Image

അമേരിക്കക്ക് ഇരുനൂറ്റമ്പത്, എനിക്ക് അമ്പതിന്റെ ചന്ദ്രോത്സവം (കുര്യന്‍ പാമ്പാടി)

Published on 27 June, 2026
അമേരിക്കക്ക് ഇരുനൂറ്റമ്പത്, എനിക്ക് അമ്പതിന്റെ ചന്ദ്രോത്സവം (കുര്യന്‍ പാമ്പാടി)

അമേരിക്കന്‍  സ്വന്തന്ത്ര്യത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിച്ച 1976ല്‍ ഗ്രേഹൗണ്ട് ബസില്‍ മൂന്നു മാസം യുഎസും കാനഡയും മെക്‌സിക്കോയും ചുറ്റിക്കാണാന്‍  ഭാഗ്യമുണ്ടായ ആളാണ്  ഞാന്‍. ഇരുനൂറ്റമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന 2026 ല്‍  വീണ്ടും പോയി ആറുമാസം ന്യുയോര്‍ക്കിലെ ക്വീന്‍സ് ബറോയില്‍ കഴിഞ്ഞു.

അര നൂറ്റാണ്ടിനുള്ളില്‍ അമേരിക്കുണ്ടായ മാറ്റം അനുഭവിച്ചറിയുകയായിരുന്നു ഇത്തവണത്തെ യാത്രയുടെ പ്രധാന ലക്ഷ്യം. ന്യുയോര്‍ക്കു ടൈംസ് വീട്ടില്‍ വരുത്തുകയും വാള്‍സ്ട്രീറ്റ് ജേര്‍ണലും ന്യൂയോര്‍ക്ക് പോസ്റ്റും ലണ്ടനിലെ ദി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ  അമേരിക്കന്‍ എഡിഷനും എല്ലാദിവസവും വായിക്കുകയും ചെയ്തു.

ഇറാനെ ആക്രമിക്കുന്ന ബാനറുമായി ന്യുയോര്‍ക് ടൈംസ്

വീടിനടുത്തുള്ള ക്വീന്‍സ് പുബ്ലിക്ലൈബ്രറിയില്‍ പോയി ടൈം, ന്യൂസ് വീക്, ന്യൂയോര്‍ക്കര്‍, അറ്റ്‌ലാന്റിക്, ഹാര്‍പെഴ്സ്, എക്കോണമിസ്റ്റ്, വോഗ്, വാനിറ്റി ഫെയര്‍, ട്രാവലര്‍, മദര്‍ ജോണ്‍സ്  തുടങ്ങിയ ആനുകാലികങ്ങള്‍  വായിച്ചു. പ്രസിഡണ്ട്  ട്രംപിനെ  നിശിതമായി വിമര്‍ശിക്കുകയൂം കുമ്പിട്ടു വണങ്ങുകയും ചെയ്യുന്ന യുഎസ്  ചാനലുകള്‍ മാറിമാറികണ്ടു. നികോളാസ്  ക്രിസ്റ്റോഫ്, മൊറീന്‍ ദാവൂദ്, തോമസ് ഫ്രീഡ് മാന്‍  പംക്തികള്‍ വായിച്ച് മനനം ചെയ്തു.

അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ  ജനാധിപത്യമാണെങ്കില്‍ 147 കോടി ജനങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അംഗീകാരം ഈ പ്രസിദ്ധീകരങ്ങളിലും പംക്തികളിലും ആഴത്തില്‍ പ്രതിഫലിച്ചു എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.

അണ്‍സ്റ്റോപ്പബിള്‍: ടൈംസ് മാഗസിനില്‍ മാംദാനി

നടി പ്രിയങ്ക ചോപ്ര വോഗ് മാസികയുടെ ഫാഷന്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും  ഹൈദരാബാദില്‍ നിന്ന് ന്യുയോര്‍ക്ക്  യൂണിവേഴ്സിറ്റിയില്‍ പഠിക്കാനെത്തിയ ഭവിത മണ്ഡോവ ഷനാല്‍ (Chanel) എന്ന ആഗോള ഫാഷന്‍ ഹൗസിന്റെ മോഡലായി ശോഭിക്കുന്നതും കണ്ട് ഞാന്‍ ആഹ്‌ളാദിച്ചു. ലീന നായരാണ് ഷനാല്‍ ആഗോള സിഇഒ. പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണ്‍ കോട്ടയം കുമരകംകാരിയാണെന്നതും ഓര്‍മ്മിക്കണം. ആഞ്ജലീന ജോളിയുമൊത്താണ് പുതിയ പ്രോജക്ട്.

 

ന്യൂ യോര്‍ക്ക് മേയറായി സൊഹ്റാന്‍ മാംദാനി അധികാരമേറ്റതാണ് ഞാന്‍  അമേരിക്കയില്‍ ആദ്യമായി നേരിട്ടുകണ്ട വന്‍ സംഭവം. സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രവീണ്‍ നായരുടെയും അമൃത് ലാല്‍ നായര്‍ ഐഎഎസിന്റേയും മകളായി റൂര്‍ക്കലയില്‍ ജനിച്ച മീരാ നായരുടെ മകനാണ് മാംദാനി. അസ്റ്റോറിയയില്‍ എന്റെ അയല്‍ക്കാരനായിരുന്നു. മേയറായ ശേഷം മന്‍ഹാറ്റനിലെ ഔദ്യോഗിക വസതി ഗ്രേസി മാന്‍ഷനിലേക്കു മാറി.

വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ കാള്‍  ബേണ്‍സ്റ്റീനും വുഡ്വേര്‍ഡും നടുവില്‍

സമരങ്ങള്‍ മലയാളികള്‍ക്കുപുത്തരിയല്ലല്ലോ. ന്യുയോര്‍ക്കിലെ പതിനയ്യായിരം പ്രൈവറ്റ് ഹോസ്പിറ്റല്‍ നഴ്സുമാര്‍ മെച്ചപ്പെട്ട സേവന, വേതനങ്ങള്‍ക്കായി നടത്തിയ ഒന്നര മാസത്തെ പണിമുടക്ക് നേരിട്ട് കണ്ടതാണ് മറ്റൊരു സംഭവം. സമരക്കാരില്‍ പലരും വര്‍ഷം ഒരുലക്ഷം ഡോളര്‍ വരെ (95 ലക്ഷം രൂപ) വേതനം വാങ്ങുന്നവരാണ്. സമരം ജയിച്ചു. ശമ്പളം പടിപടിയായി ഇരട്ടിയാക്കാമെന്നു മാനേജ്‌മെന്റുകള്‍ സമ്മതിച്ചു.

ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നതും അമേരിക്കന്‍ നേതൃത്വത്തില്‍ ഇറാഖിനെ തുരത്തുന്നതും  സിഎന്‍എന്‍ വഴി 1990ല്‍ ലൈവ് ആയി കാണാന്‍ കഴിഞ്ഞു. 2001ല്‍ 300 പേര്‍ മരിച്ച ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയും തത്സമയം കണ്ടു. സദാം ഹുസൈനെയും 9-11 സൂത്രധാരന്‍ ബില്‍ ലാദനെയും അമേരിക്ക പിടികൂടി വധിക്കുന്നതും കണ്ടു നടുങ്ങി.

സമരം ജയിച്ച ന്യുയോര്‍ക്ക് നഴ്സുമാര്‍

സ്വാതന്ത്ര്യത്തിന്റെ ഇരുന്നൊറ്റമ്പതാം വാര്‍ഷികത്തിന് ട്രമ്പ് ഭരണകൂടം വെനസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ കയ്യാമം വച്ച് ന്യുയോര്‍ക്കിലേക്കു കൊണ്ടു  വരുന്നതും ഇസ്രായേല്‍  ഇറാനെ ആക്രമിക്കുന്നതും ഗള്‍ഫ് യുധ്ധത്തില്‍ അമേരിക്ക  പങ്കെടുക്കുന്നതും ഭീമമായ തീരുവകകള്‍ കൊണ്ട് ലോകത്തെ വലയ്ക്കുന്നതും കണ്ടു ഞാന്‍ ഖേദിച്ചു.

കാനഡയിലെ മോണ്‍ട്രിയോളില്‍ 1976 ജുലൈ 17നു തുടങ്ങിയ 21ആം ഒളിപിക്സ് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ ആദ്യമായി വടക്കേ അമേരിക്കയില്‍ കാലുകുത്തുന്നത്. മേളക്ക് ശേഷം 200 ഡോളറിന്റെ പാസുമായി ഗ്രേഹൗണ്ട് ബസില്‍ യുഎസിലും കാനഡയിലും മെക്‌സിക്കോയിലും സഞ്ചരിച്ചു.

ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ യുഎസ് ആകമാനം പോകുന്ന ഗ്രേഹൗണ്ട്

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ ഇരുന്നൂറാം വാര്‍ഷികം പ്രമാണിച്ചാണ് ഗ്രേ ഹൗണ്ട്  കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് അവതരിപ്പിച്ചത്. ഇന്നവരുടെ ഒരൊറ്റ ഈസ്‌റ് വെസ്റ്റ് ദീര്‍ഘ ദൂര ടിക്കറ്റിനു  500 ഡോളര്‍  കൊടുക്കണം.  മറ്റൊരു മലയാളിയും അമേരിക്ക ഇത്ര വിശദമായി കണ്ടിട്ടുണ്ടാവില്ലെന്നു  ഞാന്‍ അഭിമാനിക്കുന്നു. അടുത്ത നാളില്‍ കാനഡയില്‍ എഡ്മണ്ടനില്‍ നിന്നു കാല്‍ഗരി വരെ  ഗ്രേഹൗണ്ടില്‍ ഞാന്‍ യാത്ര ചെയ്തു.

 

യാത്രക്കിടയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട്  ഓഫ് ടെക്നോളജിയും  മയാമി ഹെറാള്‍ഡും ലോസ് ഏഞ്ചേല്‍സ് ടൈംസും സന്ദര്‍ശിച്ചു. കേപ് കനാവറാലിലെ സ്‌പേസ്  സ്റ്റേഷനും ഹ്യുസ്റ്റണിലെ സ്‌പേസ് സെന്ററും പാസഡീനയിലെ  ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയും കണ്ടു. ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോയും ഫ്‌ലോറിഡ ഒര്‍ലാണ്ടോയിലെ ഡിസ്നി വേള്‍ഡ് കണ്ടു വിസ്മയിച്ചു.

മന്‍ഹാറ്റനിലെ  കൊളംബിയ യൂണിവേഴ്സിറ്റിയില്‍

വാഷിംഗ്ടണില്‍ വൈറ്റ് ഹൗസ് ടൂറില്‍ പങ്കെടുത്തു. നാഷനല്‍ പ്രസ്‌ക്ലബിന്റെ  ഓണററി  അംഗത്വം സ്വീകരിച്ചു.  വാഷിംഗ്ടണ്‍ പോസ്റ്റില്‍ പോയി വാട്ടര്‍ഗേറ്റ് അതിക്രമം പൊളിച്ചടുക്കി പ്രസിഡണ്ട് നിക്സനെ പുറത്താക്കുന്ന റിപ്പോര്‍ട്ടുകള്‍ ചമച്ച ബോബ് വുഡ്വേര്‍ഡിനെയും കാള്‍ ബേണ്‍സ്ടീനെയും കണ്ടു നമസ്‌കരിച്ചു.

 

ഇന്‍ഡ്യാനയിലെ  കൊളംബസില്‍ ക്ലാസ്‌മേറ്റ് ജോര്‍ജ് പൊന്നാട്ടിന്റെ വീട്ടില്‍  ആദ്യമായി കണ്ട കോര്‍ഡ് സഹിതമുള്ള ടിവി റിമോട്ട് വിസ്മയിപ്പിച്ചു. അമേരിക്കയില്‍ ഏറ്റവും വലിയ കാമ്പസ് ഉള്ള ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍  പിഎച്ച്ഡി ചെയ്തുകൊണ്ടിരുന്ന മാവേലിക്കരയിലെ കുറുപ് സാറിന്റെ മകന്‍ രാജന്‍ ബാബുവിനെ കണ്ടതും മറക്കില്ല. ബാബു ഇപ്പോഴും അവിടെ കെമിസ്ട്രി പ്രൊഫസര്‍.

 

ബസിലിരുന്നു യാത്രചെയ്താല്‍ അമേരിക്കന്‍ ജീവിതത്തിന്റെ സര്‍വ്വ മുഖങ്ങളും കണ്ടാസ്വദിക്കാം. സ്‌ക്കൂള്‍മുറ്റത്തു സ്‌കൗട്ടുകള്‍ പരേഡ്  നടത്തുന്നതും വയലുകളില്‍ കൃഷിക്കാര്‍ ഉഴവ് നടത്തുന്നതും അമ്മമാര്‍ കോഴിക്ക് തീറ്റ കൊടുക്കുന്നതും ബാസ്‌കറ്റില്‍ മുട്ട ശേഖരിക്കുന്നതുമെല്ലാം. മലയാളികള്‍ മറന്നു പോയ അടുക്കളത്തോട്ടങ്ങള്‍ അമേരിക്കയില്‍ കണ്ടു ഞാന്‍ നെടുവീര്‍പ്പിട്ടു.

 

മോണ്‍ട്രിയോളിനു സമീപം വാല്‍മൊറീനിലെ  മലമുകളില്‍ ആശ്രമം നടത്തുന്ന പാലക്കാട്ടുക്കാരന്‍ സ്വാമി വിഷ്ണു ദേവാനന്ദിന്റെ  അതിഥിയായി സീ പ്ലെയിനില്‍  ബഹേമാസില്‍ പാരഡൈസ് ദ്വീപിലുള്ള അദ്ദേഹ

ത്തിന്റെ ആശ്രമത്തില്‍ പോയി ഒരു ദിവസം തങ്ങി. ഗ്രേഹൗണ്ട്  ബസില്‍ ഇരുപതുമണിക്കൂര്‍ യാത്ര ചെയ്തു മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോസിറ്റി സന്ദര്‍ശിച്ചു.

ന്യുയോര്‍ക്കര്‍  ഫെസ്റ്റിവല്‍

ഇടയ്ക്കിടയ്ക്ക് മലയാളി സുഹൃത്തുക്കളുടെ വീടുകളില്‍ തങ്ങിക്കൊണ്ടായിരുന്നു അമേരിക്കയിലൂടെയുള്ള ഈ  തീര്‍ഥാടനം. പല വീട്ടമ്മമാരും  സ്‌നേഹപൂര്വ്വം ഇടയ്ക്കിടെ കഴിക്കാന്‍  അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞു പായ്ക്ക് ചെയ്ത ബ്രഡ്-ഓംലറ്റ് സാന്‍വിച്ചു വരെ തന്നയച്ച കാര്യം എങ്ങിനെ മറക്കാന്‍!

 

ഇത്തവണ ജെഎഫ്‌കെയില്‍ എയര്‍ഇന്ത്യയുടെ നോണ്‍ സ്റ്റോപ്പ് വിമാനത്തിലിറങ്ങുമ്പോള്‍  വെല്‍കം ടു  ന്യൂയോര്‍ക്  എന്ന ഇന്‍ഫോസിസിന്റെ പരസ്യം ശ്രദ്ധയില്‍ പെട്ടു. ടിസിഎസ് എന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഫുള്‍പേജ് പരസ്യം  ന്യുയോര്‍ക് ടൈംസില്‍ കണ്ടപ്പോള്‍ അദ്ഭുതം തോന്നിയില്ല.

 

ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ മുതല്‍ നിരവധി ടെക്‌നിക്കല്‍ ഭീമന്‍മാരുടെ മേധാവികള്‍ ഇന്ത്യക്കാരാണെന്നതും ഗൂഗിള്‍ ക്ളൗഡിന്റെ  മേധാവി കോട്ടയംകാരന്‍ തോമസ് കുര്യന്‍ ആണെന്നതും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഏറ്റവും ഒടുവില്‍ വാട്‌സ്ആപ്പ്  മേധാവിയായി വന്നതും ഇന്ത്യയുടെ കുനാല്‍  ഷാ.

ന്യൂയോര്‍ക്കിലെ അഞ്ചു ബറോകളിലും സഞ്ചരിച്ചു. അസ്റ്റോറിയയില്‍ വീടിനു അഞ്ചു മിനിറ്റ് അകലെയുള്ള സബ്വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍  ലോങ്ങ് ഐലന്‍ഡിന്റെ അങ്ങേയറ്റം വരെ പോയി. ഹാര്‍ബറില്‍ ഞങ്ങളുടെ തൊട്ടരികിലൂടെ ആയിരത്തിലേറെ സഞ്ചാരികളുമായി ഒരു ഭീമന്‍ യാത്രക്കപ്പല്‍ ഒഴുകിപ്പോകുന്നതു നോക്കി നിന്നു. ന്യൂ യോര്‍ക്ക് സിറ്റിയില്‍ ബസിലും ട്രെയിനിലും  സീനിയര്‍മാര്‍ക്കു പകുതി ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദീര്‍ഘകാല പാസ് നേടിയെടുത്തത് മറ്റൊരു കാര്യം.

ആറു മണിക്കൂര്‍ ഡ്രൈവ് ചെയ്തു പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന  കണക്ടികട്ട് സ്റ്റേറ്റിലെ ന്യൂഹാവനില്‍ പോയതും അമേരിക്കന്‍, സൗത്ത് വെസ്റ്റ്, പോര്‍ട്ടര്‍ വിമാനങ്ങളില്‍ മാറികയറി 3500 കി മീ അകലെ മൊണ്ടാന, വ്യോമിംഗ്, യൂട്ടാ സംസ്ഥാനങ്ങളില്‍  വ്യാപിച്ചു കിടക്കുന്ന അമേരിക്കയിലെ എന്നല്ല  ലോകത്തിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് യെല്ലോസ്റ്റോണിലൂടെ കാറോടിച്ച് പോയതും മറക്കാനാവില്ല.

കായിക മാമാങ്കത്തിന് ശേഷം അമ്പതു വര്‍ഷം പിന്നിട്ട ഇക്കൊല്ലം വീണ്ടും മോണ്‍ട്രിയോള്‍ കണ്ടു ഒളിപിക്സ് ഓര്‍മ്മകള്‍ അയവിറക്കി.

യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍

മന്‍ഹാറ്റനില്‍  ടൈംസ്‌ക്വയറും കാല്‍നൂറ്റാണ്ടു മുമ്പ് 3000 പേര്‍  കൊല്ലപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍  സ്മാരകവും യുഎന്നും വാള്‍ സ്ട്രീറ്റിലെ കാളക്കൂറ്റനും കണ്ടു.  കൊളംബിയ യൂണിവേഴ്സിറ്റി ടൂറില്‍ പങ്കെടുത്തു. ന്യൂയോര്‍ക്കര്‍ മാസികയുടെ വാര്‍ഷിക ഫെസ്റ്റിവലില്‍ മീഡിയ പ്രതിനിധിയായി പങ്കെടുത്തു.  വര്‍ഷങ്ങളായി ആ വാരികയുടെ വരിക്കാരാണ് ഞങ്ങള്‍.  ബ്രൂക്ലിനിലെ ന്യുയോര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ലോക ഓര്‍ക്കിഡ് പുഷ്പമേള കണ്ടു പുളകം കൊണ്ടു.

നിര്‍മിത ബുധ്ധി ലോകത്തെ  എങ്ങിനെ മാറ്റുമെന്ന വിഷയത്തില്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് ജൂലൈ 15നു നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്. ഓണ്‍ലൈനില്‍ പങ്കെടുക്കും.

പ്രസിഡന്റിനെപ്പോലും  വീഴ്ത്തിയ വാഷിംഗ്ടണ്‍ പോസ്റ്റിനു അമ്പതു  വര്‍ഷത്തിനുള്ളില്‍വന്ന മാറ്റമാണ് അവിശ്വസനീയം.  ആമസോണ്‍ ഉടമ ജെഫ് ബെസോസ് പത്രം വാങ്ങി. അനവധി ജേര്‍ണലിസ്റ്റുകളെ പിരിച്ചു വിട്ടു. സ്വാതന്ത്ര്യത്തിന്റെ 250ആം വാര്‍ഷികം പ്രമാണിച്ച് ആഴ്ചയില്‍ 50 സെന്റിന്, ആണ്ടില്‍ 20 ഡോളറിനു, പത്രം നല്‍കുമെന്നാണ് ജൂണ്‍ 25ലെ ഓഫര്‍.

മൊണ്ടാനയിലെ ജാക്‌സണില്‍ നിന്ന് ഒരു കൊച്ചുവെളുപ്പാന്‍ കാലത്തു ഞങ്ങള്‍ മാത്രം യാത്രക്കാരായുണ്ടായിരുന്ന ബസില്‍ ആറുമണിക്കൂര്‍ സഞ്ചരിച്ച് യൂട്ടായിലെ സാള്‍ട് ലേക്ക് സിറ്റിയില്‍ എത്തിയതും അമേരിക്കന്‍ എക്പ്രസ് കാര്‍ഡിന്റെ ബോണസില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മൂന്നു രാത്രി തങ്ങിയതും ഓര്‍ക്കുന്നു.

ശൈത്യം വന്നാല്‍ വസന്തം ഏറെ പിന്നിലാകുമോ-ഷെല്ലി

പിറ്റേന്നു മോര്‍മോണ്‍  വിശ്വാസികളുടെ ടാബര്‍നാക്കിളില്‍ പോയി. മേപ്പിള്‍ മരങ്ങള്‍ പാദസരം തീര്‍ത്ത മനോഹരനഗരം. അവിടത്തെ അത്യാധുനിക മെട്രോ ട്രെയിനില്‍കയറി ഫ്രീ ആയി ദിവസം മുഴുവന്‍ കറങ്ങി നഗരവും നഗര പ്രാന്തവും കണ്ടു. അമേരിക്കയിലേ ഇതൊക്കെ നടക്കൂ.

അസ്റ്റോറിയയില്‍ ഈസ്റ്റ്  റിവര്‍ കരയില്‍ മന്‍ഹാറ്റനിലേക്കു മിഴി നട്ടു നില്‍ക്കുന്ന കോസ്റ്റ് കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒന്നര ഡോളറിന് ബര്‍ഗറും വയറു നിറയെ തണുത്ത കോക്കും കിട്ടുന്ന ലഞ്ച് കഴിച്ചു. ലോകത്തില്‍ എവിടെയും കോസ്റ്റ് കോ മാര്‍ക്കറ്റില്‍ ഇത് ആസ്വദിക്കാം. കോസ്റ്റ് കോ ചൈന വരെയെത്തി, പക്ഷെ ഇന്ത്യയില്‍ ആയിട്ടില്ല.

 

 ചിത്രം

1. ഫാഷന്‍ താരാപഥത്തില്‍ പ്രിയങ്ക ചോപ്രയും ഭവിത മണ്ഡോവയും

 

 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-06-27 14:07:37
പാമ്പാടി സാർ , താങ്കളെ വിമർശിക്കുന്നത് ദൈവത്തിനെ വിമര്ശിക്കുന്നതിനേക്കാൾ മോശമാണ് എന്നാണ് അമേരിക്കൻ മലയാളി മാധ്യമ കുലപതികളുടെ നിലപാട് . എന്നാലും ഞാൻ ആ സാഹസത്തിനു മുതിരുകയാണ്. ഈമലയാളി ഇതു പ്രസിദ്ധീകരിക്കുമോ ആവോ ? .ഇതാണോ ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ അമേരിക്കയുടെ 250 വർഷത്തെ അവലോകനം? താങ്കൾ മനപ്പൂർവം വിട്ടുപോയ ചില കാര്യങ്ങൾ ഇവിടെ ഓര്മപെടുത്തുകയാണ്. ഒന്ന് , ന്യൂയോർക് എന്നത് അമേരിക്കയല്ല . കഴിഞ്ഞ 250 വർഷത്തിനിടയിൽ, 13 കോളനികളുടെ ഒരു കാർഷിക സമൂഹത്തിൽ നിന്ന് അമേരിക്ക ഒരു ആഗോള സാമ്പത്തിക, സാങ്കേതിക സൂപ്പർ പവറായി മാറി. വ്യാവസായിക വിപ്ലവത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, പരിവർത്തനാത്മക സാങ്കേതികവിദ്യകളുടെ കണ്ടുപിടുത്തം, ബഹിരാകാശ പര്യവേക്ഷണം, പ്രതിരോധശേഷിയുള്ള ഒരു ആധുനിക ജനാധിപത്യത്തിന്റെ സ്ഥാപനം എന്നിവ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. വർഷങ്ങളായി ഓരോ വർഷവും 75000 അഭയാർത്ഥികളെ അമേരിക്ക ദത്തെടുക്കുന്നു . ഇതു കൂടാതെ യൂണിറ്റിംഗ് ഫോർ ഉക്രെയ്ൻ (U4U) മാനുഷിക പരോൾ പരിപാടിയിലൂടെ 240,000-ത്തിലധികം ഉക്രേനിയക്കാരെ അമേരിക്കയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യൂണിറ്റിംഗ് ഫോർ ഉക്രെയ്ൻ (U4U) മാനുഷിക പരോൾ പരിപാടിയിലൂടെ 240,000-ത്തിലധികം ഉക്രേനിയക്കാരെ അമേരിക്കയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. CHNV മാനുഷിക പരോൾ പ്രോഗ്രാമിന് കീഴിൽ ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 530,000-ത്തിലധികം കുടിയേറ്റക്കാർ യുഎസിൽ പ്രവേശിച്ചു. ഇതിൽ 213,000-ത്തിലധികം ഹെയ്തിക്കാരും 120,000-ത്തിലധികം വെനിസ്വേലക്കാരും 110,000-ത്തിലധികം ക്യൂബക്കാരും ഉൾപ്പെടുന്നു. ഇവർക്കെല്ലാം സംരക്ഷണം നൽകാനും തൊഷിൽ നൽകാനും അമേരിക്കയ്‌ക്ക് ആയെങ്കിൽ അതൊരു നേട്ടം തന്നെ അല്ലേ ? ഇനി ലേഖനത്തിലെ ഒരു തെറ്റു ചൂണ്ടികാണിക്കട്ടെ ? കണക്ടികട്ട് സ്റ്റേറ്റിലെ ന്യൂഹാവനില്‍ yale യൂണിവേഴ്സിറ്റി ആണ്.പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി അല്ല. നടി പ്രിയങ്ക ചോപ്ര വോഗ് മാസികയുടെ ഫാഷന്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുന്നതിൽ അഭിമാനിക്കുന്ന താങ്കൾ , 10 വയസിനു ഇളപ്പമുള്ള അമേരിക്കൻ പൗരനെ വിവാഹം കഷിച്ചു ഗ്രീൻ കാർഡ് സമ്പാദിച്ചതിലും , സ്വന്തം ബോഡിഷെയ്പ്പു മാറും എന്ന് കരുതി വാടക ഗർഭത്തിലൂടെ ഒരു കുഞ്ഞിന്റെ 'അമ്മ ആയതിലും അഭിമാനിക്കേണ്ടതാണ്. പ്രിൻസ് തോപ്രാംകുടി
Jayan varghese 2026-06-27 15:11:17
ഞാനൊരു കുഞ്ഞിക്കൂനൻ അല്ലേയല്ല. നിങ്ങൾക്ക് എന്നെ വിമൽകുമാർ എന്ന് വിളിക്കാം ബൈ ബൈ. ജയൻ വർഗീസ്.
Thomas J. Koovalloor 2026-06-27 15:36:41
I read very carefully and cautiously about Pandit KURIAN Pampadi’s article “For America 250th Anniversary and for me 50th Chandrolsavam” . Recently my close friend Writer John ELAMATHA told me that KURIAN Pampadi is one of the Senior- most Malayali Media Professionals. John ELAMATHA was the one who encouraged me to write, and when he encouraged me to read about Pandit KURIAN Pampadi , accidentally I saw the above mentioned article. First , I wondered why he mentioned about 50th Anniversary, and later , I came to know that Pandit KURIAN Pampadi has more than 50 years of experience in the field of Malayalam Media. I noticed in this article about the World Trade Center attack . As per records more than 3000 people lost their lives, but Emalayalee recorded it as 300. I believe that it is a typographic mistake. I hope Emalayalee will correct it. Anyway, Emalayalee Publisher Mr. George Joseph knows me and recently I mentioned to Mr. George Joseph about Pandit KURIAN Pampadi and his experience in the field of Media. I used the word ‘Pandit’ intentionally, because in the U S we use Mr., and in India we use Shri , I believe Pandit is the appropriate word , because of the contributions of Pandit KURIAN Pampadi to the Malayali Media Profession. My Special Congratulations to Pandit KURIAN Pampadi for his 50th Anniversary in the field of Media Production Profession . God Bless Pandit KURIAN Pampadi to do more things to the Malayali Media Professionals. If I made any mistakes please Excuse me. I am like a Child in the field of Media.
Kurian Pampadi 2026-06-27 16:19:25
Thank you Prince. Here is my humble take. 1.My piece was not an evaluation of America during 250 years of Independence. I made it clear in the opening paragraphs that it was an evaluation of my experince during the last 50 years, ie bet 1976-2026. I erred about Yale and NY Botanical Garden in Brooklyn. In fact the Garden is in Bronx. Glad that the article attracted your attention. Thanks again.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക