
യേശുദാസും മാര്‍ക്കോസും ജെ എം രാജുവും.ബഹുസ്വരത മറന്ന മലയാള സിനിമ
കുട്ടിക്കാലം മുതല്‍ തമിഴ് പാട്ടുകള്‍ പാടാനായിരുന്നു ജെഎം രാജുവിനു താല്‍പര്യം.
വിശേഷിച്ചും പിബി ശ്രീനിവാസിന്‍റെ പാട്ടുകള്‍. എറണാകുളത്തുള്ള പല
ഗാനസംഘങ്ങളിലും പിബിഎസിന്‍റെ പാട്ടുകള്‍ പാടി തിളങ്ങി നില്‍ക്കുന്ന കാലത്താണ്
ചില അഭ്യുദയകാംക്ഷികളുടെ സ്നേഹപൂര്‍ണമായ ഉപദേശപ്രകാരം ജെഎം രാജു
മദിരാശിയിലേക്കു വണ്ടി കയറിയത്. തമിഴ് പിന്നണിഗാനരംഗം മാത്രമായിരുന്നു
ലക്ഷ്യം. കോടമ്പാക്കത്തെത്തിയ ജെഎം രാജു തമിഴ് ഗാനസദസ്സുകളില്‍ പിബി
ശ്രീനിവാസന്‍റെ പാട്ടുകള്‍ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയനായി. എംഎസ് വിശ്വനാഥന്‍
ഉള്‍പ്പെടെയുള്ള നിരവധി തമിഴ് സംഗീത സംവിധായകരെ നേരിട്ടു കണ്ടു.
വാഗ്ദാനങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങളൊന്നും നീങ്ങാതായപ്പോള്‍ ജെഎം രാജു
മലയാളത്തിലേക്കു ശ്രദ്ധ തിരിച്ചു. സംഗീത സംവിധായകന്‍ ബിഎ ചിദംബരനാഥിനെ
നേരിട്ടു കണ്ട് തന്‍റെ ആഗ്രഹം ഉണര്‍ത്തിച്ചു. അദ്ദേഹം സ്നേഹപൂര്‍വം രാജുവിനെ ഒപ്പം
നിറുത്തി. താന്‍ കമ്പോസ് ചെയ്യുന്ന ഈണങ്ങള്‍ കൃത്യമായി പഠിക്കുക,
നിര്‍മ്മാതാവിനും സംവിധായകനും അവ പാടിക്കേള്‍പ്പിക്കുക എന്നിവയായിരുന്നു
രാജുവിന്‍റെ ചുമതലകള്‍. ഇതിനിടയില്‍ എപ്പോഴെങ്കിലും ഒരവസരം തനിക്കും
വീണുകിട്ടുമെന്ന പ്രത്യാശയോടെ രാജു കാത്തിരുന്നു. ചിദംബരനാഥിന്‍റെ പല
കമ്പോസിംഗുകളും കടന്നുപോയി. പക്ഷേ പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാതെ
തന്നെ രാജുവിന്‍റെ സ്വപ്നങ്ങളും അനന്തമായി തുടര്‍ന്നു.

ജെഎം രാജു
1968-ല്‍ പി വേണു സംവിധാനം ചെയ്ത വിരുതന്‍ ശങ്കു എന്ന ചിത്രത്തിന്‍റെ
കമ്പോസിംഗ് വേളയില്‍ രാജുവിന്‍റെ മയങ്ങിക്കിടന്ന മോഹത്തിനു ചിറകു മുളച്ചു.
അടൂര്‍ ഭാസിയാണ് നായകന്‍. ഭാസ്കരന്‍ മാസ്റ്ററുടെ രചനയില്‍ ചിദംബരനാഥ്
ചിട്ടപ്പെടുത്തിയ നര്‍മ്മരസത്തിലുള്ള വണ്ണാന്‍ വന്നല്ലോ എന്ന ഗാനം രാജുവിന്‍റെ
ശബ്ദത്തില്‍ കേട്ടവര്‍ ഇത് രാജു പാടിയാല്‍ നന്നാവുമെന്ന് അഭിപ്രായപ്പെട്ടു.
സംവിധായകനും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. അതുകേട്ട് ചിദംബരനാഥ്
നിഗൂഢമായി പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ നേരിയ ഒരു പ്രതീക്ഷ രാജുവിനും
തോന്നാതിരുന്നില്ല. പക്ഷേ ഒന്നും സംഭവിച്ചില്ല. മറ്റു പാട്ടുകള്‍ക്കൊപ്പം ആ പാട്ടും
യേശുദാസ് പാടി. നിരാശനായ രാജു അതോടെ ചിദംബരനാഥ് സന്നിധിയോടു
വിടപറഞ്ഞു.

യേശുദാസും രാജുവും
ബാബുരാജിന്‍റെ സഹായി ആയാണ് രാജു പിന്നെ രംഗപ്രവേശം ചെയ്തത്. പാട്ടു
പഠിക്കുക, മറ്റുള്ളവരെ പാടി കേള്‍പ്പിക്കുക എന്നതു തന്നെയായിരുന്നു അവിടെയും
തന്‍റെ കര്‍ത്തവ്യം. കൂടെക്കൂടെ ഒക്കെ ലെക്കാണെടോ എന്ന് ബാബുക്ക പറയുമ്പോള്‍
ലക്ക് ഒരുനാള്‍ തന്നെയും തഴുകും എന്ന വിശ്വാസമായിരുന്നു രാജുവിന്. കളക്ടര്‍
മാലതി എന്ന ചിത്രത്തിന്‍റെ കമ്പോസിംഗിന് ബാബുരാജിന്‍റെ ഈണത്തില്‍ രാജു
പാടിക്കേള്‍പ്പിച്ച പാട്ട് നിര്‍മ്മാതാവിന് ഏറെ ഇഷ്ടമായി. റെക്കോഡിംഗ് ദിവസം
യേശുദാസിന് എന്തോ അസൗകര്യം ഉണ്ടായപ്പോള്‍ കമ്പോസിംഗിനു പാടിയ
പയ്യനായാലും മതിയെന്ന് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. ഉടനെ പ്രൊഡക്ഷന്‍ മാനേജര്‍
രാജുവിന്‍റെ താമസസ്ഥലത്തേക്ക് പാഞ്ഞു. രാജുവാകട്ടെ വളരെ നാളായി
കാണണമെന്നാഗ്രഹിച്ചിരുന്ന ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.
അന്വേഷിച്ചു വന്നയാള്‍ ഏറെനേരം കാത്തിരുന്നു മടങ്ങി. വൈകുന്നേരം വളരെ
വൈകിയാണ് രാജു എത്തിയത്. വിവരമറിഞ്ഞപ്പോള്‍ കൈവന്ന സൗഭാഗ്യം
വഴുതിപ്പോയ നിരാശ രാജുവിനെ തളര്‍ത്തി. മറ്റൊരു ദിവസം പാട്ട് യേശുദാസ് തന്നെ
പാടുകയും ചെയ്തു. ഒക്കെ ലെക്കാണെടോ, ബാബുക്കയുടെ വാക്കുകള്‍ വീണ്ടും
കാതുകളില്‍ മുഴങ്ങി. നഷ്ടപ്പെട്ട പാട്ടാണെങ്കിലോ പില്‍ക്കാലത്ത് ഏറെ പ്രശസ്തമായ
- നീലക്കൂവള പൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ എന്ന ഗാനവും.
ഒരു സുഹൃദ്സമ്മേളനത്തില്‍ മനോഹരമായി പാടിയ ജെഎം രാജുവിനെ സുരേന്ദ്രന്‍
എന്നൊരു യുവാവ് നേരിട്ടു വന്ന് പരിചയപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു.

രാജുവും ലതയും
സിനിമാ നിര്‍മ്മാതാവായ അദ്ദേഹം അടുത്ത ദിവസം തന്‍റെ പുതിയ ചിത്രത്തിന്‍റെ
കമ്പോസിംഗ് സ്ഥലത്ത് രാജുവിനെ കൂട്ടിക്കൊണ്ടുപോയി. ജയവിജയന്മാര്‍ ആണ്
പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സഹായിയായ ആര്‍കെ ശേഖര്‍
നൊട്ടേഷന്‍ എഴുതിക്കൊണ്ടിരിക്കുന്നു. നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു ഗാനം
ജയവിജയന്മാര്‍ രാജുവിന് നല്‍കി. രാജു അതു പാടിയപ്പോള്‍ നിര്‍മ്മാതാവിനും
സംഗീതസംവിധായകര്‍ക്കും ഇഷ്ടമായി. പക്ഷേ പിന്നീട് രാജുവിന്‍റെ
അസാന്നിധ്യത്തില്‍ ആ തീരുമാനത്തിന് ചില മാറ്റങ്ങള്‍ സംഭവിച്ചു. രാജു പാടിയപ്പോള്‍
പാട്ട് ഇത്രയും നന്നായെങ്കില്‍ യേശുദാസ് പാടുമ്പോള്‍ എത്രയോ ഗംഭീരമാകും
എന്നൊരു നിര്‍ദ്ദശം ആര്‍കെ ശേഖര്‍ മുന്നോട്ടു വച്ചു. സംഗീതസംവിധായകരുടെ കൂടി
സമ്മര്‍ദ്ദമായപ്പോള്‍ നിര്‍മ്മാതാവിനു വഴങ്ങേണ്ടി വന്നു. അങ്ങനെ രാജുവിനു
വച്ചുനീട്ടിയ പാട്ട് പിന്നീട് യേശുദാസ് പാടി. കുരുക്ഷേത്രം എന്ന ചിത്രത്തിലെ
കാലമൊരു കാളവണ്ടിക്കാരന്‍ എന്ന ആ ഗാനം പില്‍ക്കാലത്ത് ഏറെ പ്രശസ്തമായി.
കോടമ്പാക്കത്തെ ഭാഗ്യാന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണ് 1969-ല്‍ മദിരാശിയില്‍
പ്രവര്‍ത്തനം ആരംഭിച്ച ക്രിസ്റ്റ്യന്‍ ആര്‍ട്ട്സ് ആന്‍റ് കമ്യൂണിക്കേഷന്‍ സര്‍വീസ് എന്ന
മതപ്രചാരണ സ്ഥാപനം ജെഎം രാജുവിനെ മാടിവിളിച്ചത്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍
പാടുകയായിരുന്നു പ്രധാന ദൗത്യം. ശ്രീലങ്കാ പ്രക്ഷേപണ നിലയം വഴി ജെഎം
രാജുവിന്‍റെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരുന്നു കേട്ടു.
സിനിമയില്‍ പാടാതെ തന്നെ രാജു സംഗീതാസ്വാദകരുടെ ഇഷ്ടഗായകനായി.
പില്‍ക്കാലത്ത് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ക്രിസ്റ്റ്യന്‍ ആര്‍ട്ട്സ്
ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കു പ്രവേശിച്ചു. ഐവി ശശി, ആലപ്പി ഷെരീഫ്
തുടങ്ങിയവര്‍ ഈ രംഗത്തേക്കു കടക്കാന്‍ ക്രിസ്റ്റ്യന്‍ ആര്‍ട്ട്സ് ആണ്
അവസരമൊരുക്കിയത്.

കാറ്റു വിതച്ചവന്‍ എന്ന ആദ്യചിത്രത്തിലൂടെ പൂവച്ചല്‍ ഖാദര്‍
ചലച്ചിത്ര ഗാനരചയിതാവായി രംഗപ്രവേശം ചെയ്തു. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്ക്
പീറ്റര്‍ - റൂബന്‍ ഈണം പകര്‍ന്നു. അതിലൊരു ഗാനം ജെഎം രാജുവിനു വേണ്ടി
മാറ്റിവച്ചു. സിനിമയില്‍ പാടാനുള്ള മോഹം രാജുവിന്‍റെ മനസ്സില്‍ വീണ്ടും തളിര്‍ത്തു.
തന്‍റെ പാട്ടിന് രാജു തന്നെയാണ് ഈണം നല്‍കിയത്. ജോലിയുടെ ഭാഗമായി രാജു
നാട്ടിലായിരുന്നപ്പോള്‍ തീരുമാനങ്ങള്‍ക്ക് ഇളക്കംതട്ടി. രാജുവിന്‍റെ പാട്ട് യേശുദാസ്
പാടിയാല്‍ ഏറെ നന്നാവുമെന്നും രാജുവിന് അടുത്ത ചിത്രത്തില്‍ അവസരം
നല്‍കാമെന്നും അസിസ്റ്റന്‍റ് മ്യൂസിക് ഡയറക്ടര്‍ ആര്‍കെ ശേഖര്‍ നിര്‍ദ്ദേശിച്ചു.
മനസ്സില്ലാ മനസ്സോടെ മറ്റുള്ളവര്‍ സമ്മതം മൂളി. അങ്ങനെ രാജുവിന്‍റെ
അസാന്നിദ്ധ്യത്തില്‍ ആ പാട്ട് യേശുദാസ് പാടി റെക്കോഡ് ചെയ്തു - മഴവില്ലിന്‍
അജ്ഞാതവാസം കഴിഞ്ഞു. ഗാനാസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ട ഗാനമായി മാറി
പില്‍ക്കാലത്ത് ആ ഗാനം.
നാട്ടില്‍ നിന്നെത്തിയ രാജുവിന്‍റെ നിരാശ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
ആര്‍കെ ശേഖര്‍ തന്നെയാണല്ലോ ഇവിടെയും തനിക്കു വില്ലനായത് എന്ന ചിന്ത
രാജുവിനെ തളര്‍ത്തി. കാറ്റു വിതച്ചവന്‍റെ വിജയത്തോടെ അതേ ടീമിനെ വച്ച് ക്രിസ്റ്റ്യന്‍
ആര്‍ട്ട്സ് അടുത്ത ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. ജലാശയങ്ങളാല്‍
ചുറ്റപ്പെട്ട ഒരു തുരുത്തിലെ കുടിനീര്‍ ദൗര്‍ലഭ്യം പ്രമേയമാക്കിയ ചിത്രത്തിനു കായല്‍
എന്നു പേരു നല്‍കി. കഴിഞ്ഞ ചിത്രത്തില്‍ സംഭവിച്ച നിരാശ മാറ്റാനായി പുതിയ
ചിത്രത്തിലെ ഗാനങ്ങളില്‍ ഒരെണ്ണം ജെഎം രാജുവിനും മാറ്റിവച്ചു. പതിവുപോലെ
തന്‍റെ പാട്ടിന് രാജു തന്നെ ഈണം പകര്‍ന്നു. കാര്യങ്ങളെല്ലാം ശുഭകരമായി മുന്നോട്ടു
പോകുമ്പോള്‍ സ്ഥാപനത്തിന്‍റെ ഉന്നതങ്ങളില്‍ നിന്ന് വെള്ളിടി പോലെ ഒരു ഉത്തരവ്
വന്നു. ചലച്ചിത്ര നിര്‍മ്മാണം നിറുത്തിവയ്ക്കുക! മറ്റു പോംവഴികളൊന്നുമില്ലാതെ,
അപൂര്‍ണമായ പ്രോജക്ട് കഴിഞ്ഞ ചിത്രത്തിന്‍റെ സഹസംവിധായകനായിരുന്ന ഐവി
ശശിക്കു കൈമാറി. അദ്ദേഹമാകട്ടെ തന്‍റെ കന്നിച്ചിത്രത്തിന്‍റെ പേര് ഉത്സവം എന്നു
മാറ്റി. ശശിക്കു വേണ്ടി മുരളി മൂവീസ് രാമചന്ദ്രന്‍ ചിത്രം നിര്‍മ്മിച്ചു. എടി ഉമ്മര്‍
ചിത്രത്തിന്‍റെ സംഗീത സംവിധായകനായതോടെ ഗായകനും മാറി. തനിക്കു പാടാന്‍
താനൊരുക്കിയ പാട്ടിന്‍റെ ഈണം ജെഎം രാജു തന്നെ യേശുദാസിനെ പഠിപ്പിച്ചു-
ആദ്യസമാഗമ ലജ്ജയിലാതിരാ താരകം ഉത്സവത്തിലെ ആ ഗാനം ഒരിക്കലെങ്കിലും
മൂളിനോക്കാത്ത മലയാളി ഉണ്ടാവില്ല.

പൂവച്ചല്‍ ഖാദര്‍
സംഗീത സംവിധായകന്‍ ജോണ്‍സന് ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു ജെഎം
രാജു. അദ്ദേഹത്തിന്‍റെ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്ന
ജോണ്‍സണ്‍ തന്‍റെ പുതിയ ചിത്രത്തിലെ ഒരു ഗാനം രാജുവിനായി ഉറപ്പിച്ചു. ജെമിനി
സ്റ്റുഡിയോയില്‍ റെക്കോഡിംഗ്. രാജു രാവിലെ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍
ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന ജോണ്‍സനെയാണ് കണ്ടത്. നിനക്കെന്തു പറ്റി?
രാജുവിന്‍റെ ചോദ്യത്തിന് ജോണ്‍സന്‍റെ മറുപടി ഇങ്ങനെ - നിര്‍മ്മാതാവിന്‍റെ
അമ്മയുടെ ശുപാര്‍ശപ്രകാരം ഒരു ഗായകന്‍ നാട്ടില്‍ നിന്നെത്തിയിരിക്കുന്നു.
രാജുവിനു നിശ്ചയിച്ചിരുന്ന പാട്ട് പുതിയ ഗായകനെ വച്ചു പാടിക്കേണ്ട
ആശയക്കുഴപ്പത്തിലാണ് ജോണ്‍സണ്‍. രാജുവിന് നിരാശയോ സങ്കടമോ
തോന്നിയില്ല. നിസ്സംഗമായി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു- സാരമില്ലെടാ.
എനിക്കിതു പുത്തരിയല്ലല്ലോ. പുതിയ ഗായകന്‍ പാടട്ടെ. രാജു ജെമിനി
സ്റ്റുഡിയോയില്‍ നിന്ന് നേരെ തന്‍റെ ഓഫീസിലേക്കു യാത്രയായി. മാര്‍ക്കോസ് എന്ന
പുതിയ ഗായകനും ജെന്‍സിയും ചേര്‍ന്ന് ജോണ്‍സന്‍റെ യുഗ്മഗാനം പാടി - കന്നിപ്പൂ
മാനം കണ്ണും നട്ടു .ഞാന്‍ നോക്കിയിരിക്കേ. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത
കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ പ്രശസ്തമായ ആ ഗാനമാണ് മാര്‍ക്കോസ്
എന്ന ഗായകന് പില്‍ക്കാലത്ത് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്.

ആര്‍ കെ ശേഖര്‍
ദേവരാജന്‍ മാസ്റ്റര്‍, എംബി ശ്രീനിവാസന്‍, അര്‍ജുനന്‍ മാസ്റ്റര്‍, ജോണ്‍സണ്‍
തുടങ്ങിയവരുടെ സംഗീതത്തില്‍ ഇരുപതിലധികം ചിത്രങ്ങള്‍ക്ക് പാടാന്‍
പില്‍ക്കാലത്ത് ജെഎം രാജുവിനു സാധിച്ചു. ഇതില്‍ അഞ്ചു ചിത്രങ്ങളും
ജോണ്‍സന്‍റേതാണ്. ഒന്നര ദശാബ്ദക്കാലം ക്രിസ്റ്റ്യന്‍ ആര്‍ട്ട്സില്‍ സജീവമായിരുന്ന
ശേഷം അദ്ദേഹം സ്വന്തം റെക്കോഡിംഗ് സ്റ്റുഡിയോ സ്ഥാപിച്ചു. അതോടൊപ്പം പരസ്യ
നിര്‍മ്മാണക്കമ്പനിയും തുടങ്ങി. തുടര്‍ന്ന് സീരിയലുകളും സിനിമയും നിര്‍മ്മിച്ചു.
മലയാളത്തിലും തമിഴിലും കൊങ്ങിണിയിലും സിനിമകള്‍ക്കും ആയിരത്തോളം
ഭക്തിഗാനങ്ങള്‍ക്കും ഈണം നല്‍കി. സംഗീത പരിപാടികള്‍ക്കായി ഗായികയായ
സഹധര്‍മ്മിണിയുമൊത്ത് ധാരാളം വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞു
ഇതിനോടകം ജെഎം രാജു. തമിഴിലെ യുവഗായകന്‍ ആലാപ് രാജു
അദ്ദേഹത്തിന്‍റെ മകനാണ്. മകള്‍ അനു ഇംഗ്ലീഷ് സാഹിത്യത്തില്‍ പല രചനകളും
നിര്‍വഹിച്ചിട്ടുണ്ട്. തന്‍റെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും
പുസ്തകരൂപത്തിലാക്കാണ്‍നുള്ള തിരക്കിനിടയിലും പാടാനും ഈണം നല്‍കാനുമുള്ള
അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തി മുന്നേറുകയാണ് ഇപ്പോഴും ജെഎം രാജു.

ആലാപ് രാജു