലുകൾകൊണ്ട് മെല്ലെത്തഴുകി.അടർന്നു വീണ കണ്ണുനീർ മറച്ചുപിടിച്ചു കൊണ്ട് ഞാൻ ആ വൃദ്ധനോട് യാത്ര പറഞ്ഞിറങ്ങി, നാട്ടിലേക്ക്. 'എന്നെങ്കിലും ലൂയിസിനെ കണ്ടാൽ വിവരമറിയിക്കാ'മെന്ന് വൃദ്ധൻ പറഞ്ഞു.
ഇറങ്ങുമ്പോൾ ഒരു കാര്യം ഞാൻ ഓർത്തു: ഞങ്ങൾ പരസ്പരം പേരുകൾ പറഞ്ഞില്ല,എന്തു കൊണ്ടെന്നും അറിയില്ല. പോയിപ്പറയാൻ വീണ്ടും ശ്രമിച്ചില്ല.
വർഷങ്ങളുടെ പടിക്കെട്ടുകൾ ഉയർന്നു വന്നുകൊണ്ടിരുന്നു.ഞാനൊരിക്കലും ആ കഥ വായിച്ചില്ല.
ലൂയിസിനെ കാണുന്നതു വരെ ആ പുസ്തകം തുറക്കില്ലെന്ന ശപഥം എന്തിനായിരുന്നുവെന്ന് എനിക്കറിയില്ല.
ഇന്നും 'അഞ്ജലി'യെന്ന കഥ വായിക്കാതെ,എന്തിനെന്നില്ലാതെ ലൂയിസിനായുള്ള കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരിക്കുന്നു.